Tuesday, May 7, 2024
HomeSTORIESപച്ചത്തട്ടം. (കഥ)

പച്ചത്തട്ടം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അമ്പതു വർഷം മുമ്പ് പത്താം ക്ലാസ്സ്‌ പാസ്സായവരുടെ സംഗമം നടക്കുന്നു, പങ്കെടുക്കണം എന്ന് മെയിൽ കിട്ടിയപ്പോൾ പെട്ടെന്ന് ലീവ് സംഘടിപ്പിച്ചു ഗൾഫിൽ നിന്നും ഞാൻ നാട്ടിലെത്തി. ഒരു പാട് ജോലിത്തിരക്കുകൾ മാറ്റി വെച്ച് മീറ്റിംഗ് തുടങ്ങാറാവുമ്പോഴെക്കും സ്കൂളിൽ ഞാനെത്തി. രെജിസ്ട്രേഷൻ കവുണ്ടറിൽ ഉണ്ടായിരുന്ന ജോസ് എന്നെ കണ്ടപ്പോൾ ഒരു പാട്ട് പാടി : ‘മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ’
ഞാൻ ചിരിച്ചു. സദസ്സിൽ ചെന്നു ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. മഹാഭൂരിപക്ഷം ആളുകളെയും അമ്പത് വർഷത്തിന്നു ശേഷം ആദ്യമായി കാണുകയാണ്. ആരെയും മനസ്സിലാകുന്നില്ല. പക്ഷെ ഞാൻ അന്വേഷിച്ചത് അവളെയായിരുന്നു. എന്റെ മൈനയെ.
അപ്പോഴാണ്‌ സംഘാടകനായ രവി വന്നു എന്നോട് പറഞ്ഞത് ‘ജബ്ബാർ, ഒരു ആശംസാപ്രസംഗം നടത്തണം.’ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.
സ്വാഗതപ്രസംഗവും അദ്ധ്യക്ഷ പ്രസംഗവും ഉദ്ഘാടന പ്രസംഗവും കഴിഞ്ഞപ്പോൾ അദ്ധ്യക്ഷൻ എന്നെ ക്ഷണിച്ചു.
‘അടുത്തതായി ഈ സ്കൂളിലെ സാഹിത്യകാരനായ ജബ്ബാറിനെ ആശംസാപ്രസംഗത്തിന്നു ക്ഷണിക്കുന്നു.’
സ്റ്റെജിൽ കയറിയപ്പോൾ ഏതോ ഒരു കുട്ടി ഒരു പൂച്ചെണ്ട് തന്നു. തനിക്കേറ്റവും ഇഷ്ടമുള്ള റോസാപ്പൂവ്.
ഞാൻ എന്തൊക്കെയോ പ്രസംഗിച്ചു. പ്രസംഗിക്കുമ്പോഴും എന്റെ കണ്ണുകൾ സദസ്സിൽ എല്ലായിടത്തും പരതി, എന്റെ മൈനയെ കാണാൻ.
പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. എല്ലാവരുടെയും കയ്യടി കഴിഞ്ഞപ്പോഴും ഒരു സ്ത്രീ മാത്രം പിന്നേയും കയ്യടിച്ചു കൊണ്ടിരുന്നു.
അദ്ധ്യക്ഷൻ മൈക്കിലൂടെ പറഞ്ഞു ‘മൈമൂന, മതി കയ്യടിച്ചത്.’
അത് അവളായിരുന്നു, എന്റെ മൈന.
ഞാനവളെ സൂക്ഷിച്ചു നോക്കി ഒരു പാട് മാറ്റം വന്നിരിക്കുന്നു. ആ മുഖത്ത് എന്ത് വികാരമായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റിയില്ല. അവൾ എന്നെ നോക്കി ചിരിച്ചു, ഞാൻ അവളെയും. പത്തിൽ പഠിക്കുമ്പോൾ ധാവണി (ഹാഫ് സാരി) ധരിച്ചു വരാറുള്ള ആ പഴയ മൈമൂനയെ ഞാൻ മനസ്സിൽ കണ്ടു.
കഥാരചനയിൽ ഞാനായിരുന്നു എന്നും ഒന്നാം സ്ഥാനത്ത്. ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം എന്നും മൈമൂനക്ക്യായിരുന്നു. ഡൂവെറ്റ് പാടുമ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും. അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് സ്വപ്നങ്ങളെ എന്നത്. ഒരു പാട് പ്രാവശ്യം അന്നൊക്കെ അവൾ എനിക്ക് വേണ്ടി ആ പാട്ട് പാടാറുണ്ടായിരുന്നു.
‘സ്വപ്നങ്ങളെ എന്നുള്ള പാട്ട് ജബ്ബാറും മൈമൂനയും കൂടി പാടണം’ സദസ്സിൽ നിന്നും കുറെ ആളുകൾ കൂടി ആവശ്യപെട്ടു.
‘അയ്യോ വേണ്ട അമ്പതു വർഷമായി ഞാൻ സദസ്സിൽ പാടിയിട്ടില്ല.’ മൈമൂനയാണത് പറഞ്ഞത്.
ഞാൻ നിർബന്ധിച്ചപ്പോൾ മൈമൂന സ്റ്റെജിലെക്കു വന്നു. ഒരു ഇളംപച്ച സാരിയാണ് ഉടുത്തിരുന്നത്. അതിന്റെ അറ്റം തലയിൽ നിന്നും വീഴാതിരിക്കാനായി കൈ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു.
ഞങ്ങൾ പാടിതുടങ്ങി.
സ്വപ്‌നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീലോകം
ദൈവങ്ങളില്ല, മനുഷ്യരില്ല – പിന്നെ ജീവിതചൈതന്യമില്ല
സൌന്ദര്യ സങ്കല്പശില്പങ്ങളില്ല സൌഗന്ധികപ്പൂക്കളില്ല
ഇന്ദ്രനീലം കൊണ്ട് മാനത്ത്തീർത്തൊരു ഗന്ധർവരാജാങ്കണത്തിൽ
ചന്ദ്രികപൊൻതാഴികകുടംചാർത്തുന്ന ഗന്ധർവരാജാങ്കണത്തിൽ
അപ്സരകന്യകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗത്തിൽ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങൾ നിങ്ങൾ
ഞാനറിയാതെന്റെ മാനസജാലക വാതിൽ തുറക്കുന്നു നിങ്ങൾ
ശിൽപികൾ തീർത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ലെഴുന്നൂറു വർണങ്ങളാലെത്ര വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു വർണവിചാരങ്ങൾ നമ്മൾ
പാട്ട് പെട്ടെന്ന് തീർന്നത് പോലെ തോന്നി. സദസ്സിൽ കാതടപ്പിക്കുന്ന കരഘൊഷമായിരുന്നു. ഗൌരവം പിടിച്ച് എപ്പോഴും നടക്കാറുള്ള സ്കൂൾ ഹെഡ്മാസ്റ്റർ എഴുനേറ്റ് നിന്ന് കയ്യടിക്കുകയും അദ്ധേഹത്തിന്നു കിട്ടിയ പൂച്ചെണ്ട് ഞങ്ങൾക്ക് തരികയും ചെയ്തു.
അപ്പോൾ ഞാൻ ഞങ്ങളുടെ മരിച്ചു പോയ ഹെഡ്മാസ്റ്റരെ ഓർത്തു. എല്ലാ മാസത്തെയും ആദ്യത്തെ ശെനിയാഴ്ച ഒടുവിലെ പിരിഡ് ക്ലാസ് മീറ്റിംഗ് ആണ്. അച്ചടക്കം കൃത്യമായി നടപ്പാക്കുന്ന ഹെഡ്മാസ്റ്റെർ മീറ്റിംഗ് നടക്കുമ്പോൾ വരാന്തയിൽ കൂടി നടക്കും. ഞങ്ങൾ പെട്ടെന്ന് നിശബ്തരാവും. അപ്പോൾ ആ ഹെഡ് മാസ്റ്റെർ കൈ കൊണ്ട് ആങ്ക്യം കാണിക്കും. നിങ്ങൾ അടിച്ചു പൊളിച്ചോ എന്നാണു ആ ആങ്ക്യതിന്റെ അർഥം.
മീറ്റിംഗ് കഴിഞ്ഞപ്പോൾ ഭക്ഷണത്തിന്നായി പിരിഞ്ഞു. ഞാൻ മൈമൂനാട് ചോദിച്ചു. ‘മൈന വെജ് ആണോ നോണ്‍വെജ് ആണോ?’
‘ഞാൻ നല്ല മട്ടൻബിരിയാണി കഴിക്കാൻ പോകുകയാ’ എന്നായിരുന്നു അവളുടെ മറുപടി
‘പുറത്തു പോയാൽ വെജ് ആണ് കഴിക്കുക’ എന്ന് ഞാനെന്റെ നയം വ്യക്തമാക്കി.
മൈമൂന മട്ടൻബിരിയാണി സെക്ഷനിലേക്ക് പോയി. ദാസനും ജോസും കൂടി എന്റെ അടുത്ത് വന്നു വീണ്ടും പാടി ‘മാനസമൈനെ വരൂ, മധുരം നുള്ളി തരൂ’
ഞാൻ നോണ്‍വെജ് സെക്ഷനിലേക്ക് പോയി. മൈമൂനയുടെ അടുത്ത സീറ്റിൽ ചെന്നിരുന്നു.
‘അപ്പോൾ ജബ്ബാർ വെജ് കഴിക്കുന്നു എന്ന് പറഞ്ഞതോ?’ അവളുടെ ചോദ്യം
‘അതെ, ഞാൻ അന്വേഷിച്ചു. ഈ ആട് പച്ചില മാത്രം തിന്നതാണ്’ എന്നായിരുന്നു എന്റെ മറുപടി
അവൾ ചിരിച്ചു.
‘ജബ്ബാർ എന്ത് ചെയ്യുന്നു?’
‘ഞാൻ മൈനയുടെ കൂടെ ഭക്ഷണം കഴിക്കുന്നു.’
‘ജബ്ബാറിന്നു ഒരു മാറ്റവുമില്ല’
ഞങ്ങൾ പരസ്പരം കുടുംബചരിത്രങ്ങൾ കൈമാറി. എന്റെ അനുജൻ കല്യാണം കഴിച്ചവരുടെ ബന്ധക്കാരനാണ് മൈമൂനയുടെ ഭർത്താവ് സലിം.
‘നമ്മൾ തമ്മിൽ കണ്ടിട്ട് അമ്പതു വർഷമായി അല്ലെ?’ നിശബ്ദതക്ക് ഞാൻ വിരാമമിട്ടു.
”ഇല്ല, ജബ്ബാറിനെ ഞാൻ അഞ്ചു വർഷം മുമ്പ് പോക്കണംകൊടുള്ള ഒരു ഹാളിൽ കല്യാണത്തിൽ വെച്ച് കണ്ടു.’
‘സത്യത്തിൽ മൈനയെ ഞാൻ കണ്ടില്ല. അപ്പോൾ എന്നെ വിളിക്കാമായിരുന്നില്ലെ?’
‘ഞാൻ വന്നതായിരുന്നു. ജബ്ബാർ പെട്ടെന്ന് കാർ ഡ്രൈവ് ചെയ്തു പോയി.
‘ജബ്ബാറെ ഞാനൊരു കാര്യം ചോദിക്കട്ടെ. നമ്മുടെ സ്കൂളിന്റെ പേര് മാട്ടൂൽ സെന്റ്‌ ജോസെഫ്സ് ഹൈസ്കൂൾ എന്നല്ലേ? ഈ സ്ഥലം മാട്ടൂൽ അല്ലല്ലോ?’
‘അതെ. അത് ശെരിയാണ്. നമ്മുടെ ഈ സ്ഥലത്തിന്റെ പേര് മാട്ടുമ്മൽ എന്നാണ്. അത് ലോപിച്ചിട്ടാണ് മാട്ടൂൽ ആയതു. ശെരിയായ മാട്ടൂൽ കണ്ണൂർ ജില്ലയിലാണ്.’
എന്റെ അറിവ് പകർന്നു കൊടുത്തപ്പോൾ അവൾക്കു സന്തോഷമായി.
എനിക്ക് കാൾ വന്നു. എന്റെ ഭാര്യ ജഹനാരയാണ് വിളിച്ചത്. ആദ്യം തന്നെ ചോദിച്ചത് മൈമൂന എത്തിയോ എന്നാണു. ഞാൻ മൈമൂനാക്ക് ഫോണ്‍ കൊടുത്തു. കുറച്ചു നേരം അവർ സംസാരിച്ചു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു. ‘ഇത്താക്ക് എന്നെ കാണണമത്രേ. എന്നെ ഒരു പാട് ഇഷ്ടമായെന്നും ഇത്ത പറഞ്ഞു. എനിക്കും ഇത്താനെ വളരെ ഇഷ്ടമാണ്.’
‘മൈനക്കെങ്ങിനെയാ ജഹനാര ഇത്തയാവുക? അവൾക്കു മൈനയെക്കാൾ ആറ് വയസ്സ് കുറവാണ്.’
‘ബഹുമാനം കൊണ്ട് വിളിച്ചതാണേ’ എന്നായിരുന്നു അവളുടെ മറുപടി
ഞാനും അവളും ചിരിച്ചു.
‘ജബ്ബാറേ നമുക്ക് ആ പഴയ ക്ലാസ് റൂമിൽ പോകാം.’
ഞങ്ങൾ കിണറിന്നടുത്തുകൂടെ പഴയ ക്ലാസ് റൂമിൽ ചെന്നു.
‘വേനൽകാലത്ത് കിണറ്റിൽ വെള്ളം കുറയുമ്പോൾ എനിക്ക് ജബ്ബാർ ഒരു പാട് ബക്കറ്റ് വെള്ളം കൊരിത്തന്നത് ഓർമ വരുന്നു.’ അവൾ പഴയകാലകാര്യങ്ങൾ അയവിറക്കി.
ക്ലാസ് റൂമിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു ‘അന്ന് ഞാൻ മൈനയെ കൊണ്ട് എത്രയധികം ഇമ്പോശിഷ്യൻ എഴുതിപ്പിച്ചിട്ടുണ്ടെന്നോ. അത് ഓർമയില്ലേ?’
ഞങ്ങൾ ക്ലാസ് റൂമിൽ ഇരുന്നു.
അന്നത്തെ വിദ്യാലയജീവിതം മനോമുകുരത്തിൽ കണ്ടു. അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ ചിലർ മരണപ്പെട്ടു. അവർക്ക് നിത്യശാന്തിക്കായി ഒരു നിമിഷം പ്രാർഥിച്ചു.
മൈമൂനയുടെ സെൽഫോണ്‍ റിംഗ് ചെയ്തു.
അവൾ സംസാരിച്ചിട്ടു ഫോണ്‍ എന്റെ കയ്യിൽ തന്നു. അത് അവളുടെ ഭർത്താവ് സലിം ആയിരുന്നു.എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്നതായിരുന്നു ആ കാൾ. ലീവ് കുറവായത് കൊണ്ട് ഇപ്പോൾ തന്നെ പോകാം എന്ന് തീരുമാനിച്ചു.
ഞാൻ കാറിൽ മൈമൂനായെയും കേറ്റി അവരുടെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു.
അവിടെ സലീമും മക്കളും ഉണ്ടായിരുന്നു. ആദ്യമായി പരിചയപ്പെട്ടതിന്റെ സന്തോഷം രണ്ടു പേർക്കും. അരമണിക്കൂറിന്നു ശേഷം അവരെയെല്ലാം ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി.
കാർ ഗൈറ്റിന്റെ അടുത്തെത്തിയപ്പോൾ അവർ എന്റെ കയ്യിൽ ഒരു ഫയൽ തന്നു. ഞാനത് തുറന്നു നോക്കി. വളരെ വർഷം പഴക്കം തോന്നുന്ന ചില പേജുകൾ ലാമിനേറ്റ് ചെയ്തിരിക്കുന്നു. ഞാനതു തുറന്ന് നോക്കി.
‘പച്ചത്തട്ടം (ചെറുകഥ) by P.I. ജബ്ബാർ, Std 10 C’
അമ്പതു വർഷം മുമ്പ് സ്കൂൾ കയ്യെഴുത്ത് മാസികയിൽ ഞാൻ എഴുതിയ, സമ്മാനം കിട്ടിയ കഥയായിരുന്നു അത്.
മേമ്പൊടി:
മറക്കാൻ പറയാനെന്തെളുപ്പം – മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം
RELATED ARTICLES

Most Popular

Recent Comments