Saturday, September 21, 2024
HomeSTORIESപിൻനിലാവിലെ നിഗൂഢത. (കഥ)

പിൻനിലാവിലെ നിഗൂഢത. (കഥ)

പിൻനിലാവിലെ നിഗൂഢത. (കഥ)

ആര്യ നായർ. (Street Light fb group)
മുളം കാടുകളും കടന്നു ചൂളം വിളിക്കുന്ന കാറ്റിൽ പഴകി ദ്രവിച്ച മേലൂർ മന ഒന്നാടിയുലഞ്ഞു… വരാൻ പോകുന്ന ഏതോ ഒരത്യാപത്തിന്റെ സൂചനയെന്നോണം ചിതലരിച്ച പടിപ്പുരയിലെ വവ്വാലുകൾ ചിതറിപ്പറന്നകന്നു. പടിഞ്ഞാറു നിന്നൊരിടി വെട്ടി…കൂട്ടത്തിൽ മിന്നലും.. ആ വെളിച്ചത്തിൽ പഴകിയ മനയുടെ തലയുയർത്തിയുള്ള നിൽപ് ഭീകരതയുണർത്തും. പതുക്കെ പടിപ്പുരയിലെ പടിയിൽ കാലു വെച്ചപ്പോൾ
തന്നെ കാത്തെന്ന വണ്ണം ആരോ മലർത്തിയ വാതിൽ മുന്നിൽ മലർക്കെ തുറന്നു. ഒാരോ കാലടി മുറ്റത്തു പതിയുമ്പോഴും നിലത്തു കിടന്ന കരിയിലക്കൂട്ടങ്ങൾ കരയുന്നുണ്ടായിരുന്നു..
തോളിലെ സഞ്ചി ചുമരരികിലിട്ട ചാരു കസേരയിൽ തൂക്കി അതിലൊന്നമർന്നിരുന്നപ്പോൾ പുറത്ത് സമയം പാതിരയോടടുത്തിരുന്നു.. മഴയുടെ കുളമ്പടികളും ഉയരുന്നുണ്ടായിരുന്നു..
ആർത്തലച്ചു പെയ്യുന്ന മഴയിലെവിടെയോ
രാത്രിയിലെ നത്തൊന്നുറക്കെ കരഞ്ഞു…
അതിനു കാത്തെന്ന വണ്ണം ചുമരിലെ പഴകി നിലച്ച ഘടികാരമൊന്നു പന്ത്രണ്ടു തവണ മണി മുഴക്കി..
അതെ…നിലവറയിലെ ഇരുളിൽ കാലങ്ങളായി ഉറങ്ങിക്കിടക്കുന്നവർക്കു ഇന്നു പുറത്തിറങ്ങാം… പതിവു വെള്ളിയാഴ്ചകളിലെ നിശാസഞ്ചാരത്തിന്..
ഞാനും അവരെ തേടി വന്നതാണ്… കാലാന്തരങ്ങളിലെവിടെയോ മറഞ്ഞ മീരയെ തേടി… തന്റെ മീര.. നിലവറയ്ക്കുള്ളിലെ ഇരുട്ടിലെവിടെയോ ചങ്ങലകളാൽ തളയ്ക്കപ്പെട്ടു വെളിച്ചം കാണാതൊടുങ്ങിയവൾ…
നിങ്ങളു മറന്നു കാണും ചിലപ്പോൾ… അതെ ”പിൻനിലാവിൽ അരുന്ധതിയെഴുതിയ മീര..” അരുന്ധതി അവരെ തേടിയാണ് ഞാനലഞ്ഞത്.. അവർക്കറിയാം തന്റെ മീരയെങ്ങനെയീ നിലവറയിൽ എത്തിയെന്ന്… പകുതി എഴുതി നിർത്തിയവർ മീരയ്ക്കെന്തു പറ്റിയെന്നു പറഞ്ഞില്ല… അവളെ ഒരു നോക്കു കാണാൻ കൊതിച്ചു താനലയാത്ത ഇടങ്ങളില്ല…..
പെട്ടെന്നാഞ്ഞടിച്ചൊരു കാറ്റിൽ ഉയർന്നു പൊങ്ങിയ കരിയിലയ്ക്കിടയിൽ നേര്യേതിന്റെ തുമ്പ് പിടിച്ചു അവർ വന്നു… അരുന്ധതി.. കട്ടിക്കണ്ണടയിക്കു പിറകിലെ കണ്ണുകളിൽ തീക്ഷ്ണതയേറിയ നോട്ടവുമായി…. കയ്യിലെ മുറുകെ പിടിച്ച ഡയറിയിലെ താളിൽ നിന്നിറ്റു വീഴുന്ന രക്തതുള്ളി നുണഞ്ഞു കൊണ്ടു കാൽക്കീഴിൽ നീലക്കണ്ണുള്ള പൂച്ചയും..
അതെ …അവരു തന്റെ അടുത്തേക്കാണുവരുന്നത്. ആവനാഴിയിൽ തേച്ചു മിനുക്കിയ ചോദ്യങ്ങൾ കലമ്പൽ കൂട്ടുന്നുണ്ട്… പെട്ടെന്നെവിടെ നിന്നോ പാഞ്ഞു വന്നൊരു കരിംപൂച്ച കാലിനു കുറുകെ ചാടി … ഞെട്ടി പിന്നോക്കം മാറിയപ്പോൾ കാലുകളിലെവിടെ നിന്നോ കാട്ടു വള്ളി പിണഞ്ഞു തലകീഴായി എവിടേക്കോ വലിച്ചു കെട്ടി… അസ്തപ്രജ്ഞനായ ഒരു നിമിഷത്തിനൊടുവിൽ മേലൂർ മനയിലെ നിലവറയിൽ ആണ് താനെന്ന സത്യം വിഹ്വലതകളുണർത്തുകയായിരുന്നു…
നിഗൂഡതകളുറങ്ങുന്ന നിലവറയിലെ ചിത്രത്തൂണുകളിൽ ആലേഖനം ചെയ്യപ്പെട്ട പേരുകൾക്കിടയിൽ മീര….. ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവണമവൾ…. ആലോചനയ്ക്കു നേരമില്ലാരുന്നു… അകലെ നിന്നും മുഴങ്ങിയ ചങ്ങലക്കിലുക്കം കാതിനടുത്തെത്തി…
” നീയെന്നെത്തേടി വരുമെന്നെനിക്കറിയാരുന്നു… മേലൂർമനയിലെ കാഴ്ച കാണിച്ചൊടുവിൽ
കാരണവർക്കു നീയെന്നെ കാഴ്ച വെച്ചില്ലേ… തിരികെ നീ വരുമെന്നോർത്തു
അയാളടച്ചിട്ട നിലവറയിൽ കാലിലെ ചങ്ങലയിൽ പുഴു വരിച്ചു പരലോകം കണ്ടപ്പോഴും തിരികെ നിന്നെ ഈ നിലവറയിൽ കിട്ടുമെന്നു ഞാനോർത്തില്ല..”. ആർത്തട്ടഹസിക്കുന്ന അവളുടെ ശബ്ദത്തിനൊടുവിൽ ചുണ്ടിൽ നിന്നിറ്റു വീണ രക്തവുമായൊരു വവ്വാൽ നിലവറയാഴങ്ങളിൽ ഊളിയിട്ടു….
പിറ്റേന്നു രാവിലെ കുളിച്ചു െനറ്റിയിലൊരു കുറിയുമായി അരുന്ധതി ഒരിക്കലും തുറക്കാത്ത ആ നിലവറയിലെ കൊത്തുപണികളുള്ള വാതിൽ തുറന്ന് ഇരുളിലേക്കു തന്റെ ഡയറി വലിച്ചെറിഞ്ഞു…

 

RELATED ARTICLES

Most Popular

Recent Comments