Tuesday, January 14, 2025
HomeLiteratureകഥയില്ലാത്ത ജീവിതം (കഥ).

കഥയില്ലാത്ത ജീവിതം (കഥ).

കഥയില്ലാത്ത ജീവിതം (കഥ).

സജി  കുളത്തുപ്പുഴ. (Street Light fb group)
ഇമ്പോർട്ടഡ് കുഷ്യനിൽ… കാലിന്മേൽ കാൽകയറ്റി വച്ച് ദൈവത്തിന്റെ അവതാരത്തെ പൊലെ ഇരിക്കുകയാണ്….”കഥയില്ലാത്ത ജീവിതം” എന്ന ടി.വി പ്രോഗ്രാമിന്റെ അവതാരക ബാലാമണി…!
അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖം കുനിച്ചിരുന്നതല്ലാതെ….ഒന്നിനും മറുപടി പറഞ്ഞില്ല ഹരിനാരായണൻ…!
തന്റെ മുൻ ഭാര്യയുടെയും….അവളുടെ ബന്ധുക്കളുടെയും വാക്ക്ശരങ്ങളേറ്റ് നെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റിട്ടും ഹരി പ്രകോപിതനായില്ല….!!
അവർ തന്നിൽ ഇല്ലാത്തതും പൊല്ലാത്തതുമായ കാര്യങ്ങൾ കെട്ടിയാരോപിച്ചപ്പോഴും….കണ്ണൊന്ന് നിറഞ്ഞതല്ലാതെ ചുണ്ടിലെ ചിരി മായാതിരിക്കാൻ ഹരി നാരായണൻ പരമാവധി ശ്രമിച്ചു…!!
അവൾ തന്നിൽ നിന്ന് മോചനം നേടിയെങ്കിലും താൻ താലികെട്ടിയ….ആദ്യമായി പ്രണയിച്ച….ശരീരം പങ്കിട്ട ജീവിത പങ്കാളിയാണ് മറ്റുള്ളവരുമായി ചേർന്ന് തന്നെ തെറ്റുകാരനാക്കാൻ ശ്രമിക്കുന്നത്….!!
അവളുടെ ഇഷ്ടമില്ലാതായോ…സമ്മതം കൂടാതെയോ…അവളുടെ ദേഹത്ത് തൊട്ടിട്ടില്ലാത്ത തന്നെയാണ് ….വിടനാക്കി മാറ്റാൻ ശ്രമിക്കുന്നത്….!
അതോർത്തപ്പോൾ ഹരിയുടെ നെഞ്ച് നീറിപ്പുകഞ്ഞു….മിഴികൾ നിറഞ്ഞു….!!
ഹരിയുടെ മൗനം എതിരാളികൾക്ക് ആവേശമായി….ആരോപണങ്ങൾക്ക് ശക്തികൂട്ടി….ഒച്ചയുയർന്നു.
ഉടനെ എത്തി അവതാരികയുടെ ചോദ്യം….!!
“എന്ത് കഷ്ടായിത്…!
അതോടെ ഒരു നിമിഷത്തേക്ക് ഒച്ചകൾ നിലച്ചു.
ക്യാമറക്കണ്ണുകൾ വിവിധ ആംഗിളിൽ നിന്ന് ഹരിയുടെയുടെയും…. പ്രീതയുടെയും വിഷ്വലുകൾ ഒപ്പിയെടുത്തു….!!
അല്ലേലും ആരാന്റെ തള്ളയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണല്ലോ?
ഹരിയുടെ മറുപടി ചെറിയ ചില മൂളലുകളിൽ ഒതുങ്ങി…..മാത്രമല്ല പ്രീതയ്ക്കെതിരെ ഒരൊറ്റ ആരോപണങ്ങൾ ഉന്നയിച്ചതുമില്ല….!!
വന്നു ഹരി പ്രതീക്ഷിച്ചിരുന്ന ചോദ്യം.
ഇവർ പറഞ്ഞത് അംഗീകരിക്കുന്നുണ്ടോ?
