Sunday, October 6, 2024
HomeSTORIESസംഗതി പോയ പാട്ട്. (കഥ)

സംഗതി പോയ പാട്ട്. (കഥ)

സംഗതി പോയ പാട്ട്. (കഥ)

അർഷദ് കരുവാരകുണ്ട്. (Street Light fb group)
പാട്ടെന്ന് പറഞ്ഞാല്‍ കുഞ്ഞാപ്പുവിനൊരു വീക്നസ്സാണ്…
അവന്‍ തന്നെ സ്വന്തമായി ട്യൂൺ ചെയ്തെടുക്കുന്ന ഫ്രീക്കൻ പാട്ടുകളൊരുപാടുണ്ട് അവന്റെ ചുണ്ടുകളിൽ .
എങ്ങനെയെങ്കിലും നാലാള് അറിയുന്നവനാകണം അതാണ് കുഞ്ഞാപ്പുവിന്റെ ലക്ഷ്യം
അതിന് വേണ്ടി ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ഒാഡീഷന് വരെ പോയി നോക്കി
പാട്ടിന്റെ മനോഹാരിത കൊണ്ട് അടുത്ത ഒാഡീഷന് പാട്ട് പഠിച്ചിട്ട് വരണമെന്ന് പറഞ്ഞ് സെലക്ഷന്‍ കമ്മിറ്റി തന്നെ അടുത്ത വണ്ടിയില്‍ തിരിച്ചയച്ചു
നാട്ടില്‍ തേരാപാര നടക്കുന്ന പണിയായത് കൊണ്ട് തോന്നുമ്പോ എണീക്കും തോന്നുമ്പോ പോവും ഇതാണ് ഒാന്റെ പോളിസി
എന്തിന് പറയുന്നു പോത്തോളം പോന്ന അവന്റെ ഉച്ചത്തിലുള്ള പാട്ടുകള്‍ കേട്ട് നാട്ടുകാര് കുടുങ്ങി, നാട്ടുകാരെ പരാതി കേട്ട് കേട്ട് വീട്ടുകാരും കുടുങ്ങി.
മുക്കാലാ മുക്കാപ്പുലാ…ലൈലാ ഒാ ലൈലാ….

“ഹാ ..ആരാത് കുഞ്ഞാപ്പോ… ഇജ്ജിവിടെ വാ… എന്നിട്ട് സ്റ്റാര്‍ സിങ്ങറിന് പോയപ്പോ പാടിയ ആ ഹരിമുരളീരവം ഒന്ന് പാടിയേ.. “
“എന്ത് സൂപ്പറായിട്ടാ ഒാനത് പാടിയതെന്നറിയോ ഷുക്കൂറേ നിനക്ക് , എന്നിട്ട് അവര് അവനെ അവിടെ കൂട്ടീല… ”
ആൽത്തറയിൽ സൊറപറഞ്ഞിരിക്കുന്ന കൂട്ടുകാരുടെ ഇടയില്‍ നിന്നും വിഷ്ണു കുഞ്ഞാപ്പുവിനെ വിളിച്ചു
” ഒാരോട് പോവാന്‍ പറ കുഞ്ഞാപ്പോ .
നീ പാട് ഞങ്ങള്‍ തരാം നിനക്ക് മാർക്ക്… ”
ഷുക്കൂറിന്റെ വാക്ക് കുഞ്ഞാപ്പുവിനെ ആവേശത്തിലാക്കി…
നെഞ്ചൊന്ന് വിരിച്ച് തൊണ്ടയൊന്ന് ശരിയാക്കി കണ്ണുകള്‍ ചിമ്മി….കുഞ്ഞാപ്പു തുടങ്ങി …
“ഹരി മുരളീരവം……ഹരിത ബൃന്ദാ വനം….
പ്രണയ സുധാമയ…… “”””
“അരേ…വ്വാ… എന്താ പാട്ട് … സൂപ്പര്‍ ,
അവന്റെ പാട്ട് കേട്ട് ചിരിയടക്കിപ്പിടിച്ച് കൊണ്ട് അവര്‍ പറഞ്ഞു…
അവരുടെ പ്രോൽസാഹനം കൂടെ കിട്ടിയപ്പോള്‍
നിന്ന നൽപ്പിൽ രണ്ട് മൂന്ന് പാട്ട് പിന്നെയും പാടി കുഞ്ഞാപ്പു.
“നീ എങ്ങോട്ടാ പോണേ…”? പാട്ട് നിർത്തുന്നില്ലെന്ന് കണ്ടപ്പോള്‍ ഷുക്കൂറ് വിഷയം മാറ്റിപ്പിടിച്ചു
“ഞാന്‍ ഉമ്മാടെ വീട്ടിൽ പോവാണ്..””
“നീ എപ്പോഴും അങ്ങോട്ട് പോവുന്നതെന്തിനാ”…??
“ഏയ് ഒന്നിനൂല്ല്യ വെറുതെ… വല്യുമ്മാക്ക് എന്നെ കാണാന്‍ “
അനസിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് അവന്‍ അവിടെ നിന്നും പതുക്കെ സ്ഥലം വിട്ടു
“എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ….
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്ണ്യമേ…. “
ഉമ്മാടെ വീട്ടില്‍ പോയാല്‍ കുഞ്ഞാപ്പുവിന്റെ നാവിൽ നിന്നുമുയരുന്ന സ്ഥിരം പല്ലവിയാണിത്. ഈയൊരു പാട്ട് തന്നെ ഒാർത്തെടുത്ത് പുറത്തേക്കെറിയാൻ അവന് പ്രത്യേകമായൊരു കാരണം കൂടെയുണ്ട് പത്ത് ബി ക്ലാസ്സിൽ കൂടെ പഠിച്ചിരുന്ന അഞ്ജുവിന്റെ വീടാണ് അപ്പുറത്ത് ഉയര്‍ന്ന് നിൽക്കുന്നത് .
ഷാജഹാൻ മുംതാസിനായ് തീർത്ത താജ്മഹൽ പോലെ അവന്റെ മനസ്സിലും നമ്മുടെ അഞ്ജുവിനായി ഒരു വലിയ താജ്മഹൽ പണിയാന്‍ തുടങ്ങിയിട്ട് വർഷം ആറ് കഴിഞ്ഞു .
ഇടക്കിടെ ഉമ്മാടെ വീട് സന്ദർശിക്കുന്നതിന്റെ കാരണവും അഞ്ജുവിനോടുള്ള മൊഹബ്ബത്ത് തന്നെയാണ്, പിന്നെ ആ വെള്ളാരം കണ്ണുകളുടെ സൗന്ദര്യവും കൺകുളിർക്കെ ഒന്ന് കാണണം.
അവിടെ വന്നാലൊരു മൂന്നാല് തവണയെങ്കിലും ഈ പാ�ട്ട് ഉച്ചത്തില്‍ പാടി അഞ്ജുവിനെ കേൾപ്പിക്കാറുണ്ട് അവന്‍ . അതിന് വേണ്ടി വല്ല്യുമ്മ കാണാതിരിക്കാനുള്ള നല്ലൊരു സ്ഥലവും കണ്ട് വെച്ചിട്ടുണ്ട്.
സ്കൂളില്‍ നിന്നൊന്നും മുഖം കൊടുക്കാറില്ലെങ്കിലും കുഞ്ഞാപ്പു വന്നതിന്റെ സിഗ്നൽ കിട്ടിയാല്‍ ഉടന്‍ അവന്റെ പാട്ട് കേൾക്കാനായി ആരും കാണാതെ അടുക്കള വാതില്‍ക്കലൂടെ അവള്‍ പുറത്തേക്കിറങ്ങും .
അവന്‍ കാണാതെ കിണറിന്റെ സൈഡിലിരുന്ന് പാട്ട് മുഴുവന്‍ കേൾക്കും .ആ പാട്ട് കേട്ടാല്‍ അഞ്ജുവിന്
എന്തെന്നില്ലാത്ത സന്തോഷമാണ്. അത്രക്ക് ഇഷ്ടമാണ്‌ അവൾക്ക് അവന്റെ പാട്ട് .
കുഞ്ഞാപ്പുവാണെങ്കിലോ അവളെ വളച്ചൊടിച്ച് പോക്കറ്റിലാക്കാനുള്ള അവസാനത്തെ ആയുധമായിട്ടാണ് ഈ പാട്ട് കൊണ്ട് ഇവിടെ വന്നിരിക്കുന്നത് ,
ഇത് തന്നെ സെലക്ട് ചെയ്ത് പാടാനും അവന് മറ്റൊരു കാരണമുണ്ട് അന്ന്
എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതാണെന്ന് മ്യൂസിക് ടീച്ചര്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഈ പാട്ടായിരുന്നു. പിന്നെ പിന്നെ കുഞ്ഞാപ്പുവും അതിഷ്ടപ്പെട്ട് തുടങ്ങി .
മ്യൂസിക് പിരീഡ് അവന്റെ ഇഷ്ട വിഷയമായിരുന്നു.. പാടാനറിഞ്ഞിട്ടൊന്നുമല്ല , അഞ്ജുവിന്റെ കൂടെ ഒരു ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റുന്ന സമയമായിരുന്നു അത് ,രണ്ട് ക്ലാസുകൾ തമ്മില്‍ ഒരുമിച്ചിരിക്കുന്ന ഏക പിരീഡ് .
അഞ്ജുവിനെ മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് വർഷം ആറായെങ്കിലും
ഇഷ്ടമാണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അവനില്ല.
ഇന്നിപ്പോ സ്കൂളിലും കോളേജിലുമൊന്നും പോവാത്തത് കൊണ്ട് ഉമ്മയുടെ വീട് തന്നെ ശരണം.
പേര് കേട്ട കുന്നത്ത് തറവാട്ടിലെ മൂന്നാമത്തെ കൺമണിയാണ് അഞ്ജു . കുന്നത്ത് വീട്ടില്‍ നാരായണന്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരുമില്ല ആ നാട്ടിൽ ,
സ്വന്തമായ അദ്ധ്വാനം കൊണ്ട് പേരും പെരുമയും നേടിയ കറ കളഞ്ഞൊരു കൃഷിക്കാരൻ ,
നാരായണേട്ടന്റെ വാക്കിനപ്പുറത്തേക്ക് ആ നാട്ടുകാര്‍ക്കൊരു മറുവാക്കില്ല എന്നതും നാരായണന്‍ എന്ന വ്യക്തിയുടെ ജന പങ്കാളിത്തം വ്യക്തമാക്കുന്നു.
///////
മോനേ……..
“സാറമ്മാരേ എന്താ …. എന്താ …എന്റെ മോന് പറ്റിയത്..? “എവിടേ എന്റെ മോന്‍ . ?”
അൽസലാമ ജനറല്‍ ഹോസ്പിറ്റലിന്റെ ഐ സി യു വിനടുത്തേക്ക് നെഞ്ച് തല്ലിക്കരഞ്ഞ് ഒാടിവരുന്ന നബീസുമ്മയെ കണ്ട് രോഗികളും അവിടെയുള്ള ആളുകും ദയനീയമായി നോക്കി .
വസ്ത്രം പോലും നേരെയിടാതെയുള്ള വരവാണ് ..
“എവിടാ….എവിടാ എന്റെ മോന്‍ ??? “
നിശബ്ദരായ ആളുകളെ നോക്കി നബീസുമ്മ ‍ ചോദിച്ചു.
എന്താണ് കാര്യമെന്നറിയാതെ പലരും നിസ്സഹായരായി ആ മാതാവിനെ തന്നെ നോക്കി . രണ്ട് നെഴ്സുമാർ വന്ന് അവരെ അപ്പുറത്തെ റൂമിലേക്ക് കൊണ്ട് പോയി,വസ്ത്രം നേരെയാക്കി
“ഉമ്മാ .. നിങ്ങടെ മോന് ഒന്നും പറ്റിയിട്ടില്ല നിങ്ങള്‍ കരയാതിരിക്കൂ “
“എനിക്കോനെ ഒന്ന് കാണണം”. നഴ്സുമാരുടെ വാക്ക് കേട്ട് നബീസുമ്മ ഒരു തേങ്ങലോടെ ആവശ്യപ്പെട്ടു
“കുറച്ച് മുമ്പ് ഒരു അടിപിടിക്കേസ് വന്നില്ലേ ആ ചെക്കന്റെ ഉമ്മയാണ് ” മരിച്ചെന്നാ തോന്നുന്നെ .., തലയൊക്കെ ആകെ പൊട്ടിയിട്ടുണ്ട് , ഒരനക്കവുമില്ലായിരുന്നു .. ,”
ആളുകള്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി
“എന്താ എന്റെ കുട്ടിക്ക് പറ്റിയത് .? സങ്കടവും ബേജാറും നിറഞ്ഞ ചോദ്യത്തോടെ മീന്‍കാരൻ മുഹമ്മദിക്കയും ഒാടിക്കിതച്ച് ഹോസ്പിറ്റലിന്റെ വരാന്ത കയറി ഐ സിയുവിനടുത്തേക്ക് ഒാടി
നമ്മുടെ മോന്…..
മുഹമ്മദിക്കയുടെ ശബ്ദം കേട്ടതും നബീസുമ്മ പൊട്ടിക്കരഞ്ഞ് കൊണ്ട് അടുത്തേക്ക് ഒാടിവന്നു..
പൊട്ടിത്തെറിക്കാൻ വെമ്പിയ സങ്കടം കടിച്ചമർത്തി മുഹമ്മദിക്ക ഭാര്യയെ ചേര്‍ത്ത് പിടിച്ച് സമാധാനിപ്പിച്ചു.
മണിക്കൂറുകൾക്ക് ശേഷം
” ബോധം തിരിച്ച് കിട്ടിയിട്ടുണ്ട്, പേടിക്കാനൊന്നുമില്ല , ചെറിയ മുറിവുകളുണ്ട്, കയ്യിന്റേം കാലിന്റേം എല്ലിന് പൊട്ടലുണ്ട, തലയിലേറ്റ അടിയുടെ ഒരു അമ്പരപ്പുണ്ട് കൂടുതല്‍ സംസാരിക്കാനയക്കരുത് അവരെ കൊണ്ട് കാണിച്ചോളൂ ..” ഇന്നുതന്നെ പേഷ്യന്റിനെ വാർഡിലേക്ക് മാറ്റാം
“ഒാ കെ സാര്‍ ,: ” ഡോക്ടറുടെ നിർദ്ദേശപ്രകാരം ശബ്ദമുണ്ടാക്കരുതെന്ന നിബന്ധനയോടെ രണ്ട് പേരെയും കൂട്ടി ഒരു സിസ്റ്റര്‍ ഐ സി യുവിലേക്ക് കയറി
മകന്റെ തലയിലെയും കയ്യിലേയും കാലിലേയും കെട്ട കണ്ട് നബീസുമ്മ കരഞ്ഞെങ്കിലും മുഹമ്മദിക്ക സങ്കടം പുറത്ത് കാണിക്കാതെ മകന്റെ അരികില്‍ പോയിരുന്നു .
രണ്ട് മൂന്ന് സിസ്റ്റര്‍മാർ അവനെ വാർഡിലേക്ക് മാറ്റാനുള്ള കാര്യങ്ങള്‍ചെയ്തു . റൂം നമ്പര്‍ നൂറ്റി മൂന്നിലേക്ക് പേഷ്യന്റിനേയും കിടത്തി സ്റ്റെച്ചർ വലിച്ച് അവര്‍ നടന്നു കൂടെ കരഞ്ഞ് കൊണ്ട് നബീസുമ്മയും അവരെ ആശ്വസിപ്പിച്ച് മുഹമ്മദിക്കയും
“ആരാ നിങ്ങള്‍ ..? “
“ഞാനിവന്റെ ബാപ്പയാണ് ”
പോലീസുകാരന്റെ ചോദ്യത്തിന് മുഹമ്മദിക്ക മറുപടി കൊടുത്തു
“എന്താ മോന്റെ പേര് ?
” ഒാന്റെ പേര് നജീബ് എന്നാണ് , കുഞ്ഞാപ്പു എന്നാണ് ഒാനെ ബിളിക്കാറ് “
“അടിപിടിക്കേസിനൊക്കെ പോകാറുണ്ടോ ഇവന്‍ “..??
“ഇല്ല സാറേ പൊട്ടിത്തെറിച്ച് പാട്ടും പാടിയങ്ങനെ നടക്കും എന്നല്ലാതെ ഒരു ഉറുമ്പിനേപോലും അവന് നോവിക്കാനറിയൂല “
“ഉം , എന്ന ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ ഒരു പരാതിയുമില്ലെന്ന് എഴുതിത്തന്നേര് ഞങ്ങള്‍ പൊക്കോളാം. ”

മുഹമ്മദിക്ക അവര്‍ നീട്ടിയ കടലാസിൽ പരാതിയില്ലെന്ന് ഒപ്പിട്ട നൽകി.
വന്ന പോലീസുകാര്‍ അതികനേരം അവിടെ നിൽക്കാതെ സ്റ്റേഷനിലേക്ക് തിരിച്ചു .

പിറ്റേ ദിവസം മകനെ കിടത്തിയ റൂമിന്റെ മുന്നില്‍ നിൽക്കുന്ന പെൺരൂപം കണ്ട് നബീസുമ്മ ഒന്ന് പകച്ചു കാന്റീനിൽ നിന്നും കുഞ്ഞാപ്പുവിന് കൊടുക്കാനുള്ള കഞ്ഞിയും വാങ്ങി വരുമ്പോഴാണ് കണ്ണീരരൊലിപ്പിച്ച് നിൽക്കുന്ന ആ കുട്ടിയെ കണ്ടത്.
.അടുത്തെത്തിയപ്പോൾ അവള്‍ നബീസുമ്മയെ നോക്കി
“ഉമ്മാ ..എന്റെ പേര് അഞ്ജലി (അഞ്ജു)എനിക്ക് കുഞ്ഞാപ്പുവിനെ ഒന്ന് കാണണം ”
“കണ്ടോ മോളേ ദാ കിടക്ക്ണു .
എന്റെ മോനെ ആരൊക്കെയോ ചേര്‍ന്ന് തല്ലിക്കൊല്ലാനാക്കിയിരിക്കാ .. എന്ത് തെറ്റ് ചെയ്തിട്ടാ അവരവനെ….” നബീസുമ്മയുടെ വാക്കുകള്‍ മുറിഞ്ഞു
“മോള് ബാ അവന്‍ എണീറ്റിട്ടില്ല ഇന്നലെ രാത്രി വേദന കൊണ്ട് ഒരു പോള കണ്ണടച്ചിട്ടില്ല ഇപ്പഴാ ഒന്ന് കണ്ണടച്ചത് നല്ല മയക്കത്തിലാ “
“ഉമ്മാക്ക് മോളെ മനസ്സിലായില്ലല്ലോ “? മോളെവിടുന്നാ..?
“കുന്നത്ത് നാരായണന്റെ മോളാണ്..ഉമ്മാടെ വീടിനടുത്തുള്ള ”
“പടച്ചോനേ നാരായണന്റെ മോളാ.. ഒരുപാട് വലുതായിട്ടാ ഉമ്മക്ക് അറിയാഞ്ഞത്”
“ഉപ്പ എവിടെ എനിക്കൊരു കാര്യം പറയാനുണ്ട്??
ചോദിച്ചു നാക്കെടുത്തപ്പോഴേക്കും കുഞ്ഞാപ്പുവിന് മാറാനുള്ള ഡ്രസ്സൊക്കെയെടുത്ത് മുഹമ്മദിക്ക റൂമിലേക്കെത്തി .
അറിയാത്ത മുഖം കണ്ട് ആരാ എന്ന ചോദ്യ ഭാവത്തോടെ മുഹമ്മദിക്ക നബീസുമ്മയെ ഒന്ന് നോക്കി..
“ഉപ്പാ എനിക്ക് ഒരു കാര്യം പറയാനുണ്ട്” എതിര് പറയരുത്
ഇത് ഒരു പ്രായശ്ചിത്തം കൂടിയാണ് ..
കുഞ്ഞാപ്പുവിന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം. ഈ അവസ്ഥയില്‍ അവനെ പരിചരിക്കാനും കൂടെ നിൽക്കാനും ഒരുമിച്ച് ജീവിച്ച് തീർക്കാനും വേണ്ടിയാണ് ഞാനിപ്പോ ഇവിടെ വന്നത് .ഈ ചരട് ഉപ്പയുടെയും ഉമ്മയുടെയും മുന്നില്‍ വച്ച് അവനെന്റെ കഴുത്തില്‍ ചാർത്തണം ,ഇതുവരെ പുറത്ത് കാണിക്കാത്ത എന്റെ സ്നേഹം മുഴുവന്‍ എനിക്കവന് നൽകണം… അരുതെന്ന് പറയരുത് ,ഒരുപാട് ആലോചിച്ച് മനസ്സില്‍ ഉറപ്പിച്ച എന്റെ തീരുമാനമാണിത്.. ഇല്ലെങ്കില്‍ ഈ അഞ്ജലിക്ക് വീട്ടിലേക്ക് ഇനിയൊരു മടക്കമില്ല..”
മോളേ…നീ…???
മുഹമ്മദിക്കയും നബീസുമ്മയും
എന്ത് പറയണമെന്നറിയാതെ നിന്നുപോയി .
എന്നോ കേട്ട് പരിചയമുള്ളൊരു ശബ്ദം കേട്ടാണ് കുഞ്ഞാപ്പു മയക്കത്തിൽ നിന്നും കണ്ണ് തുറന്നത് . ശരീരത്തില്‍ കുത്തിനിറച്ച മരുന്നുകൾ അവനെ കൂടുതല്‍ ക്ഷീണിതനാക്കിയിട്ടുണ്ട്..
പാതി തുറന്ന കണ്ണുകളില്‍ അവനാരൂപം കണ്ടു വട്ടപ്പൊട്ട് തൊട്ട് പട്ടുപാവാടയണിഞ്ഞ നുണക്കുഴിച്ചിരിയുള്ള സുന്ദരിയെ,അന്ന് കിട്ടുന്ന അവസരങ്ങളിലൊക്കെ കള്ളക്കണ്ണിട്ട് തന്നെ നോക്കിയിരുന്ന ആ പത്താം ക്ലാസ്സുകാരിയെ . ആറു വർഷം കൊണ്ട് പടുത്തുയർത്തിയ താജ്മഹലിലേക്ക് ക്ഷണിക്കാതെ കടന്ന് വന്ന മാലാഖയെ …
ചിരിക്കാന്‍ കഴിയുന്നില്ലെങ്കിലും അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു..
ഒരിറ്റു കണ്ണുനീരോടെ അവള്‍ അവനടുത്തേക്ക് വന്നു..
“ഇതാ ഈ ചരടെന്റെ കഴുത്തിലൊന്നു കെട്ടോ ..പ്ലീസ്…. ”
ആഗ്രഹം കൊണ്ടാ…
സ്നേഹം കൊണ്ടാ.. ഈ അഞ്ജുവിന് കുഞ്ഞാപ്പുവിന്റെ കൂടെ ജീവിക്കാനുള്ള മോഹം കൊണ്ടാ… പ്ലീസ്… “
തേങ്ങിക്കരഞ്ഞ് കൊണ്ടുള്ള അവളുടെ യാചന കേട്ട് നബീസുമ്മയുടെയും മുഹമ്മദിക്കയുടെയും കണ്ണുകള്‍ നിറഞ്ഞു…
മുഹമ്മദിക്ക അവരുടെ അടുത്തേക്ക് വന്ന് അവന്റെ കൈകള്‍ പിടിച്ചു ഒരു സഹായത്തോടെ ആചരടെടുത്ത് അവളുടെ കഴുത്തിലണിയിച്ചു..
ഇത് കണ്ട് നബീസുമ്മ കണ്ണുകൾ തുടച്ചു. ചുണ്ടുകള്‍ അറിയാതെ പുഞ്ചിരിച്ചു ..
“ഉപ്പാ …
ഇനിയെനിക്ക് ചെറിയൊരു കടം കൂടെ ബാക്കിയുണ്ട് ഞാനിപ്പൊ വരാം “
എന്തോ മനസ്സിലുറപ്പിച്ചവൾ
പുറത്തേക്ക് നടന്നു…
കുന്നത്ത് തറവാടിന്റെ മുറ്റത്തേക്ക് ചീറിപ്പാഞ്ഞ് വന്ന ജീപ്പിന്റെ ശബ്ദം കേട്ടാണ് നാരായണേട്ടൻ പുറത്തേക്ക് വന്നത്
” മിസ്റ്റര്‍ രാജീവ് എവിടെ ..??
“എന്താ സാറമ്മാറേ കാര്യം” ..?
ജീപ്പിൽ നിന്നുമിറങ്ങിയ പോലീസുകാരന്റെ ചോദ്യം കേട്ട് നാരായണേട്ടൻ ചോദിച്ചു
ഒരു പരാതിയുണ്ട് അയാള്‍ക്കെതിരെ ,
” ഭർത്താവിനെ കൊല്ലാന്‍ ശ്രമിച്ചതിന് ഒരു സ്ത്രീ തന്ന പരാതി “
കുളികഴിഞ്ഞ് ഏൽപ്പിച്ച ജോലിയുടെ കൂലി കൊടുക്കാന്‍ പുറത്തേക്കിറങ്ങുമ്പഴാണ് പോലീസുകാരെ രാജീവ് കണ്ടത്
” സ്റ്റേഷന്‍ വരെ ഒന്ന് വരണം”
തലതാഴ്ത്തി പോലീസ് ജീപ്പിൽ കയറിയിരുന്നു അവന്‍ , പോലീസുകാര്‍ രാജീവിനേയും കൂട്ടി ജീപ്പ് സ്റ്റേഷനിലേക്ക് തിരിച്ചു ..
കുന്നത്ത് തറവാട്ടില്‍ ആകെ ഒരു മൂകത , എന്താണ് സംഭവിക്കുന്നതെന്ന് നാരായണേട്ടന് ഒരു പിടിയും കിട്ടുന്നില്ല.
ഡ്രൈവറെ വിളിച്ച് നാരായണേട്ടനും അദ്ദേഹത്തിന്റെ വണ്ടിയില്‍ സ്റ്റേഷനിലേക്ക് പോയി.
“പെങ്ങളെ ശല്ല്യം ചെയ്തതിന് ഒന്ന് പേടിപ്പിച്ച് വിടാന്‍ പറഞ്ഞതാ ആ പന്നികളോട് .. ” എന്നിട്ട് കൊല്ലാനാക്കി വിട്ടിരിക്കുന്നു .”
പല്ലുകൾ കടിച്ച് ജീപ്പിലിരുന്നവൻ പിറുപിറുത്തു.
സ്റ്റേഷനിലെത്തിയ രാജീവ് പരാതിക്കാരിയെ കണ്ട് ഞെട്ടി ..
ദേഷ്യത്തോടെ നിൽക്കുകയാണ് സ്വന്തം പെങ്ങൾ..
മകളുടെ കഴുത്തില്‍ കണ്ട താലി ചരട് കണ്ട് നാരായണേട്ടന്റെ കണ്ണുകള്‍ മൂടി..
“ദൈവമേ….””
അടികിട്ടിയ വേദനപോലെ അയാള്‍ അറിയാതെ ദൈവത്തെ വിളിച്ചു..
“എന്ത് തെറ്റാണ് ആ പാവം നിങ്ങളോട് ചെയ്തത് ..
ഒരാളെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ ..
ഞാന്‍ എപ്പോഴെങ്കിലും പരാതിപ്പെട്ടിരുന്നോ ഏട്ടനോട് ..?
പിന്നെ ആർക്ക് വേണ്ടിയാ ആ മഹാ പാവത്തിന്റെ കയ്യും കാലും തല്ലിയൊടിച്ചത് ..? പറ…? ഞാന്‍ കേട്ടു ഇന്നലെ ഫോണിലൂടെ ഏട്ടന്‍ പറഞ്ഞതെല്ലാം…
അഥവാ മരിച്ചാൽ എല്ലാവരും ഇവിടുന്ന് സ്ഥലം വിട്ടോണം എന്ന് അലേ..? ഏട്ടനാണെന്ന് അറിയാന്‍ പാടില്ല അലേ… ?
ഇത്രയൊക്കെ ചെയ്തിട്ടും ആ പാവങ്ങള് ഒരു പരാതിയുമില്ലെന്ന് എഴുതിക്കൊടുത്തത് കണ്ടോ…??
അച്ഛാ .. അച്ഛനെന്നോട് ക്ഷമിക്കണം . മനുഷ്യത്വമില്ലാത്ത ഏട്ടനുള്ള വീട്ടില്‍ കഴിയുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് സ്നേഹിക്കാൻ മാത്രമറിയുന്ന കുഞ്ഞാപ്പുവിനെയും അവന്റെ ഉപ്പയേയും അവന്റെ ഉമ്മയേയുമാണ്… ഇനി എന്റെ ജീവിതം അവരോടൊപ്പമാണ്…”
“സാറേ..ഒറ്റ ഒരുത്തനേം വിടരുത്. ഒരു ഫോണ്‍ കാൾ വരുമ്പഴേക്ക് തല്ലാനും കൊല്ലാനും നടക്കുന്ന എല്ലാത്തതിനേം അറസ്റ്റ് ചെയ്യണം.. അർഹിച്ച ശിക്ഷ കൊടുക്കണം..”
കരഞ്ഞ് കൊണ്ട് ഒാരോ വാക്കുകള്‍ പൂർത്തിയാക്കുമ്പോഴും അഞ്ജലിയുടെ ശബ്ദത്തിന് ശക്തി കൂടുന്നുണ്ടായിരുന്നു.
പരാതിപ്പേപ്പറിൽ ഒപ്പുവച്ച് ഏട്ടനിൽനിന്നും തല തിരിച്ചവൾ സ്റ്റേഷനില്‍ നിന്നുമിറങ്ങി..
അഞ്ജലി സ്റ്റേഷന്‍ കടക്കുന്നതിന് മുമ്പ് തന്നെ നാരായണേട്ടന്റെ കൈ രാജീവിന്റെ മുഖത്ത് പതിഞ്ഞിരുന്നു…..
//////
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം
അൽസലാമ ഹോസ്പിറ്റലിലെ നൂറ്റിമൂന്നാം റൂമില്‍ ..കുഞ്ഞാപ്പുവിന് മരുന്നുകളെല്ലാം എടുത്ത് കൊടുത്ത് അഞ്ജു അവനരികിലിരുന്നു…
“മോളേ..ആ ടിവി ഒന്ന് ഒാൺ ചെയ്യൂ…”
കുഞ്ഞാപ്പുവിന്റെ സ്നേഹത്തോടെയുള്ള വാക്കുകള്‍ അവള്‍ അനുസരിച്ചു.. കുറഞ്ഞ ശബ്ദത്തില്‍ ടിവി ഒാൺ ചെയ്ത് വെച്ചു.
എന്നിട്ട് അവന്‍ കിടക്കുന്ന ബെഡ്ഡിൽ അവന്റെ തലയുടെ ഭാഗത്തായി അവളിരുന്നു…റിയാലിറ്റി ഷോയിലെ നല്ല പാട്ടുകള്‍ കേട്ട് അവന്‍ അവളുടെ മടിയിലേക്ക തല ചായ്ചു..
മൃദുലമായ അവളുടെ കൈകള്‍ അവന്റെ നെഞ്ചിലൂടെ ചലിച്ചു…
” ഇക്കാ .. നിങ്ങൾ ഉമ്മാടെ വീട്ടില്‍ വരുമ്പോള്‍ പാടാറുള്ള ആ പാട്ടില്ലെ …? എനിക്കേറെ ഇഷ്ടമുള്ള ആ പാട്ട് . അതെനിക്കൊന്ന് പാടിത്തരോ…. ?
“എന്റെ പൊന്നിന് വേണ്ടിയിട്ടല്ലേ ഞാനത് എപ്പോഴും പാടാറ്… നിനക്കല്ലാതെ ഞാനാർക്കാ പാടത്തര…എന്നാ കേട്ടോ….”
“എത്രയോ ജന്മമായ്..നിന്നെ ഞാന്‍ തേടുന്നൂ…
ഉം……..ഉം…………ഉം….ഉം….
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്ണ്യമേ…….
ഉം……..ഉം…………ഉം….ഉം….
ദൂര തീരങ്ങളും …മൂക താരങ്ങും സാക്ഷികൾ..””..
ഉം…ഉം..ആ…ആ….
എത്രയോ ജന്മമായ്……….””
“കുട്ടാ…പാട്ടൊക്കെ കൊള്ളാം കെട്ടോ…പക്ഷേ സംഗതി പോയി…”
കൂഞ്ഞാപ്പുവിന്റെ പാട്ട് അവസാനിച്ചതും ടിവിയില്‍ നിന്നും ശരത്തിന്റെ ജഡ്ജ്മെന്റ് കേട്ടതും ഒരുമിച്ചായിരുന്നു….
അത് കേട്ട് ചമ്മിയ കുഞ്ഞാപ്പു അഞ്ജുവിനെ ഒന്ന് നോക്കി….
അടക്കാനാവാത്ത ചിരി ചിരിച്ച് അഞ്ജുപറഞ്ഞു…
“കുട്ടാ ഇതൊരു സംഗതി പോയ പാട്ടു തന്നെ ………”””
* ***
// ” പാട്ടിന്റെ സംഗതി പോയാലെന്താ..
കുഞ്ഞാപ്പൂന്റെ മാവും പൂത്തില്ലേ….”
*********
RELATED ARTICLES

Most Popular

Recent Comments