Wednesday, December 11, 2024
HomeSTORIESപെണ്‍മനം (കഥ). 

പെണ്‍മനം (കഥ). 

ഷെരീഫ് ഇബ്രാഹിം.
ആ വീട് കണ്ടിട്ട് എനിക്ക് വീട് തെറ്റിയോ എന്ന് സംശയം തോന്നി. ഞാന്‍ അടുത്ത വീട്ടിലേക്കു പോയി ആ വീട് ചൂണ്ടിക്കാണിച്ചു ഉറപ്പു വരുത്തി. തിരികെ വീണ്ടും ഞാന്‍ ആ വീട്ടില്‍ ചെന്നു. പുറത്ത് ആരെയും കാണുന്നില്ല. ബെല്ലടിക്കണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ പത്ത് വയസ്സായ ഒരു ആണ്‍കുട്ടി വന്ന്‍ എന്റെ കയ്യില്‍ പത്ത് രൂപ നോട്ടു വെച്ച് തന്ന് അകത്തേക്ക് പോയി. എനിക്ക് കൈ വിറക്കാന്‍ തുടങ്ങി. സമയം പോയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടി വീണ്ടും വന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ അകത്തേക്ക് വിളിച്ചു പറഞ്ഞു. ‘അമ്മെ. ആ ഭിക്ഷക്കാരന്‍ ഇപ്പോഴും പോയില്ല.’
പട്ടിയെ അഴിച്ചിടുമെന്നു പറയൂ എന്ന അവന്റെ അമ്മയുടെ വാക്ക് അവന്‍ എന്നോട് പറഞ്ഞു. അതും പറഞ്ഞു അവന്‍ വീണ്ടും അകത്തേക്ക് പോയി.
എന്റെ മനസ്സില്‍ ഒരു പാട് നെരിപ്പോടുകള്‍. തളരാതിരിക്കാന്‍ ഞാന്‍ വരാന്തയിലെ തൂണില്‍ പിടിച്ചു. അല്ലെങ്കിലും ആര്‍ക്കും ഞാനൊരു ഭിക്ഷക്കാരനാണെന്നേ തോന്നൂ. വെട്ടാത്ത മുടിയും താടിയും. മുഷിഞ്ഞ പോലെയുള്ള വസ്ത്രങ്ങൾ. കയ്യിലിരുന്ന പത്ത് രൂപ നോട്ട് ഉമ്മറത്തുള്ള ടീപോയിമേൽ വെച്ചു.
ഒരു ചായ കുടിക്കണം. വേലായുധേട്ടന്റെ കടയിൽ പോകാം. അവിടെ ചെന്നപ്പോൾ കുറച്ചാളുകൾ പത്രം വായിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നു. ഞാനൊരു ചായക്ക്‌ ഓർഡർ കൊടുത്തു. ചായ കൊണ്ട് വെച്ചിട്ട് വേലായുധേട്ടൻ എന്നോട് ചോദിച്ചു…”മനസ്സിലായില്ല?”
ഞാനെന്നെ പരിചയപ്പെടുത്തി. ഞാൻ ആരാണെന്ന് മനസ്സിലായപ്പോൾ ചായ കുടിച്ചു കൊണ്ടിരുന്നവരുടെയും വേലായുധേട്ടന്റെയും മുഖം മ്ലാനമായി. സംസാരം നിറുത്തി എല്ലാവരും എന്നെ തുറിച്ചു നോക്കി. ചിലർ ചായ ബാക്കി വെച്ച് പുറത്തു പോയി.
സമയം രണ്ടു മണി കഴിഞ്ഞു. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണമെന്നുണ്ട്. ജോലി ചെയ്തതിനു കിട്ടിയ ശമ്പളം കയ്യിലുണ്ട്. പക്ഷെ, എന്നെ മനസ്സിലാക്കുന്നവര്‍ ഹോട്ടലില്‍ പോലും ചെല്ലുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കുറച്ചു ഉറങ്ങണം. കുളിച്ചിട്ടില്ല, മുടി വെട്ടണം. എന്ത് ചെയ്യും. ഞാനാകെ ധര്‍മസങ്കടത്തിലായി.