“ഉം….അംഗീകരിക്കുന്നു….!!
നിയമ വിദഗ്ദ്ധരുമായി കൂടിയാലോചനകൾ അവസാനം അവരുടെ തീർപ്പ് വന്നു….!!
“പഠനചിലവിനും മറ്റാവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപ പതിനഞ്ച് ദിവസത്തിനുള്ളിൽ മകൾക്ക് നൽകുക”
അതിനും ഹരി തലയാട്ടുക മാത്രമേ ചെയ്തുള്ളൂ….!!
പതിനഞ്ചാമത് നാൾ….അവർ പറഞ്ഞ തുക മകളുടെ കൈകളിലേക്ക് നൽകുമ്പോൾ…ഹരിയുടെ കൈകൾ വിറകൊണ്ടു.
തന്റെ മകൾ വലുതായിരിക്കുന്നു….
അമ്മയെ പോലെ സുന്ദരിയാണ്….പ്രീതയുടെ മൂക്കിലെ ചെറിയ വളവുപോലും കുഞ്ഞാറ്റയ്ക്ക് കിട്ടിയിട്ടുണ്ട്….!!
ആ ചുണ്ടിലൊരു ചിരിയുണ്ടോ ? ഇല്ല എങ്ങനെയാണ് ചിരിക്കാൻ കഴിയുക…..അവളുടെ മനസ്സിൽ താൻ ചതിയനാണ്….കൊള്ളരുതാത്തവനാണ്…!!
ഹരിയെ അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞാറ്റ ചിരിച്ചു….ഒരു നിറകൺ ചിരി….!!
ഹരിയുടെ മിഴികളും നിറഞ്ഞിരുന്നു…..ഒൻപത് വർഷത്തിന് ശേഷമാണ് മകളെ കാണുന്നത്.
കുഞ്ഞാറ്റയെ ഒന്ന് നെഞ്ചോട് ചേർത്തുപിടിക്കണമെന്നുണ്ടായിരുന്നു ഹരിയ്ക്ക്…തന്റെ ജീവന്റെ പാതിയാണ്…അച്ഛന്റെ വാത്സല്യമറിയാതെ വളരുന്നത്…..!!
അപ്പോഴേക്കും പ്രീതയുടെ ‘അമ്മ കുഞ്ഞാറ്റയെ പിടിച്ചു സെറ്റിയിലേക്ക് ഇരുത്തി.
പിന്നെ ബാലാമണിയുടെ കുറെ ഉപദേശം രണ്ടു കൂട്ടർക്കും…!
അതിനു ശേഷം അവരെല്ലാം പിരിഞ്ഞു….ഫ്ലോറിലെ ലൈറ്റുകൾ അണഞ്ഞു…ഏ.സി യുടെ തണുപ്പിലും ഹരി നാരായണനെ വിയർക്കുന്നുണ്ടായിരുന്നു….ദേഹമാസകലം ഒരു തളർച്ച പടരുന്നതായി ഹരിയ്ക്ക് തോന്നി….അവൻ അവിടെത്തന്നെ ഇരുന്നു….!!
പുറത്തേക്കിറങ്ങാനായി അതിലേ വന്ന ബാലമണി….അവിടെത്തന്നെ ഇരിക്കുന്ന ഹരിയെ കണ്ട്.
“എന്താ ഹരീ….ഇവിടെ തന്നെ ഇരുന്ന് കളഞ്ഞത്….!
ഹരിയുടെ മുഖഭാവം കൊണ്ടാവണം ബാലാമണി ചോദിച്ചു.
“ഹരിക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ?
ഉണ്ടെന്നവൻ തലയാട്ടി.
“ഞാൻ ആദ്യമായിട്ടാണ് ഇവിടെ വന്ന് എല്ലാ കുറ്റങ്ങളും സമ്മതിക്കുന്നൊരാളെ കാണുന്നത്….മാത്രമല്ല എതിരാളിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചുമില്ല….!!
“പ്രീതയ്ക്കെതിരെ പറയാൻ കുറ്റങ്ങൾ ഇല്ലാഞ്ഞിട്ടല്ല….അവളുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവർ….പ്രത്യേകിച്ചു ദേവനന്ദ കേൾക്കേണ്ട എന്ന് വെച്ചിട്ടാണ്…അവളുടെ ‘അമ്മ തെറ്റുകാരിയാണെന്ന് അവളറിയേണ്ട….എന്തായാലും അവളുടെ അച്ഛൻ മോശക്കാരനാണെന്ന് ദേവു വിചാരിക്കുന്നുണ്ടാവും…!
ഹരിയുടെ തൊണ്ടയിടറി.
“അതങ്ങനെ തന്നെയിരുന്നോട്ടെ…!!
“എന്നിട്ട് അവർ പറഞ്ഞത് താങ്കളാണ് തെറ്റുകാരൻ എന്നാണല്ലോ താങ്കൾ അംഗീകരിക്കുകയും ചെയ്തു….!!
ബാലാമണി എതിർ വാദമുന്നയിച്ചു.
“അതിപ്പോ…. നല്ല ഉയരമുള്ള കുന്നിൻ മുകളിൽ നിന്ന് നോക്കുമ്പോൾ താഴെയുള്ള വാഹനങ്ങൾ….ഒരു തീപ്പെട്ടി കൂടിനോളം മാത്രമേ ഉണ്ടാവൂ….വാസ്തവത്തിൽ അത്രേയുള്ളോ….അതുപോലെയാണ് ജീവിതവും….പുറമേ നിന്ന് നോക്കുമ്പോഴുള്ള ഭംഗിയുണ്ടാവില്ല…പലതിനും….!!
“താങ്കൾ തന്നെയല്ലേ പറഞ്ഞത് താങ്കൾക്ക് വേണ്ടിയാണ് ജീവിച്ചതെന്ന്..?
“അതെ എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്…!
ഹരി ഒന്ന് നിർത്തിയിട്ട് തുടർന്നു.
“ചിലർ പറയുന്നത് കേൾക്കാം…മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു….മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചൂ എന്ന്. അതെങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല….എന്റെ മാതാപിതാക്കളെ….എന്ത് ഭാര്യയെ…കുഞ്ഞുങ്ങളെ…സംരക്ഷിക്കേണ്ടത്…ചിലവിന് നൽകേണ്ടത്….എന്റെ കടമയാണ്….ബാധ്യതയാണ്…അങ്ങിനെ വരുമ്പോൾ ഞാൻ എനിക്ക് വേണ്ടി തന്നെയാണ് ജീവിച്ചത്….ഇനിയും അങ്ങിനെതന്നെ ആയിരിക്കാനാണ് എനിക്കിഷ്ടം….!!
“എനിക്ക് താങ്കളെ മനസ്സിലാക്കാൻ സാധിക്കുന്നില്ല ഹരീ….!!
“മാഡത്തിന് മാത്രമല്ല…. ആർക്കും ഈ ഹരിയെ മനസിലാക്കാൻ സാധിച്ചിട്ടില്ല…..ചിലനേരങ്ങളിൽ അമ്മയ്ക്ക് പോലും…!!
ഹരിയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.
“മാഡത്തിനറിയുവോ….നല്ല സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്….ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കുഞ്ഞാറ്റ ഞങ്ങൾക്കിടയിലേക്ക് വന്നു.ഞങ്ങളുടെ ലോകം കൂടുതൽ വിശാലമായി….കൂടുതൽ വർണ്ണങ്ങളുടേതായിത്തീർന്നു.
മോൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഗൾഫിൽ പോകാൻ വിസ റെഡിയാകുന്നത്….യാത്രപറഞ്ഞിറങ്ങുമ്പോൾ നൂറ് മീറ്റർ അപ്പുറമുള്ള റോഡിലെത്തിയിട്ടും എനിക്ക് കേൾക്കാമായിരുന്നു കുഞ്ഞാറ്റയുടെ കരച്ചിൽ….അതിപ്പോഴും കാതിൽ മുഴങ്ങുന്നുന്നുണ്ട്…!!
