Friday, April 19, 2024
HomeSTORIESമൂന്നാറിലെ മഴ. (ചെറുകഥ)

മൂന്നാറിലെ മഴ. (ചെറുകഥ)

മൂന്നാറിലെ മഴ. (ചെറുകഥ)

അനിൽ ജിത്തു. (Street Light fb group)
മൂന്നാർ തേയിലച്ചെടികളിൽ പെയ്തിറങ്ങുന്ന വെയിലിനു തിളങ്ങുന്ന മഞ്ഞ നിറമായിരുന്നു..തേയിലക്കാടുകൾ വകഞ്ഞുമാറ്റി മുന്നിൽ കണ്ട വഴിത്താരയിലുടെ വെറുതെ നടക്കുമ്പോൾ
അവൾ ചോദിച്ചു: മൂന്നാറിലെ മഴ നനഞ്ഞിട്ടുണ്ടൊ?.
“ഇല്ല.”ഞാൻ പറഞ്ഞു.
“നല്ല രസമായിരിക്കും;
തേയിലച്ചെടികളിൽ മഴത്തുള്ളികൾ പെയ്തിറങ്ങി അവ കൊച്ചു കൊച്ചു അരുവികളായി പച്ച കുന്നുകൾ വലംവച്ചു നല്ലതണ്ണിയാറിൽ ഒഴുകിയെത്തുന്ന പോലത്തെ വലിയ മഴ.ആ മഴ നനയാൻ നമുക്ക് വരണം; ഒരിക്കൽ.”
അവൾ പറഞ്ഞുകൊണ്ടിരുന്നു.
നടന്നു നടന്നു പാറക്കൂട്ടങ്ങൾക്കിടയിലെത്തി.മൊബൈൽ ക്യാമറ മിഴി തുറന്നു..ഗാലറിയിൽ ഞങ്ങൾ ഒരു സെൽഫിയുടെ രൂപത്തിൽ സേവ് ആയി..
“കുറച്ചു മുന്നിൽ ഒരു വ്യൂ പോയിന്റ് ഉണ്ട്; നമുക്ക് അങ്ങോട്ടു പോകാം”.ഞാൻ മുന്നിൽ നടന്നു.ഒരു ചെറിയ ഹോട്ടലിൻറെ ബാൽക്കണിയാണത്.അവിടെ നിന്നും നോക്കിയാൽ ചക്രവാളത്തിനതിരു വരെ കാണാം.പച്ച താഴ്വര..അതിനു പുറകിൽ ഇളം പച്ച കുന്നുകൾ..അതിനു പുറകിൽ നീലച്ച മലനിരകൾ.അതിനും പുറകിൽ അവ്യക്തതയുടെ അനേകം കുന്നുകൾ.ഇവിടെ നിന്നാൽ
ഈ ഭൂമി കുന്നുകളുടേയും താഴ്വരകളുടേയും സംഗമമാണെന്നു തോന്നും..
ബാൽക്കണിയുടെ കൈവരികളിൽ പിടിച്ചു വിദൂരതയിലേക്ക് കണ്ണുകൾ ഉറപ്പിച്ചു നിൽക്കുമ്പോൾ ഞാൻ ചിന്തിച്ചു;
”’ആ മഴ ഇപ്പോൾ പെയ്തിരുന്നെങ്കിൽ.”
ദൂരെ അവ്യക്തതയുടെ വക്രരേഖകൾക്കിടയിലൂടെ പെയ്തെത്തുന്ന മഴ.നീലകുന്നുകളും, ഇളംപച്ച കുന്നുകളും കടന്ന് താഴ്വരയിലൂടെ പറന്നു ബാൽക്കണിയിലേക്കു ചിതറി തെറിക്കുന്ന മഴ.മനസ്സിൽ ഒരു വലിയ മഴ പെയ്തുതുടങ്ങി.മഴത്തുള്ളികൾ ശക്തമായി മുഖത്തടിച്ച പോലെ.ഞെട്ടിയുണരുമ്പോൾ ഒരാൾക്കൂട്ടം വ്യൂ പോയിന്റിലേക്കു വരുന്നു.ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട ബസിൽ വന്നവരാണ്.
“നമുക്ക് ഇവിടെ നിന്നും പോകാം.”അവൾ അടുത്തേക്കു വന്നു.
കാർ മുന്നോട്ടു നീങ്ങി.തൊഴിലാളി ലയങ്ങളും പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും ഇടയ്ക്കു കാണാം.വീണ്ടും ഒരു കുന്നിൻ ചെരിവു നിറഞ്ഞ് തേയിലച്ചെടികൾ.കുറച്ചുകൂടി മുന്നോട്ടു പോയാൽ മൂന്നാർ പട്ടണമാകും.തമിഴും മലയാളവും അന്തരീക്ഷത്തിൽ ശബ്ദതരംഗങ്ങൾ തീർക്കുന്ന മൂന്നാറിലെ തെരുവിൽ അലയുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം തേയിലക്കാടുകൾക്കിടയിലൂടെ നടക്കുന്നതായിരുന്നു.
കുന്നുകളിൽ അവിടിവിടെയായി തലയുയർത്തി നിൽക്കുന്ന കാററാടിമരങ്ങൾ കൈ കാട്ടി വിളിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും കുന്നു കയറാൻ തുടങ്ങി.മലനിരകളിൽ തഴുകിയെത്തുന്ന കാറ്റ് ഞങ്ങളെ കടന്ന് പോകുംബോൾ ഗതകാലത്തിലെങ്ങോ നഷ്ടപ്പെട്ട കുളിരിൻറെ ഒരംശം കാറ്റിനൊപ്പം വിരുന്ന് വന്നതു പോലെ തോന്നി.മൊബൈൽ ക്യാമറ പലവട്ടം ഞങ്ങളെ പകർത്തിയെടുത്തു. “ഇനി നമുക്ക് മടങ്ങാം”അവൾ പറഞ്ഞു.
പെട്ടെന്ന് ആകാശം കറുത്തിരുണ്ടു.പച്ചപുതച്ച കുന്നിൽ മഴ മേഘങ്ങൾ തൊട്ടുരുമ്മി….
മഴ വരികയാണ്…
നനയാൻ കാത്തിരുന്ന മൂന്നാറിലെ മഴ.മഴത്തുള്ളികൾ ഞങ്ങളെ വാരിപ്പുണർന്നു. മഴനൂലുകൾ പതിച്ചു മണ്ണു കലങ്ങി.; ജലം ചുവന്നു.
ചുവന്ന ജലം ഒഴുകി ചെരുവിലൊരു പുഴയായി.പുഴയൊഴുകും വഴി നീളുന്നതു ഞങ്ങൾ നോക്കിനിന്നു.ആദ്യമായി മഴ കാണുന്ന ആർത്തിയോടെ..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments