Wednesday, December 11, 2024
HomeSTORIESകോലങ്ങള്‍  (ചെറുകഥ).

കോലങ്ങള്‍  (ചെറുകഥ).

സിബി നെടുഞ്ചിറ. 
‘’ ദേ…നിങ്ങളുടെ ഫോണ്‍ റിംങ്ങ് ചെയ്യുന്നു’’…. ‘’അതെടുത്തോളു’’ കണ്ണാടിയില്‍ നോക്കി മുഖത്തെ വെള്ളിരോമങ്ങളില്‍ കറുത്ത ചായം തേച്ചുപിടിപ്പിക്കുന്നതിനിടയില്‍ അയാള്‍ ഭാര്യയോടു പറഞ്ഞു, ‘ഹരിയേട്ടാ…… ആദര്‍ശാട്ടോ’’ ഒരുമണിക്കൂറിനുള്ളില്‍ അയാളിങ്ങെത്തുമെന്ന്‍…. അയാള്‍ ഇരുത്തിയൊന്നു മൂളി…
ദേ….ഇപ്പോള്‍ ഹരിയേട്ടനേ കണ്ടാല്‍ പഴയ അളേയല്ല ട്ടോ, ഒരു മുപ്പത്തിയഞ്ചു വയസ്സ് അതിലപ്പുറം പറയില്ല’’ ഭാര്യയുടെവക കമന്റെ  പിന്നെ ആ ചുണ്ടുകള്‍ക്കൊണ്ടു അയാളുടെ കവിളിലൊരു ചിത്രം വരച്ചു…’’.ദേ…മോന് കുറച്ചു കാശു വേണമെന്നു?’’ ‘’അവനെന്തിനാ ഇപ്പോള്‍ കാശ് കഴിഞ്ഞ ആഴ്ച്ചയല്ലേ അഞ്ഞുറു ഉറുപ്പിക കൊടുത്തത് അതൊക്കെ ഇത്രപ്പെട്ടന്നു തീര്‍ന്നോ’’ ‘’അവര്‍ കൂട്ടുകാര്‍ എല്ലാവരുംകൂടി ഹോട്ടലില്‍ നിന്നാ ലഞ്ചു കഴിക്കുന്നതുപോലും’’ ‘’അതെന്താ അവന് വീട്ടില്‍നിന്നും ഭക്ഷണം കൊണ്ടുപോയാല്‍…? വെറുതെയല്ല അവന് ഇടക്കിടക്കു വയറിളക്കം വരുന്നത്’’ കഴിഞ്ഞ മാസം ഹോസ്പിറ്റലില്‍ കൊണ്ടുപോയി പണമെത്രയാ കളഞ്ഞത്’’ ‘’ അവന്റെ തലയില്‍ ഇതൊന്നും പറഞ്ഞാല്‍ കേറൂല ഹരിയേട്ടാ ഇപ്പഴത്തെ കുട്ടികളല്ലേ?’’ ‘’നീയാ അവനെയിങ്ങനെ വഷളാക്കുന്നത്’’ അയാള്‍ പോക്കറ്റില്‍ നിന്നും ഇരുന്നൂറ് ഉറുപ്പികയെടുത്തു ഭാര്യയുടെ കൈയില്‍ കൊടുത്തു…മുറ്റത്ത്‌നിന്നും ഹോണടി… ആദര്‍ശായിരിക്കും ഞാന്‍ വരാന്‍ അല്പം വൈകും കല്യാണം കഴിഞ്ഞു വിമലയുടെ വീട്ടിലൊന്നു കയറണം’ അവളുടെ അമ്മായിയമ്മക്ക് പനിയായിട്ടു കിടക്കുകയാണെന്നു ഇന്നലെയവള്‍ ഫോണ്‍ചെയ്തു പറഞ്ഞിരുന്നു….
‘’എന്താ ഹരിയേ നീ തനിച്ചേയുള്ളോ എവിടെ ലത?’’ ‘’അവള്‍ വന്നില്ല ആദര്‍ശ്…. അമ്മ തനിച്ചല്ലേയുള്ളൂ ഈയിടെയായി അമ്മയ്ക്ക് അല്പം ഓര്‍മക്കുറവുണ്ട് അതുകൊണ്ടു തനിച്ചാക്കിയിട്ടു എവിടെയും പോകാറില്ല’’ ‘’വല്യയ ആര്‍ഭാടമായിട്ടാ കല്യാണം നടത്തുന്നതെന്നാ കേട്ടത് ആയിരത്തൊന്നു പവനാണു പോലും സ്ത്രീധനമായി കൊടുക്കുന്നത്’’…. ‘’അവരൊക്കെ മുതലാളിമാരല്ലേ ആദര്‍ശ്  നമ്മളെന്തിനാ അവരുടെ കാര്യത്തില്‍ തലയിടുന്നത്,. നമ്മള്‍ അവരുടെ സ്വര്‍ണ്ണക്കടയിലെ തൊഴിലാളിമാര്‍ മാത്രമല്ലേ’’
സംസാരത്തിനിടയില്‍ മംഗളാ ഓടിറ്റൊറിയത്തില്‍ എത്തിയതറിഞ്ഞേയില്ല, താലികെട്ടും കഴിഞ്ഞു പള്ളിയില്‍ നിന്നും ചെക്കനും പെണ്ണും എത്തിയതേയുള്ളുവെന്നു തോന്നുന്നു എല്ലാവരുടെയും കണ്ണുകള്‍ വധുവരന്മായരിലായിരുന്നു, പെണ്ണിന്റെ കഴുത്ത് സ്വര്‍ണ്ണത്തിന്റെ. ഭാരം കൊണ്ടു അല്പം ചരിഞ്ഞുപോയോയെന്നൊരു സംശയം! ‘’ഭാഗ്യം ചെയ്ത കുട്ടി’’ സ്ത്രീകള്‍ക്കിടയില്‍ നിന്നും ആരോ മന്ത്രിക്കുന്നത്കേട്ടു, എവിടെയോ വായിച്ച സോളമന്റെ കൊട്ടാരം പോലെയുള്ള മണ്ഡപം, ‘’ഇതിനു ലക്ഷങ്ങളൊത്തിരി ചിലവായിക്കാണും അല്ലേ….ഹരിയേ’’ ‘’മന്ത്രിമാരും നാട്ടിലെ പ്രഗത്ഭരായ പല വ്യക്തികളുമൊക്കെ പങ്കെടുത്ത കല്യാണമല്ലെ അപ്പോള്‍ ആയിക്കാണും’’
ഇതുപോലെയൊരു കല്യാണം അടുത്തകാലത്തോന്നും നടന്നിട്ടില്ലയെന്നമട്ടില്‍ സദ്യയുണ്ട് ഒരോരുത്തരായി പിരിഞ്ഞു, തിരിച്ചുപോരുന്നവഴിക്ക് ആദര്‍ശിന്റെ സംസാരം മുഴുവന്‍ കല്യാണത്തിന്റെ ആര്‍ഭാടത്തെപറ്റിയും, സദ്യയെപ്പറ്റിയുമായിരുന്നു, ‘’ജനിക്കണമെങ്കില്‍ സ്റ്റീഫന്‍ മുതലാളിയെപ്പോലെ ജനിക്കണം അല്ലേ ഹരിയേ’’ അയാള്‍ അലസമായി മൂളി…
‘’ഈ ടൌണിലൊന്നു വണ്ടി നിര്‍ത്തണം ട്ടോ ആദര്‍ശ്  വിമലയുടെ അടുത്തൊന്നു കയറണം, ടൌണില്‍നിന്നും ബസ്സിനു പോയ്‌ക്കോളാം’’ അയാള്‍ ടൌണിലിറങ്ങി. ‘’അല്ല ഇതാരാ ഹരിയോ നീയെന്താ ഇവിടെ?’’ കൂടെ ജോലിചെയ്യുന്ന ഭാര്‍ഗ്ഗവേട്ടനാണ്, ‘’കല്യാണം കഴിഞ്ഞു വരുന്നവഴിയാ ഭാര്‍ഗ്ഗവേട്ടാ അനിയത്തിയുടെ അടുത്തൊന്നു കയറണം’’, അങ്ങോട്ടുള്ള ബസ്സ്‌ ഇപ്പോഴാണല്ലോ… പോയത്! ഇനി ഒരു മണിക്കൂര്‍ കഴിയും അടുത്ത ബസ്സ്‌ വരാന്‍, ‘’അല്ല ഹരിയേ ഒരുകോടിക്കു മുകളിലായിക്കാണും ഇന്നത്തെ കല്യാണചിലവിനു… അല്ലേ…’’.’’അറിയില്ല ഭാര്ഗ്ഗവേട്ട അവരൊക്കെ വലിയ വലിയ ആളുകളല്ലേ! നമ്മളെന്തിനാ അതിലൊക്കെ തലയിടുന്നത്’’ ‘’ഏന്നാലും ന്റെ ഹരിയേ ഇത്രയൊക്കെ ആര്ഭാടത്തിന്റെ ആവശ്യമുണ്ടോ എത്രയോ പട്ടിണിപാവങ്ങളുണ്ട് നമ്മളുടെ നാട്ടില്‍’’ അപ്പോഴേക്കും ഭാര്‍ഗ്ഗവേട്ടനു പോകാനുള്ള ബസ്സ്‌വന്നു, ഹാവൂ രക്ഷപ്പെട്ടു ഹരി മനസ്സില്‍ പറഞ്ഞു…
ഇനി തനിക്കു പോകാനുള്ള ബസ്സ്‌ വരാന്‍ ഒരുമണിക്കൂറെങ്കിലുമെടുക്കും, അയാള്‍ പോക്കറ്റില്‍ നിന്നും സിഗരെറ്റെടുത്തു തീ കൊളുത്തി പുകയ്ക്കാന്‍ തുടങ്ങി…. ഉള്ളിലേക്കെടുത്ത പുക പുറത്തേക്കു വിടുന്നതിനിടയിലാണു അയാള്‍ ശ്രദ്ധിച്ചത്, കറുത്ത് മെല്ലിച്ച ഒരാണ്‍കുട്ടി, നിരത്തിലൂടെ പോകുന്ന ഓരോരുത്തരുടെയും അടുക്കല്ച്ചെന്നു കൈകൊണ്ടു എന്തൊക്കെയോ ആഗ്യം കാണിക്കുന്നു, പിന്നെ അവന്‍ ഷര്ട്ടുപൊക്കി സ്വന്തം വയറ്റത്തടിച്ചുകാണിക്കുന്നു, സംസാരത്തിനിടയില്‍ ആരുംതന്നെ അവനെ ശ്രദ്ധിക്കുന്നില്ല, മറ്റുചിലര്‍ അവനെ ആട്ടിയോടിക്കുന്നു, താനിവിടെ ഒറ്റയ്ക്ക് നില്ക്കുന്നത് കണ്ടിട്ടാവാം അവന്‍ തന്റെെ അടുക്കലേക്കു വന്നത്, അവന്‍ അടുത്തു വന്നപ്പോള്‍ പണ്ട് സയന്‍സു  ലാബില്‍ കണ്ട അസ്ഥിക്കൂടത്തിന്റെ  ഓര്‍മയാണു മനസ്സിലേക്കോടിയെത്തിയതു, അവന്റെ തലയില്‍ എണ്ണ പുരട്ടിയിട്ടു മാസങ്ങളോളം ആയെന്നു തോന്നുന്നു, ഇട്ടിരിക്കുന്ന ട്രൌസറും കുപ്പായവും പഴകി പിഞ്ഞിയിരിക്കുന്നു, അതിലൂടെ ശരീരഭാഗങ്ങള്‍ പലതും വെളിയില്‍ കാണാം….
അവന്‍ ഷര്ട്ടുംപൊക്കി വയറ്റത്തടിച്ചിട്ടെന്തോ പറയുവാന്‍ ചുണ്ടനക്കി എന്നാല്‍ ശബ്ദം പുറത്തുവരുന്നില്ല, അതുകൊണ്ടു കൈകൊണ്ടു എന്തൊക്കെയോ ആഗ്യം കാണിച്ചു… മറ്റുള്ളവരെപ്പോലെ താനും ആട്ടിയോടിക്കാത്തതുകൊണ്ടായിരിക്കാം അവന്റെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കം, പിന്നെ അവന്‍ പോക്കറ്റില്‍ നിന്നും മുഷിഞ്ഞു പഴകിയ ഒരു ഫോട്ടോയെടുത്തു കാണിച്ചിട്ടു എന്തൊക്കെയോ ആഗ്യം കാണിച്ചു, കട്ടിലില്‍ തളര്ന്നു കിടക്കുംപോലെ തോന്നിക്കുന്ന സ്ത്രീരൂപവും, അടുത്തിരിക്കുന്ന ആ ശോഷിച്ച പെണ്‍കുട്ടിയും അവന്റെ ആരൊക്കെയോ ആണെന്നു തോന്നി, അവന്‍ പിന്നെയും ഷര്‍ട്ട് പൊക്കി എന്തൊക്കെയോ ആഗ്യം കാണിച്ചു…
‘’എന്താടാ നിനക്ക് വിശക്കുന്നുണ്ടോ?’’ അവന്‍ ഉണ്ടെന്നുള്ള അര്ത്ഥയത്തില്‍ തലയാട്ടി, അയാള്‍ അടുത്ത തട്ടുകടയിലേപോയി പിന്നാലെ ചെക്കനും
‘’സര്‍ നല്ല ചൂട് ചപ്പാത്തിയും മുട്ടക്കറിയുമുണ്ട്’’ ‘’മൂന്ന് ചപ്പാത്തിയും ഒരു മുട്ടക്കറിയും ഈ കുട്ടിക്ക് കൊടുത്തേക്ക്‌’’ അയാള്‍ വാഴയിലയില്‍ പൊതിഞ്ഞ ചപ്പാത്തിയും മുട്ടക്കറിയും കുട്ടിയുടെ കൈയില്‍ കൊടുത്തു അവനതുതുറന്നു ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങവേ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നവണ്ണം തന്നെ നോക്കി… പിന്നെ അവനതു പൊതിഞ്ഞുകെട്ടി നിരത്തിലൂടെ നടന്നുനീങ്ങി……. ‘’സാറിനറിയുമോ ആ ചെക്കന്‍ ഊമയാണ്‌, തളര്‍വാതം പിടിച്ചുകിടക്കുന്ന അമ്മയും, രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത ഒരനിയത്തിയുമുണ്ട് ആ ചെക്കന്, അവന്‍ കഴിക്കാതെ കൊണ്ടുപോകുന്നത് അവര്‍ക്കു  കൊടുക്കുവാനാണു….ആ കാണുന്ന ചേരിയിലാ താമസ്സിക്കുന്നത്’’ പോകുവാനുള്ള ബസ്സെത്തി..
ബസ്സ്‌ ചേരിയിലൂടെ കടന്നുപോകവേ അയാളുടെ കണ്ണുകള്‍ പരതിയത് സ്വന്തം വിശപ്പ് മറന്നുകൊണ്ട് തളര്‍വാതരോഗിയായ അമ്മക്കും, അന്ധയായ സഹോദരിക്കുമായി ഭക്ഷണം പങ്കുവെക്കുന്ന ആ ഊമപയ്യനെയായിരുന്നു, അപ്പോഴും ബസ്സില്‍ അന്നത്തെ കല്യാണത്തിന്റെ ആര്‍ഭാടത്തെപ്പറ്റിയുള്ള ചൂടുചര്ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു……..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments