Saturday, September 28, 2024
HomeSTORIESമോക്ഷയാത്ര.. (ചെറുകഥ)

മോക്ഷയാത്ര.. (ചെറുകഥ)

മോക്ഷയാത്ര.. (ചെറുകഥ)

സ്മിതശേഖർ. (Street Light fb group)
വീട്ടിൽ നിന്ന് തിരിക്കുമ്പോൾ മനസ്സിൽ സന്തോഷമായിരുന്നു .വളരെ നാളായി മനസിൽ കൊണ്ടു നടന്നൊരു മോഹത്തിന്റെ പൂർത്തീകരണമാണിന്ന്. അത്രയേറെ മോഹിച്ചിരുന്നു ഈ യാത്ര. ഐവർമഠത്തിലേക്ക് യാത്രപോകുന്നു എന്ന് പറഞ്ഞപ്പോൾ ഭാര്യ ചോദിച്ചു.എന്തേ ഇപ്പോ ഇങ്ങനൊരു യാത്രയെന്ന്.അതിനൊരു ഉത്തരം പറയാൻ കഴിഞ്ഞില്ല.പോണം പോവാതിരിക്കാനാവില്ല.പിന്നെയൊന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല.
ഇതാ ആ യാത്ര നിളാതീരത്ത് എത്തി നിൽക്കുന്നു .ഇവിടെ നിന്നാൽ ഐവർമഠം കാണാം .എവിടെയും മരണത്തിന്റെ ഗന്ധം .മരണാസന്നയായി കിടക്കുന്ന നിള,മനസിനു വേദനയാകുന്നു.നിളയുടെ കണ്ണിൽ നിന്നൊഴുകുന്ന അവസാനതുള്ളി കണ്ണീരിൽ മുങ്ങി നിവർന്ന് ആത്മാക്കളുടെ മോക്ഷത്തിനായി പ്രാർത്ഥിക്കുവരുടെ നിരയിൽ കുറച്ച് നേരം നിന്നു ഞാനും പ്രാർത്ഥിച്ചു,നിളയുടെ മോക്ഷത്തിനു വേണ്ടി.
മെലിഞ്ഞു എല്ലുന്തികിടക്കുന്ന നിളാതീരത്തൂടെ മൗനമായി നടക്കുമ്പോഴും മനസ് അസ്വസ്തമായിരുന്നു. ഐവർമഠത്തിന്റെ കവാടത്തിനു മുമ്പിലെത്തിയപ്പോൾ കാലുകളൊന്നു വിറച്ചോ മനസ്സൊന്നു പതറിയപോലെ ജിവിതത്തിന്റെ നിസാരത വെളിവാകുന്ന ദൃശ്യങ്ങളാണെവിടെയും.
ഒരിക്കൽ ആരൊക്കെയോ ആയിരുന്നവർ ആർക്കൊക്കെയോ പ്രിയപ്പെട്ടവർ ജീവിതത്തിലെ എല്ലാ കെട്ടു പാടുകളും ഉപേക്ഷിച്ച് ഒരു തുണിക്കെട്ടുമാത്രമായി പരിഭവമേതുമില്ലാതെ തന്റെ ഊഴത്തിനായി കാത്തു കിടക്കുന്ന കാഴ്ച .ജീവിതം മുഴുവൻ അക്ഷമരായിരുന്നവർ ഇതാ ഇവിടെ വളരെ ക്ഷമയോടെ മറ്റുള്ളവരുടെ ദയക്കായി കാത്തു കിടക്കുന്നു.മുമ്പേ വന്ന് കത്തിയുരുകി നോവിന്റെ ഓർമ്മ മാത്രംഅവശേഷിപ്പിച്ചവർ പുകച്ചുരുളായി ആകാശത്ത് വിലയം പ്രാപിക്കുന്നു.
പൊട്ടിത്തെറിക്കുന്ന അസ്ഥികളുടെ ചീറ്റൽ തോൽക്കാൻ മനസ്സില്ലാത്ത ആത്മാവിന്റെ ആവസാന പിടച്ചിലായിരിക്കാം .കരിഞ്ഞമാംസത്തിന്റെ രൂക്ഷമായ ഗന്ധത്തെ മറയ്ക്കാൻ ചിതയിലിട്ടരാമച്ചം പോരാതെ വരുന്നു.
നിരനിരയായി തന്റെ ഊഴംകാത്ത് കിടക്കുന്നമൃതശരീരങ്ങൾ,
കത്തി പകുതിയായ ചിതകൾ ഒരു പിടി ചാരമായവർ ഇവർക്കിടയിൽ നിൽക്കുമ്പോൾ മനസ് മരവിപ്പിന്റെ മേലങ്കി അണിയുന്നതുപോലെ.ഒരു ശ്വാസനിശ്വാസത്തിന്റെ ബലത്തിൽജീവനോടിരിക്കുന്ന എന്നെ നോക്കി ആത്മാക്കൾ പരിഹസിച്ചു ചിരിക്കുന്നുണ്ടാവാം നീ കണ്ടില്ലേ ഞങ്ങളുടെ അവസ്ഥ ജീവിതം ഇത്രയേയുള്ളൂ ഹേ ആരോ കാതിൽ വന്ന് ചൊല്ലിയതു പോലെ തോന്നിയതാവാം.
ഏതായാലും വന്നു ഇന്നത്തെ രാത്രി ഈ ആത്മാക്കൾക്കൊപ്പമെന്ന് മനസിൽ തീരുമാനിച്ചുറച്ചു.അപ്പോൾ സമയം ഏതാണ്ട് നന്നായി ഇരുട്ടിയിരുന്നു. തന്റെ മുന്നിലെത്തിയ അവസാന മൃതദ്ദേഹവും അഗ്നിക്ക് നേദിച്ച് ശ്മശാനം സൂക്ഷിപ്പുകാരൻ പോകാനിറങ്ങി. വന്നവരിൽ പലരും തിരിച്ചു പോയിരുന്നു.എന്തേ ഇറങ്ങുന്നില്ലേ അയാൾ എന്നോട് ചോദിച്ചു. ഉം… പോവായി അയാളെ ബോധിപ്പിക്കാൻ വേണ്ടി പുറത്തേക്ക് നടന്നു.
പാതിരാവാകുന്നതുവരെ നിളയെ അറിഞ്ഞ് അവളോട് കിന്നാരം ചൊല്ലി സങ്കടം ചൊല്ലി സമയം പോക്കി.എല്ലാവരും ഉറക്കമായപ്പോൾ ആത്മാക്കളുറങ്ങുന്ന ആ പുണ്യസ്ഥലത്തേക്ക് എന്റെ പാദങ്ങൾ ചലിച്ചു . ശ്മശാന നിശബ്ദത എന്താന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. ആത്മാക്കൾ വിശ്രമിക്കാനെത്തുന്ന ആലിന്റെ തറയിൽ ഞാനും ഇരുപ്പുറപ്പിച്ചു. എല്ലാം കണ്ടും കേട്ടും ആത്മാക്കൾക്കു കൂട്ടായി.അങ്ങനെയിരുന്നപ്പോൾ പലരും അവിടെയെത്തി മുഖപരിചയമുള്ളവർ..അതേ എല്ലാവരും അറിയുന്നവർ തന്നെ ഒ വി വിജയൻ വി കെ എൻ ഭരതൻ ഒടുവിലാൻ പിന്നെ കൈരളിയുടെ കണ്ണീരായ സൗമ്യ എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. തങ്ങളുടെ സാമ്രാജ്യത്തിൽ പുതിയൊരാളെ കണ്ടത് തീരെ പിടിച്ചിട്ടില്ല ആർക്കും .
അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലായിരുന്നത് കൊണ്ടു തന്നെ ഞാൻ തന്നെ അവരോട് ഇടിച്ചു കേറി സംസാരിച്ചു. കേരത്തിലേയും ഇന്ത്യയിലേയും കാര്യങ്ങൾ വള്ളി പുള്ളിവിടാതെ പറഞ്ഞു.ഓരോദിവസവും
ചതിക്കപ്പെടുന്ന പെൺകുട്ടികളുടെ കണക്ക് പറയുമ്പോൾ സൗമ്യയെ നോക്കി എന്തേലുംകിട്ടിയാലോ എന്ന് കരുതി പക്ഷേ നിർവീകാരതയോടെ ഇരിക്കുകയായിരുന്നു സൗമ്യ.ഇത് കണ്ട് വി കെ എൻ എന്നെ രൂക്ഷമായൊന്ന് നോക്കി.ഡേയ് പയ്യൻസ് ചത്താലും സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കൂല്ല അല്ലേ ചത്ത ശവത്തെ തോണ്ടിയെടുത്ത് വീണ്ടും തുണിയുടുപ്പിച്ച് കുളിപ്പിച്ച് കിടത്തി മാലചാർത്തിക്കോണം.ഒന്നിറങ്ങിപ്പോടേയ്..വി കെ എൻ ചീറീ ആ ചീറ്റലിൽ ഒറ്റച്ചാട്ടത്തിന് ഞാൻ പുറത്ത് കടന്നു. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ലോഹിതദാസും ഭരതനും വലിയ ചർച്ചയിലായിരുന്നു.ഒന്നു പോയി നോക്കിയാലോ വേണ്ട ആത്മാക്കളാണ് മനുഷ്യരല്ല.പുലിവാലു പിടിക്കേണ്ട .അവിടെനിന്ന് യാത്ര തിരിക്കുമ്പോൾ മനസ്സിൽ കുറ്റബോധം നിറഞ്ഞു.തന്റെ ഈ യാത്ര എന്തിനായിരുന്നു മനുഷ്യൻ നിസാരനാണെന്ന് മനസിലാക്കിയ താൻ തന്നെയാണ് വെറും മനുഷ്യനായി തരം താണത് അല്ലേലും മനുഷ്യർ അങ്ങനെയാണല്ലോ എന്തു കണ്ടാലും കേട്ടാലും ആ ഒരു നിമിഷം മാത്രമേ മനുഷ്യനിൽ മനുഷ്യത്വം ജനിക്കു അടുത്ത നിമിഷം എല്ലാം മറന്ന് അവന്റെ ലോകത്തിലേക്ക് തിരിച്ചു പോകും.അകലെ ഒടുവിലാൻ പാടുന്നതു കേൾക്കാമായിരുന്നു മാപ്പു നൽകു മഹാമതേ….മാപ്പു നൽകൂ…. അപ്പോൾ ഞാനും മനസിൽ ഒരായിരം വട്ടം മാപ്പ് ചോദിച്ചു എല്ലാത്തിനും…….
RELATED ARTICLES

Most Popular

Recent Comments