Sunday, April 28, 2024
HomeSTORIESഅവനെയും കാത്ത്. (കഥ)

അവനെയും കാത്ത്. (കഥ)

അവനെയും കാത്ത്. (കഥ)

അജ്മല്‍.സി.കെ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ മരച്ചുവട്ടിലിരുന്നാണ് അവള്‍ കിഷോറിനോട് പ്രണയാഭ്യര്‍ഥന നടത്തിയത്. അവനതിന് മറുപടിയായ് പൂവിനേയും പൂമ്പാറ്റയേയും കുറിച്ച് അവളോട് പറഞ്ഞു. ഒടുവില്‍ പോകാന്‍ നേരം പിറകില്‍ നിന്ന് അവന്‍ വിളിച്ചപ്പോള്‍ അവള്‍ ആശയോടു കൂടിയാണ് തിരിഞ്ഞു നോക്കിയത്. ‘അശ്വതി നാളെ ഫ്രീയാണെങ്കില്‍ നമുക്കൊരിടം വരെ പോകാം, ആര്‍ യൂ റെഡീ?’ . കിഷോറിനോട് ഓകെ പറഞ്ഞ് ഹോസ്റ്റലിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ അവളോര്‍ത്തു ജീവിതം മൊത്തം അവനു വേണ്ടി ഫ്രീയാകാന്‍ താന്‍ തയ്യാറാണെന്ന്.
 പിറ്റേന്ന് അതിരാവിലെ അവന്റെ ബൈക്കിന് പിറകിലിരുന്ന് പോകുമ്പോള്‍ വാഹനങ്ങളുടെ ഇരമ്പലിനൊപ്പം അവന്‍ അവളോട് പറഞ്ഞു; I have a surprise for You.., അവളുടെ മനസ്സില്‍ ആകാംക്ഷയുടെ കടല്‍ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു. തന്റെ പ്രണയാഭ്യര്‍ഥനയ്ക്ക് മറുപടി തരാനായിരിക്കുമോ ഈ യാത്ര..  അങ്ങനെയെങ്കില്‍ ബീച്ച്, പാര്‍ക്ക്, കൂള്‍ബാര്‍ എവിടേക്കായിരിക്കും അവന്‍ തന്നെ കൊണ്ടു പോകുന്നത്. കടല്‍കാറ്റ് മുഖത്തടിച്ചു തുടങ്ങിയപ്പോള്‍ റോഡിന് ഇരുവശവുമുള്ള മണ്ണിന് പൂഴിയുടെ നിറം വന്ന് തുടങ്ങിയപ്പോള്‍ അവള്‍ ഉറപ്പിച്ചു ഇത് ബീച്ചിലേക്കുള്ള യാത്ര തന്നെ.. അല്ലെങ്കിലും കോടിക്കണക്കിന് മണല്‍ തരിയെയും വിശാലമായ കടലിനേയും സാക്ഷിയാക്കി എത്ര പ്രണയങ്ങള്‍ പൂവണിഞ്ഞിട്ടുണ്ട്… അവളെ അമ്പരിപ്പിച്ചു കൊണ്ട് അവന്റെ 150 പള്‍സര്‍ ചെന്നു നിന്നത് കടല്‍തീരത്തുള്ള 2 നില കെട്ടിടത്തിന് മുമ്പിലാണ്…
ആശ്രയം ഓള്‍ഡ് ഏജ് ഹോം എന്നു ബോര്‍ഡ് എഴുതിയ ആ ബില്‍ഡിങ്ങിന് മുമ്പില്‍ എന്തിന്  തന്നെ കൊണ്ടു വന്നുവെന്ന് അവള്‍ അത്ഭുതപ്പെട്ടു.. അവള്‍ടെ മുഖത്തെ അമ്പരപ്പ് മനസ്സിലായത് കൊണ്ടാകാം കിഷോര്‍ അവളോട് പറഞ്ഞു; ഇന്ന് ഞാന്‍ നിനക്കെന്റെ അഛനെ പരിചയപ്പെടുത്തി തരാം…. ഇന്നത്തെ സര്‍പ്രൈസ് അതാണ്.. അവള്‍ടെ പ്രതികരണത്തിന് കാത്തു നില്‍ക്കാതെ അവന്‍ അവളേയും കൂട്ടിയാ കെട്ടിടത്തിന്റെ അകത്തേക്ക് ചുവട് വെച്ചു. അകത്തേക്ക് കടക്കും തോറും മരുന്നിന്റേയും ഡെറ്റോളിന്റേയും മറ്റെന്തിന്റേയൊക്കെയും മിശ്രിതവാസനകള്‍ അവള്‍ടെ മൂക്കിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു… അവര്‍ പ്രവേശിച്ച വിശാലമായ ആ ഹാളിലേക്ക് അവള്‍ കണ്ണോടിച്ചു…
നിരത്തിയിട്ടിരിക്കുന്ന ബെഡുകളില്‍ ജീവഛവം പോലെകിടക്കുന്ന ജീവനുണ്ടെന്ന് തോന്നിക്കുന്നതും അല്ലാത്തതുമായ ചില വൃദ്ധ ജീവിതങ്ങള്‍… ചിലര്‍ മയക്കിത്തിലാണ്, ചിലര്‍ വായനയില്‍ ചിലര്‍ സംസാരത്തില്‍ , ചിലരെ നേഴ്‌സുമാര്‍ പരിശോധിക്കുന്നുണ്ട്…. ഇതിനിടയിലേക്ക് കിഷോര്‍ കയറി ചെന്നപ്പോള്‍ എല്ലാരുടേയും മുഖത്ത് വെളിച്ചം കടന്നു വന്നപോലെ .. പലരും അവനെ പേരു ചൊല്ലി വിളിക്കുന്നു എന്തൊക്കെയോ പറയുന്നു… ഇതില്‍ നിന്നെല്ലാം മാറി നിന്ന അശ്വതിയെ അവന്‍ മാടി വിളിച്ചു… അവന്റെ ബാഗില്‍ നിന്ന് നിറയെ സ്വീറ്റ്‌സ് ഉള്ള ഒരു പൊതിയെടുത്ത് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍  പറഞ്ഞു. അവള്‍ വിതരണം നടത്തിക്കൊണ്ടിരിക്കേ…
ഉറങ്ങിക്കിടക്കുന്ന ഒരപ്പൂപ്പന്റെ അടുത്തേക്ക് കിഷോര്‍ നടന്നു പോകുന്നത് അവള്‍ കണ്ടു.. ഒരു പക്ഷെ അതായിരിക്കാം അവന്റെ അഛന്‍ എന്ന് അവള്‍മനസ്സിലോര്‍ത്തു. ആ വൃദ്ധനെ ഉറക്കത്തീന്ന്തട്ടിയെയുന്നേല്‍പ്പിച്ചു കിഷോര്‍ തന്റെ ബാഗില്‍ നിന്ന് മറ്റൊരു പൊതി കൂടെ പുറത്തെടുത്തു… അത് വൃദ്ധനോട് തുറന്ന് നോക്കാന്‍ പറഞ്ഞു… ആ പൊതി തുറന്ന് നോക്കിയ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നതും കിഷോറിനെ ചേര്‍ത്തു പിടിക്കുന്നതും അവള്‍ കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അവള്‍ക്ക് മനസ്സിലായി അത് ഒരു ബേര്‍ത്‌ഡേ കേക്കായിരുന്നുവെന്ന്… എല്ലാവരും കൂടെ ആ വൃദ്ധന് ജന്മദിനാശംസകള്‍ നേര്‍ന്നു.. ഇതിനിടയ്ക്ക് കിഷോര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു… നമുക്കെല്ലാവര്‍ക്കും വേണ്ടി സ്വീറ്റ്‌സ് റെഡിയാക്കി കൊണ്ട് വന്ന് വിതരണം ചെയ്ത എന്റെ കൂട്ടുകാരി അശ്വതിക്ക് വേണ്ടി നമ്മുടെ പ്രയപ്പെട്ട ഗംഗേട്ടന്‍ ഒരു പാട്ടു പാടുന്നതായിരിക്കും… വൃദ്ധഗായകന്റെ പാട്ട് ഹാളില്‍ അലയടിക്കുമ്പോള്‍ എന്തിനാവും തനിക്ക് സ്വീറ്റ്‌സിന്റെ ക്രഡിറ്റ് കിഷോര്‍ നല്‍കിയതെന്ന് അവള്‍ ആലോചിക്കുകയായിരുന്നു…
പാട്ടിനും കളിചിരികള്‍ക്കും ശേഷം വൈകുന്നേരം ആ കെട്ടിടം വിട്ടിറങ്ങുമ്പോള്‍ പലരും കിഷോറിനെ ചേര്‍ത്തു പിടിക്കുന്നുണ്ടായിരുന്നു.. ചിലര്‍ നെറ്റിയില്‍ ചുംബനങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു…. ബൈക്കിനരികിലേക്ക് അവന്റെ കൂടെ നടക്കുമ്പോള്‍ അവനോടവള്‍ ചോദിച്ചു.. അഛനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞിട്ട് അഛന്‍ എവിടെ… മൗനത്തില്‍ കുതിര്‍ന്ന നീണ്ട പുഞ്ചിരിക്കപ്പുറം അവന്‍ പറഞ്ഞു അശ്വതിക്ക് ഒരഛനും അമ്മയുമല്ലേയുള്ളു…. എനിക്ക് ഇവിടെ ഒരുപാട് അഛന്മാരും അമ്മമാരും ഉണ്ട്… ഇവരില്ലാതെ ഞാനില്ല ഞാനില്ലാതെ ഇവരുമില്ല…. നീയാലോചിക്കുന്നുണ്ടാകും എന്തിനാണ് നിന്നെ ഞാന്‍ ഇവിടെ കൊണ്ടു വന്ന് ഇവരെയൊക്കെ പരിചയപ്പെടുത്തിയതെന്ന്… ഞാന്‍ വാങ്ങിയ സ്വീറ്റ്‌സിന്റെ ക്രഡിറ്റ് നല്‍കിയതെന്നുമൊക്കെ… മക്കള്‍ക്കു വേണ്ടാതെ ബന്ധുക്കള്‍ക്കു വേണ്ടാതെ അനാഥരായ ഇവര്‍ക്ക് മാത്രം നല്‍കാന്‍ സാധിക്കുന്ന സ്‌നേഹം അത് നീയും അറിയണമെന്ന് തോന്നി…. സമയം കിട്ടുമ്പോള്‍ നീയിനിയും ഇവിടെ വരണം…. നിഷ്‌കളങ്കമായ ഇവരുടെ ചിരികള്‍ക്ക് നീയും ഒരു കാരണമാകണം… അവരുടെ ദുഖങ്ങള്‍ക്ക് ഇടയില്‍ ആശ്വാസമാകാന്‍ നിനക്കും സാധിക്കണം..
  എല്ലാം പറഞ്ഞെങ്കിലും അവള്‍ടെ പ്രണയാഭ്യര്‍ഥനയ്ക്ക് മാത്രം അവന്‍ മറുപടി പറഞ്ഞില്ല… ഇന്നും അവള്‍ ആ മരച്ചുവട്ടില്‍ അവന്റെ മറുപടിക്ക് കാത്തിരിക്കുകയാണ്… മാനത്ത് അമ്പിളിയുദിച്ചിരുന്നെങ്കില്‍ ആ വെളിച്ചത്തില്‍ മറ്റേതോ ലോകത്തുള്ള കിഷോറിനെ അവള്‍ക്ക് നക്ഷത്രമായെങ്കിലും കാണാമായിരുന്നു…. ഒഴുകി വീണ കണ്ണുനീര്‍ ഇടം കൈയ്യാല്‍ തുടച്ച് അവള്‍ ആശ്രയം ഓള്‍ഡ് ഏജ് ഹോം ലക്ഷ്യമാക്കി സഞ്ചരിച്ചു… ഇന്ന് കിഷോറിനെ അവള്‍ അറിയുന്നത്… ആ വൃദ്ധ ജീവിതങ്ങള്‍ക്കിടയിലാണ്…..
RELATED ARTICLES

Most Popular

Recent Comments