അവിടെ ചെന്നപ്പോൾ പറഞ്ഞ ജോലി ആയിരുന്നില്ല….ശമ്പളവും പറഞ്ഞതിന്റെ പകുതി മാത്രമേ ഉണ്ടായിരുന്നുള്ളു…!
” കടം വീട്ടി തീരുന്നത് വരെ നല്ല ഭക്ഷണം കഴിച്ചിട്ടില്ല….ഇവിടെ നിന്ന് കൊടുപോയതല്ലാതെ….ഒരുവസ്ത്രം പോലും വാങ്ങിയിട്ടില്ല…!
ഹരിയുടെ സ്വരം ആർദ്രമായി….മിഴികൾ നിറഞ്ഞു…!
ഇവിടെ പ്രീതയോ…. കെട്ടുപൊട്ടിച്ചൊന്ന് പറക്കണമെന്ന് തോന്നി അവൾക്ക് ….പക്ഷെ പട്ടത്തിനറിയില്ലായിരുന്നു നൂല് പൊട്ടിയാൽ അതിന് നിലനില്പില്ലെന്ന്….നിയന്ത്രണം നഷ്ടമാകുമെന്ന്…പുതിയ മേച്ചിൽ പുറങ്ങൾ തേടിയവൾ അലഞ്ഞു….അതിലവൾ ആനന്ദം കണ്ടെത്തിയിരുന്നു…!!
ഒരുനാൾ അമ്മയുടെ ഫോൺ കോൾ.’അമ്മ ഇങ്ങോട്ട് വിളിക്കാറില്ലാത്തതാണ്…നാട്ടിൽ നിന്ന് ഒരു കാൾ വന്നാൽ ഏത് പ്രവാസിക്കും നെഞ്ചിടിപ്പാണ്…..!!
ഞാൻ ഭീതിയോടെ തിരികെ വിളിക്കുമ്പോൾ ‘അമ്മ പറഞ്ഞ കാര്യങ്ങൾ എനിക്കുൾക്കൊള്ളാനാകുമായിരുന്നില്ല…മുഴുവൻ കേൾക്കാനുള്ള ത്രാണിയും ഉണ്ടായിരുന്നില്ല….എന്നിട്ടും ഞാനത് അമ്മായിയമ്മയുടെ ആരോപണം മാത്രമായി കണക്കാക്കി….!!
ഞാൻ തിരികെ വന്നപ്പോഴേക്കും….പ്രീതയ്ക്ക് ആകെയൊരു മാറ്റം.
തനിനാടൻ പെൺകുട്ടിയായിരുന്ന പ്രീതയ്ക്ക്….. ശരീരത്തിലെ അഴകളവുകൾ എടുത്ത് കാട്ടുന്ന വസ്ത്രങ്ങളോടുള്ള ഭ്രമം എന്നെ വിസ്മയിപ്പിച്ചു….!!
വന്നന്നുമുതൽ ശാരീരിക ബന്ധത്തിന് ഓരോ തടസ്സങ്ങൾ പറഞ്ഞു തുടങ്ങി.തലവേദന…നടുവേദന എന്നിങ്ങനെ പലതരം വേദനകൾ….!!
വന്നിട്ട് ഒരാഴ്ച കഴിഞ്ഞ ദിവസം ഉച്ചമയക്കത്തിലയിരുന്ന ഞാൻ…..ഫോൺ മുരളുന്ന ഒച്ചകേട്ട് കണ്ണ് തുറന്നു….!
ഭാര്യയുടേതാണ്…അവൾ പുറത്തുള്ള കുളിപ്പുരയിലും….!!
മെസ്സേജാണ്….അന്നൊക്കെ മെസ്സേജിന്റെ കാലമാണ്.ഞാനതെടുത്തു നോക്കി.
“നീ എന്താ ഫോണെടുക്കാത്തത്…നമുക്കൊന്ന് കൂടെണ്ടേ….?
നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി….!!
മനസ്സിലൊരു തീപ്പൊരി വീണു.
ഞാനാ നമ്പറിൽ വിളിച്ചു….പുരുഷ ശബ്ദം കേട്ട അയാളൊന്ന് പകച്ചു….!
അയാളുടെ ആരാണ് നീ എന്ന ചോദ്യത്തിന് “ഭർത്താവാണ്”
എന്ന മറുപടി കേട്ടതും അവന്റെ മറുചോദ്യം.
“അവളുടെ ഏത് ഭർത്താവ്….അവൾക്ക് ഒരുപാട് ഭർത്താക്കന്മാരുണ്ട്….അതിലേതാണ് നീ….!!
ലോകത്തൊരാണിനും കേട്ട് നില്ക്കാൻ കഴിയാത്ത ചോദ്യം…!!

മനസ്സിൽ അശാന്തിയുടെ തിരമാലകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു….

വേലിയേറ്റത്തിൽ ഇളകിമറിഞ്ഞ കടൽപോലെയായി എന്റെ മനസ്സ്….!!
മനസ്സിൽ വലിയൊരു ചോദ്യം രൂപപ്പെട്ടു “ഇതവളോട് ചോദിക്കണോ വേണ്ടയോ എന്ന്.
അപ്പോഴാണ് ഇന്നലെ അലമാരയുടെ ലോക്കറിൽ
മെഡിസിനുകൾ ഇട്ടുവെക്കാറുള്ള ബോക്സിൽ കണ്ട ടാബ്‌ലറ്റിനെ കുറിച്ചോർത്ത്…!!
അവൾ പറഞ്ഞത് വേദനയ്ക്കുള്ള ഗുളികയാണെന്നാണ്.
ഞാനാ ബൊക്സെടുത്തു തുറന്നു.
ടാബ്‌ലെറ്റ് ഒഴിഞ്ഞ സ്ട്രിപ്പുകൾ….പേരറിയാനായി ഞാനത് തിരിച്ചു നോക്കി….ഒന്നുമുതൽ മുപ്പത് വരെയുള്ള അക്കങ്ങൾ….എനിക്കൊന്നും മനസ്സിലായില്ല.
ഞാനതുമായി മെഡിക്കൽ സ്റ്റോറിലെത്തി ഫർമസിസ്റ്റിനോട് ചോദിച്ചപ്പോൾ അയാളാണ് പറഞ്ഞത് “കോൺഡ്രാസെപ്റ്റീവ് പിൽസാണെന്ന്….!!
ഞാനിവിടില്ലാതിരിക്കുമ്പോൾ പ്രീത ഇതെന്തിന് കഴിക്കണം….ഞാൻ കാര്യങ്ങൾ ഊഹിച്ചെടുക്കാൻ ശ്രമിച്ചു….അവൾ കൈവിട്ടുപോയെന്ന ചിന്ത എന്നെ നടുക്കിക്കളഞ്ഞു…!!
ഞാൻ തിരികെ വീട്ടിലെത്തി അവളോട് തിരക്കി.ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും…തെളിവോടെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അവൾക്ക് പിടിച്ചുനിൽക്കാനായില്ല….!!
അതിനെ ചൊല്ലി വാക്കേറ്റമായി….അന്നാദ്യമായി അവളുടെ കവിളിലൊന്ന് പൊട്ടിച്ചു….ഉടനെ അവൾ അവളുടെ കുടുംബക്കാരെ വിളിച്ചുവരുത്തി. അവരും ഞാനും തമ്മിൽ ഉന്തും തള്ളുമായി….ഞാൻ പറഞ്ഞ സത്യങ്ങൾ അവർ നിഷേധിച്ചു….എനിക്കുമേൽ കുറ്റം ചാർത്തപ്പെട്ടു…എന്നെ അവിടെനിന്നിറങ്ങി പോകാൻ പറഞ്ഞു….കഴിഞ്ഞ അഞ്ചു വർഷം ….ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം എനിക്ക് നഷ്ടമായി….അതിനേക്കാൾ വിലപ്പെട്ട മകളും….!!
അവൾ നൽകിയ വീഴ്ചയിൽ നിന്നെഴുനേൽക്കാൻ കുറെ സമയമെടുത്തു….എനിക്കറിയാമായിരുന്നു എന്നെങ്കിലും എന്നെ തേടി എന്റെ കുഞ്ഞാറ്റ വരുമെന്ന്…അതിനായി എന്റെ തുച്ഛ വരുമാനത്തിൽ നിന്ന് അവൾക്കായ് എല്ലാ മാസവും ചെറിയൊരു തുക മാറ്റിവച്ചിരുന്നു.മൂന്ന് മാസങ്ങൾക്ക് മുൻപ്…. അമ്മയുടെ സർജറിക്കുവേണ്ടി അതിൽനിന്നു നല്ലൊരു പങ്കും എടുക്കേണ്ടതായി വന്നു….!!
“അപ്പോൾ ഈ പണം…!!
ബാലാമണി തിരക്കി.
ഹരി നാരായണൻ തളർച്ചയിലും മെല്ലെ ചിരിച്ചു.
“എന്റെ ശരീരം മുറിച്ചു വിറ്റു….!
ഒന്ന് നിർത്തിയിട്ട് ഹരി തുടർന്നു.
” ഒന്നുമില്ലേലും എന്റെ കുഞ്ഞാറ്റയ്ക്ക് വേണ്ടിയല്ലേ….ഇതല്ലാതെ എനിക്ക് വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല…നെഗറ്റിവ് ഗ്രൂപ്പായത് കൊണ്ട് കിഡ്നിക്ക് അത്യാവശ്യം വിലകിട്ടി..!!
ഹരി നാരായണൻ പറഞ്ഞത് കേട്ടിരുന്ന ബാലാമണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….!!
ഈ പാവത്തിനെയാണ് താനുംകൂടി ചേർന്ന് പോസ്റ്റുമാർട്ടം ചെയ്തത്….!!
“മാഡം ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ എന്തിന് വേണ്ടിയാണ് ഈ പ്രോഗ്രാം ചെയ്യുന്നത് ?
“സാമൂഹിക സേവനം… ചില ബന്ധങ്ങളെ ഒന്നിച്ചു ചേർക്കുക….അർഹതപെട്ടവർക്ക് സഹായങ്ങൾ ചെയ്യുക ഇതൊക്കെയാണ്. ബാലാമണി വ്യക്തമാക്കി…!!
“സാമൂഹിക സേവനം….ഹരിയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു….”അതാണ് നിങ്ങൾ ലക്‌ഷ്യം വെക്കുന്നതെങ്കിൽ ക്യാമറയുടെ മുന്നിലല്ല ചെയ്യേണ്ടിയിരുന്നത്….അതില്ലാതെ ചെയ്യണമായിരുന്നു….നിങ്ങൾ ചെയ്യുന്നതെന്താണ് മറ്റുള്ളരുടെ കണ്ണീരും…. ദുഖങ്ങളും വിറ്റ് ചാനൽ റേറ്റിംഗ് കൂട്ടുന്നു…അത് മനസ്സിലാക്കാതെ കുറെ ആളുകൾ ഇവിടെ വന്ന് കഥയറിയാതെ….ആട്ടം കാണുന്നു….!!
“ഇനിയെങ്കിലും….സാമൂഹിക സേവനം എന്ന വാക്ക് ഉപയോഗിക്കാതിരിക്കൂ….!!!
ഹരി സെറ്റിയുടെ ഇരുവശവും കൈകൾ കുത്തി എഴുനേൽക്കാൻ ശ്രമിച്ചു….ശരീരത്തിന് വല്ലാത്ത തളർച്ച….കണ്ണുകളിൽ ഇരുൾ പരക്കും പോലെ….മൂന്നു ചുവട് വെച്ചപ്പോഴേക്കും ചുവടുകൾ പറിഞ്ഞു പോകും പോലെ….ഹരിയുടെ കൈകൾ വായുവിൽ ചുരമാന്തി…ബോധം മറഞ്ഞു മുന്നോട്ട് കമിഴ്ന്നു വീണു….!!
ട്യൂബുകൾക്കിടയിലൂടെ…. കുഞ്ഞാറ്റ തന്റെ അച്ഛനെ നോക്കി…..മുഖത്ത് ക്ഷീണമുണ്ടെങ്കിലും ചുണ്ടിലൊരു ചെറു ചിരി ബാക്കിയുണ്ട്.അവൾ മെല്ലെ വിളിച്ചു.
“അച്ഛാ.അച്ഛാ….!
ഹരി ആലസ്യത്തോടെ മിഴികൾ തുറന്നു.
മുന്നിൽ നിറനിലാവുപോലെ തന്റെ മകൾ കുഞ്ഞാറ്റ….!!
വിശ്വസിക്കാൻ കഴിഞ്ഞില്ല ഹരിയ്ക്ക്….വാത്സല്യത്തോടെ മകളെ നോക്കി.ഹരിയ്ക്ക് മോളെയൊന്ന് തൊടണമെന്ന് തോന്നി….!
ഹരി,, മോളെ….യെന്നു വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല….!!
ദേവനന്ദ അച്ഛനടുത്തേയ്ക്ക് ചേർന്നു നിന്നു….അവളുടെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു.
“അച്ഛാ….എനിക്കറിയാം അച്ഛാ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്….അന്ന് എല്ലാരും കൂടി….അച്ഛനെ പടിയിറക്കി വിടുമ്പോൾ എനിക്കറിയില്ലായിരുന്നു അച്ഛാ…അവരെല്ലാം ചേർന്ന് അച്ഛനെ കുറിച്ചു മോശമായ ചിത്രങ്ങളാണ് എനിക്ക് നൽകിയത്….അതെന്നിൽ അച്ഛനോടുള്ള പകയും….വിദ്വേഷവും വളർത്തി…അമ്മയോടൊപ്പം പലരും വീട്ടിലേക്ക് വരുമ്പോൾ….. താഴെയുള്ള മീനുവിന്റെ വീട്ടിലേക്ക് എന്നെ കളിക്കാനായി എന്നെ പറഞ്ഞയക്കുന്നതെന്തിനാണെന്നെനിക്കറിയില്ലായിരുന്നു.കുറച്ചു കൂടി വളർന്നപ്പോഴാണ് എനിക്കത് മനസ്സിലായത്.അമ്മയാണ് ചീത്തയെന്ന്….അത് വരെ എന്റച്ഛനെ എത്രമാത്രം വെറുത്തിരുന്നോ…. അതിനെല്ലാം ഞാൻ മനസ്സുകൊണ്ട് മാപ്പ് അപേക്ഷിച്ചിരുന്നു…!
“ഇനി ഞാൻ തിരികെ പോണില്ലച്ഛാ….ഞാനീ സാധുവായ എന്റച്ഛനോടൊപ്പം വരികയാണ്….ഞാനിതുവരെ നിഷേധിച്ച സ്നേഹമെല്ലാം അച്ഛന് തരും…..നമുക്ക് ഉള്ളത് കൊണ്ട് കഴിയാം….!
“അച്ഛൻ കൊടുത്ത പണം….ബാലാമണി ആന്റി പറഞ്ഞപ്പോഴാണ് ശരീരം മുറിച്ചുവിറ്റ പണമാണെന്നറിയുന്നത്… അതും അവരെടുത്തോട്ടെ….!!
“നമുക്ക് വേണ്ട അച്ഛാ…!!
ഹരി തലവച്ചിരുന്ന തലയിണയിൽ…കണ്ണീരുപ്പിന്റെ നനവ് പടർന്നു…!!
കുഞ്ഞാറ്റ വിതുമ്പലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു….!!!
സ്നേഹത്തോടെ :- സജി.കുളത്തുപ്പുഴ.
RELATED ARTICLES

Most Popular

Recent Comments