ഇടക്കുളങ്ങര ഗോപൻ. (Street Light fb group)
നിന്റെ മണങ്ങൾ എന്റെ അവകാശമാണ്,
പൂക്കില്ലെന്ന് എത്ര വാശിപിടിച്ചാലും,
പൂർവ്വസൂരികളുടെ നിഴൽ നമുക്കിടയിൽ,
പതുങ്ങി നിൽക്കുന്നുണ്ട്.
ഓരോ മഴയിലുംനിറഞ്ഞുപെയ്യണം.
മഴവില്ലുകളുടെ നിറങ്ങൾ വിതാനിച്ച,
ആകാശമാണു ഞാൻ.
നക്ഷത്രക്കോടികൾക്കിടയിൽ,
ഒരൊറ്റ നക്ഷത്രമായി ഒളിമിന്നിച്ച്,
എന്നും നീ ഉദിച്ചുനിൽക്കണമെന്നിൽ .
രാത്രിയുടെ നിശബ്ദതയിൽ,
സ്വപ്നങ്ങളിലെ തലോടലായെത്തുന്ന,
ആത്മനൊമ്പരങ്ങളുടെ കൂട്ടിരിപ്പുകാരീ,
വിഷാദരാഗങ്ങൾ മറന്നേക്കുക.
ഓരോ ഗാനവും ആത്മഹർഷത്തിലലിയട്ടെ.
വേനലിൽ തിളച്ചുമറിഞ്ഞ വിത്താണു ഞാൻ.
ഒരാർദ്രതമതിയാകും തളിരിട്ടു തണൽ വീശാൻ.
ഉറക്കം നഷ്ടപ്പെട്ടവന്റെ വിശപ്പ് വിളിക്കുന്നുണ്ട്,
ഇത് സ്വപ്നങ്ങളുടെ വിരുന്നുമേശയെന്ന്.
അറ്റുമാറിയൊരു മൗനം ഹൃദയസംവാദം നടത്തുന്നുണ്ട്,
ഒടുങ്ങാത്ത മോഹങ്ങളുടെ കടൽത്തിളപ്പിനായി .