രാജീവ് രഘു. (Street Light fb group)
ദൂരെ ദൂരെയാ മലയ്ക്കുകീഴെ സമൃദ്ധിയായൊഴുകുന്നൊരു പുഴതന്നരഞ്ഞാണമായ് വിളങ്ങും
ഒരു കൊച്ചുഗ്രാമമുണ്ട്, എന്റെ ഗ്രാമം,
എന്റെ സുന്ദര ഗ്രാമം..
പുലർച്ചെ പൂങ്കോഴി കൂവിയുണർത്തുന്ന,
അരയാലിലകൾ പോലും മിഴികൾ പൂട്ടി ക്ഷേത്രനടയിലെ അഷ്ടപദികേട്ടു നിൽക്കുന്ന,
കാറ്റിലാകവേ പ്രാർത്ഥനകളലയടിക്കുന്ന,
കൊയ്ത്തുപാട്ടിന്റെ താളമുയരുന്ന,
ചേറിന്റെ മണമണിഞ്ഞ ഒരു ഗ്രാമം,
എന്റെ സുന്ദര ഗ്രാമം..
ആറാപ്പൂ വിളിയുയരുന്ന ഓണനാളുണ്ടിവിടെ,
പൂത്തിരി കത്തിക്കയറുന്ന വിഷുവുമുണ്ടിവിടെ,
പുൽക്കൂടും നക്ഷത്രവും മിന്നും ക്രിസ്തുമസും
വ്രതപുണ്യമേറും പെരുന്നാളുമുണ്ടിവിടെ..
കാടുണ്ട്, ആറുണ്ട്, പൂവുണ്ട്, പൂത്തുമ്പിയുണ്ട്..
പാട്ടുണ്ട്, കൃഷ്ണനാട്ടവുമുണ്ട്..
തെയ്യം, തിറ, തുള്ളലും പിന്നെ പുള്ളോർ ക്കുടവുമുണ്ട്..
പാണൻ പാട്ടു കേൾക്കാൻ ഞാനുണർന്നിരിക്കും രാവാകെ,
അതുകേട്ടെൻ മടിയിലിരുന്നു താളം പിടിക്കുമെന്നുണ്ണികൾ,
താലപ്പൊലിയേന്തുമെൻ കുഞ്ഞുപെണ്മണി,
അവരെ കാക്കും ഞങ്ങടെ ദേവനും ഭദ്രകാളിയും..
വായനയുണ്ട്, വായനശാലയുണ്ട്,
ചൂടോടെ ചായയ്‌ക്കൊപ്പമിറക്കാൻ ലോകകാര്യവുമുണ്ട്..
ഞാനുണ്ട്, നീയുണ്ട്, നമ്മളുമുണ്ട്,
നാട്ടുവഴിയുണ്ട്,
നമ്മളൊന്നിക്കും നേരവുമുണ്ട്..
കൂട്ടുണ്ട്, ഒത്തൊരുമയുണ്ട്..
എന്നെന്നും ഞങ്ങളൊന്നായി നിലനിൽക്കും ഗ്രാമം..
എന്റെ സുന്ദര ഗ്രാമം..