നിസാറിന്റെ ഹോട്ടലില്‍ ചെന്ന് ഭക്ഷണം ആവശ്യപ്പെട്ടു. അദ്ദേഹവും ഭക്ഷണം തന്നിട്ട് മേലാല്‍ അങ്ങോട്ട്‌ വരരുതെന്ന് പറഞ്ഞു. ഒരു കാര്യം എനിക്ക് മനസ്സിലായി. ഞാന്‍ നാട്ടില്‍ എത്തിയ വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നു.
നല്ല ഉറക്കക്ഷീണവും ഉണ്ട്. അമ്പലക്കുളത്തില്‍ പോയി മതിവരുവോളം കുളിച്ചു. മുടിയും താടിയും വെട്ടാന്‍ പോയില്ല. ഈ രൂപം കണ്ട്‌ എന്നെ മനസ്സിലാവാത്തവര്‍ക്ക് ഞാനൊരു പേടിയായി മാറേണ്ടല്ലോ?
അടഞ്ഞുകിടക്കുന്ന ഒരു കടയുടെ മുമ്പില്‍ കിടന്നുറങ്ങി. ഉറക്കക്ഷീണം കൊണ്ട് ഉറങ്ങി പോയതറിഞ്ഞില്ല. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഇന്ന് രാത്രി എവിടെ കിടക്കും എവിടെ ഭക്ഷണം കിട്ടും എന്നോലോചിച്ചു. ഒടുവില്‍ എത്തിപ്പെട്ടത് ജബ്ബാര്‍ക്കാടെ വീട്ടില്‍.
പൂമുഖത്ത് ഇരുന്നു എന്തോ എഴുതുകയാണ് ജബ്ബാര്‍ക്ക. വല്ല കഥകള്‍ എഴുതുകയാവാം. ബുദ്ധിമുട്ടാവുമോ എന്ന് ആദ്യം തോന്നിയിട്ട് തിരിച്ചു പോകാന്‍ തോന്നി. പക്ഷെ എന്തായാലും കാണാമെന്ന ചിന്ത വിജയിച്ചു.
‘ഇക്ക ഞാന്‍ വന്നത് ബുദ്ധിമുട്ടായോ? ഇക്കാക്ക് എന്നെ മനസ്സിലായോ?’. ഞാന്‍ ചോദിച്ചു.
‘എനിക്ക് ബുദ്ധിമുട്ടോ? ഒരിക്കലുമില്ല. പിന്നെ അജിത്തിനെ ഞാന്‍ മറക്കില്ല’. ഇക്ക എന്നെ മനസ്സിലാക്കിയിരിക്കുന്നു.
‘വീട്ടുകാരുടെ നെറികേടൊക്കെ ഞാനറിഞ്ഞു. എന്താ ചെയ്യാ അജിത്തേ. ആട്ടെ, വീട്ടില്‍ പോയിരുന്നോ?’. ഇക്കാടെ ചോദ്യങ്ങള്‍.
‘ഇക്ക ഞാന്‍ വീട്ടില്‍ പോയിരുന്നു. ഞാനൊരു യാചകനാണെന്ന് കരുതി എന്റെ ഭാര്യ അടുക്കളയില്‍ നിന്ന് എന്റെ മകന്റെ കയ്യില്‍ പത്ത് രൂപ കൊടുത്തയച്ചു. ഞാന്‍ പോകുമ്പോള്‍ മകന് മൂന്ന് വയസ്സയിരുന്നല്ലോ? ഭാര്യ പുറത്ത് വന്നില്ല. കണ്ടാലും എന്നെ മനസ്സിലാവില്ലല്ലോ? തന്നെയുമല്ല….’. ഉണ്ടായ സംഭവങ്ങളൊക്കെ ഞാന്‍ ജബ്ബാര്‍ക്കാട് പറഞ്ഞു.
ഇടയില്‍ കയറി ജബ്ബാര്‍ക്ക എന്നോട് പറഞ്ഞു.. ‘അതെ.. അജിത്ത് പോയതിനു ശേഷമുള്ള കാര്യങ്ങള്‍ ഞാന്‍ കേട്ടറിഞ്ഞിരിക്കുന്നു. കേട്ടതെല്ലാം ശേരിയാവണമെന്നില്ലല്ലോ? എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട’. ജബ്ബാര്‍ ഇക്ക അങ്ങിനെ പറഞ്ഞപ്പോള്‍ ആരോടെങ്കിലും എന്റെ വിഷമം പറഞ്ഞു മനസ്സൊന്ന് ശാന്തമാക്കണമെന്ന് തോന്നി.
‘പറയുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല ഇക്ക.. സന്തോഷമേയുള്ളൂ’. ഞാനത് പറഞ്ഞിട്ട് തുടര്‍ന്നു. ‘ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നല്ലോ? ഒരു ഒഫീഷ്യല്‍ ടൂര്‍ കഴിഞ്ഞു വന്നപ്പോള്‍ എന്റെ ഭാര്യ എന്നോട് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറഞ്ഞു. ഞാനില്ലാത്തപ്പോള്‍ ഒരു ഗള്‍ഫുകാരനായ ചെറുപ്പക്കാരന്‍ അവളെ….. അവള്‍ സകല ശക്തിയും ഉപയോഗിച്ച് എതിര്‍ത്തു… പക്ഷെ…അവള്‍ നിസ്സഹായയായി.. അവനെ ചോദ്യം ചെയ്യണമെന്നും പ്രഹരിക്കണമെന്നും എന്റെ ഭാര്യ എന്നോട് പലതവണ ആവശ്യപ്പെട്ടു. വരും വരായ്കകളെ പറ്റി ഞാന്‍ ഒരു പാട് ചിന്തിച്ചു. അവളുടെ നിരന്തരമായ ആവശ്യം എന്നെ മറ്റൊരു മനുഷ്യനാക്കി. മനുഷ്യനാക്കി എന്ന് പറഞ്ഞാല്‍ ശെരിയാവില്ല. മനുഷ്യമൃഗമാക്കി എന്ന് വേണം പറയാന്‍.’
ഇനി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം എന്ന് ജബ്ബാര്‍ക്കാടെ ഭാര്യ സാറത്ത വന്നു പറഞ്ഞപ്പോള്‍ ആദ്യം മടിച്ചാണെങ്കിലും ഇക്ക നിര്‍ബന്ധിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറായി. അല്ലെങ്കില്‍ തന്നെ എനിക്ക് നല്ല വിശപ്പുണ്ട്.
‘ഞാന്‍ പറയാം ഇക്ക. അങ്ങിനെ പവര്‍ കട്ടുള്ള ഒരു ദിവസം ഞാന്‍ രാത്രിയില്‍ പുറത്ത് നിന്ന് വരുമ്പോള്‍ വീടിന്റെ അടുത്ത ഒരാള്‍ നില്‍ക്കുന്നത് ചെറുതായി കണ്ടു. ഒന്നും ആലോചിച്ചില്ല. ശബ്ധമുണ്ടാക്കാതെ അടുക്കള ഭാഗത്ത് ചെന്ന് അകത്ത് കയറി വെട്ടുകത്തിയെടുത്ത്കൊണ്ട് വന്ന്‍ അവനെ തുരുതുരെ വെട്ടി. എന്നിട്ട് നേരിട്ട് സ്റ്റേഷനില്‍ ഹാജരായി. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അവന്‍ മരിച്ചു എന്ന് പോലീസുകാര്‍ പറഞ്ഞു. പക്ഷെ അവിടെ എനിക്ക് മറ്റൊരു വലിയ തെറ്റ് സംഭവിച്ചു. ഞാന്‍ കൊന്നത് ആ ഗള്‍ഫുകാരനെയായിരുന്നില്ല. എന്തോ ഓഫീസ് കാര്യത്തിനു വന്ന മറ്റൊരു ചെറുപ്പക്കാരനായിരുന്നു….’
ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു കുറച്ചു കൂടി ദോശ എന്റെ പ്ലൈറ്റിലെക്ക് ജബ്ബാര്‍ക്ക വീണ്ടും എടുത്തിട്ടു. ഞാന്‍ വേണ്ടെന്നു പറഞ്ഞില്ല. സ്വാദുള്ള ഭക്ഷണം മാത്രം കിട്ടിയാല്‍ പോരല്ലോ? അതിനു സന്തോഷത്തോടെ തരികയും വേണ്ടേ?. ആ സന്തോഷം ഇവിടെ നിന്ന് എന്കിക്ക് കിട്ടി.
“അപ്പോള്‍ ഏതെങ്കിലും പ്രഘല്‍ഭനായ വക്കീലിനെ വെച്ച് വാദിക്കാതെ സ്വയം ശിക്ഷ വാങ്ങി അല്ലെ?’ ജബ്ബാര്‍ക്കാടെ ചോദ്യത്തിന് അതെ എന്ന് മറുപടി കൊടുത്തു.
‘ഇക്ക അത് മാത്രമല്ല, പരോളിന് പോലും ഞാന്‍ അപേക്ഷിച്ചില്ല. എന്റെ ബന്ധക്കാരും നാട്ടുകാരും സഹപ്രവര്‍ത്തകരും വക്കാലത്ത് കൊടുക്കാന്‍ പറഞ്ഞിട്ടും ഞാന്‍ ഒപ്പീട്ടു കൊടുത്തില്ല. അത് പോലെ പരോളും. ശിക്ഷ അനുഭവിക്കണമെന്ന് എന്റെ ഒരു തീരുമാനമായിരുന്നു.’
‘എന്നിട്ടെന്തേ നിങ്ങളുടെ ബന്ധം ഒഴിയാന്‍ കാരണം?’ ജബ്ബാര്‍ക്ക ഈ സംശയം ഉന്നയിച്ചു.
‘ഞാന്‍ ജയിലിലായി ഒരു പ്രാവശ്യം പോലും എന്റെ ഭാര്യ എന്നെ കാണാന്‍ വന്നില്ല. ജയിലായി ഏകദേശം ആറു മാസം കഴിഞ്ഞപ്പോള്‍ അവള്‍ എനിക്കൊരു ഡിവോഴ്സ് നോട്ടീസ് അയച്ചു. ഒരു കൊലപാതകിയുടെ കൂടെ ജീവിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ലത്രേ. ഞാന്‍ അവള്‍ ആവശ്യപ്പെട്ട പ്രകാരം ബന്ധം ഒഴിയാന്‍ സമ്മതമാണെന്ന് പറഞ്ഞു മറുപടി അയച്ചു’
പുറത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കുന്നു. ബാങ്ക് വിളി കഴിയുന്നത് വരെ ഞാന്‍ സംസാരം നിറുത്തി. വാങ്ക് വിളി കഴിഞ്ഞപ്പോള്‍ ഞാന്‍ സംസാരം തുടര്‍ന്നു.
‘ഇക്കാക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉറങ്ങാനുള്ള സ്വഭാവമില്ലേ? അത് കൊണ്ട് ഞാന്‍ പോയി പിന്നെ വരാം’.
ഇക്ക രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും ലീവിന് വന്നതെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്. പുറത്ത് മഴക്കുള്ള ലക്ഷണം കാണുന്നു.
‘അത് സാരമില്ല. അല്ലെങ്കിലും നാട്ടില്‍ വന്നാല്‍ ഉച്ചയുറക്കം കുറവാണ്. ആട്ടെ, ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്നറിഞ്ഞു. ആരാണ് പുതിയ ഭര്‍ത്താവ്?’ ഇക്കാടെ ചോദ്യം.
‘ഇക്ക, അത് ഞാന്‍ ഒടുവില്‍ പറയാം. അത് കേട്ടാല്‍ ഇക്ക ഞെട്ടും. അതിനു മുമ്പ് എന്റെ വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കട്ടെ’.
‘അങ്ങിനെയെങ്കില്‍ അങ്ങിനെ. എന്തായാലും അജിത്ത് ഇനി ഒരിടത്തേക്കും പോകണ്ട. ഇവിടെ കൂടാം. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. സഹ ഉദരത്തില്‍ ജനിച്ചവനാണ് സഹോദരന്‍. അജിത്ത് അങ്ങിനെയല്ലെങ്കിലും ഈ കുടുംബത്തിലേക്ക് ഒരു സഹോദരനെ പോലെ അജിത്തിന് ഇവിടെ താമസിക്കാം. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ ഞാനും ഭാര്യയും കുട്ടിയും അബൂദാബിക്ക് പോകും. ഈ വീട് അടച്ചിടാറാണ് പതിവ്. ഇനി അപ്പോഴും അജിത്ത് ഇവിടെ താമസിച്ചോളൂ’.
ഇക്കാടെ വാക്ക് കേട്ടപ്പോള്‍ ഹൃദയം പിടഞ്ഞു. സ്നേഹത്തിന് മതവും ജാതിയും ഇല്ല എന്ന് മനസ്സിലാക്കുന്ന നിമിഷങ്ങള്‍.
“ഇക്ക സന്തോഷമായി. എന്നാലും ഞാന്‍ പോവുകയാണ്. അമ്പലത്തിലെ ഊട്ടുപുരയിലോ അമ്പലത്തിണ്ണയിലോ കിടക്കാമോ എന്ന് ഞാന്‍ നോക്കാം.. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം അവളുടെ പേരില്‍ ആണ് വാങ്ങിയത്.. സ്ഥലവും വീടും എന്തിനേറെ വാഹനങ്ങളും. പിന്നെ ഒടുവില്‍ ഇക്ക ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഞാന്‍ പറയാം.. അവള്‍ രണ്ടാമത് വിവാഹം കഴിച്ചത് ആരെയാണെന്നോ? അവളെ പീഡിപ്പിച്ച ആ ഗള്‍ഫുകാരനെ…..’.
ഇക്ക ഞെട്ടിയെന്ന് മനസ്സിലായി.
‘എന്റെ അല്ലാഹുവേ ഞാനെന്താണീ കേള്‍ക്കുന്നത്?’ ഇക്ക ചോദിച്ചു.
‘ഇക്ക കരയുന്നു’. പറഞ്ഞത് ഇക്കാടെ ഭാര്യയാണ്.
‘അത് പറഞ്ഞ നീയും കരയുന്നുണ്ടല്ലോ?’ ഇക്ക പറഞ്ഞപ്പോള്‍ മൂലത്തട്ടം കൊണ്ട് കണ്ണീര്‍ തുടച്ചു ഇത്ത.
എല്ലാവരോടും ഒരിക്കല്‍ കൂടി യാത്ര പറഞ്ഞു. അവിടെ താമസിക്കാന്‍ ഇക്ക വീണ്ടും ആവശ്യപ്പെട്ടു. ഞാന്‍ പോകണമെന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ എപ്പോള്‍ എന്താവശ്യത്തിനും ഇക്കാടെ സഹായം ഉണ്ടാവുമെന്നും ഓര്‍മിപ്പിച്ചു.
ഗേറ്റ് വരെ ഇക്ക കൂടെ വന്നു. എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഇക്ക. ഞാന്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഗേറ്റില്‍ തല വെച്ച് ഇക്ക പൊട്ടിക്കരയുന്നതാണ് കണ്ടത്. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നടന്നു…. എങ്ങോട്ടെന്നില്ലാതെ… എനിക്ക് ജീവിക്കണം എന്ന ചിന്തയോടെ…….
———————————–
മേമ്പൊടി:-
മനുഷ്യന്റെ മന:ശാസ്ത്രം കണ്ടു പിടിച്ച ഫ്രോയിഡ് (Sigmund Freud) പോലും പറഞ്ഞത് സ്ത്രീകളുടെ മന:ശാസ്ത്രം കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments