അശോകൻ. (Street Light fb group)
വേനൽ
അടിച്ചുമെഴുകിയ മണ്ണിൽ
മഴയുടെ കളമെഴുത്ത്.
മഞ്ഞപ്പൊടിയും കരിയും.
അണിഞ്ഞണിഞ്ഞ്
മേഘങ്ങളുടെ അനുകരണം……..
ഇരുൾച്ചിറപൊട്ടി
തുടങ്ങുകയായി
പ്രകൃതിയുടെ ഏഴാംസിംഫണി.
എത്രയേറെ ഗായകർ
എത്രയെത്ര വാദ്യങ്ങൾ.
ആരാണീ വിശ്വസംഗീതജ്ഞൻ?
കാറ്റിനൊപ്പം
മഴയും മരങ്ങളും നൃത്തംചെയ്യുന്നു.
പ്രപഞ്ചത്തിന്റെ തിയ്യറ്ററിൽ
ദൈവത്തിന്റെ ഒപ്പേറ……..
തിടമ്പേറാതെ
മുകിൽക്കൂട്ടിലൊളിച്ച് ചന്ദ്രൻ
ആകാശത്തിന്ന് കറന്റ്കട്ട്.
വഴിതിരിയാതെ കളംകൊള്ളാൻ
പരേതർ എങ്ങിനെയെത്തും?
ഇടിയുടെ കളത്തിക്കമ്മളെത്തി.
ഇനി മിന്നലിന്റെ പന്തമുഴിച്ചിൽ
തവളച്ചന്റെ പുള്ളോർക്കുടം
ചിവീടുകളുടെ തോറ്റം.
കാറ്റിന്റെ താളത്തിൽ
ചില്ലകളുടെ പൂവാട്ടം.
തെങ്ങോലകളുടെ മുടിയാട്ടം.
ഇലയും പൂക്കളും
കനികളും തല്ലിക്കൊഴിച്ച്
ഋതുക്കളുടെ കളംപാർക്കൽ