ദീപ കാവ്യാ മോൾ (Street Light fb group).
അന്നത്തെ പുലരിയ്ക്ക് തണുപ്പുകൂടുതലായിരുന്നു. ഉണർന്നിട്ടും കിടക്കയിൽ നിന്നെഴുനേല്ക്കാൻ തോന്നുന്നില്ല. അന്നമ്മ കമ്പിളി ശരീരത്തേയ്ക്ക് ഒന്നുകൂടി വലിച്ചിട്ടു. തൊട്ടടുത്തുനിന്നും കൂർക്കം വലി ഉയരുന്നു. അവർ അലിവോടെ നോക്കി. കമ്പിളിക്കുള്ളിൽ ചുരുണ്ടുകിടക്കുന്ന മെല്ലിച്ചരൂപത്തിൻറ്റെ നെഞ്ചിൻകൂട് പ്രയാസമുള്ളതുപോലെ ഉയർന്നു താഴുന്നു. പാവം ഇന്നലെ രാത്രിമുഴുവൻ വലിവായിരുന്നു. തണുപ്പു കൂടുന്നതിൻറ്റെയാവാം. നാളെ ക്രിസ്തുമസ്സാണ്. ഇന്നത്തെ രാവിനു തണുപ്പുകൂടുതലായിരിക്കും. നാളെ ക്രിസ്തുമസ്സാണ്. വീണ്ടും അന്നമ്മ ഓർത്തു. ആ ബോധത്തിൽ അവർ പിടഞ്ഞെണീറ്റു.
പൂമുഖത്തെ ചുവരിൽ തൂക്കിയിരുന്ന തിരുരൂപത്തിനുമുന്നിൽ ചെന്നു കുരിശുവരച്ചു തിരിയുമ്പോഴവരുടെ മിഴികൾ ഈറനണിഞ്ഞിരുന്നു. മരചുവരിൽ, തിരുരൂപത്തിനു മുന്നിൽ മിന്നിയും അണഞ്ഞും ചെറിയ നക്ഷത്ര വിളക്ക്. ഇച്ചായൻ ഉണ്ടാക്കിയതാണ്. ഒറ്റപ്പാളി മരവാതിൽ തുറന്ന് അവർ സിറ്റൌട്ടിലേക്കിറങ്ങി. ചെറിയ സിറ്റൌട്ട്. ചുറ്റിനും തടികൊണ്ടുള്ള ചാരുപടി. സമയം ആറരയായിരിക്കുന്നു. ഇനിയും പുലരിവെട്ടം ഭൂമിയിൽ പതിച്ചിട്ടില്ല. മഞ്ഞിൻ തണുപ്പേറ്റ് സൂര്യനും ഉറങ്ങുകയാവും. അന്നമ്മയ്ക്കു കുസൃതിതോന്നി. അങ്ങകലെ താഴ്വാരം മഞ്ഞിൻപുതപ്പിൽ മൂടിയുറങ്ങുന്നു. അവർ പതുക്കെ മുറ്റത്തേക്കിറങ്ങി. ആഹഹ തണുപ്പ് താടി കൂട്ടിയിടിക്കുന്നു. ചട്ടയ്ക്കു മുകളിലൂടെ അവർ കൈയിലിരുന്നകട്ടിത്തോർത്ത് പുതച്ചു. അപ്പോൾ താഴ്വരയിൽ നിന്നും കടന്നുവന്ന ചെറിയ കുസൃതിക്കാറ്റ് അവരുടെ മുടിയിലെ കുഞ്ഞളകങ്ങളെ തലോടി കടന്നുപോയി. മുറ്റത്തെ കാറ്റാടിമരത്തിൻറ്റെ ചില്ലയിലൊരുക്കിയ പുൽക്കൂടിൽ നക്ഷത്രവിളക്ക് മിന്നുന്നു.
പൂവിട്ടുനിൽക്കുന്ന പനീനീർറോസിൻറ്റെ ഇതളുകളിൽപ്പറ്റിയിരിക്കുന്ന മഞ്ഞുതുള്ളിക്കെന്തു ചന്തം. വേലിപ്പടർപ്പിൽ ചിരിക്കുന്ന ബോഗൺവില്ലപ്പൂക്കൾ പതിവിലും ഉന്മേഷത്തിലാണ്.
ബോഗൺവില്ലകൾ വേലിതീർത്തിരിക്കുന്ന തടിവീട്. ചെറിയ മരഗേറ്റ്. മുറ്റത്തുനിറയെ പൂത്തുലഞ്ഞുനിൽക്കുന്നചെടികൾ. പേരമരങ്ങളും പലതരം ഫലവൃക്ഷങ്ങളും പറമ്പിനാഭരണമായപ്പോൾ അതിൽ പലതരം കിളികൾ കൂടുകൂട്ടിയിരിക്കുന്നു. ഇതിനെല്ലാം നടുക്ക് മറ്റൊരു കിളിക്കൂടുപോലൊരു വീട്. അവിടെ നോവുന്ന ഹൃദയവുമായി രണ്ടിണക്കിളികൾ. അന്നാമ്മയും വർക്കിച്ചനും.
അന്നാമ്മ പതുക്കെ സിറ്റൌട്ടിലേക്ക് കയറി. ചാരു ബഞ്ചിൽ ഇരുന്നു. നാളെ ക്രിസ്തുമസ്സാണ്. ഇപ്രാവശ്യം നല്ലതുപോലെ ആഘോഷിക്കണം. ഇച്ചായനിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുക്കണം. അടുത്തപ്രാവശ്യം ഒരുപക്ഷേ ഇച്ചായനും താനും………..ഇത്രയുമാലോചിച്ചപ്പഴേ അവരുടെ കണ്ണുകൾ നിറഞ്ഞു.
“ചേടത്തിയേ എന്താ ആലോചിക്കുന്നത്. ഇച്ചായനെന്തിയേ?”. പാല് കറക്കാൻ വന്ന തോമസാണ്. “ഇന്നിത്തിരി താമസിച്ചു തണുപ്പുകൂടുതല്ലേ അതാ”. കമ്പിളി ഉടുപ്പിട്ട് തലവഴിയേ ബ്ലാങ്കറ്റും മൂടി നിന്നിട്ടും തോമസ് വിറച്ചു. താടികൂട്ടി ഇടിക്കുന്നു. അയാളുടെ ആ ഭാവം കണ്ട് അന്നമ്മയ്ക്കു ചിരിവന്നു. അവർ വേഗം പാത്രമെടുക്കാൻ അകത്തേക്കു പോയി. സ്റ്റീൽ കലം തോമസിനുകൊടുത്തിട്ട് അവർ വീണ്ടും സിറ്റൌട്ടിലിരുന്നു. പശു കറവയും ഇത്തിരി കൃഷിയും കോഴിയും മുയലുമൊക്കെ ഉള്ളതുകൊണ്ട് ചെലവു കഴിഞ്ഞു പോകുന്നു.
എങ്ങനെ കഴിഞ്ഞിരുന്നതാ പണ്ട്. അന്യനാട്ടിൽപോയി ഇഷ്ടംപോലെ കാശുണ്ടാക്കി ഇച്ചായൻ. സഹോദരങ്ങളെ നല്ലനിലയിലാക്കിക്കഴിഞ്ഞപ്പോൾ ഇച്ചായൻ പാപ്പരായി. എല്ലാവരും നല്ല നിലയിലായി. അവസാനം ഇച്ചായൻ വെറും കറിവേപ്പില. കൈയിലുണ്ടായിരുന്ന ഒരുപിടി മണ്ണുകൂടി സഹോദരി കണക്കു പറഞ്ഞു വാങ്ങിയപ്പോൾ, ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നു. ബെന്നിമോൻറ്റെ മുഖം കാണുമ്പോൾ ജീവിതമവസാനിപ്പിക്കാനുള്ളതോന്നൽ എവിടെയോ പോയൊളിച്ചു. കൈയിലുണ്ടായിരുന്ന ഇത്തിരിപണംകൊണ്ട് ഈ ഹൈറേഞ്ചിലിത്തിരി മണ്ണ് വാങ്ങി വീടുവച്ചു. അന്നുമുതൽ ഇവിടുള്ള പാവങ്ങളാണ് തങ്ങളുടെ ബന്ധുക്കൾ. പള്ളിയും പള്ളിക്കാരുമെല്ലാം ഇവിടുള്ളവർ തന്നെ. അന്നുമുതൽ ഇച്ചായൻ മണ്ണിൽ ആഞ്ഞുപണിയെടുത്തു. താനും കൂടെ നിന്നു.
ബെന്നിമോൻ കോളേജിലാകുന്നതുവരെ ആ സന്തോഷം നീണ്ടുനിന്നു. കോളേജിലെത്തിയ അവൻ ആകെ മാറി. കൂട്ടുകാരുമായി ചേർന്ന് രാഷ്ട്രീയം കളിച്ച് അടിപിടിയുണ്ടാക്കി. ഒടുവിൽ കോളേജിൽ നിന്ന് പുറത്തായി. വീട്ടിലെത്തിയപ്പോൾ ഇച്ചായൻ ഒരുപാട് തല്ലി. അന്ന് നാടുവിട്ടതാണവൻ. അന്നു വീണതാണിച്ചായൻ. ഇപ്പോ ആറുവർഷം കഴിഞ്ഞിരിക്കുന്നു. ആറുവർഷം മുമ്പുള്ള ഒരു ക്രിസ്തുമസ്സ് തലേന്നാണ് ബെന്നിമോൻ പോയത്. അന്നുതൊട്ടുള്ള ഓരോക്രിസ്തമസ്സിനു അവനെ പ്രതീക്ഷിക്കും. “അമ്മച്ചീ “എന്നു നീട്ടി വിളിച്ചുകൊണ്ട് അവൻ വരും എന്ന പ്രതീക്ഷയിൽ അവനും വിളമ്പിവയ്ക്കും ഒരു പങ്ക്. ഒടുവിൽ അവനെകാണാതാവുമ്പോൾ ഇച്ചായനെ കാണാതെ മാറി നിന്ന് പൊട്ടിക്കരയും. അവരുടെ മിഴികൾ പൊട്ടിയൊലിക്കാൻ തുടങ്ങി. “അല്ലേ ചേടത്തി കരയുവാണോ?”. അന്നമ്മ മുഖമുയർത്തി നോക്കിയപ്പോൾ മുന്നിൽ അമ്പരപ്പോടെ തോമസ്. “ഞാൻ ബെന്നിമോനെ ഓർത്തു”. കണ്ണ് തുടച്ചുകൊണ്ട് അവർ പറഞ്ഞു. “ബെന്നിമോൻ പോയിട്ടിപ്പം എത്രവർഷമായി ചേടത്തി?”. അയാളു ചോദിച്ചു. “ആറുവർഷം കഴിഞ്ഞു”.അവർ പറഞ്ഞു. “ഇച്ചായന് അസുഖമായതൊന്നും അറിഞ്ഞുകാണില്ല എന്നാ വന്നേനെ”. അയാൾ ആശ്വാസ വാക്കു പറഞ്ഞു “ഉം”. അന്നമ്മ മൂളി. “ഓപ്പറേഷൻറ്റെ കാര്യം എന്തായി ചേടത്തി?”. അയാൾ ചോദിച്ചു. “ഒന്നുമായില്ല”. പാൽ നിറച്ച കലം കൈയിലേക്കു വാങ്ങുമ്പോൾ അവർ പറഞ്ഞു
“നാളെ ക്രിസ്തുമസ്സല്ലേ ചേടത്തി പോയിട്ടൊരുപാട് പണിയുണ്ട്. ഇന്ന് ചായവേണ്ട”. അന്നമ്മച്ചേടത്തിയോട് പറഞ്ഞിട്ട് തോമസ് ഓടിച്ചെന്നു സൈക്കിളിൽ കയറി. എന്നും അന്നമ്മയുടെ കൈയിൽ നിന്നൊരു ചായ പതിവുണ്ട് തോമസിന്. അന്നമ്മ പാലുമായി അകത്തേക്കുപോയി. രണ്ടു കിഡ്നികളും തകരാറിലാണ് ഇച്ചായന്. കിഡ്നി മാറ്റിവയ്ക്കുകയേ തരമുള്ളു. ഇടവകക്കാരും നാട്ടുകാരും ചേർന്ന് കുറച്ചുപൈസ പിരിവിട്ടു തന്നു. എന്നാലതൊന്നിനും തികയില്ല. നല്ലയൊരു തുക ഡയാലിസിസിനു തന്നെ വേണം. പിന്നെ ചേരുന്നൊരു കിഡ്നി. ദിനം തോറും ഇച്ചായൻറ്റെ നില വഷളാവുകയാണ്. അച്ചായനില്ലെങ്കിൽപ്പിന്നെ തൻറ്റെ അവസ്ഥ എന്താവും. അറിയില്ല. ആ കൂടെ പോവുകയേ പോവുകയേ നിവൃത്തിയുള്ളു.
അന്നമ്മ ചായയുമായി ചെന്നപ്പോൾ വർക്കിച്ചൻ ഉണർന്നു കിടക്കുകയായിരുന്നു. അയാൾ പതുക്കെ എഴുനേറ്റു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവരുടെ കൈയിൽപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. “ആറു വർഷം……” “ഇച്ചായാ …..” എന്തുപറയേണ്ടു എന്നറിയാതെ അവർ വിവശയായി. അയാളെ സാന്ത്വനിപ്പിച്ചുകൊണ്ട് ചായ കൊടുത്തിട്ട് അവർ പുറത്തിറങ്ങി. അപ്പോഴാണ് വർക്കിച്ചൻറ്റെ ഫോൺ റിങ്ങുചെയ്തത്. അവർ തിരിയെയെത്തി ഫോണെടുത്തു. ഡോക്ടറാണ്. അവർ അയാളെയൊന്നു നോക്കിയിട്ട് ഫോണുമായി പുറത്തിറങ്ങി. മുറ്റത്തൊരു കോണിലോട്ടുമാറി നിന്ന് ഫോണെടുത്തു. “ക്രിസ്തുമസ്സ് വരെ നിങ്ങൾ സമയം ചോദിച്ചോണ്ടാ അയാളെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകാൻ ഞാൻ സമ്മതിച്ചത്. ഇനിയും ഓപ്പറേഷൻ നീട്ടാൻ പറ്റില്ല. ഇരുപത്തിയാറാം തീയതിതന്നെ അയാളെ അഡ്മിറ്റുചെയ്യണം”. “ചെയ്യാം” അന്നമ്മ പറഞ്ഞു. “ഡോണറിനെ കിട്ടിയില്ലല്ലോ?”. ഡോക്ടർ ചോദിച്ചു. “ഇല്ല” അന്നമ്മ പറഞ്ഞു. “ഉം. ഞങ്ങളും ട്രൈ ചെയ്യുന്നു”. ഡോക്ടർ പറഞ്ഞു. എന്തേലുമുണ്ടെങ്കിൽ പറയാൻ പറഞ്ഞ് ഡോക്ടർ ഫോൺ വച്ചു.
അന്നുമുഴുവൻ അന്നമ്മ കരയുകയായിരുന്നു. വർക്കിച്ചനെ അതറിയിക്കാതിരിക്കാൻ അവർ പാടുപെട്ടു. വൈകുന്നേരം അവർ പാലപ്പത്തിനുള്ള മാവ് ആട്ടിവച്ചു. തോമസിനോടു പറഞ്ഞ് ചെത്തുകാരൻ ഭാസ്കരൻറ്റെ കൈയിൽ നിന്നും തെങ്ങിൽ കള്ള് വാങ്ങിവച്ചു. കള്ളപ്പം ഇച്ചായനിഷ്ടമാണ്. നല്ലയൊരു താറാവിനെ തോമസ്കൊണ്ടു തന്നിരുന്നു. കള്ളപ്പവും താറാവിറച്ചിയും. ഉച്ചയ്ക്ക് ഊണിനു പുഴമീൻ വാങ്ങണം. ബെന്നിമോനതിഷ്ടമാണ്. ചൂണ്ടയിടാൻ പോകുന്ന ആദിവാസിക്കിടാത്തൻമാരുണ്ട് അവരോട് ഇന്നലേ അന്നമ്മ പറഞ്ഞിരുന്നു. രാത്രിയിലേക്ക് നല്ല ചൂടുള്ള കപ്പപുഴുങ്ങിയതും മുളകരച്ചതും കട്ടനും ഉണ്ടാക്കണം. ബെന്നിമോനും ഇച്ചായനും അതിഷ്ടമാണ്. പോയതുപോലൊരു ക്രിസ്തുമസ്സ് തലേന്ന് ബെന്നിമോൻ മടങ്ങിയെത്തിയാലോ. ഇന്ന് പാതിരാ കൂർബാനയുണ്ട്. പോകണമെന്നുണ്ട്. ഇച്ചായനെ ഒറ്റയ്ക്കാക്കി എങ്ങനെപോകും. അതോർക്കുമ്പോഴാ. എന്തേലും വഴി കർത്താവ് കാണിക്കാതിരിക്കുകേലാ. അവർ കുരിശു വരച്ചു.
അന്ന് സന്ധ്യാപ്രാർത്ഥന ചൊല്ലാൻ നേരത്ത് അവർ വർക്കിച്ചനെ എഴുനേൽപിച്ചുകൊണ്ട് കസേരയിലിരുത്തി. അപ്പോഴാണ് ഫോൺ ബെല്ല് മുഴങ്ങിയത്. അന്നമ്മ പോയി ഫോണെടുത്തു. ഡോക്ടറാണ്. അവർ ഫോൺ കാതോടുചേർത്തു. “നിങ്ങളോടൊരു സന്തേഷവാർത്തപറയാനാണ് വിളിക്കുന്നത്”. ഡോക്ടർ പറഞ്ഞു. “എന്താണ് ഡോക്ടർ?” ആകാംഷയോടെ അവർ ചോദിച്ചു. “ഡോണറെ കിട്ടി. ഓപ്പറേഷനുള്ള മുഴുവൻ തുകയും അടച്ചുകഴിഞ്ഞു”. “ആരാ ആരാ ഡോക്ടർ?”. സന്തോഷത്തോടെ അവർ ചോദിച്ചു. ഡോക്ടർ മറുപടി പറയുന്നതിന് മുമ്പ് ഫോൺ കട്ടായി. അവർ നോക്കിയപ്പോൾ ഫോണിൻറ്റെ ബാറ്ററിതീർന്നതാണ്. “നാശം” അവർ പിറുപിറുത്തുകൊണ്ട് ഫോൺ ചാർജിട്ടു. എന്നിട്ട് ഓടിവന്ന് ആ സന്തോഷവാർത്ത വർക്കിച്ചനോടു പറഞ്ഞു. എന്നിട്ട് പ്രാർത്ഥന തുടങ്ങി. ആനന്ദക്കണ്ണീരോടെ അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തെവിടെയോ കരോൾ ഗാനം കേട്ടു. വേഗം പ്രാർത്ഥനതീർത്ത് കുരിശ് വരച്ച് അന്നമ്മ പുറത്തേക്ക് വന്നു. അകലെയെവിടെയോ കേട്ട കരോൾഗാനം അടുത്തടുത്തുവരുന്നു. കൊട്ടും ആർപ്പുവിളികളും. വർക്കിച്ചനും പുറത്തേക്ക് വന്നു. അന്നമ്മ ഓടിചെന്നയാളെ പിടിച്ചു. “ഇച്ചായാ തണുപ്പുകൂടുതലാണ്. ഞാൻ കമ്പിളി എടുത്തുതരാം”. അവർ അകത്തുപോയി കമ്പിളി എടുത്തുകൊണ്ട് വന്നു. അയാളെ പുതപ്പിച്ചു. രണ്ടുപേരും സിറ്റൌട്ടിലെ ചാരുപടിയിലിരുന്നു. ദൂരെ താഴ്വരയിൽ കോടമഞ്ഞ് പുതപ്പിട്ടിരിക്കുന്നു. മഞ്ഞിൽകുളിച്ചുനിൽക്കുന്ന പൈൻ മരങ്ങൾ. ഉണ്ണിയേശുവിൻറ്റെ വരവിനായി ഒരുങ്ങിനിൽക്കുകയാണെന്നുതോന്നുന്നു. അന്തരീക്ഷത്തിൽനിന്നും മഞ്ഞ് ഭൂമിയിലേക്കിറങ്ങുന്ന മനോഹര കാഴ്ച. അതാ കരോൾ സംഘം അവരുടെ വീടിൻറ്റെ ഗേറ്റുകടന്നുവരുന്നു. പാട്ടും ഡാൻസും കഴിഞ്ഞ് അന്നമ്മചേടത്തികൊടുത്ത സമ്മാനവും വാങ്ങി കരോൾസംഘം തിരിയെ നടന്നു. അതാ ഒരു ക്രിസ്തുമസ്സ് പപ്പ. അതവരെതന്നെ നോക്കി നിൽക്കുന്നു. പതിയെ അവരുടെ അടുത്തേക്കു നടന്നുവന്നഅത് മുഖം മൂടി മാറ്റി. മുന്നിൽക്കണ്ട മുഖത്തെ അത്ഭൂതത്തോടെ നോക്കിനിന്നു അവർ. “അമ്മച്ചിയേ…. പൊന്നപ്പച്ചാ…..”. ബെന്നിമോൻ!!!!! രണ്ടുപേരും ഒരേ ശബ്ദത്തിൽ വിളിച്ചു. മുന്നിൽ നിൽക്കുന്ന വെളുത്തതുടത്ത തടിയൻ ബെന്നിമോൻ തന്നെ. അയാൾ ഓടിവന്നവരെ കെട്ടിപ്പിടിച്ചു.
മൂന്നുപേരും സിറ്റൌട്ടിലെ ചാരുപടിയിലിരുന്നു. “നീ എവിടെയായിരുന്നുമോനെ ഇതുവരെ?”. അവരുടെ മിഴികളിൽ തങ്ങി നിന്ന ചോദ്യത്തിനുത്തരം അയാൾ പറഞ്ഞു. “വീട്ടിൽ നിന്നോടിപ്പോകുമ്പോൾ പാസ്സ്പോർട്ട് കൈയിലെടുത്തിരുന്നു. ഭാഗ്യത്തിന് കേസില്ലാരുന്നു. ഒരു കൂട്ടുകാരൻറ്റെ സഹായത്തോടെ ഗൾഫിലേക്കു കടന്നു. ഇത്രയും നാളുമവിടെ പണിയെടുത്തൊത്തിരി സമ്പാദിച്ചു. ക്രിസ്തുമസ്സ് തലേന്ന് വീട്ടിൽനിന്നുപോയ തനിക്ക് ക്രിസ്തുമസ്സ് തലേന്നുതന്നെ തിരിച്ചെത്തണമെന്ന് തോന്നി. അങ്ങനെയാണ് ഇന്ന് രാവിലെ വിമാനമിറങ്ങി നേരെ പള്ളിമേടയിലേക്ക് ചെന്നത്. വീട്ടിലേക്ക് ചെല്ലുന്നതിനു മുന്നേ അവിടത്തെ സ്ഥിതിഗതികളറിയണമല്ലോ. അച്ചനാണ് എല്ലാം പറഞ്ഞത്. അപ്പോത്തന്നെ ഡോക്ടറെപോയിക്കണ്ടു. എല്ലാ വിവരങ്ങളും അറിഞ്ഞു. അപ്പോത്തന്നെ എല്ലാ ടെസ്റ്റുകളും നടത്തി. അപ്പച്ചനു തൻറ്റെ കിഡ്നി ചേരുമെന്നറിഞ്ഞപ്പോൾ ഇനി വേറെ ഡോണറെ വേണ്ട എന്നു തീരുമാനിച്ചു. ഉടൻതന്നെ സമ്മതപത്രം ഒപ്പിട്ടുകൊടുത്തു. പണവും അടച്ചു”.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രണ്ടുപേരും മോനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ ക്രിസ്തുമസ്സ് രാത്രി അങ്ങനെ എല്ലാംകൊണ്ടും ആഹ്ളാദത്തിലമർന്നു. ഒരുമിച്ചിരുന്ന് അത്താഴം കഴിഞ്ഞപ്പോൾ വർക്കിച്ചന് പകുതി അസുഖം കുറഞ്ഞതുപോലെ തോന്നി. “അന്നമ്മോ നീ പാതിരാ കൂർബാനയ്ക്കുവരുന്നോ?” അപ്പുറത്തെ മറിയച്ചേടത്തി പടിക്കൽ വന്നുചോദിച്ചു. അന്നമ്മ ഭർത്താവിനെയും മോനെയും നോക്കി. ബെന്നി പറഞ്ഞു. “അമ്മച്ചി ധൈര്യമായി പോയിട്ടുവാ അപ്പച്ചനു കൂട്ടിവിടെ ഞാനുണ്ട്”. “നീ പോയിട്ടുവാ”. വർക്കിച്ചനും സമ്മതം മൂളി. അന്നമ്മച്ചേടത്തി ഒരുങ്ങിയിറങ്ങി. ചട്ടയും മുണ്ടും ധരിച്ച് മുഖത്തിത്തിരി പൌഡർ പൂശി ഒത്തിരികാലത്തിനു ശേഷം അവരൊരുങ്ങി. പുതിയൊരു കമ്പിളിഷാൾ കൊണ്ട് വന്ന് ബെന്നി അവരെ ചൂടിച്ചു. “അമ്മച്ചി സുന്ദരിയായിട്ടുണ്ട്”. അവൻ പറഞ്ഞു. അപ്പച്ചനോടും മോനോടും യാത്രപറഞ്ഞ് അവർ മറിയയോടൊപ്പം ഇറങ്ങി. മാനത്തപ്പോൾ വഴികാട്ടിയായി ക്രിസ്തുമസ്സ് നക്ഷത്രം ഉദിച്ചുയർന്നിരുന്നു.