Friday, April 26, 2024
HomeSTORIESഉന്മാദം. (കഥ)

ഉന്മാദം. (കഥ)

ഉന്മാദം. (കഥ)

കാർത്തിക മോഹൻ.(Street Light fb group)
ഇന്നവർ കാടിനു തീയിടാൻ പോവുകയാണ്, നട്ടപ്പാതിരായ്ക്ക്.. കാടും, കാട്ടാറും, കാട്ടിലെ ജന്തുജാലങ്ങളുമെല്ലാം ഉറക്കം പിടിക്കുമ്പോൾ അവർ വരും, ആരും അറിയാതെ ഉൾക്കാടിനുള്ളിലേക്ക് കയറിവരും. അവരഞ്ചുപേരുണ്ടാവും, ഒൻപതു കൈകളും തീതുപ്പും, അവരിലൊരുവൻ ഒറ്റക്കൈയ്യനാണ്.. പക്ഷേ ഇല്ലാതെപോയ കൈയ്യിന്റെ കൂടി ശക്തിയുണ്ട് ആ ഒറ്റക്കൈക്ക്. വേനൽ വെയിലേറ്റ് ഉണങ്ങിയ വള്ളികളും മരങ്ങളും അവർ കൊണ്ടുവന്ന തീയിൽ എരിഞ്ഞു തുടങ്ങും. തീ പടർന്നു പിടിക്കും, മലർക്കെ തുറന്നു പിടിച്ച വായുമായി അത് കാട്ടുപാതയിലും അല്ലാത്തയിടങ്ങളിലും പായും, മരങ്ങളെയും ചെടികളെയും വള്ളികളെയും വിഴുങ്ങിയാൽ മാത്രം അടങ്ങുന്ന വിശപ്പല്ല അതിനുണ്ടാവുക, അത് കാട്ടിലൂടെ പല ദിശയിലും പുതിയ പാതകൾ തെളിക്കും, അപ്പാതകളിലൂടെ ലക്ഷ്യമില്ലാതെ പായും, പായുംതോറും അതിന്റെ വേഗം കൂടും, പതിയെപ്പതിയെ കരിഞ്ഞ ഇലകളുടെയും തടിയുടെയും ഗന്ധത്തിൽ കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ദുഷിച്ച ഗന്ധം കലരും, ഉറക്കത്തിലാണ്ട കാട്ടുവാസികളാരും തന്നെ ഒന്നും അറിയുകയില്ല, അവർ സുഖമായുറങ്ങും, ഇന്നുരാത്രി ഉറങ്ങാൻ കിടക്കുന്നവർ എന്നെന്നേക്കുമായുറങ്ങും, ഉണരില്ല. അവർക്കിനിയൊരു പുലരിയില്ല, വെയിലും മഴയും കാറ്റുമില്ല, അവരുടെ ചിരിയിൽ പൂക്കുന്ന കാടിന്റെ മണവുമില്ല. എല്ലാം തീരും.. ഇന്നൊരു രാത്രിയോടെ എല്ലാം തീരും. ഓർക്കുംതോറും രഘുവിന് തന്റെ രണ്ടു കണ്ണിന്നുള്ളിലും കുറ്റാക്കൂരിരിട്ട് സൂചികൊണ്ടെന്നപോലെ കുത്തിത്തറച്ചു കയറുന്നതായി തോന്നി.. അതിനോടൊപ്പം പുറപ്പെട്ടുവന്നതാവണം, കനപ്പെട്ട ഒരു ഭയം തന്നോടു ചോദിക്കാതെ തന്നെ തന്റെ നെഞ്ചിനുള്ളിൽക്കയറി കുടിയിരുന്നതുപോലെയും തോന്നി. ഉൾക്കാടിന്റെ തെക്കുവശത്ത് വലിയ വിസ്തൃതിയിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന പേരാലിൻചുവട്ടിൽ മലർന്നുകിടക്കുകയായിരുന്നു അയാൾ. അരികെ നീളത്തിൽ ഒരു ആറൊഴുകുന്നുണ്ട്, നല്ല തണുത്ത; നീലിച്ച വെള്ളം നിറഞ്ഞ കാട്ടാറ്. കൈയെത്തും ദൂരെ തണുപ്പു നിറഞ്ഞൊഴുകിയിട്ടും രഘുവിന്റെ ദേഹം വെട്ടിവിയർക്കുകയായിരുന്നു. അതുവഴിയേ മുരണ്ടുംകൊണ്ടുപോയ ഇളംകാറ്റിനെ തെല്ലൊന്നു പിടിച്ചു നിർത്തി ഒരു മുന്നറിയിപ്പുമില്ലാതെ രഘുവിന്റെയടുത്തേക്ക് വഴിതിരിച്ചയച്ചു നോക്കീ പേരാൽ, പക്ഷേ ആ വയസ്സൻ മരവും കാറ്റും അമ്പേ പരാജയപ്പെട്ടു; ഒരു നിമിഷനേരത്തേക്കുപോലും രഘുവിനെ തണുപ്പിക്കാനായില്ല. അയാൾ ഏറെ അസ്വസ്ഥനായി കിടന്നിടത്തുനിന്നും എഴുന്നേറ്റു, പിന്നെ അവിടെത്തന്നെ കുത്തിയിരുന്നു. എന്തെങ്കിലുമൊരു മാർഗം കണ്ടെത്തിയേ തീരൂ, ഇന്ന് ഇരുട്ടിവെളുക്കുമ്പോൾ ഇപ്പോൾ തനിക്കു ചുറ്റുമുള്ളതെല്ലാം അവിടെത്തന്നെ വേണം, ഒരില പോലും നശിക്കരുത്. അതിനുള്ള മാർഗ്ഗം താൻ തന്നെ കണ്ടെത്തണം, കാടിനെ ഇന്നത്തെ രാവു പൊതിയും മുൻപേ പ്രതിരോധമാർഗ്ഗം തയ്യാറായിരിക്കണം.
അയാൾ തന്റെ ചുട്ടുപഴുത്ത കണ്ണുകൾ ഒന്നിറുക്കിയടച്ചു. തളർന്ന കൺപോളകൾക്കുള്ളിൽ രണ്ടാഴ്ചയ്ക്കു മുൻപു നടന്ന ഒരു ദൃശ്യം പുറത്തേയ്ക്കിറങ്ങാനാവാതെ തിങ്ങിഞെരുങ്ങിയിരുന്നു, ആ അഞ്ചുപേരും താനും.. അന്ന്, വെയിലാറിയ നേരം നോക്കി കാടിനെപ്പറ്റി സിനിമയെടുക്കാനെന്നു പറഞ്ഞു കാടുകയറിയതാണവർ, മുൻപിൽ താനുണ്ടായിരുന്നു.. ഈ കാടിനെപ്പറ്റി തന്നോളമറിയുന്നവരാരുണ്ട് നാട്ടിൽ.. ഓർമ്മവെച്ച നാളു മുതൽ അപ്പന്റെ തോളിലേറി ഈ കാട്ടിലെ വിറകുശേഖരിക്കാൻ വരുമ്പോൾ കൗതുകമായിരുന്നു. വളർന്നപ്പോൾ പിന്നെ തനിച്ചായി വരവ്, നേരവും കാലവുമൊന്നും നോക്കാറില്ല, തോന്നുമ്പോൾ കേറിയങ്ങു വരും. വീട്ടിൽ അമ്മയില്ലാത്തതിനാൽ കാടിനെ അമ്മയായിത്തന്നെയേ കണ്ടിട്ടുള്ളൂ. ഇവിടെ വന്നു കിടക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരു ഭ്രാന്തു തന്നെയായിരുന്നു തനിയ്ക്ക്, ആ ഭ്രാന്തിനെ മുറിവേല്പിക്കുന്ന ഒന്നും തന്റെ ഇന്നലെകളിലുണ്ടായിട്ടില്ല, അങ്ങിനെയുള്ള തന്നെയായിരുന്നു ഈ കാടിനെയും അതിന്റെ ഉള്ളറകളിലെ രഹസ്യങ്ങളെപ്പറ്റിയും അറിയുവാനായി അവർ ഉപയോഗപ്പെടുത്തിയത്. താൻ നടന്നു, അവർക്കു മുൻപേ നടന്നു, അവരുടെ കാൽപ്പാടുകൾക്കുള്ള വഴികാട്ടിയായി നടന്നു. പക്ഷേ തനിക്കു പിറകിൽ തങ്ങളാറു പേർക്കുചുറ്റും പടർന്നുകിടക്കുന്ന ഈ അത്ഭുതത്തെ കൊന്നൊടുക്കാനുള്ള ആലോചനകൾ പിറവികൊള്ളുന്നത് അറിഞ്ഞതേയില്ല, അതറിയാതെ ഇവിടുത്തെ നിഗൂഢതകളൊക്കെയും താൻ കൈമാറി.
ഇന്നലെയാണ് അവരുടെ പദ്ധതികളറിഞ്ഞു താൻ പകച്ചു നിന്നത്.. ഒളിച്ചു കേട്ടതാണ്, അവരുടെ ജോലിസ്ഥലത്തുനിന്ന്.. ഇവിടുത്തെ ചന്ദനവും തേക്കും വീട്ടിയും തുടങ്ങി വിലയേറിയതെല്ലാം അവർക്കു മുറിച്ചെടുക്കണം, അതിനു കാടിന്റെ കാവൽക്കാരായ കാട്ടുവാസികളെ അവരുടെ വാസസ്ഥാനത്തു നിന്നകറ്റണം. തന്നിൽ നിന്നവരറിഞ്ഞു, കാട്ടുവാസികൾ ദുർബലരല്ല, മറിച്ച് പരിഷ്കാരികളായ നാട്ടുകാരെക്കാൾ ശക്തരാണ്. അപൂർവങ്ങളായ മന്ത്രങ്ങളും വിദ്യകളും മായങ്ങളുമുണ്ട് അവരുടെ പക്കൽ, ആരെയും തോല്പിക്കുമാറ് ശക്തിയുള്ള ആയുധങ്ങളുമുണ്ട്, അവരെപ്പേടിച്ച് പോലീസു പോലും അടുക്കാറില്ല ഉൾക്കാട്ടിലേക്ക്. വാസ്തവം മനസ്സിലാക്കിയ വരത്തർ അവസാനം ചതിച്ചു കൊന്നൊടുക്കാൻ തീരുമാനിച്ചു, പ്രകൃതിയുടെ മക്കളെ.. ഉറക്കത്തിൽ ചുട്ടുകരിച്ച് ഈ പച്ചപ്പിൽ നിന്നും നാമാവശേഷമാക്കാം.. ഒറ്റക്കൈയ്യനായിരുന്നു പൊള്ളുന്ന പദ്ധതിയുടെ സൂത്രധാരൻ. അവരില്ലാതായാൽ കാടു കീഴടക്കാം, പയ്യെ പയ്യെ കാടിന്റെ രഹസ്യങ്ങളും ഈ പ്രപഞ്ചത്തിന്റെ സ്വത്തും സ്വന്തമാക്കാം.. അതു കേട്ടമാത്രയിൽ ഓടിയതാണവിടുന്ന്.. മറ്റെവിടെയും കിട്ടാത്ത ശാന്തതയാണ് ഈ പേരാലിൻ ചുവട്ടിൽ, ഈ ആറിന്റെ തീരത്ത്.. ഇവിടെ വന്നു കിടന്നു, അറിയാതുറങ്ങി.. പക്ഷേ വരാൻ പോകുന്ന ഭീകരതയുടെ കൂർത്ത നഖങ്ങൾ തന്നെ നോവിച്ചുണർത്തി. സന്ധ്യയാവാൻ പോകുന്നു, സമയം തീരെയില്ല, എന്തെങ്കിലും ചെയ്തേ പറ്റൂ.. തനിക്ക് തന്റെയമ്മയെ നഷ്ടപ്പെടാതിരിക്കാൻ, കളങ്കമില്ലാത്ത ഭൂമിയുടെ മക്കൾക്ക് അവരുടെ ജീവനും ജീവിതവും നഷ്ടപ്പെടാതിരിക്കാൻ, കുറേയേറെ മിണ്ടാപ്രാണികൾക്ക് അവരുടെ വാസസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ.. എന്തെങ്കിലും ചെയ്തേ പറ്റൂ.. രഘു കണ്ണുകൾ ബദ്ധപ്പെട്ട് വലിച്ചുതുറന്നു ചാടിയെഴുന്നേറ്റു.
അയാൾ പേരാലിന്റെ ചാഞ്ഞു നിൽക്കുന്ന ചില്ലകളിലേക്ക് വലിഞ്ഞു കയറി, അരയിൽ എപ്പോഴും കരുതാറുള്ള വെട്ടുകത്തികൊണ്ട് തൂങ്ങിയാടിക്കിടന്നിരുന്ന കുറേയേറെ മരവള്ളികൾ മുറിച്ചെടുത്തു. താഴെയിറങ്ങി ആറിന്റെ മടിത്തട്ടിൽനിന്നും കൂർത്ത മൂർച്ചയുള്ള കല്ലുകൾ പെറുക്കിക്കൂട്ടി, തന്റെ ഉടുമുണ്ടിന്റെ താഴ്ഭാഗം വലിച്ചുകീറി ഒരു ഭാണ്ഡമുണ്ടാക്കി അതിനുള്ളിലേക്കിട്ടു. സമയം ഒട്ടും പാഴാക്കാതെ അയാൾ ഉൾക്കാടിന്റെ കിഴക്കുവശത്തേക്കു നടന്നു, അതാണ് നാട്ടുഭാഗത്തു നിന്നും ഉൾക്കാടിലേക്ക് വന്നുകയറുവാനുള്ള ഏക മാർഗം. കാടിന്റെ മറുഭാഗം താഴ്ച്ചയുള്ള ഗർത്തമാണ്, അവിടെവച്ചാണ് തനിക്കവരെ കീഴടക്കേണ്ടത്, കാരണം അവർ ഈ കാടു വിട്ടു പുറത്തു പോവരുത്, ഇനി ഒരു തിരിച്ചുവരവിനു വഴിയൊരുക്കിയാൽ പിന്നെ താനോ ഈ കാടോ അവശേഷിപ്പിക്കില്ലയവർ.. ഇതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും നാമാവശേഷമാക്കും.. അതുണ്ടാവരുത്, രഘു തന്റെ ലക്ഷ്യം മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. രാവു ശക്തി പൂണ്ടുതുടങ്ങി. അയാൾ നടത്തിനൊടുവിൽ ഉദ്ദേശ്യസ്ഥാനത്തെത്തി, വരും വഴി ബലമുള്ള ചില മുളവടികളും മുറിച്ചെടുത്ത് തന്റെ കൈയ്യിൽ കരുതിയിരുന്നൂ. കാടിന്റെ കൈക്കുമ്പിളിലിരുന്ന് രഘു തന്റെ ജോലികൾ തുടങ്ങി. ഓരോ മരവള്ളിയുടെയും അഗ്രഭാഗം കൂട്ടിക്കെട്ടി, ഓരോന്നും ഓരോ കൊലക്കയറുപോലെ തോന്നിച്ചു. മുളവടികൾ അരികിലുള്ള വലിയ മരത്തിനു പിറകിലായി ഒളിച്ചുവെച്ചു.. പൂവാകയാണ്, രാവിലും അഭൗമ സൗന്ദര്യം വഴിഞ്ഞൊഴുകി വാകപൂങ്കുലകൾ ആ മരത്തിലാകെ തലയാട്ടിയും അല്ലാതെയും നിൽപ്പുണ്ടായിരുന്നു. ശേഖരിച്ച ശേഷിച്ച ആയുധങ്ങളുമെടുത്ത് അയാൾ വാകയ്ക്കു മുകളിലേയ്ക്ക് കയറി, കാട്ടുവഴിയിലേക്ക് ചാഞ്ഞുനിന്ന കൊമ്പൊന്നിൽ ഇരിപ്പുറപ്പിച്ചു.
രാവു പിന്നെയും കനത്തു. രഘുവിന്റെ രണ്ടു കണ്ണുകളും കാടിനെയാകെ വീക്ഷിച്ചുകൊണ്ട് അക്ഷമരായികാത്തിരുന്നു. ചെവികളാവട്ടെ, കാടിനു പരിചിതമല്ലാത്ത ശബ്ദങ്ങളെ ആവാഹിച്ചെടുക്കാനെന്നവണ്ണം തങ്ങളെ കൂർപ്പിച്ചുപിടിച്ചിരുന്നു. അൽപ്പനേരം കഴിഞ്ഞതും ദൂരെ നിന്നും കാലടിശബ്ദം കേൾക്കുവാൻ തുടങ്ങി, രഘു ജാഗരൂഗനായി പാതയിലേക്കു നോക്കി നിലയുറപ്പിച്ചു. മാനത്തെ ചാന്ദ്രവെളിച്ചത്തിനു കീഴെ അയാൾക്കിപ്പോൾ വ്യക്തമായി കാണാം, അവരോരോരുത്തരായി നടന്നടുക്കുന്നു, പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നുണ്ട് അതിലാരൊക്കെയോ. ഓരോരുത്തരുടെയും കൈകളിൽ എന്തൊക്കെയോ ഉണ്ട്, കാടു ചുട്ടെരിക്കാൻ പോന്ന പന്തങ്ങളും മറ്റും.. തനിക്കു കീഴെ ആദ്യ നാലുപേരും കടന്നുപോകുന്നതുവരെ രഘു സംയമനം പാലിച്ചു. അതാ അഞ്ചാമൻ തന്റെ തൂങ്ങിക്കിടക്കുന്ന കാലുകൾക്കു തൊട്ടുതാഴെ.. അയാൾ കൈയിലിരുന്ന മരവള്ളികളിലൊന്ന് താഴേയ്ക്ക് ആഞ്ഞുവീശി.. ഉന്നം പിഴച്ചില്ല, അഞ്ചാമന്റെ ഭൂമിയ്ക്കു ഭാരമായ തല കുരുക്കിൽപെട്ടുവെന്നുറപ്പായതും അയാൾ മരവള്ളി വലിച്ചുയർത്തി, സർവശക്തിയുമെടുത്ത് അകലങ്ങളിലേക്കു ചുഴറ്റിയെറിഞ്ഞു, അവന്റെ നിലവിളി പാതയുടെ മറുവശത്തുള്ള ഗർത്തങ്ങൾക്കടിയിൽ പലയിടങ്ങളിൽ തട്ടി ചിലമ്പിച്ചില്ലാതായി. മുന്നിൽ നടന്ന നാലുപേരും സംഭവിച്ചതെന്തെന്നറിയാതെ ഞെട്ടലോടെ ചുറ്റും നോക്കാൻതുടങ്ങി. മൂർച്ചയേറിയ കരിങ്കല്ലുകൾ രഘുവിന്റെ രണ്ടു കൈകളിൽ നിന്നും മാറിമാറി താഴേക്ക് ആക്കത്തിൽ പതിക്കാൻ തുടങ്ങി. വരത്തർ ഏറു കൊണ്ട് അങ്ങിങ്ങായി പുളഞ്ഞോടി. ഓട്ടത്തിനിടയിൽ രണ്ടുപേർ നിലയില്ലാതെ കാടിന്റെ അഗാധതയിലേയ്ക്കു വീണു. രഘു മരത്തിൽ നിന്നും നിരങ്ങിയും പിന്നെ ചാടിയും താഴേയ്ക്കിറങ്ങി. വാകച്ചോട്ടിൽ വെച്ചിരുന്ന മുളവടികൾ കൈയ്യിലെടുത്ത് ശേഷിച്ച രണ്ടുപേർക്കുനേരെ ഓടി.. തലങ്ങും വിലങ്ങും വടി വീശുകയായിരുന്നു രഘു, ബാക്കിയായവർ വായുവിലൂടെ വന്നടുക്കുന്ന മുളവടിയടികളെ തടയാനാവാതെ തലങ്ങും വിലങ്ങുമോടി, രാവിൽ ദിശയറിയാതുള്ള മരണപ്പാച്ചിലിനിടെ അവരിലൊരാൾ താഴ്ച്ചയിലേയ്ക്കു പതിച്ചു. നിലവിളി ശബ്ദം എവിടെനിന്നെല്ലാമോ അലയടിച്ചുകേട്ടു, പിന്നെയില്ലാതായി. ശേഷിച്ച ഒരുവൻ സർവശക്തിയുമെടുത്ത് മുന്നോട്ടോടി. രഘു പിന്നാലെയോടി.. കൈയിലിരുന്ന മുളവടി അയാൾ നീട്ടിയെറിഞ്ഞു. കാലുകളുടെ പിൻഭാഗത്തേറ്റ ശക്തിയായ അടിയേറ്റ് അവൻ തെറിച്ചുവീണതും രഘു അവന്റെ മേൽ ചാടിവീണതും ഏകദേശം ഒരേ സമയത്തായിരുന്നു. അഞ്ചാമന്റെ നെഞ്ചിൽ കയറിയിരുന്ന് അയാൾ തന്റെ അരയിലുള്ള കത്തി വലിച്ചൂരി. രഘുവിന്റെ അവസാന ഇര തന്റെ ഒറ്റക്കൈ കൊണ്ട് അയാളെ തടുക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. ക്രൂരതയുടെ നെഞ്ചിൻകൂട്ടിലേക്ക് രഘു ആഞ്ഞു കുത്തി, കൊഴുത്ത ചോര മുഖത്തേക്ക് ചീറ്റിത്തെറിച്ചിട്ടും അയാളുടെ കലിയടങ്ങിയില്ല, വീണ്ടും വീണ്ടും കുത്തി, അവന്റെ നിലവിളി ഞരക്കത്തിൽ ചെന്നെത്തി ഒടുവിൽ നിശബ്ദതയെ തൊടുന്നതുവരെ കുത്തി. ഒറ്റക്കൈയ്യന്റെ ശരീരം അതിന്റെ അവസാന പിടച്ചിലിലെത്തി, രഘു നിശ്ചലമായ ആ ശരീരത്തിൽ നിന്നും മെല്ലെയെഴുന്നേറ്റു. അയാൾ കിതച്ചും വിയർത്തും ചുറ്റും നോക്കി, തന്റെ കാട് ഒരാപത്തും തീണ്ടാതെ തനിക്കു ചുറ്റുമുണ്ട്, അയാൾ ഉച്ചത്തിലൊന്നമറി, ആ ശബ്ദം കാടിന്നുള്ളിലും ശവങ്ങൾ ചിതറിത്തെറിച്ച ഗർത്തങ്ങളിലും സന്തോഷത്തോടെ പരതിനടന്നു. അയാൾ ഒറ്റക്കൈയ്യനെ അനക്കമറ്റ കാലുകളിൽ പിടിച്ചുവലിച്ച് താഴ്ചയിലേക്ക് തള്ളി, ശവം അനുസരണയോടെ പാറക്കൂട്ടങ്ങളിൽ ചെന്നു വീണു.
രഘു തിരിഞ്ഞു നടന്നു, കാലിൽ തട്ടിയ ചോരപുരണ്ട വെട്ടുകത്തിയെടുത്ത് അരയിൽ ത്തിരുകി. കുറച്ചു മുൻപേ കടന്നുവന്ന വഴിയെല്ലാം അവസാനിച്ചത് തണുത്ത;നീലിച്ച വെള്ളമുള്ള ആറിനു മുന്നിലാണ്. അയാൾ മുങ്ങിക്കയറി, ആ മുഖത്തും കത്തിയിലും പറ്റിപ്പിടിച്ചിരുന്ന രക്തം ആറു തുടച്ചെടുത്തു. രഘു തന്റെ പ്രിയപ്പെട്ട ഭ്രാന്തോടെ, എന്നാൽ അത്യന്തം ശാന്തനായി പേരാലിനുകീഴെ മലർന്നും പിന്നെ ഭൂമിയെപ്പുണർന്ന് ചരിഞ്ഞും കിടന്നു. ഉന്മാദത്തിന്റെ വേലിയിറക്കം അയാളെ നിദ്രയുടെ താഴ്‌വരയിലേക്ക്‌ വേഗത്തിൽ കൈപിടിച്ചു കയറ്റി.. രഘുവുറങ്ങി, അസ്വസ്ഥകളില്ലാതെ..
അമ്മക്കാടിന്റെ മക്കളും മിണ്ടാപ്രാണികളും അപ്പോഴും ഉറങ്ങുന്നുണ്ടായിരുന്നു, ഒന്നുമറിയാതെ..
RELATED ARTICLES

Most Popular

Recent Comments