Tuesday, May 7, 2024
HomeSTORIESകുഞ്ഞു മാലാഖ. (കഥ)

കുഞ്ഞു മാലാഖ. (കഥ)

കുഞ്ഞു മാലാഖ. (കഥ)

 മരിയ ജോസഫ്. (Street Light fb group)
ടെസ്സ സിസ്റ്റർ….. ടെസ്സ സിസ്റ്റർ… …
ഞാൻ നല്ല ഉറക്കത്തിലായിരുന്നു പെട്ടന്ന് ഞെട്ടിയുണർന്നു. ആരാണ് പുറത്തു വിളിക്കുന്നത്റൂമിൽ മാറ്റാരുമില്ല, എല്ലാരും ഡ്യൂട്ടിക്ക് പോയിരിക്കുകയാണ് ‌ ഒരു നിമിഷം മനസ്സിൽ കൂടെ ഒരു മിന്നൽ പാഞ്ഞു ഒരു പക്ഷെ ‘സുപ്രണ്ട് ആരെയെങ്കിലും അയച്ചതായിരിക്കുമോ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല. ഈയൊരു ടെൻഷൻ ആണ്. മെഡിസിൻ ചാർട്ടിൽ ഒരു മാർക്ക്‌ കണ്ടില്ലേൽ സുപ്രണ്ട് മാഡം ചുമ്മാ വിടത്തില്ല വിളിച്ചു വരുത്തും. ഇനിയിപ്പോൾ 103 ലെ പേഷ്യന്റിന്‌ എന്തെങ്കിലും… ട്രക്കിയോസ്റ്റമി കേസ് ആണ് നൈറ്റ്‌ മുഴുവൻ സക്ക്ഷൻ ചെയ്യലായിരുന്നു.
അതിനിടെൽ 112ലെ സർജറി പേഷ്യന്റിന്റെ ബഹളവും,
വാർഡിൽ ഡ്യൂട്ടിക്ക് നിന്നാൽ ഇതാണ് കുഴപ്പം ഉറങ്ങാൻ പോയിട്ട് ഒന്നിരിക്കാൻ സമയം കിട്ടില്ല.
ഏതായാലും നോക്കാം എന്ന് ചിന്തിച്ചു ഉറക്കച്ചടവോടെ വാതിലിൽ തുറന്നപ്പോൾ, പുറത്തു വാർഡ്‌ ബോയ്‌ പരമശിവം
എന്താണ് പരമശിവം ?
പരമശിവം ;സിസ്റ്ററിനു വിസിറ്റർസ് ഉണ്ട് ഒരു ഫാമിലിയാണ് ജാനറ്റ് വന്നിട്ടുണ്ടെന്ന് അറിയിക്കാൻ പറഞ്ഞു.
‘ജാനറ്റ് ‘ എനിക്ക് പെട്ടെന്നോർമ്മ വന്നു തനിക്കെങ്ങനെ ആ കുട്ടിയെ മറക്കാൻ കഴിയും!
നാലു വർഷങ്ങൾക്കു മുൻപ് എല്ലാ ആശകളും നശിച്ചു ജീവിതം അവസാനിപ്പിക്കണം എന്നു പറഞ്ഞു തന്റെ മുന്നിലിരുന്നു വിതുമ്പി കരഞ്ഞ കുട്ടി.
സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴാരുന്നു അന്നെനിക്ക് ഗൈനക് വാർഡിലായിരുന്നു ഡ്യൂട്ടി.
ഒരിക്കൽ ഒ. പി ഡി അറ്റൻഡ് ചെയ്യുമ്പോൾ വെളുത്തു കൊലുന്നനെ ഒരു
പെൺകുട്ടി വന്നു 20വയസ്സ് കാണില്ലവൾക്കു നല്ല മാന്മിഴികളുള്ള സുന്ദരികുട്ടി . എന്തോ അവളുടെ മാന്മിഴികളിൽ ഒരു സങ്കടതിരയലയടിക്കുന്നുണ്ടായിരുന്നു.
4മാസം പ്രഗ്നൻറ് ആണവൾ. ഈ പ്രഗ്നൻസി തുടരാൻ താത്പര്യമില്ലെന്ന് ഡോക്ടറോട് പറയുന്നു.
ഡോക്ടർ പറഞ്ഞു ; ജാനറ്റ് നാലു മാസം അബോർഷൻ ബുദ്ധിമുട്ടാണ് നീയൊന്നുകുടെ ആലോചിച്ചു തീരുമാനിക്കൂ, ഒന്നാമത് നീ അനീമിക് പോരാത്തതിനു ലോ പ്രേഷറും.
എനിക്ക് ഈ കാര്യത്തിൽ റിസ്ക്‌ എടുക്കാൻ ബുദ്ധിമുട്ടുണ്ട്
അതു കേട്ടതും ജാനറ്റ് വിതുമ്പാൻ തുടങ്ങി എനിക്കിപ്പോൾ ഇതു തുടരാനുള്ള സാഹചര്യമില്ല ഡോക്ടർ എന്നെ സഹായിക്കണം…
പിന്നെ ഡോക്ടർ നിർബന്ധിച്ചില്ല അനീമിക് മരുന്നും എഴുതി നന്നായി ഭക്ഷണം കഴിക്കണം അതിനു ശേഷം രണ്ടാഴ്ച്ച കഴിഞ്ഞു വരാൻ പറഞ്ഞു.
അന്നത്തെ ലാസ്റ്റ് ഒ പി ആയിരുന്നു ജാനറ്റ്, അതുകൊണ്ട് അവൾ പുറത്തേക്കിറങ്ങിയപ്പോൾ ഡോക്ടറും റൂം വിട്ടു.
പിന്നാലെ ഞാനും ജാനറ്റ് പോയ ഭാഗത്തേക്കിറങ്ങി പുറത്തെ കസേരയിൽ ബാഗിൽ നിന്നും പേഴ്സ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു അവൾ എന്നെ കണ്ടപ്പോൾ ദയനീയതയോടെ ഒന്നു നോക്കി !
ഞാനവളുടെ അടുത്തു ചെന്നിരുന്നു ചോദിച്ചു ;
ജാനറ്റ് എന്താണ് പ്രശ്നം കുട്ടിയുടെ ഭർത്താവ് എവിടെ ?
അപ്പോൾ അവളുടെ മാന്മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി എനിക്കത് കണ്ടു വല്ലാതായി, പണ്ടേ ആരേലും കരയുന്ന കണ്ടാൽ തനിക്ക് സഹിക്കില്ല. കുട്ടി കരയാതെ എന്താണെങ്കിലും സിസ്റ്ററോട് പറയൂ..
അപ്പോൾ അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി…..
പേരുകേട്ട കുടുംബത്തിലെ കുട്ടിയായിരുന്നു സിസ്റ്റർ ഞാൻ. ഇഞ്ചക്കൽ തറവാട്ടുകാർ എന്നാൽ, നാട്ടുകാർക്കെല്ലാം വലിയ ബഹുമാനമായിരുന്നു. വീട്ടിൽ മൂന്നു ആങ്ങളമാരുടെ ഓമന പെങ്ങൾ.
അവിടെ ഞങ്ങളുടെ ജോലിക്കാരായിരുന്നു കൊച്ചേട്ടനും സിസിലി ആന്റിയും എന്നെ ചെറുപ്പം തുടങ്ങി നോക്കിയതും സിസിലി ആന്റിയാണ്.., അവർക്കൊരു മകൻ ഉണ്ട് ജോസ്മോൻ ചെറുപ്പം മുതൽക്കേ ഞങ്ങൾ കളികൂട്ടുകാരായിരുന്നു . കൗമാരമെത്തിയപ്പോൾ ആ ഇഷ്ടം പ്രണയത്തിലേക്ക് വഴി മാറി.
ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ, ഒരിക്കൽ ചേട്ടന് എന്റെ ബുക്കിൽ നിന്നും ജോസ്‌മോൻറെ ഒരു ഫോട്ടോയും കത്തും കിട്ടി !
പിന്നെ ചോദ്യവും വഴക്കും വീട്ടിൽ ഭയങ്കര കോലാഹലമായി.
അത്രയും വർഷങ്ങൾ വീടിനു വേണ്ടി കഷ്ടപ്പെട്ട കൊച്ചേട്ടനെയും സിസിലി ആന്റിയെയും, പപ്പയും ആങ്ങളമാരും ജോലിയിൽ നിന്നും പറഞ്ഞു വിട്ടു.
ജോസ്മോൻ എൻജിനീയറിങ് പഠിക്കുവാരുന്നു കോയമ്പത്തൂർ.
എന്റെ കോളേജിൽ പോക്ക് നിറുത്തിച്ചു വീട്ടിലിരുത്തി, ഒറ്റയ്ക്കെവിടെയും പോകാൻ അനുവദിച്ചില്ല എങ്ങോട്ടു തിരിഞ്ഞാലും പപ്പയും അമ്മയും ചുറ്റുമുണ്ടാകും..
ഒറ്റയ്ക്കിരുന്നൊന്നു കരയാൻ പോലുമാകാത്ത അവസ്ഥ.
അവസാനം ഞാനതു തീരുമാനിച്ചു ഏതുവിധേനേം ഈ അന്തരീക്ഷത്തിൽ നിന്നും രക്ഷപെടുക.
ഒരു ദിവസം രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം അത്യാവശ്യം എനിക്ക് കുറച്ചു സാധനങ്ങളുമെടുത്തു ഞാൻ വീട് വിട്ടിറങ്ങി.
എങ്ങനേലും ജോസ്‌മോൻറെ അടുത്തെത്തുക മറ്റൊന്നും ചിന്തിച്ചില്ല.
പിറ്റേന്ന് പുലർച്ചെ എങ്ങനെയൊക്കെയോ കോയമ്പത്തൂർ എത്തി പെട്ടു. ബോർഡിങ്ങിൽ ചെന്നപ്പോൾ ജോസ്മോൻ അമ്പരന്നു പോയി,
വീട്ടിലെ സംഭവങ്ങൾ ഒക്കെയറിഞ്ഞിരുന്നു എന്നാലും ഓർക്കാപുറത്തു എന്നെ മുന്നിൽ കണ്ടപ്പോൾ ഷോക്കായിപ്പോയി..
ഞാൻ പറഞ്ഞു ; നമുക്കെവിടെലും പോയി ജീവിക്കാം ആരും നമ്മെ തേടി വരാത്തിടത്തു.
പെട്ടന്ന് ജോസ്മോന് എന്ത് ചെയ്യണമെന്ന്‌ ഒരു ഊഹവും കിട്ടിയില്ല അവസാന സെമസ്റ്റർ എക്സാം അടുത്തു വരുന്നു
ഇപ്പോൾ എങ്ങനെ….. എവിടെ പോയി ജീവിക്കും ഒരു പൈസപോലുമില്ല കൈയ്യിൽ.
അപ്പോൾ ഞാൻ പറഞ്ഞു ;അത്യാവശ്യം പൈസ എന്റെ അക്കൗണ്ടിലുണ്ട് അതു മതി.ആദ്യം എവിടേലും പോയി ഒരു ജോലി കണ്ടു പിടിക്കാം. ഇപ്പോൾ നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല വീട്ടിലേക്കിനി ഞാൻ മടങ്ങില്ല.
ഇത്രയും ആയപ്പോഴേയ്ക്കും ജോസ്‌മോൻറെ കൂട്ടുകാർ അടുത്തു വന്നു കാര്യങ്ങൾ തിരക്കി, അവരുടെ സപ്പോർട്ടോടെ ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു ചെന്നൈയിലെത്തി, ഒരു കൊച്ചുമുറി വീട് വാടകയ്‌ക്കെടുത്തു ജോസ്മോൻ തല്ക്കാലം ഒരു ഷോപ്പിൽ ജോലിക്ക് പോയി തുടങ്ങി. അല്ലലില്ലാതെ ജീവിച്ചു വരികയായിരുന്നു.
അങ്ങനെയിരിക്കെ ജോസ്‌മോൻറെ എക്സാം ദിവസമെത്തി, എക്സാമിനു പോയി തിരികെ വരുന്ന വഴി സഞ്ചരിച്ച ബസ്സ്‌ മറിഞ്ഞു 8പേർ തൽക്ഷണം മരിച്ചു, ബാക്കിയുള്ളവർക്ക് ഒടിവും ചതവുകളും ജോസ്‌മോൻറെ വലതും കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു ഓപ്പറേഷനും മറ്റുമൊക്കെയായി കൈയിലുണ്ടായിരുന്ന സ്വർണ്ണവും പൈസയുമൊക്കെ ചിലവാക്കി.
ജോസ്മോന് ഒരു വർഷം കഴിഞ്ഞേ ജോലിക്ക് പോകാനാകു.
ഞാൻ അടുത്തുള്ള ഒരു പോലീസ്‌കാരന്റെ വീട്ടിൽ കുട്ടിയെ നോക്കിവരുവാരുന്നു രണ്ടുമൂന്നുമാസമായി ആകെ വിളർച്ചയും ക്ഷീണവും ഹോസ്പിറ്റലിൽ വരാൻ പൈസയില്ലാത്തത്കൊണ്ട് ഇത്രനാൾ തള്ളി നീക്കി. പക്ഷെ ഇപ്പോൾ ജോലി ചെയ്യാനാവുന്നില്ല ഇടയ്ക്കിടെ തല കറങ്ങി വീഴുന്നു. അതാ ഇന്നു ഡോക്ടറെ കാണാൻ വന്നത്.
സിസ്റ്റർ എനിക്ക് ഈ പ്രഗ്നൻസി വേണ്ട..
മാസാമാസം ചെക്കപ്പ്………
സ്കാനിംഗ്‌..
മരുന്നുകൾ….
പിന്നെ ഡെലിവറി…
ഹോസ്പിറ്റലിൽ ചാർജ്….
ഇതെല്ലാം താങ്ങാൻ എനിക്കാവതില്ല,
ജനിക്കുന്ന കുട്ടിക്കൊരു കുഞ്ഞുടുപ്പു വാങ്ങിക്കൊടുക്കാൻ പോലും എന്റെ ഭര്ത്താവിനു ഇന്നു സാധിക്കില്ല..
സിസ്റ്റർ ദയവായി ഡോക്ടറോട് ഒന്നു പറഞ്ഞു സമ്മതിപ്പിക്കണം…
ഞാൻ പറഞ്ഞു ജാനറ്റ് കരച്ചിൽ നിറുത്ത് ഞാൻ വേണ്ടത് ചെയ്യാം എന്റൊപ്പം വരൂ
ഫർമസിയിൽ പോയി അവൾക്കുള്ള മരുന്നു വാങ്ങികൊടുത്തു നഴ്സിംഗ് ക്യാബിനിലേയ്ക്ക് കൂട്ടികൊണ്ട് പോയി.
സമാധാനമായി അവളോട്‌ സംസാരിക്കാൻ തുടങ്ങി…. ജാനറ്റ് ‘ ഇപ്പോഴത്തെ ജീവിതം പ്രശ്നങ്ങൾ കൊണ്ടല്ലേ ഈ പ്രഗ്നൻസി വേണ്ടാന്നു വയ്ക്കുന്നത്.
ദൈവം ഉരുവാക്കിയ ഭ്രൂണത്തിന് ദൈവം ഒരു വഴി കണ്ടിട്ടുണ്ട് നമ്മൾ വെറും യന്ത്രങ്ങൾ മാത്രമാണ് നമ്മൾക്കാരുടെയും ജീവൻ എടുക്കാനോ, എടുപ്പിക്കാനോ അവകാശമില്ല
ഒരു അഞ്ചു മാസം കൂടെ കഴിഞ്ഞാൽ , കുഞ്ഞിളം മോണകാട്ടി ചിരിച്ചു ഈ ഭൂവിലേയ്ക്ക് വരേണ്ട ജീവന്റെ തുടിപ്പല്ലേ ഇതു.
കുട്ടി ഒന്നു ചിന്തിക്കൂ ഒരു മനുഷ്യന്റേതായ എല്ലാ അവയവങ്ങളും രൂപപ്പെട്ടു ഈ ഭൂമിയിലേക്കുള്ള വരവും കാത്തു ഗർഭാശയ ഭിത്തിക്കുള്ളിൽ, അമ്മയുടെ സംരക്ഷണയിൽ മറ്റൊന്നിനെയും ഭയപ്പെടാതെ വളർച്ചയുടെ ഓരോ നിമിഷവും പിന്നിട്ടു നമ്മെ പോലെ ഗർഭപാത്രത്തിനുള്ളിൽ ഓടുകയും കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ സങ്കല്പിച്ചു നോക്കൂ.. എങ്ങനെ തോന്നും നിഷ്കരുണം ആ കുരുന്നു ജീവനെ പിഴുതെറിയാൻ ?…
എന്തിനു നമ്മുടെ സുരക്ഷ പ്രശ്നങ്ങൾ പഴിചാരി നിഷ്കളങ്കമായ ഒരു കുരുന്നു മാലാഖയെ വധിക്കാൻ ഏല്പിക്കണം ?
ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു..
എനിക്കറിയില്ല സിസ്റ്റർ………
എനിക്കൊന്നുമറിയില്ല……
എനിക്ക് സഹായത്തിനാരുമില്ല…….
കട്ടിലിൽ നിന്നും എഴുന്നേൽക്കാനാകാതെ നിസ്സഹായനായി കരയുന്ന ഭർത്താവിനെ കണ്ടാണ്‌ ഞാൻ വീട്ടിൽ നിന്നിറങ്ങിയത്.
ഞങ്ങളെ സഹായിക്കാൻ ആരുമില്ല…..
മരണമല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല…
ഞാൻ പറഞ്ഞു ; കരയാതെ ഞാനുണ്ട് സഹായിക്കാൻ നിങ്ങളുടെ സഹോദരിയായി കുടെയുണ്ട ധൈര്യമായി വീട്ടിലേയ്ക്കു പോയ്കൊള്ളു ഞാൻ നോക്കിക്കോളാം എന്ത് വന്നാലും. ..
രണ്ടാഴ്ചയ്ക്കു ശേഷം ജാനറ്റ് വന്നപ്പോൾ മുഖത്ത് പുതിയ പ്രതീക്ഷകളുടെ തെളിച്ചമുണ്ടായിരുന്നു .
ഡോക്ടറെ അമ്പരപ്പിച്ചു കൊണ്ടവൾ പറഞ്ഞു,
എനിക്ക് ഈ കുഞ്ഞിനെ വേണം ഡോക്ടർ അതിനായി എന്ത് ത്യാഗവും സഹിക്കാം.
അങ്ങനെ മാസങ്ങൾ കഴിഞ്ഞു…. .
ജാനറ്റിന്റെ മരുന്നു മറ്റു ഫീസുകളൊക്കെ ഞാൻ ഏറ്റെടുത്തിരുന്നു..
അവസാനം ഡെലിവറി ഡേറ്റ്അടുത്തു. അപ്പോഴേയ്ക്കും ജോസ്മോൻ വടി കുത്തി നടക്കാൻ തുടങ്ങിയിരുന്നു.
അതൊരു ഡിസംബർ മാസമായിരുന്നു പിറ്റേന്ന് ക്രിസ്തുമസ് ആണ് . ജാനറ്റിനെ അഡ്മിറ്റാക്കിയതിനാൽ ഡേ ഷിഫ്റ്റിന് ശേഷം ഞാൻ ഹോസ്പിറ്റലിൽ തന്നെ നിന്നു.
രാത്രിയായപ്പോഴേയ്ക്കും വേദനകൊണ്ടു അവൾ പുളയാൻ തുടങ്ങി. 11.3പി എം കഴിഞ്ഞപ്പോഴേയ്ക്കും ഡോക്ടർ എത്തി.
ലേബർ റൂമിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്തു ഞാനുമുണ്ടാരുന്നു അവൾക്കൊപ്പം .
ആ കുട്ടിയുടെ വേദനിച്ചുള്ള നിലവിളി കണ്ടു നിൽക്കാൻ കഴിയുന്നില്ലാരുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് ഒരു മാനസിക അടുപ്പമായിരുന്നു അവളോട്‌..
അവസാനം പാതിര 12മണിക്ക് അടുത്തുള്ള സൈന്റ്റ്‌ അന്റോണിസ് ചർച്ചിൽ തിരുപ്പിറവിയുടെ മുന്നോടിയായുള്ള വെടിമുഴക്കങ്ങളും, അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം എന്ന ഗാനവും അലയടിക്കുമ്പോൾ …….. കുഞ്ഞുവാ മുഴുക്കെ തുറന്നു കരഞ്ഞു കൊണ്ട് ഞങ്ങൾ കാത്തിരുന്ന മാലാഖ ഭൂമിയിലേയ്ക്ക് പിറന്നു. നക്ഷത്രക്കണ്ണുകൾ ഉള്ള ഒരു സുന്ദരി മാലാഖ.
പൊക്കിൾ കൊടി വേർപെടുത്തി ഡോക്ടർ അവളെ എന്റെ കൈകളിലേക്ക് വച്ചു തന്നപ്പോൾ, സ്വർഗ്ഗം നേടിയ നിർവൃതിയായിരുന്നു.
സർജിക്കൽ ഉപകരണങ്ങൾക്കും, സക്ഷൻ മിഷ്യനും ഇരയാകേണ്ടിയിരുന്ന കുരുന്നു ജീവൻ കുഞ്ഞു മാലാഖയായി തിളങ്ങുന്ന നക്ഷത്രക്കണ്ണുകളോടെ എന്നെ നോക്കി എന്റെ കൈകളിൽ………….
അവളുടെ കരച്ചിൽ മാലാഖമാരുടെ ഗ്ലോറിയ നാദം പോലെ എനിക്കനുഭവപ്പെട്ടു………..
പിന്നീട് ഞാൻ ജോസ്‌മോൻറെ വീട്ടുകാരെ വിളിച്ചു സംസാരിച്ചു അവർക്കറിയില്ലാരുന്നു ഇവർ എവിടെയായിരുന്നെന്നു. കൊച്ചുമോൾ ഉണ്ടായെന്നറിഞ്ഞ സന്തോഷത്തിൽ അവർ ഓടിയെത്തി, പിന്നെ ഡിസ്ചാർജ് ആയ ശേഷം എല്ലാവരും കൂടെ നാട്ടിലേയ്ക്ക് പോയി.
മൂന്നു മാസങ്ങൾക്ക് ശേഷം എനിക്കൊരു ഫോൺ വന്നു മറുതലയ്ക്കൽ ജാനറ്റ് ആണ്,
ടെസ്സ സിസ്റ്റർ ഞാനാണ്‌… ജാനറ്റ് മോളുടെ മാമ്മോദിസായാണ് മാർച്ച്‌ 30ന് സിസ്റ്റർ തീർച്ചയായും വരണം….
ഞാൻ പറഞ്ഞു ;ലീവുണ്ടാകില്ല പിന്നൊരിക്കൽ ഉറപ്പായും നാട്ടിൽ ഞാൻ വരാം.
മാമ്മോദിസായുടെ അന്നും അവൾ വിളിച്ചു വലിയ സന്തോഷത്തിലായിരുന്നു…
സിസ്റ്റർ ‘..എന്റെ പപ്പാ അമ്മ ആങ്ങളമാരെല്ലാം
വന്നുമാമ്മോദിസായ്ക്കു വൈകിട്ട് എന്റെ വീട്ടിൽ ആണ് പാർട്ടി. പപ്പയുടെ കുടുംബക്കാരെല്ലാം എത്തി. ജോസ്‌മോൻറെ വീട്ടുകാരോട് അവർക്കൊരു പിണക്കവുമില്ല.
എല്ലാം എന്റെ മോൾ വന്നതിന്റെയാണ്…………… ജാനറ്റിന്റെ തൊണ്ടയിടറി……….
എന്റെ സിസ്റ്റർ ആണ്‌ ഈ ഭാഗ്യമെല്ലാം നേടിത്തന്നത്.
ഒരിക്കലുമല്ല കുട്ടി ഞാൻ ഒരു നിമിത്തം മാത്രം ദൈവം ഓരോ കാലഘട്ടങ്ങളിലും നമുക്കായി ഓരോരുത്തരെ നിയോഗിക്കും, കുട്ടിയെ സഹായിക്കുക എന്നത് എന്റെ നിയോഗമായിരുന്നു….
ജാനറ്റ് തുടർന്നു സിസ്റ്ററിനറിയാമോ എന്റെ മോൾക്കെന്താ പേരിട്തെ ന്നു,
ജോസ്‌മോൻറെ അമ്മയുടെ പേരല്ലേ ???
അല്ല മോൾക്ക് ഞങ്ങൾ ഇട്ട പേര്…
‘ടെസ്സ ഏയ്ഞ്ചൽ ജോസ്മോൻ….
അതു കേട്ടതും എന്റെ കണ്ണുകൾ അറിയാതെ നീര്തുള്ളികൾ അടർന്നു നാവെടുത്തു മിണ്ടവനാവാതെ നിന്നുപോയി.
കുറച്ചു നാളുകൾക്ക് ശേഷം ജാനറ്റ് വിളിച്ചു,
അവർ അമേരിക്കയ്ക്ക് പോകുവാണെന്ന് പറയാൻ. അവളുടെ അങ്കിൾ ജോസ്മോന് ജോലി ശരിയാക്കിയിട്ടുണ്ട് അങ്ങനെ ഫാമിലി വിസയിൽ പോകുവാണ്.
പിന്നീട് ഞാൻ സിറ്റി ഹോസ്പിറ്റലിൽ നിന്നു പോന്നു അവരെക്കുറിച്ചു പിന്നൊന്നും അറിയില്ലാരുന്നു.
ഇന്നിപ്പോൾ മൂന്നു വർഷം എങ്ങനെ തിരക്കി എത്തി പോലും ഇവിടെ !
ഓർമ്മകളിലൂടെ മനസ്സ് പായവേ വിസിറ്റിംഗ് റൂമിലെത്തി.
അവിടെ എന്നെ കാത്തു അവരു മൂന്നുപേരും…..
പുഞ്ചിരി തുളുമ്പുന്ന മുഖവുമായി ഇരിക്കുന്നു
ജാനറ്റ് കുറച്ചു തടിച്ചിട്ടുണ്ട് മാന്മിഴികളിൽ നല്ല തിളക്കമാണിപ്പോൾ .
ടെസ്സമോളുടെ നേരെ കൈ നീട്ടിയതേ ആ നക്ഷത്ര കണ്ണുകാരി ഓടി വന്നെന്റെ മടിയിലിരുന്നു.
അപ്പോൾ ജാനറ്റ് പറഞ്ഞു, സിസ്റ്ററെ കുറിച്ചു ഞാനെപ്പോഴും പറയുമായിരുന്നു മോൾക്ക് ഒരു മാലാഖ ആന്റിയുണ്ടെന്നു, ആ ആന്റിയാണ് മോളെ ഞങ്ങൾക്ക് തന്നതെന്നു
ഞാൻ പറഞ്ഞുഅപ്പോൾ ഈ ചുന്ദരിക്കുട്ടിയല്ലേ കുഞ്ഞുമാലാഖ ‘
അല്ല സിസ്റ്റർ ജാനറ്റ് വികാരാധീനയായി ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അറ്റു മരണത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന നേരത്ത് നല്ല സന്ദേശവുമായി വന്നു ഞങ്ങളെ പുതു ജീവിതത്തിലേയ്ക്ക് നയിച്ച മാലാഖയാണ് നിങ്ങൾ. ഇപ്പോൾ ഞങ്ങളുടെ ലോകം തന്നെ ടെസ്സ മോൾ ആണു.
അവരോടു കുറച്ചു നേരം കുശലങ്ങൾ പറഞ്ഞിരുന്നു അവർ കുറെ ചോക്ലേറ്സ് പാക്കറ്റുകൾ ഫോറിൻ സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു. വീട്ടിലെ ഫോൺ നമ്പറും അഡ്രസുമൊക്കെ തന്നതിനു ശേഷം യാത്ര പറഞ്ഞവർ ഇറങ്ങി…
പോകുമ്പോൾ തിരിഞ്ഞ് നോക്കി നക്ഷത്ര കണ്ണുകാരി കുഞ്ഞു മാലാഖ എനിക്ക് ഫ്ലയിംഗ് ക്വിസ് തന്നുകൊണ്ടേയിരുന്നു….
ഒരുമാസത്തെ കഷ്ടപ്പാടിന് ശേഷം വാങ്ങുന്ന ശമ്പളത്തേക്കാൾ, ആത്മ സംതൃപ്തിയും ബഹുമതിയും ആയിരുന്നു തനിക്ക് ആ നിമിഷങ്ങൾ……………
പിന്നീട് ഞാൻ റൂമിലേയ്ക്ക് പോയി
ഇന്നിനി ഉറങ്ങാനാവില്ല. ഹാൻഡ്ബാഗ്‌ എടുത്തു വേഗം ഇറങ്ങി അവർ കൊണ്ടുവന്ന പാക്കറ്റുകളുമായി,റോഡുവക്കത്തേയ്ക്കിറങ്ങി
കിട്ടിയ ഒരു ഓട്ടോയ്ക്കു കയറി ഒരു കിലോമീറ്റർ ദൂരം പോയ ശേഷം ‘സ്നേഹസദനം ‘എന്ന സ്വര്ണ്ണ ലിപികളിൽ എഴുതിയ വലിയ ഗേറ്റിനു മുന്നിൽ ഞാനിറങ്ങി.
ഓട്ടോ ചാർജ് കൊടുത്തു കഴിഞ്ഞു ഗേറ്റിനുള്ളിലേയ്ക്കു കടന്നു.
അവിടെ എന്റെ വരവും കാത്തിരിപ്പുണ്ട്
കുറെ മാലാഖ കുട്ടികൾ.
RELATED ARTICLES

Most Popular

Recent Comments