സ്മിതശൈലേഷ്. (Street Light fb group)
പറയുവാനുണ്ട് പിന്നെയും നിന്നോട്
പടിയിറങ്ങാൻ തുടങ്ങുകയാണ് ഞാൻ
വിരലു കോർത്തുനടന്ന
മലർപ്പാത വെടിയണം
മറുയാത്ര തുടങ്ങുവാൻ
സമയമായിതാ മറ്റൊരാളെൻ നേർക്ക്
വിരലു നീട്ടുന്നു കൂടെ തിരിക്കണം
കൊടിയിറങ്ങുന്നൊരീറൻപകലിന്റെ
ചിതയൊരുങ്ങയാണിടനെഞ്ചിലിപ്പോഴേ
തൊടിയിലെപ്പോഴോ ഞാൻ നട്ട ചെമ്പക
ച്ചെടിയിൽ പൂക്കാലമുമ്മവെക്കാൻവരും
പ്രണയഭാവമാർന്നാദ്യം വിരിയുന്ന
പൂവിൽ നീയെന്റെ ഗന്ധം നിറയ്ക്കണം
കൊടിയ ഗ്രീഷ്മങ്ങൾ തൊട്ടുവിളിച്ചാലും
ദലമടർന്നുപോവാതെ നീ കാക്കണം
പകുതി പാടി, ഞാൻ നിർത്തിയ പാട്ടിന്റെ
പകുതി നീയോർത്തു പാടിത്തുടങ്ങണം
പിടയുമീണത്തിലേറ്റവുമാർദ്രമാം
കവിതയായ് ഞാൻ പുനർജനിച്ചീടണം
അകലെയാകാശജാലകക്കോണിലായ്
സജലനേത്രങ്ങൾപോൽ രണ്ടു താരകൾ
മിഴിയുറങ്ങാത്ത രാവുകൾക്കെന്നുമെൻ
പ്രിയനു കൂട്ടായി വന്നുദിക്കാമിനി
ഇനി വിളിക്കേണ്ട പിൻവിളി, നിദ്രയെൻ
മിഴിയെ മൂടുന്നു പോകുവാൻ നേരമായ്
മിഴിയടയ്ക്കാൻതുടങ്ങുന്നതിൻമുൻപ്
മൊഴിയൊടുങ്ങാനൊരുങ്ങുന്നതിൻമുൻപ്
പറയുവാനുണ്ട് പിന്നെയും നിന്നോട്
പറയുവാനുണ്ടോരായിരം കാര്യങ്ങൾ
പതിയെ പ്രാണന്റെ ചില്ലയിൽനിന്നെന്നെ
മൃതിയടർത്തിയെടുക്കുന്നതിൻമുൻപ്
ഒടുവിലത്തെ കിനാക്കളെല്ലാം പൂത്തു –
വിടരുവാൻ നിൻകരൾത്തടം നൽകുക
അരികെ വിസ്‌മൃതിതന്നധരങ്ങളാൽ ചൊടിയിൽമൗനത്തണുപ്പുചാർത്തീടുമ്പോൾ
അതിലുമത്രമേൽ ഗാഢമായ് നീയെന്റെ
മിഴികൾ ചുംബിച്ചു,ചുംബിച്ചുറക്കണം
ഒടുവിലോർമ്മക്കണങ്ങളിലെന്നുമീ
പ്രണയചുംബനംമാത്രം വിളങ്ങണം
വിരഹതാപങ്ങൾവിങ്ങുന്ന ഹൃത്തിലേ-
ക്കടരണം കുഞ്ഞുപൂവിതളായിഞാൻ.