Saturday, April 27, 2024
HomeSTORIESനോവിന്റെ സ്പർശനം. (കഥ)

നോവിന്റെ സ്പർശനം. (കഥ)

നോവിന്റെ സ്പർശനം. (കഥ)

വിപിൻ‌ദാസ് അയിരൂർ. (For street light fb group)
മുറ്റത്തെ കൂട്ടിലെ ലൗബേർഡ്സിന്റെ കലപില ശബ്ദവും അടുക്കളയിൽ അമ്മയുടെ പഴയ റേഡിയോയിലെ പാട്ടിന്റെ ശബ്ദവും കേട്ട് ലക്ഷ്മി അവളുടെ മുറിയിൽ പട്ടുമെത്തയിൽ സുഖിച്ചങ്ങനെ കിടക്കുകയാണ്. ഉമ്മറത്തിരുന്നു അച്ഛൻ ഇടയ്ക്കിടയ്ക്ക് അമ്മയോടായ് വിളിച്ചുപറയുന്നുണ്ട് ലക്ഷ്മിയെ എഴുന്നേൽപ്പിക്കാൻ. അതുക്കേട്ട് ‘അമ്മ അടുക്കളയിൽ നിന്നും “ലക്ഷ്മ്മ്യേ” എന്ന് നീട്ടി വിളിക്കും. പിന്നെ ജോലിയിൽ ശ്രദ്ധിക്കും. ലക്ഷ്‌മി അപ്പോഴും കിടക്കുകയാകും.
പുത്തൂരം വീടെന്നു പറഞ്ഞാൽ അറിയാത്തവർ ചുരുക്കം. ഏക്കറോളം നെൽകൃഷി പാടവും തെങ്ങിൻതോപ്പുകളും ആ പാടത്തിന്റെ ഒരറ്റത്തായി തലയെടുപ്പോടെ നിൽക്കുന്ന ഒരു പഴയ തറവാട്. ഇപ്പോൾ ആ തറവാട്ടിൽ ഉള്ളത് ലക്ഷ്മിയും അമ്മയും അച്ഛനും അനിയനും അച്ഛമ്മയും മാത്രം. പഴമയെ ഇഷ്ട്ടപ്പെടുന്ന ലക്ഷ്മിയുടെ ഒരേ ഒരു നിർബന്ധം കൊണ്ടാണ് ആ പഴയ തറവാട് ഇപ്പോഴും നിലനിന്നുപോകുന്നത്. പലവട്ടം ലക്ഷ്മിയുടെ അച്ഛൻ ആ തറവാട് പൊളിച്ചുമാറ്റാൻ മുൻകൈ എടുത്തെങ്കിലും ലക്ഷ്മി അതിനെല്ലാം തടയിട്ടു.
“നിന്നോടല്ലെടി ഇത്രനേരം വിളിച്ചു കൂവിയത് എഴുന്നേൽക്കാൻ.. നിന്നെ ഇന്ന് ആരോ കാണാൻ വരുന്നുണ്ടെന്നു അച്ഛൻ പറഞ്ഞു. 10 മണിയാകുമ്പോൾ ഇങ്ങെത്തും.. വേഗം എഴുന്നേൽക്ക്..”
അടുക്കളയിൽനിന്നും കൂവി വിളിച്ചു മതിയായ ‘അമ്മ ലക്ഷ്മിയുടെ റൂമിലേക്ക് നേരിട്ട് വന്നു പറഞ്ഞു. ഇത്കേട്ട ലക്ഷ്മിയുടെ രണ്ടു കണ്ണുകളും വിടർന്നു.
“ഞാൻ നിങ്ങളോടു രണ്ടുപേരോടും പറഞ്ഞതല്ലേ എന്റെ പഠിത്തം കഴിഞ്ഞിട്ട് മതി കല്ല്യാണമെന്ന്. പിന്നെന്തിനാ ഇപ്പൊ ഒരാളെ എഴുന്നള്ളിക്കുന്നേ. എനിക്കൊന്നും വയ്യ. എനിക്കുപകരം ‘അമ്മ പോയി നിന്നോളൂ.”
“അതിനു നിന്റെ അച്ഛൻ സമ്മതിക്കുകയാണേൽ ഞാൻ പോയി നിന്നോളാം. നീയിപ്പോൾ ഞാൻ പറയുന്നേ കേൾക്കണം. അവർ നിന്നെ ഒന്ന് കണ്ടുപോയെന്നുവെച്ചു നിന്റെ പഠിത്തമൊന്നും അവസാനിക്കുന്നില്ല. അതൊക്കെ കഴിഞ്ഞിട്ടേ കല്യാണം ഉണ്ടാകൂ. മോൾ പോയി കുളിച്ചുവാ”
അതുംപറഞ്ഞു ‘അമ്മ അടുക്കളയിലേക്കു പോയി. ലക്ഷ്‌മി എഴുന്നേറ്റ് ഹാളിൽ എത്തിയപ്പോൾ ഉമ്മറത്തിരുന്നു അച്ഛൻ ആരോടോ പറയുന്നു ഈ കാര്യം ശരിയായാൽ പെട്ടെന്ന് കല്യാണം വേണം. ലക്ഷ്മിയുടെ ജാതകപ്രകാരം ഇതാണ് നല്ല സമയം എന്നും.
ഇതുകേട്ട ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടി. വേഗം ഓടി ബാത്റൂമിൽ കേറി ചിന്തിച്ചു. അവർ വരുമ്പോഴേക്കും ഇവിടെ നിന്നും മുങ്ങണം. ഇല്ലെങ്കിൽ എന്റെ പഠിത്തം വെള്ളത്തിലാകും. സമ്മതിക്കില്ല ഞാൻ.
ചിന്തകളേക്കാൾ വേഗത്തിൽ ലക്ഷ്മിയുടെ പ്രവർത്തിയും നടന്നു.
ലക്ഷ്മി അണിഞ്ഞൊരുങ്ങി ഉമ്മറത്തെ വാതിൽപ്പടി കടക്കുവാൻ നേരം ഒരു കാർ മുറ്റത്തു വന്നു നിന്നു. അച്ഛൻ വീടിന്റെ സൈഡിൽ നിന്നും ഓടി ഉമ്മറത്തെത്തി. ലക്ഷ്മി പൂമുഖത്തേക്കു വെച്ച കാൽ പതിയെ അകത്തോട്ടു വലിച്ചു. കാറിൽ നിന്നും രണ്ടു വയസ്സന്മാരും ഒരു ചെറുപ്പക്കാരനും ഇറങ്ങി. ലക്ഷ്മി ചെറുപ്പക്കാരനെ ഒന്നുനോക്കി. വെള്ളമുണ്ടും ചുവപ്പു ഷർട്ടുമിട്ട ഒരു സാധാരണ യുവാവ്. അച്ഛനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പടികൾ ചവിട്ടി കയറിവന്നു.
ലക്ഷ്മി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് പോയി.
“ആഹാ ഇത്രേം പെട്ടെന്ന് എന്റെ മോൾ കുളിയും തേവാരവും കഴിഞ്ഞോ”
‘അമ്മ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഹും അതാ വന്നിരിക്കുന്നു നിങ്ങടെ ഭാവി മരുമകൻ.”
ലക്ഷ്മി ഒരു പുച്ഛത്തോടെ പറഞ്ഞതാണെങ്കിലും അതുകേട്ടപ്പോൾ ‘അമ്മ അതിശയത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“അല്ലാ.. എന്താ ഇപ്പോൾ എന്റെ മോൾ പറഞ്ഞത്. ഭാവി മരുമകനെന്നോ.. അപ്പോൾ നീ അങ്ങ് ഉറപ്പിച്ചോ ഇതുതന്നെയ നിന്റെ ചെക്കനെന്ന്.. അത്രക്കും ചുള്ളനാണോ വന്നേക്കുന്നെ”
“ഓപിന്നെ.. ചുള്ളൻ.. ചുള്ളൻ ആയാലും കുള്ളൻ ആയാലും എന്നെ കെട്ടിക്കഴിഞ്ഞാൽ പഠിപ്പിച്ചില്ലേൽ ഞാൻ ഇടപാട് തീർത്തിങ് പോരും. അതിനു പറ്റുമെങ്കിൽ മാത്രമേ ലക്ഷ്മി കഴുത്ത് നീട്ടികൊടുക്കൂ”
ലക്ഷ്മിയുടെ വാക്കുകളിൽ നിന്നും അമ്മക്ക് മനസ്സിലായി ലക്ഷ്മിക്ക് ആ പയ്യനെ ഒത്തിരി ഇഷ്ട്ടമായെന്ന്. ഇതിനുമുൻപ് വന്ന ആലോചന അവൾ ഭദ്രകാളിയെ പോലെ തുള്ളിയാണ് മുടക്കിയത്. ഇതിപ്പോൾ എന്താണാവോ പറ്റിയത്. എന്തായാലും പയ്യനെ ഒന്ന് കാണട്ടെ പോയിട്ട് എന്നും പറഞ്ഞു’ അമ്മ പൂമുഖത്തോട്ട് നടന്നു. കൂടെ ലക്ഷ്മിയും.
അച്ഛനോട് വന്നവർ സംസാരിക്കുന്നുണ്ട്. ലക്ഷ്മിയുടെ ‘അമ്മ പൂമുഖത്തെ വാതിലിന്റെ അടുത്തുനിന്നു പയ്യനെ എത്തിനോക്കി. അമ്മയുടെ തോളിലൂടെ തലയിട്ട് ലക്ഷ്മിയും പയ്യനെ എത്തിനോക്കി.
“അയ്യടി.. മതിയെടി എത്തിനോക്കിയത്.. ഇന്ന് രാവിലെ എന്നെ കൊല്ലാൻ വന്നതാണല്ലോ ഇത് പറഞ്ഞതിന് . ഇപ്പോൾ എന്താ ഒളിഞ്ഞുനോട്ടം”
അമ്മയുടെ കളിയാക്കൽ കേട്ട് ലക്ഷ്മി ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി.
കുറച്ചു കഴിഞ്ഞു ‘അമ്മ ലക്ഷ്മിയുടെ കയ്യിൽ ചായയും കൊടുത്തു കൊണ്ടുകൊടുക്കാൻ പറഞ്ഞു. ലക്ഷ്മി നാണം കൊണ്ട് സമ്മതിച്ചില്ലെങ്കിലും കൊണ്ടുകൊടുക്കേണ്ട ചടങ്ങാണ് എന്നുള്ളതുകൊണ്ട് അവൾ ചായയുമായി പൂമുഖത്തേക്ക് നടന്നു. പയ്യന്റെ അടുത്തെത്തിയ അവൾ പയ്യനെയൊന്നു തല ഉയർത്തിനോക്കി. അവളോട് ചിരിക്കുന്നു. നിഷ്കളങ്ക മുഖം. ഒരു തനി നാടൻ ചന്തം. ലക്ഷ്മി ചിരിച്ചുകൊണ്ട് പിന്തിരിഞ്ഞുനടന്നു. അകത്തുചെന്ന ലക്ഷ്മിയെ അനിയൻ അപ്പു കളിയാക്കുന്നു.
“എന്താ പയ്യന്റെ പേര്?
എന്താ ജോലി?”
പയ്യനോടായ് അച്ഛന്റെ ചോദ്യം..
“രാഹുൽ.. ഞാൻ ഷാർജയിൽ ഒരു കമ്പനിയിൽ കാഷ്യറാണ്”
അച്ഛൻ പുഞ്ചിരിച്ചു.
ബ്രോക്കറും വന്നവരും ഇറങ്ങി. അച്ഛൻ ലക്ഷ്മിയെയും അമ്മയെയും പൂമുഖത്തോട്ട് വിളിച്ചു.
“പയ്യൻ ഗൾഫിലാണ്. നമ്മുടെ അത്രയ്ക്ക് വല്യ പ്രതാപമൊന്നും ഇല്ലെങ്കിലും തരക്കേടില്ല എന്ന് ബ്രോക്കർ പറഞ്ഞു. പിന്നെ അവർക്കു മൂന്ന് മാസത്തിനുള്ളിൽ കല്ല്യാണവും വേണമെന്ന് പറഞ്ഞു. ഞാൻ ആലോചിച്ചു വിവരം പറയാമെന്നു പറഞ്ഞിട്ടുണ്ട്. എന്താ നിങ്ങളുടെ അഭിപ്രായം?”
“നമ്മുടെ നിലക്കും മറ്റും ചേർന്നതാണേൽ ആലോചിക്കാം. പയ്യൻ ഇത്തിരി കളർ കുറവാണ്. ലക്ഷ്മിക്കുട്ടി നല്ല കളറല്ലേ.. രണ്ടുപേരും ചേരില്ല നിന്നാൽ.”
“ലക്ഷ്മിക്കുട്ടിയെ… നിനക്കിഷ്ട്ടായോ പയ്യനെ?”
“അച്ഛാ.. ഞാൻ പറഞ്ഞല്ലോ.. എനിക്ക് പണവും പ്രതാപവും കളറും സൗന്ദര്യവും ഒന്നുമല്ല വലുത്. എന്നെ സ്നേഹിക്കുന്ന ഒരാളെയാണ്. അത് പട്ടിണി കിടന്നാലും ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടിയാൽ പകുതി കുടിച്ചു ജീവിക്കാം എന്ന് പറയുന്ന ആളായാൽ മതി. ഇപ്പോൾ വന്ന ആളെ കണ്ടപ്പോൾ അങ്ങനെയുള്ള മനസ്സുണ്ടെന്നു എന്റെ മനസ്സ് പറയുന്നു. എനിക്ക് ഇഷ്ടക്കേടൊന്നുമില്ല അച്ഛാ”
“എന്താ ലക്ഷ്മിക്കുട്ടിയെ നീ പറയുന്നേ.. കണ്ടവന്റെ കൂടെ പട്ടിണി കിടക്കാൻ വേണ്ടിയാണോ നിന്നെ ഞങ്ങൾ ഇത്രേം വളർത്തി വലുതാക്കിയത്? ഞങ്ങളുടെ മോൾ നല്ല അന്തസ്സോടെ സന്തോഷത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം”
“അച്ഛാ.. ഇരുനില വീടും രണ്ടു കാറും മുറ്റത്തൊരു ആനയും ഉള്ള വീട്ടിലേക്ക് എന്നെ കെട്ടിച്ചുവിട്ടാൽ അവിടെ പട്ടിണി ഉണ്ടാവില്ല. പക്ഷെ അവിടെ എനിക്ക് സന്തോഷവും സമാധാനവും ഉണ്ടാകും എന്ന് അച്ഛന് ഉറപ്പുണ്ടോ. കുറെ സമ്പത്തുള്ളവർക്ക് സ്നേഹബന്ധത്തിന്റെ വിലയറിയില്ല. അവർ സ്നേഹിക്കാൻ മറക്കും. പണം ഉണ്ടാക്കുക എന്നുള്ള ഒരേഒരു വിചാരം മാത്രമേ അവർക്കുണ്ടാകൂ. അവിടെ ചിലപ്പോൾ ഞാൻ ഒറ്റപ്പെട്ടുപോകുo അച്ഛാ”
അച്ഛനും അമ്മയും ഒന്നും മിണ്ടിയില്ല. അല്ലാ.. മിണ്ടാൻ കഴിഞ്ഞില്ലാ.
അച്ഛന്റെയും അമ്മയുടെയും ബന്ധക്കാരുടെയും അഭിപ്രായങ്ങളും കുറ്റകുറവുകളും വകവെക്കാതെ ലക്ഷ്മി രാഹുലിന്റെ പെണ്ണായി. കല്യാണത്തിന് പങ്കെടുത്ത ബന്ധക്കാരുടെ കറുത്ത മുഖത്തിന് മുന്നിൽ രാഹുലിന്റെ കൈകൾ ചേർത്തുപിടിച്ചു ലക്ഷ്മി ചിരിച്ചു നിന്നു. അവരുടെ മുഖഭാവങ്ങൾ കണ്ടു സന്തോഷം അഭിനയിച്ചു നിൽക്കുന്ന രാഹുലിനെ കണ്ട് ലക്ഷ്മി ചിരിച്ചു.
പിന്നീടുള്ള നാളുകൾ അവർ മതിമറന്നു ജീവിച്ചു. രാഹുലിന് ലക്ഷ്മിയോടുള്ള സ്നേഹവും സുരക്ഷിതവും കണ്ട് ലക്ഷ്‌മിയുടെ ബന്ധക്കാർക്ക് അവരോട് അസൂയ തോന്നിച്ചു. തരംതാഴ്ത്തി പറഞ്ഞവരെകൊണ്ട് അവർ നല്ലതു പറയിപ്പിച്ചു. അത്രയ്ക്ക് നല്ലവനും സൽസ്വഭാവിയും ആയിരുന്നു രാഹുൽ. പതിയെ പതിയെ ലക്ഷ്മിയുടെ അച്ഛനും അമ്മയും രാഹുലിനെ ഒരുപാട് ഇഷ്ട്ടപ്പെട്ടുതുടങ്ങി.
ഒരു സുപ്രഭാതത്തിൽ തല കറങ്ങിവീണ ലക്ഷ്മി രാഹുലിന് സന്തോഷിക്കാനുള്ള ഒരു വാർത്തയും ഉണ്ടാക്കി. രാഹുലിനെ വിളിച്ചു റൂമിൽ കേറിയ ലക്ഷ്മി രാഹുലിന്റെ കൈ അവളുടെ വയറിൽ വെച്ച് പറഞ്ഞു.
“നമ്മൾ ഇനി രണ്ടല്ല.. മൂന്നാണ്”
അത്കേട്ട രാഹുലിന്റെ കണ്ണിലെ തിളക്കം കൂടി. ലക്ഷ്മിയെ ചേർത്തുപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. പിന്നീട് രാഹുൽ ലക്ഷ്‌മിയെ അവളുടെ അമ്മയേക്കാൾ ശ്രദ്ധിച്ചതും ശുശ്രൂഷിച്ചതും രാഹുലാണ്‌. അവൾക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തും പരിപാലിച്ചും അവരുടെ കുഞ്ഞിനെ കാണുവാനായി ദിവസങ്ങൾ നീക്കി.
ഒരുനാൾ പുറത്തുപോയി വന്ന രാഹുലിന്റെ കയ്യിൽ ഒരു പാവക്കുട്ടി ഉണ്ടായിരുന്നു. പക്ഷെ രാഹുലിന്റെ മുഖം അത്രയ്ക്ക് സന്തോഷത്തിലായിരുന്നില്ല. ഇതുകണ്ടപ്പോൾ ലക്ഷ്മി കാര്യം തിരക്കി.
“ഇന്ന് കമ്പനിയിൽ നിന്നും വിളിച്ചിരുന്നു. അവിടെ ഉള്ള ഒരുവൻ അത്യാവശ്യമായി നാട്ടിൽ പോയതിനാൽ എന്നോട് വേഗം ചെല്ലാൻ പറഞ്ഞു. നമ്മുടെ കുട്ടിയെ കാണാൻ ഇപ്പൊ എനിക്ക് പറ്റില്ല. നിന്റെ സ്കാനിംഗ് കഴിഞ്ഞു പോകേണ്ടിവരും എനിക്ക്.”
അതുകേട്ടപ്പോൾ ലക്ഷ്മിക്ക് സങ്കടമായി. രാഹുൽ അവളെ ആശ്വസിപ്പിച്ചു.
പിറ്റെന്നാൾ രാഹുൽ ലക്ഷ്മിയെയും കൂട്ടി ഹോസ്പിറ്റലിൽ സ്കാൻ ചെയ്യാൻ പോയി. സ്കാനിംഗ് കഴിഞ്ഞു ഒരു റൂമിൽ ലക്ഷ്മിയെ ഇരുത്തിയതിനു ശേഷം രാഹുൽ റിസൾട്ട് വാങ്ങാനായി ഡോക്ടറുടെ മുറിയിൽ കേറി. മുറിയിൽ നിന്നും പുറത്തുവന്ന രാഹുലിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. വിങ്ങിപ്പൊട്ടാൻ വേണ്ടി നിൽക്കുന്ന മുഖം. രാഹുൽ ലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്നു. ലക്ഷ്മിയുടെ മുഖത്ത് നോക്കാതെ ലക്ഷ്മിയോടായ് പറഞ്ഞു.
“മോളെ നമുക്ക് ഈ കുഞ്ഞിനെ വേണ്ട”
“എന്ത്.. എന്താ ഏട്ടൻ പറഞ്ഞെ. നമ്മടെ കുഞ്ഞിനെ വേണ്ടാന്നോ.”
ലക്ഷ്‌മി പ്രകോപിതയായി എഴുന്നേറ്റു.
“അതേ മോളെ.. നമുക്ക് വേണ്ട. നമ്മൾ കാണാത്ത നമ്മുടെ കുഞ്ഞിനേക്കാൾ എനിക്കിപ്പോ വലുത് എന്റെ ലക്ഷ്മിയെയാ. അതുകൊണ്ട് നമുക്കിതിനെ കളയാം”
“എന്താ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്. ഇതിനാണോ നമ്മൾ കാത്തിരുന്നത്. എനിക്ക് പറ്റില്ല. ഞാൻ സമ്മതിക്കില്ല.”
അപ്പോഴേക്കും ലക്ഷ്മിയുടെയും രാഹുലിന്റെയും അച്ഛനും അമ്മയുമെല്ലാം അവിടെവന്നു. അവരും ലക്ഷ്മിയെ സമാധാനിപ്പിച്ചു.
“മോളെ സ്കാനിങ്ങിൽ കുഞ്ഞു ഉള്ളത് ട്യൂബിലാണ്. അങ്ങനെ പാടില്ല. അത് മോൾക്കും അപകടമാണ്. അതുകൊണ്ട് ഇതിനെ നമുക്ക് കളയാം. ഞങ്ങൾക്കും ഉണ്ടാവില്ലേ നീയൊരു അമ്മയായി കാണാനുള്ള ആഗ്രഹം. പക്ഷെ ഇപ്പോൾ ദൈവം നമുക്ക് എതിരാണ്. അപ്പോൾ നമ്മൾ സഹിച്ചേ മതിയാകൂ.”
ലക്ഷ്മി അവിടെ ഇരുന്നു മുഖംപൊത്തി കരഞ്ഞു. രാഹുൽ അടുത്തിരുന്നു തോളിൽ കൈചേർത്തു പിടിച്ചു. അവസാനം ലക്ഷ്മി സമ്മതം മൂളി. ഡോക്ടറുടെ റൂമിൽ പോയി മെഡിസിൻ കഴിച്ചു അവർ വീട്ടിലേക്ക് യാത്രയായി.
വീട്ടിൽ എത്തിയിട്ടും ലക്ഷ്മിയുടെ കരച്ചിൽ നിന്നില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവളുടെ മനസ്സിൽ ആ കുഞ്ഞിനെപ്പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു. അതിനെ ഒരു സുപ്രഭാതത്തിൽ കളയാൻ തയ്യാറായപ്പോൾ അവളുടെ മനസ്സ് നീറികൊണ്ടിരുന്നു.
പിറ്റെന്നാൾ അസഹ്യമായ വയറുവേദന വന്ന് ലക്ഷ്മി ബാത്റൂമിലേക്കുകയറി. അതിനുള്ളിൽ കയറി അവൾ അലമുറയിട്ടു കരഞ്ഞു. അത്രക്കും വലുതായിരുന്നു ആ വേദന. അധികം വൈകാതെ രക്തത്തിലൂടെ അവളിൽനിന്നും ഊർന്നുവീണ ഒരു ചെറിയ മാംസകഷ്ണം അവളെ നോക്കി കരയുന്നപോലെ തോന്നി. ലക്ഷ്മിയുടെ കാതുകളിൽ ആരോവന്നു ചോദിക്കുന്നപോലെ തോന്നി..
“എന്തിനാ എന്നെ കൊന്നത്.. എന്തിനാ എന്നെ വേണ്ടാന്നുവെച്ചത്”
ലക്ഷ്മി കരഞ്ഞുകൊണ്ട് ബാത്റൂമിൽ നിന്നും പുറത്തുവന്നു. അപ്പോഴും അവളുടെ മേശപ്പുറത്തു രാഹുൽ വാങ്ങികൊണ്ടുവന്ന പാവ അവളെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments