രാജു കെ.
പല നിറതാളുകളുള്ള
പൊടി തട്ടിയെടുത്ത ഓട്ടോഗ്രാഫ്
ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
മറിക്കുന്നഓരോ താളിലും
ഓര്‍മയുടെ ഉറവു
പത്താം ക്ലാസുകാരന്‍
പയ്യനിലേക്ക്ഒരു തിരിച്ചു പോക്ക്
കോറിയിട്ട വാക്കുകളിലെ
കുപ്പി വളക്കിലുക്കം ,-
പൊട്ടിച്ചിരി ,നനവാര്‍ന്നമിഴികളുടെ
ആര്‍ദ്രമായ നോട്ടം
ഭാവുകങ്ങള്‍ നേര്‍ന്നപലരും
ഭാവനയിലലയുന്നയെന്നെ –
അറിയുന്നേയില്ല
‘എന്നെങ്കിലും,ഏതെങ്കിലും
പെരുവഴിയില്‍ വെച്ച് കണ്ടു മുട്ടിയാല്‍
ഒന്ന് ചിരിക്കാന്‍ മറക്കരുത് ‘-
എന്നെഴുതി തന്നവര്‍
കണ്ട ഭാവം പോലും നടിക്കുന്നില്ല
പെരുവഴിയിലായത്
ഞാനായത് കൊണ്ടാവാം
എഴുതുവാന്‍ വാക്കുകളില്ലാതെ
തിരിചെല്പ്പിക്കുമ്പോള്‍
വേര്‍പാടിന്റെ വേദന
പറഞ്ഞുതന്ന പലരും
ഇന്നെന്റെ കൂടെ യുണ്ട്
എല്ലാവരെയുമോര്‍ക്കാന്‍
ഒരു പതിനഞ്ചു കാരന്റെ മനസ്സ്
കളഞ്ഞു പോകാതിരിക്കാന്‍
ഈ ഓട്ടോഗ്രാഫ് ഞാന്‍ –
പൊടിതട്ടി എടുത്തു വെയ്ക്കുന്നു