Monday, May 20, 2024
HomeSTORIESമാളവിക. (കഥ)

മാളവിക. (കഥ)

മാളവിക. (കഥ)

രശ്മി സഞ്ജയൻ. (Street Light fb group)
മനസ്സിന്റെ വിങ്ങലുകൾ പുറത്തു കാട്ടാതെ അഭിനയിക്കാൻ പഠിച്ചിരിക്കുന്നു. കാരണം തന്റെ മനസ്സൊന്നു പതറിയാൽ മനസ്സിലാക്കാൻ കഴിയുന്ന ശ്രീയേട്ടനിൽ നിന്നും ഇങ്ങനെയൊരു കാര്യം മറച്ചു വെയ്ക്കാൻ തനിക്കെങ്ങനെ കഴിഞ്ഞു? ഉത്തരം കിട്ടാത്ത ചോദ്യമാണത്, എന്തേ തനിക്കെന്തേ പറ്റിയത്? അഹങ്കരിച്ചിരുന്നില്ലേ താൻ പലപ്പോഴും , തന്റെ ശ്രീയേട്ടനല്ലാതെ മറ്റൊരു പുരുഷനേയും ഒരിയ്ക്കലും സ്നേഹിക്കില്ലയെന്നു, എന്നിട്ടും മാളവികാ നീ മുകുന്ദനെ സ്നേഹിച്ചുവെന്നോ? വിശ്വസിയ്ക്കാൻ തന്നെ പ്രയാസം പക്ഷേ സത്യം അതാരുന്നല്ലോ താൻ മുകന്ദേട്ടനെ സ്നേഹിച്ചു എന്നത്.
പലപ്പോഴും ശ്രീയേട്ടനെക്കാളുമധികം മുകുന്ദേട്ടൻ തന്നെ സ്നേഹിച്ചിരുന്നുവെന്നു തോന്നിപ്പിച്ചിരുന്നില്ലേ യഥാർത്ഥത്തിൽ തന്റെയിഷ്ടങ്ങൾ പൂർണ്ണമായി മനസ്സിലാക്കിയതു മുകുന്ദേട്ടനായിരുന്നോ? ശ്രീയേട്ടനെന്നും ശ്രീയേട്ടന്റെയിഷ്ടങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു, അതിനു കാരണം താനെന്നും ശ്രീയേട്ടന്റെ ഭാര്യ ആയിരുന്നു എന്നതു തന്നെ, മുകുന്ദേട്ടനെ സംബന്ധിച്ച് താൻ പ്രീയപ്പെട്ടതെന്തോ ആണെന്നു മാത്രം, എന്നിലെയിഷ്ടങ്ങളും സങ്കടങ്ങളും പലപ്പോഴും മുകുന്ദേട്ടൻ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. അതൊരിക്കലും ശ്രീയേട്ടൻ അറിഞ്ഞിട്ടുമില്ലല്ലോ, തന്റെ ജീവിതത്തിൽ നിന്നെന്നെങ്കിലും മുകുന്ദേട്ടനെയൊഴിവാക്കാൻ തനിക്കാവുമോ? ശ്രീയേട്ടനെപ്പോലെ തന്നെ മുകുന്ദേട്ടനും തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയില്ലേ
പരിശുദ്ധിയുടെ പര്യായമായിരുന്നില്ലേ താൻ, നാട്ടിൻപുറത്തിന്റെ വിശുദ്ധി പൂർണ്ണമായും ഉൾക്കൊണ്ടിരുന്നവൾ. സംഭാഷണത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലുമൊക്കെ തന്റെ കുലീനത വ്യക്തമാക്കിയിരുന്നില്ലേ. തന്റെ ശ്രീയേട്ടനേറ്റവും യോജിച്ചവൾ തന്നെയായിരുന്നില്ലേ? പിന്നെ എവിടെയാണ് തനിക്കു തെറ്റുപറ്റിയത്? പലപ്പോഴും ശ്രീയേട്ടൻ കൈരേഖ നോക്കി പറയുമായിരുന്നു, നിനക്കു രണ്ടു ഭർത്താവെന്ന് , പരിഹസിച്ചു തള്ളിയിട്ടേ യുള്ളൂ അതിനെ, എന്നും ശ്രീയേട്ടന്റെ കാല്ക്കൽ വിനീതവിധേയയായി ശ്രീയേട്ടന്റെ സ്വന്തം മാളുവായി ജീവിക്കാനല്ലേ താനിഷ്പ്പെട്ടത്. എന്നിട്ടുമെന്തേ മനസ്സിനിങ്ങനെയൊരു ചാഞ്ചാട്ടമുണ്ടായത്?
എന്നു മുതലാണ് താൻ മുകുന്ദേട്ടനെയിഷ്ടപ്പെട്ടത്, അല്ല മുകുന്ദേട്ടൻ എന്നെ ഇഷ്ടപ്പെടുകയല്ലേ ചെയ്തത്, മുകുന്ദേട്ടന്റെ സ്ത്രീസങ്കല്പത്തിലെ ഉത്തമ സ്ത്രീയായിരുന്നില്ലേ താൻ, ആ ഇഷ്ടമല്ലേ ഒരു സുഹൃത്തെന്ന നിലയിൽ മുകുന്ദേട്ടനെ എന്നിലേക്കടുപ്പിച്ചത്. സുഹൃത് സംഭാഷണങ്ങൾ, ഫോണിലൂടെയുള്ള കുശല സംഭാഷണങ്ങൾ മനസ്സുകൾക്കടുക്കാനുള്ള ഒരു വഴിയായിരുന്നു, പലപ്പോഴും തമ്മിലുള്ള കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുകയായിരുന്നില്ലേ? മുകുന്ദേട്ടന്റെ വരവിനായി, സംസാരത്തിനായി, കണ്ണുകളിലൊളിച്ചിരിക്കുന്ന പ്രണയം തിരിച്ചറിഞ്ഞപ്പോഴേക്കും മനസ്സുകൾ വല്ലാണ്ടങ്ങടുത്തു പോയിരുന്നു.
സംസാരം തുടങ്ങിയാൽത്തന്നെ പലപ്പോഴും കാലവും സമയവും അതിന്റെ വഴിക്കു പോകുന്നതറിയാതെ കാലചക്രത്തിന്റെയിരുണ്ട വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നല്ലോ, വിഷയ ദാരിദ്യം എന്നത് തങ്ങളുടെ നിഖണ്ടുവിലേയില്ലായിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന ബോധം പൂർണ്ണമായും ഉണ്ടായിരുന്നു രണ്ടു പേർക്കും പക്ഷേ മനസ്സുകൊണ്ടെന്നേ ഒന്നായിത്തീർന്നിരുന്നു. ഒരിക്കലും മനസ്സുകൾ ആരോടും അനുവാദം ചോദിച്ചിട്ടല്ലല്ലോ മറ്റൊരാളുടെ മനസ്സ് സ്വന്തമാക്കുന്നത് , അതു തന്നെയല്ലേ ഈ മാളവികക്കും പറ്റിയത് ശ്രീയേട്ടനെ വിട്ടു മുകുന്ദേട്ടനൊപ്പം പോവാൻ ഒരിക്കലും താനാഗ്രഹിച്ചിരുന്നില്ലല്ലോ, എന്നും മനസ്സിന്റെ ശ്രീകോവിലിലെ തങ്കവിഗ്രഹം ശ്രീയേട്ടന്റെതു മാത്രമായിരുന്നു, പലപ്പോഴും ശ്രീയേട്ടനതു കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. കാലത്തിന്റെ സഞ്ചാര വേഗതയിൽ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് ശ്രീയേട്ടനുയോജിച്ചവൾ തന്നെയോ താനെന്ന് , ആ തോന്നലുകളാണോ മനസ്സ് മുകുന്ദേട്ടനെയിഷ്ടപ്പെടാൻ കാരണം. തന്നെ മനസ്സിലാക്കാൻ ചിലപ്പോഴൊക്കെയും ശ്രീയേട്ടനു കഴിഞ്ഞില്ല എന്നു തോന്നിയിരുന്നു.
എല്ലാക്കാര്യത്തിലും പൂർണ്ണമായും യോജിച്ചവളായിരിക്കണം ഭാര്യയെന്നതായിരുന്നു ശ്രീയേട്ടന്റെയാഗ്രഹം, ഒരു പരിധി വരെ താനതിൽ വിജയിച്ചിരുന്നു, പക്ഷേ ശ്രീയേട്ടന്റെ കാര്യത്തിൽ മാത്രം ശ്രീയേട്ടനങ്ങനെയൊരു നിഷ്ക്കർഷയില്ലായിരുന്നല്ലോ? എന്നെങ്കിലും തന്റെയിഷ്ടങ്ങൾ ശ്രീയേട്ടൻ തന്നോട് ചോദിച്ചിരുന്നില്ലല്ലോ, എങ്കിലും എന്നും മാളവികയ്ക്ക് ശ്രീയേട്ടന്റേതു മാത്രമായിരിക്കണമെന്നല്ലേയാഗ്രഹം, മുകുന്ദേട്ടനെ താനിഷ്ടപ്പെടാൻ ഒരു പരിധി വരെ ശ്രീയേട്ടനും കാരണമായിരുന്നില്ലേ? കാലം മായ്ക്കാത്ത മുറിവുകൾക്കൊപ്പം എന്നും മുകുന്ദേട്ടന്റെയിഷ്ടം മാളവികയുടെ മനസ്സിന്റെ കോണിലായെന്നുമുണ്ടാകും. മുകുന്ദേട്ടനോടുള്ളയിഷ്ടം ഒരിക്കലും ശ്രീയേട്ടനറിയാൻ ഇടവരുത്തരുതേയെന്നാണിപ്പോഴത്തെ പ്രാർത്ഥന, ഒരിക്കലും ഒരു ഭർത്താവും അംഗീകരിക്കില്ലല്ലോ തന്റെ ഭാര്യ മറ്റൊരാളെയിഷ്ടപ്പെടുന്നത് .
ഇല്ല ശ്രീയേട്ടാ ഇല്ല, മനസ്സൽപ്പം പാളിയെന്നത് ശരി തന്നെ, എങ്കിലും മനസ്സിലെ പൂജനീയ വിഗ്രഹം എന്നും ശ്രീയേട്ടന്റെ തന്നെ ആയിരിക്കും, എന്നും മാളവിക ശ്രീയേട്ടന്റതു തന്നെ , മരണം വരെയും മാളവിക ശ്രീയേട്ടന്റെയൊപ്പം കാണും. പുനർജ്ജനി തേടുന്ന കാലത്തൊരിക്കൽ വരും ജന്മങ്ങളിൽ മാളവിക മുകുന്ദേട്ടനു സ്വന്തമായിരിക്കും. മുകുന്ദേട്ടന്റെ മാത്രമായിരിക്കും, ഈ ജന്മം കിട്ടാത്ത സ്നേഹപരിലാളനങ്ങൾക്കായി വരും ജന്മം കാത്തിരിക്കും ഈ മാളവിക.
ആത്മവഞ്ചന ചെയ്ത ഭാര്യയായിക്കരുതല്ലേ ശ്രീയേട്ടാ, എന്നും ആ നെഞ്ചിലെ ചൂടറിഞ്ഞ് ആ മാറോടു ചേർന്നിറുക്കെ പുണർന്ന് ജീവിക്കാൻ മാത്രം കൊതിച്ചവളാ പക്ഷേ മുകുന്ദട്ടനെന്നെയത്രയ്ക്കു സ്നേഹിച്ചിരുന്നു. വരും ജന്മം മുകുന്ദട്ടനും ഈ ജന്മം ശ്രീയേട്ടനുമായി മാളവികതന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments