Wednesday, January 15, 2025
HomeSTORIESപക്ഷികളുടെ ലോകം. (കഥ)

പക്ഷികളുടെ ലോകം. (കഥ)

പക്ഷികളുടെ ലോകം. (കഥ)

ആര്യ നായർ. (Street Light fb group)
ആകാശം മേഘാവൃതമായിരുന്നു… ദൂരെയെവിടെയോ ഇര തേടി കൂടണയാൻ വെമ്പുന്ന പക്ഷികൾ… കൂടണഞ്ഞവ പരസ്പരം ഇണകളോടു കലപില കൂടുന്നു.. പകലന്തിയോളം ഇര തേടിയലഞ്ഞ വിശേഷങ്ങളും കണ്ട കാഴ്ചകളും വർണ്ണിച്ചു മക്കളെ കേൾപ്പിക്കാൻ മത്സരിക്കുന്നു…. ഉറങ്ങിയ കുഞ്ഞുങ്ങളെ നോക്കി ഇണയില്ലാത്തമ്മമാർ നെടുവീർപ്പിടും… നാളെ താനൊരു വേടന്റെയോ വൈദ്യുതക്കമ്പിയുടെയോ ഇരയാവും.. അപ്പോൾ പറക്കമുറ്റാത്ത തന്റെ പൊന്നു മക്കൾ കഴുകന്റെയോ കാക്കയുടെയോ ഒരു നേരത്തെ ഇരകളാവും.. ചിറകുറച്ചിരുന്നെങ്കിൽ അവരു പറന്നു രക്ഷപ്പെട്ടേനെ… പല പല നാടുകളിലൂടെ പല ഭക്ഷണങ്ങൾ രുചിച്ചു പറന്നലയുന്നവരും സ്വന്തം നാട്ടിൽ തന്നെ കൂടുകൂട്ടിയവരും എല്ലാരും ആ കൂട്ടത്തിൽ പെടും…
അതെ … പക്ഷികളുടെ ഇടയിലൂടെയുള്ള എന്റെ യാത്രകളിൽ ഞാൻ മനസ്സിലാക്കിയവയാണിവ…
പഠനക്കുറിപ്പെഴുതി പുസ്തകം മടക്കിയുറക്കച്ചടവുള്ള കണ്ണുകൾ വലിച്ചു തുറന്നു കുളിമുറിയിലെ പൈപ്പിന്റെ ചുവട്ടിൽ നിന്നും കണ്ണുകൾ കഴുകി അടുക്കളയിലേക്കു നടന്നു നയന..
അമ്മയ്ക്കു കഴിക്കുവാനുള്ള കഞ്ഞി പാത്രത്തിൽ പകർന്ന് അമ്മയുടെ മുറിക്കു മുന്നിലെത്തി.. പകുതി ചാരിയ വാതിലിനിടയിലൂടെ മുനിഞ്ഞു കത്തുന്ന വിളക്കിന്റെ പ്രകാ്ശം പുറത്തേക്കു വീഴുന്നുണ്ട്… അകത്തേക്കു കയറി ചരിഞ്ഞു കിടക്കുന്ന അമ്മയെ പതി
യെ വിളിച്ചു അവൾ ..,
”അമ്മേ… കഞ്ഞി കുടിക്കണ്ടേ… വിശക്കുന്നില്ലേ ”..
പതിയെ തനിക്കു നേരെ തിരിച്ചു കിടത്തിയവൾ ചോദിച്ചു… ഒരു ഭാഗം കോടിയ ആ ദയനീയ മുഖത്ത് രക്ത പ്രസാദമില്ലെങ്കിലും വല്ലാത്തൊരു തേജസ്സ് ഉണ്ടായിരുന്നു… പഴയ കാലത്തെ പ്രൗഢതയുടെ ഒളി മങ്ങാത്ത മുഖം…ചരിഞ്ഞ മുഖത്തെ കൈകൊണ്ടു താങ്ങി മറ്റേ കൈകൊണ്ട് കഞ്ഞി കോരിക്കൊടുക്കുമ്പോൾ ആ കണ്ണുകളിൽ നയനയോടു പറയാൻ ബാക്കി വച്ച കാര്യങ്ങളാവണം കണ്ണീരായി പെയ്തത്…
” അമ്മയെന്തിനാ അമ്മാ കരയുന്നെ … അമ്മേടെ കുഞ്ഞാവയല്ലേ ഞാൻ… അമ്മേനെ വിട്ടെങ്ങോട്ടും പോകില്ലാട്ടോ… ” പിന്നവൾ താനെഴുതിയ പഠനക്കുറിപ്പിനെപ്പറ്റിയും സ്ക്കൂളിലെ വിേശഷങ്ങളും എല്ലാം വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു..
നയന കുട്ടിയായിരുന്നപ്പോഴാണ് അച്ഛൻ നാടു വിട്ടു പോയത്.. ആളുകൾ നാടു കടത്തീന്നു വേണം പറയാൻ… ചിട്ടി നടത്തി പൊളിഞ്ഞു നാട്ടുകാരു വീടു കയ്യേറിയപ്പോൾ എല്ലാം ഇട്ടെറിഞ്ഞു പോയതാണ്… അയാളോടുള്ള ദേഷ്യം ആളുകൾ തീർത്തത് വീടു നശിപ്പിച്ചിട്ടായിരുന്നു… അന്നതു കണ്ടു തളർന്നു വീണ അവളുടെ അമ്മ ആ കിടപ്പിൽ നിന്നും പിന്നെയെണീറ്റിട്ടില്ല…
നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തിലാണിന്നവരുടെ ജീവിതം… പഠിക്കാൻ മിടുക്കിയായതോണ്ട് കൂട്ടുകാരും അദ്ധ്യാപകരും ചേർന്നാണവളുടെ പഠനച്ചിലവ് വഹിക്കുന്നത്…
അമ്മയെ പുതപ്പിച്ചു കിടത്തിയിട്ടവൾ തന്റെ ബാക്കിയാക്കിയ പഠനക്കുറിപ്പെടുത്ത് ഒന്നോടിച്ചു വായിച്ചു നോക്കി.. തൃപ്തിയായിട്ടെന്നോണം പിറ്റേന്നേക്കൂ
ള്ള പുസ്തകങ്ങളടുക്കി വച്ചു കീറിയ പായ അമ്മ കിടക്കുന്ന മുറിയിലെ നിലത്തുവിരിച്ചു കിടന്നു. അന്നവളുടെ സ്വപ്നത്തിൽ പക്ഷികളായിരുന്നു നിറയെ. …
പല വർണ്ണങ്ങളിലവ പറന്നു നടന്നു…
അതിലൊരു കിളി മാത്രം മൂകയായിരുന്നു….
അതിന്റെ സമീപം ഒരു കുഞ്ഞുകിളി പറന്നു നടക്കുന്നതും അവൾ കണ്ടു… പൊടുന്നനെ
ആ അമ്മക്കിളിയിൽ നിന്നൊരു രോദനം അവളു കേട്ടു.. അതെ … അതു മരണ വെപ്രാളത്തിൽ കൊക്കൊന്നു പിളർത്തി താഴേക്കു പതിക്കുന്നു… കൈ നീട്ടിയവൾ ഓടിയെത്തിയപ്പോഴേക്കും അത് എവിടേക്കോ വീണു പോയിരുന്നു..ഞെട്ടിയെണീറ്റു വിളക്കു കത്തിച്ചിരുട്ടിനുവെളിച്ചമേകിയപ്പോൾ കണ്ടു…
കട്ടിലിലമ്മയില്ല… കണ്ണു തിരുമ്മിയൊന്നൂടെ നോക്കിയപ്പോൾ നിലത്ത് വിറങ്ങലിച്ചു പോയ ഒരു തള്ളപ്പക്ഷി…..
” അന്നു മേഘപാളികൾ മഴയായി ഭൂമിയിൽ വീണു കരഞ്ഞു… പക്ഷികൾ പുറത്തിറങ്ങിയില്ല….. അനുശോചനമാണ് പക്ഷികൾക്ക്….”

 

RELATED ARTICLES

Most Popular

Recent Comments