Friday, May 17, 2024
HomeSTORIESപ്രതികരണം. (കഥ)

പ്രതികരണം. (കഥ)

പ്രതികരണം. (കഥ)

ഉമാരാജീവ്. (Street Light fb group)
അന്ന് സ്‌കൂളിൽ നിന്നും വന്നപ്പോഴേ അവളുടെ മുഖം വാടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് അമ്മ ചോദിച്ചു’ എന്താ മീനു, എന്താ പറ്റിയെ? നിനക്കെന്തെങ്കിലും വയ്യായ്കയുണ്ടോ?’ ഏയ്, അമ്മയ്ക്ക് വെറുതെ തോന്നുന്നതാ’ ‘ശരി വന്ന് മുഖമൊക്കെ കഴുകി കാപ്പി കുടിക്കാൻ നോക്ക്.’
അവൾ അന്ന് നടന്ന സംഭവം ഓർത്തുനോക്കി. സ്ഥിരം വരുന്ന ബസ്സാണ്, ആദ്യമേ ഇരിക്കാൻ സീറ്റു കിട്ടിയിരുന്നു. അടുത്ത സ്റ്റോപ്പ് ആയപ്പോൾ കൈക്കുഞ്ഞുമായി വന്ന ഒരു സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്ത് അവൾ അടുത്ത് തന്നെ നിന്നു. ആരോ പുറകിൽ നിന്നും തന്നെ തൊടുന്നതുപോലെ തോന്നി, നോക്കിയപ്പോൾ ബസിലെ കണ്ടക്ടറാണ് എസ്ടി കാർഡ് എവിടെ? അവൾ കാർഡ് കാണിച്ചുകൊടുത്തു. അയാൾ അതിൽ രേഖപെടുത്തിയിട്ട് ടിക്കറ്റ് നൽകാനായി പുറകിലോട്ടു പോയി. കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും അവളുടെ അടുത്ത് തന്നെ വന്നു നിന്നു, ഒന്നുമറിയാത്തതുപോലെ ചെറുതായി ദേഹത്തു ഉരസാനും, ബ്രെയ്ക്കിടുമ്പോൾ ഇടിക്കാനും തുടങ്ങി, പ്രതികരിക്കണം എന്നുണ്ട്, പക്ഷെ, പേടി. അയാൾ സ്റ്റോപ്പ് എത്തുന്നതുവരെ ഇത് തുടർന്നുകൊണ്ടേയിരുന്നു. അവൾ ഇറങ്ങിയതും അയാൾ നാളെയും ഈ സമയത്ത് തന്നെ വരണേ എന്നും പറഞ്ഞ് ഡ്രൈവറെ നോക്കി ചിരിച്ചു.
ഇന്ന് ഞാൻ പോകുന്നില്ല? അതെന്താ പോകാത്തെ? അമ്മ ചോദിച്ചു. അവൾ മടിച്ചു മടിച്ച് അമ്മയോട് കാര്യം പറഞ്ഞു. ‘അമ്മയും എന്റെ കൂടെ വരണം, അയാളെ അങ്ങനെ വിട്ടാൽ പറ്റില്ല?’.
ഇല്ല ഞാൻ നിന്റെ കൂടെ വരില്ല. നീ ഒറ്റയ്ക്ക് പോയാൽമതി! അവൾ ഞെട്ടി. ‘അതെന്താ, ഞാൻ അമ്മയോട് കാര്യം പറഞ്ഞതല്ലേ, വേറെ ഏതെങ്കിലും അമ്മമാരായിരുന്നെങ്കിൽ എപ്പോ കൂടെ വന്നെന്ന് ചോദിച്ചാൽ മതി? അയാൾ ഇന്നും അത് തന്നെ ആവർത്തിക്കില്ലേ? ഞാനെന്താ ചെയ്യുക? അമ്മ കൂടെയുണ്ടെങ്കിൽ അയാളോട് ചൂടാകുമല്ലോ?
ഞാൻ എത്ര ദിവസം നിന്റെ കൂടെ വരും? ഇത് നീ തനിച്ചു തന്നെ നേരിടണം. ഇന്നയാൾ നിന്നോട് അപമര്യാദയായി പെരുമാറിയാൽ നീ പ്രതികരിക്കണം. എന്നെ തൊടരുത് എന്ന് തന്നെ പറയണം. നിന്റെ ഉറച്ച ശബ്ദം മതിയാകും അയാളെ മാറ്റി നിർത്താൻ. നമുക്ക് ഏറ്റവും വലിയ സുരക്ഷ നൽകാൻ മറ്റാരേക്കാളും കഴിയുന്നത് നമുക്ക് തന്നെയാണ്. വേണ്ട എന്ന് പറഞ്ഞാൽ അത് വേണ്ട എന്ന് തന്നെയാണെന്ന് കേൾക്കുന്നയാൾക്ക് മനസ്സിലാകണം. ചിലപ്പോൾ നീ പ്രതികരിക്കുമ്പോൾ അയാൾ കൂടുതൽ ഒച്ചയുണ്ടാക്കുമായിരിക്കും, നീ പതറേണ്ട കാര്യമില്ല, നീ ചെയ്യുന്നത് ശരിയാണെന്ന ബോധം നിനക്കുണ്ടെങ്കിൽ പത്തുപേർ അയാളെ ന്യായീകരിച്ചാലും ഒരാളെങ്കിലും കാണും നിന്റെ കൂടെ. ആരുമില്ലെങ്കിലും പ്രശ്നമില്ല, നമ്മുടെ ഒരു നോട്ടം മതി അപ്പുറത്തെയാളുടെ ധൈര്യം കുറയാൻ.
ഒടുവിൽ അവൾ സ്‌കൂളിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. തിരിച്ചുവരാൻ നേരം അതേ ബസ്, അതേ കണ്ടക്ട്ടർ. അന്ന് ബസിൽ തിരക്ക് കുറവായിരുന്നു. അവൾക്ക് സീറ്റ് കിട്ടി. അയാൾ അവൾ ഇരുന്ന സീറ്റിനു അടുത്തുതന്നെ വന്നു നിന്നു, തലേദിവസത്തെ പോലെ അയാൾ അവളെ മുട്ടിയുരുമ്മാൻ ശ്രമിച്ചപ്പോൾ അവൾ വിളിച്ചു ‘മിസ്റ്റർ, താങ്കൾ എന്റെയടുത്ത് ഇങ്ങനെ നിൽക്കുന്നത് എനിക്ക് അരോചകമാണ്. ദയവു ചെയ്ത് നീങ്ങി നിന്നാൽ കൊള്ളാമായിരുന്നു. ‘അതുകൊള്ളാം, ബസ്സാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും, അറിഞ്ഞുകൊണ്ടൊന്നുമല്ലല്ലോ? അല്ലെങ്കിൽ വേറെ വല്ല വണ്ടിയും പിടിച്ചു പോണം? അയാൾ വിജയശ്രീലാളിതനെപ്പോലെ പറഞ്ഞു. ‘ഓഹോ, ഈ ബസിൽ വരണമെങ്കിൽ ഇങ്ങനെയൊക്കെ നിയമമുണ്ടോ? എങ്കിൽ അതൊന്നു അറിയണമല്ലോ? അവൾ മൊബൈൽ എടുത്തു വിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു ‘ആരെയാ വിളിക്കുന്നെ?
അതോ വനിതാ ഹെൽപ്‌ലൈൻ!
ഇത്രയുമായപ്പോഴേക്കും ഡ്രൈവർ ബസ് നിർത്തി പുറകിലോട്ടു നോക്കി. കണ്ടക്ടർ ഒന്ന് ഞെട്ടി, ആദ്യം നിങ്ങൾ ഫോൺ കട്ട് ചെയ്യൂ, ഞാൻ നീങ്ങി നിന്നാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ, അയാൾ മുറുമുറുത്തുകൊണ്ടു പുറകിലേക്ക് പോയി. സ്റ്റോപ്പ് എത്തിയപ്പോൾ അവൾ പുറകിലേക്ക് തിരിഞ്ഞുനോക്കി പറഞ്ഞു. ‘ചേട്ടാ, ഞാൻ നാളെയും ഈ സമയത്ത് തന്നെയാ വരിക’.
———————————————————————————————————————————————————————————————————————————
ഞാൻ ഈ എഴുതിയതിൽ പല തെറ്റുകുറ്റങ്ങളും ഉണ്ടാകാം. ഞാൻ ഉദ്ദേശിക്കുന്നത് ഇത്രയേയുള്ളൂ. പെൺകുട്ടികളെ കരാട്ടെ പോലുള്ള ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നത് നല്ലത് തന്നെ, അതോടൊപ്പം അവർക്ക് തന്റെ ഇഷ്ടമില്ലാതെ ദേഹത്തു തൊടുന്നയാളോട് നോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് അവളെ സ്വയം ശക്തയാക്കുക.

 

RELATED ARTICLES

Most Popular

Recent Comments