Wednesday, December 11, 2024
HomeSTORIESപിതൃസ്നേഹം. (കഥ)

പിതൃസ്നേഹം. (കഥ)

സിബി നെടുഞ്ചിറ.
ആശുപത്രിക്കിടക്കയില്‍ ശരീരമാസകലം നീരുവെച്ചു അയാള്‍ കിടന്നു, തന്‍റെ രണ്ടു കിഡ്നിയുടെയും പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുകയാണു… എത്രയും പെട്ടന്നു “ഒരു കിഡ്നി ട്രാന്‍സ്പ്ലാന്‍റെഷന്‍” അതാണ് അവസാനമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്….കിഡ്നിക്കുവേണ്ടിയുള്ള പരക്കം പാച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു… പത്രത്തില്‍ പരസ്യങ്ങളൊത്തിരി കൊടുത്തിട്ടും നിരാശമാത്രം ഫലം…..
തനിക്കുവേണ്ടി ജീവന്‍വരെ കളയാന്‍ തയ്യാറായി പഞ്ചനക്ഷത്രഹോട്ടലുകളിലും, മുന്തിയ ബാറുകളിലും എത്രനേരം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറായവര്‍…. താന്‍ ആത്മസുഹൃത്തുക്കളാണന്നു ധരിച്ചവര്‍…. ശരീരത്തിന്‍റെ ഒരുഭാഗം മുറിച്ചുതരേണ്ടിവരുമോയെന്ന ഭയത്താല്‍ തന്നില്‍നിന്നു അകന്നുമാറിയിരിക്കുകയാണ്‌ എന്തിനു ജീവനെപ്പോലെ സ്നേഹിച്ച ഭാര്യയും തന്നില്‍നിന്നും മുഖമൊളിക്കുകയാണ് അവളുടെ ഭാക്ഷയില്‍ കിഡ്നി ഡൊണേറ്റുച്ചെയ്യുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഹാനികരമത്രേ….!!
വല്ലാത്ത ശൂന്യത, ഏതോയൊരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞിന്‍റ അവസ്ഥ,… മരണത്തെക്കാള്‍ ഭയാനകമായ ഏകാന്തത… താന്‍ കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി ബിരുദങ്ങളും… ബിസിനസ് സാമ്രാജ്യത്തില്‍ ഞാന്‍ രൂപീകരിച്ച ഫോര്‍മുലകളും അതിലൂടെ കോടികള്‍ സമ്പാദിച്ചുകൂട്ടിയതുമെല്ലാം വ്യര്‍ത്ഥം… അതിലൂടെ തനിക്കു നഷ്ടപ്പെട്ടതു എന്തൊക്കെയായിരുന്നു……??
കടിഞ്ഞാണില്ലാത്ത മനസ്സ് വര്‍ഷങ്ങള്‍ക്ക്‌ പിന്നിലേക്ക് പാഞ്ഞു ഒരു കണക്കെടുപ്പിനായ്‌…. ബ്രെയിന്‍ടൂമറിന്‍റെ രൂപത്തില്‍ രംഗബോധമില്ലാതെ കടന്നുവന്ന മരണം അമ്മയുടെ ജീവനവഹരിക്കുമ്പോള്‍ തനിക്ക് വയസ്സ് പന്ത്രണ്ടും സഹോദരി റജീനക്കു വയസ്സ് പത്തുമായിരുന്നു…. പിന്നിട് അമ്മപ്പക്ഷിയില്ലാത്ത ഈ കിളിക്കുഞ്ഞുങ്ങള്‍ക്ക് തുണയായത് അപ്പച്ചനും വല്യമ്മച്ചിയുമായിരുന്നു…
വല്യമ്മച്ചിയുടെ പക്ഷത്തിന്‍കീഴില്‍ അമ്മയില്ലാത്ത കുറവറിഞ്ഞില്ല….. എങ്കിലും വാര്‍ദ്ധക്യത്തിന്‍റെ വരമ്പത്തു തെന്നിവീഴാറായ തനിക്കെന്തങ്കിലും സംഭവിച്ചാല്‍ ഈ കുട്ടികളുടെ ഭാവി…?? അതുഭയന്നിട്ടായിരിക്കണം വല്യമ്മച്ചി അപ്പച്ചനെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്…
,
അതുകേള്‍ക്കുമ്പോള്‍ വിദൂരതയിലേക്ക്‌ നോക്കി എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്ന അപ്പച്ചന്‍… ഒരുപക്ഷേ ആ മനസ്സ്മുഴുവന്‍ അമ്മയോടൊത്തു കഴിഞ്ഞ സുന്ദരനിമിഷങ്ങളുടെ സ്മരണകളായിരിക്കാം…’’
പിന്നെ ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടു സ്വന്തം കൃഷിയിടെത്തിലേക്ക് പോകുന്ന അപ്പച്ചന്‍… അഞ്ചേക്കര്‍ പുരയിടത്തില്‍ അപ്പച്ചന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമായി തഴച്ചുവളര്‍ന്നുനില്ക്കുന്ന കാപ്പിയും, കുരുമുളകും,ഏലവും, മരച്ചിനിയും,വാഴയും…. സ്വന്തം മക്കളെപോലെ പരിപാലിച്ചുവളര്‍ത്തിയ കൃഷിഭുമി… പലതവണ കര്‍ഷകശ്രി അവാര്‍ഡുകള്‍ അപ്പച്ചനെത്തേടിയെത്തിയിട്ടുണ്ട്
. മനസ്സിന് പ്രയാസമുണ്ടാകുന്ന അവസരങ്ങളിളെല്ലാം ആ പുരയിടത്തില്‍ക്കൂടിയൊന്നു നടന്നാല്‍ മതിയായിരുന്നു എല്ലാടെന്‍ഷനും മാറി മനസിനും ശരിരത്തിനും ഉന്മേഷം ലഭിക്കാന്‍… ഗ്രാമത്തിന്‍റെ ശാലീനതയില്‍ സന്തോഷകരമായ ആ നല്ല. നാളുകള്‍…. എന്തിനും തന്‍റെകു‌ടെയുണ്ടായിരുന്ന ആത്മാര്‍ത്ഥ സ്നേഹിതന്‍ ജോണി, അപ്പച്ചന്‍റെ കൂട്ടുകാരന്‍റെ മകന്‍…. കതിരിടാറായ നെല്പ്പാടങ്ങള്‍ക്കിടയിലൂടെ മുട്ട മോഷ്ടിക്കുവാന്‍ കുളക്കോഴിയുടെ കൂടും തപ്പി നടക്കുന്നത് എനിക്കും ജോണിക്കും ഒരു ഹരമായിരുന്നു….
ജോണിയുടെ ഏകസഹോദരിയായിരുന്നു ആലീസ്… തുളസിക്കതിരിന്‍റെ നൈര്‍മാല്യവും കാച്ചെണ്ണയുടെ മണവുമുള്ള ഗ്രമീണസുന്ദരി… മിക്ക സായാഹ്നങ്ങളിലും തങ്ങളുടെ അപ്പച്ചന്‍മാര്‍ ഒരുമിച്ചുകൂടുക പതിവായിരുന്നു…. ഏലയ്ക്ക ചേര്‍ത്തുണ്ടാക്കിയ കട്ടന്‍കാപ്പിയുടെ കൂട്ടത്തില്‍ വല്യമ്മച്ചിയുണ്ടാക്കിയ കപ്പപുഴുങ്ങിയത് മുളകുചമ്മന്തിയില്‍ മുക്കി കഴിക്കുന്നതിനിടയില്‍ ജോണിയുടെ അപ്പച്ചന്‍ തന്‍റെ അപ്പച്ചനോടു പറയുമായിരുന്നു , നമ്മളുടെ ഈ സ്നേഹബന്ധം എക്കാലവും തുടരണം .
. ‘’അതിനു നിന്‍റെ ഡേവിച്ചന്‍റെ മണവാട്ടിയായി ഞാന്‍ കണ്ടിരിക്കുന്നത്എന്‍റെ അലീസിനെയാണെന്നു…. ,’’
ഒരു ദിവ്യമന്ത്രംപോലെ കേള്‍ക്കാനിടയായ ആ വാക്കുകള്‍… തന്‍റെ ഹൃദയതന്ത്രിയിലെ താളമായ് അവള്‍ മാറുകയായിരുന്നു…..അതിനു എത്രയോനാള്‍ മുന്നേ അവള്‍ തന്നെ പ്രണയിച്ചുതുടങ്ങിയിരുന്നു….
അവളെതന്നെയായിരുന്നു എന്‍റെ ജീവിതപങ്കാളിയായി സ്വപനം കണ്ടിരുന്നതും…. പിന്നിട് പട്ടണത്തിലെ പ്രശസ്തമായ കോളേജില്‍ എം.ബി.എക്കു അഡ്മിഷന്‍ കിട്ടിയപ്പോള്‍ താന്‍ പോകുന്നത് നിറകണ്ണുകളോടെ നോക്കിനിന്നവള്‍……..
.
പഠിക്കാന്‍ അത്ര സമര്‍ത്ഥനല്ലായിരുന്ന ജോണി കൃഷിയിടത്തിലോതുങ്ങി… പിന്നിടവന്‍ പേരെടുത്ത കൃഷിക്കാരനായി മാറുകയും ചെയ്തു. പട്ടണത്തിലെ പ്രശസ്തമായ കോളേജില്‍നിന്നു എം.ബി.എ ബിരുദമെടുത്ത് പുറത്തിറങ്ങിയ തന്നെ കാത്തിരുന്നത് വലിയൊരു കമ്പനിയിലെ ബിസിനസ് എക്സിക്യുട്ടീവ്‌ പോസ്റ്റായിരുന്നു ….
.താന്‍ രൂപീകരിച്ച ബിസിനസ് ഫോര്‍മുലകളോരോന്നും കമ്പനിക്ക് കണക്കില്ലാത്ത ലാഭം നേടികൊടുത്തപ്പോള്‍ കമ്പനിയുടമ തന്നില്‍ കണ്ടത് ഭാവിമരുമകനെയായിരുന്നു….. തന്‍റെ മകള്‍ മെര്‍ലിനെ വിവാഹം കഴിക്കാമോയെന്നു ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. തനിക്കു സ്വപനം കാണുവാന്‍ പറ്റാത്ത ബന്ധം…..
.
അപ്പച്ചന്‍റെ വാക്കുകളോ, തനിക്കുവേണ്ടി കാത്തിരിക്കുന്ന അലീസിനെയൊ ഓര്‍ത്തില്ല… പട്ടണത്തിലെ പരിഷ്കാരങ്ങലും, ജീവിതരീതികളും അയാളെ മറ്റൊരാളാക്കുകയായിരുന്നു…. പച്ചപ്പരിഷ്കാരിയും കുബേരപുത്രിയുമായ ആ സര്‍പ്പസുന്ദരിയുടെ പരിമളത്തിനു മുന്നില്‍ അലീസിന്‍റെ മുടിയിഴയിലെ കാച്ചെണ്ണയുടെ മണം അരോചകമായിത്തോന്നി….
, മെര്‍ലിനെ വിവാഹം ചെയ്യുന്നത് അപ്പച്ചനു ഒട്ടും സമ്മതമല്ലായിരുന്നു, അപ്പച്ചന്‍ തന്‍റെ മണവാട്ടിയായി കണ്ടിരുന്നത്‌ അലീസിനെയായിരുന്നു…. .അവസാനം മനസില്ലാമനസ്സോടെ മകന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങുകയായിരുന്നു
. ഇതെല്ലാം അറിഞ്ഞിട്ടും ജോണിയുടെ സ്നേഹത്തിന്നു ഒരു മാറ്റവുമില്ലായിരുന്നു. വിവാഹത്തോടെ പ്രശ്നങ്ങളും തുടങ്ങുകയായി… തന്‍റെ ഗ്രാമമെന്നും മെര്‍ലിനു പട്ടിക്കാടായിരുന്നു, ഭര്‍ത്താവിന്‍റെ ഭവനമെന്നും അവള്‍ക്കു വൃത്തിയും വെടിപ്പുമില്ലാത്ത കുടിലായിരുന്നു, മുറുക്കിത്തുപ്പുന്ന അപ്പച്ചനെ അവള്‍ക്കെന്നും അറപ്പായിരുന്നു… ഇതിനോടകം കമ്പനിയുടെ എം.ഡി സ്ഥാനത്തു ഞാനെത്തിയിരുന്നു…
മെര്‍ലിന്‍റെ നിര്‍ബന്ധപ്രകാരം പട്ടണത്തില്‍ വലിയൊരു കൊട്ടാരംതന്നെ പണികഴിപ്പിച്ചു. വല്യമ്മച്ചി ഇതിനോടകം മരിച്ചിരുന്നു, സഹോദരീ രജീനായുടെ വിവാഹശേഷം അപ്പച്ചന്‍ തനിച്ചായി….
പട്ടണത്തില്‍ വന്നുതാമസിക്കാന്‍ ഒട്ടും ഇഷ്ടമില്ലായിരുന്ന അപ്പച്ചന്‍ എന്‍റെ നിര്‍ബന്ധപ്രകാരമായിരുന്നു ഗ്രാമത്തിലെ വസ്തുവകകളെല്ലാം വിറ്റ് പട്ടണത്തില്‍ തന്നോടൊപ്പം താമസം തുടങ്ങിയതു
. ഇതിനോടകം അലീസിനു വന്ന പല വിവാഹാലോചനകളും അവള്‍ നീരസിച്ചിരുന്നു….
പിന്നിടറിഞ്ഞു അവള്‍ മഠത്തില്‍ ചേര്‍ന്ന് കര്‍ത്താവിന്‍റെ മണവാട്ടിയായെന്നു…. മോഹിച്ച പുരുഷന്‍ മറ്റൊരു ജീവിതം തേടിപ്പോയപ്പോഴുണ്ടായ നിരാശയായിരിക്കാം അവളെയതിനു പ്രേരിപ്പിച്ചത്…!!
അപ്പച്ചന്‍റെ പട്ടണത്തിലേക്കുള്ള വരവ് മെര്‍ലിനു ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല അവളുടെ കണ്ണില്‍ അപ്പച്ചനെന്നും ഒരു ഭിക്ഷക്കാരന് തുല്യനായിരുന്നു….. മുറുക്കി തുപ്പുന്ന അപ്പച്ചന്‍റെ തുപ്പല്‍ വല്ലയിടത്തും വീണാല്‍ അവള്‍ ഭദ്രകാളിയായി മാറുമായിരുന്നു…. ഇതെല്ലാം അറിഞ്ഞിട്ടും ഞാന്‍ അറിയാത്ത ഭാവം നടിച്ചു.
ബിസിനസിന്‍റെ തിരക്കില്‍ രാത്രി വൈകിയെത്തുന്ന എന്നോടു മെര്‍ലിനു, അപ്പച്ചന്‍റെ കുറ്റംമാത്രമേ പറയാനുണ്ടായിരുന്നുള്ള് അപ്പച്ചനാകട്ടെ യാതൊരു പരാതിയും കൂടാതെ സഹിക്കുകയായിരുന്നു. അവസാനം അവളുടെതന്നെ തീരുമാനമായിരുന്നു അപ്പച്ചനെ ശരണാലയത്തിലേക്ക്‌ അയക്കണമെന്നു മനസ്സുകൊണ്ടു താനും അതിനെ അനുകൂലിക്കുകയായിരുന്നു,
ഡ്യൂട്ടി നേഴ്സ് വന്നു തോളില്‍ തട്ടിവിളിച്ചപ്പോഴാണ്‌ അയാള്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്, ഡോക്ടര്‍ അടുത്തുനില്ക്കുന്ന കാര്യം അറിഞ്ഞതേയില്ല…., ‘’മിസ്റ്റര്‍ ഡേവിഡ് നിങ്ങള്‍ക്കു കിഡ്നി ഡോണെറ്റു ചെയ്യാന്‍ ഒരാള്‍ തയ്യാറായി വന്നിട്ടുണ്ട്’’ നിങ്ങളുടെ ഗ്രൂപ്പുമായി മാച്ചുചെയ്യുന്നതാണു,….. ജീവിതത്തോടു പിന്നെയും അടങ്ങാത്ത അഭിനിവേശം, ഡോക്ടര്‍ ആരാണയാള്‍…..?? പ്രതിഫലം എത്ര വേണമെങ്കിലും….’’
‘’അയാള്‍ പ്രതിഫലം ആഗ്രഹിക്കുന്നില്ല മിസ്റ്റര്‍ ഡേവിഡ് മാത്രമല്ല പേരുവെളിപ്പെടുത്താനും ആഗ്രഹിക്കുന്നില്ല…’’
ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായിത്തന്നെ നടന്നു….
പുതിയതായി അയാളുടെ ശരീരത്തില്‍ തുന്നിപ്പിടിപ്പിച്ച കിഡ്നി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി… ആരോ ദാനമായി കൊടുത്ത ജീവിതം….. അതാരണെന്നറിയുവാന്‍ അയാളുടെ മനസ്സ് വല്ലാതെ കൊതിച്ചു,
പതുക്കെപ്പതുക്കെ അയാള്‍ സാധാരണജീവിതത്തിലെക്കു മടങ്ങിവന്നു ഹോസ്പിറ്റലില്‍ നിന്നു ഡിസ്ചാര്‍ജ് ചെയുന്ന ദിവസം ഒരാള്‍ അയാളെത്തേടിയെത്തി…. ‘’,ഡേവിച്ചാ…’’
എവടെയോ കേട്ടുമറന്ന സ്വരം, ഡേവിഡ് തിരിഞ്ഞുനോക്കി ‘’ജോണി’’ തന്‍റെ പഴയ കളിക്കൂട്ടുകാരന്‍…!!! പട്ടണത്തിലെ ആര്‍ഭാടജീവിതത്തിലോരിക്കലും തനിക്കു കിട്ടാതെപോയ നിഷ്കളങ്കസ്നേഹത്തിന്‍റെ ഉടമ…. അയാള്‍ ജോണിയുടെ തഴമ്പിച്ച കൈയില്‍ അമര്‍ത്തിപ്പിടിച്ചു, ‘’പറയടാ നീയാണോ എനിക്കു കിഡ്നി നല്‍കിയതു…?’’
അതിനുത്തരമായി ജോണി മൊഴിഞ്ഞത് നിനക്കു വിരോധമില്ലങ്കില്‍ എന്‍റെ കൂടെ ഒരുസ്ഥലംവരെയൊന്നു വരാമോയെന്നായിരുന്നു… ജോണിയോടൊപ്പം കാറില്‍ യാത്രചെയ്യവേ വല്ലാത്തൊരു സുരക്ഷിതത്വം അതുകൊണ്ടു എങ്ങോട്ടാണെന്നു ചോദിക്കാന്‍ തോന്നിയില്ല
മൈലുകള്‍ താണ്ടിയുള്ള ആ യാത്ര ചെന്നവസാനിച്ചത്‌ താന്‍ ജനിച്ചുവളര്‍ന്ന സ്വന്തം ഗ്രാമത്തില്‍, ജോണിയുടെ വീടിനു മുന്നില്‍ വണ്ടി നിറുത്തവേ മനസ്സ് വല്ലാതെയൊന്നു തേങ്ങി അലീസ്…
. ജോണിയോടൊപ്പം വീടിനകത്തു കയറവേ, മുറുക്കി ചെമപ്പിച്ചചുണ്ടുമായി ചാരുകസേരയില്‍ ചാരിക്കിടക്കുന്ന ആളെ കണ്ടു അയാള്‍ ഒന്നു പകച്ചു… തന്‍റെ അപ്പച്ചന്‍…
ഒന്നും മനസിലാകാതെ ഡേവിഡ് കൂട്ടുകാരന്‍റെ മുഖത്തേക്ക് നോക്കി, അതിനുത്തരമായി അയാള്‍ അപ്പച്ചന്‍റെ അടിവയറ്റിലെ സര്‍ജറിചെയ്ത വലിയപാട് ചൂണ്ടിക്കാണിച്ചിട്ടു ഡേവിടിനോടായ് പറഞ്ഞു നിനക്കു കിഡ്നി നല്‍കാന്‍ വേണ്ടി….. ? ഡേവിഡിനു എല്ലാം മനസിലായി, രണ്ടുകൈയും കൂട്ടിപിടിച്ചുകൊണ്ടു അയാള്‍ അപ്പച്ചന്‍റെ കാല്ക്കല്‍ വിണ് ആ പാദം കണ്ണുനീരുകൊണ്ടു കഴുകി…..
യാതൊരു ഭാവഭേദവുമില്ലാതെ ആ പഴയ സ്നേഹത്തോടെ ആ പിതാവ് ഡേവിച്ചന്‍റെ മുടിയിഴയിലൂടെ തഴുകി, എന്നിട്ടു മകനോടായ് പറഞ്ഞു, ജന്മം കൊണ്ടു നീയെനിക്ക് മകനായിരിക്കാം പക്ഷെ കര്‍മ്മം കൊണ്ടു എനിക്കു മകനായതു ജോണിയായിരുന്നു…. നിന്‍റെ ഭാര്യയുടെ സന്തോഷത്തിനായി നിയെന്നെ ശരണാലയത്തില്‍ നടതള്ളിയപ്പോള്‍ എന്നെ ഏറ്റെടുത്തു സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു അപ്പനായി പരിചരിച്ചു….
‘’നീ പഠിച്ച യുണിവേര്‍സിറ്റിയില്‍ നിന്നും നിനക്കു ലഭിക്കാതെ പോയ… വലിയൊരു ഡിഗ്രീയുടെ ഉടമയാണ് ജോണി’’ ‘’സ്നേഹമെന്ന ആ വലിയ ഡിഗ്രീയുടെ….’’
പിന്നെ അയാളുടെ കണ്ണുകള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന കര്‍ത്താവിന്‍റെ മണവാട്ടിയില്‍ പതിഞ്ഞു…. മോഹം കൊടുത്ത പെണ്ണിനെ നീ……. ആ പിതാവിന്‍റെ കണ്ഠമൊന്നിടറി….
തിരിച്ചു പ്രേതാലയമെന്ന തന്‍റെ വലിയ കൊട്ടാരത്തിലേക്ക് യാത്ര തിരിക്കവേ ഡേവിഡിന്‍റെ മനസ്സ് വല്ലാതെ മോഹിച്ചു.. അപ്പച്ചന്‍റെ പ്രിയ മകനായി.., ജോണിയുടെ പഴയ കൂട്ടുകാരനായി… അലീസിന്‍റെ പഴയ ഡേവിച്ചനായി ഒരിക്കല്‍ കൂടി ജീവിക്കാന്‍….
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments