സ്നേഹത്തണല്‍. (കവിത)

0
1038

ജയമോള്‍ വര്‍ഗിസ്.

പ്രിയനേ ….നീ ഒരു സങ്കീർത്തനം പോലെ ..
ഇരുളടഞ്ഞ ജീവിതപന്ഥാവിൽ എന്നിൽ ഉദിച്ച 
ശുക്രനക്ഷത്രമാണു നീ …
ജീവിതനൗകയിൽ ഏകയായ് തുഴഞ്ഞു തളർന്ന എനിക്ക് തണലേകാൻ അണഞ്ഞ മഴ മേഘം ആണു നീ …
കുസൃതിതൻ കളിചിരിയായ് എന്നിൽ നിറയും പ്രണയ മധുരമാണു നീ …
പ്രഭാതത്തിലെ ഇളം മഞ്ഞു പോലെ ധനുമാസരാവിലെ. നിലാവു പോലെ
നീ എന്നരികിൽ അണയുമ്പോൾ എന്നിലെ മൌനനിശ്വാസം ഒരു കാറ്റായ് അലയടിക്കുന്നു …
നിൻ സാമീപ്യത്താൽ എൻ മനം പുലരിയിൽ വിരിയുന്ന നറപുഷ്പം പോലെ …….
നിൻ ചുംബനപൂക്കൾ എന്നിൽ പ്രണയത്തിൻ അലയാഴി തീർക്കുന്നു …..
യുഗങ്ങൾക്കു മുന്നേ പ്രിയനേ നീ എന്നെ അറിഞ്ഞിരുന്നു ….
എന്നിലെ മോഹങ്ങളും എന്നിലെ സ്വപ്നങ്ങളും
എന്നിൽ നിറയുന്ന അഴൽആഴങ്ങളും പ്രിയനേ നീ അറിയുന്നുവല്ലോ …..
പാതിചാരിയ വാതിലിനപ്പുറം എൻ മിഴിമുന തേടുവതു നിന്നെയല്ലേ …
ഓരോമാത്രയും എൻ നിനവുകൾ എല്ലാം നിന്നെയല്ലേ ….
എൻ മനസ്സിന്റെ ചിമിഴിൽ സപ്തവർണ്ണങ്ങളും ചാലിച്ചെഴുതിയ മോഹനരൂപം നിന്റെതല്ലേ ….
നോവിന്റെ ആഴികൾ എന്നെ മൂടുമ്പോൾ
എന്നിലെ പ്രിയസ്വാന്ത്വനം നീയല്ലേ .
എന്റെ മിഴിയിതളിലും ഹൃത്തടത്തിലും നിന്റെ രൂപം അല്ലേ ആലേഖനം ചെയ്തിരിക്കുന്നത് …….
എന്നിൽ നിറഞ്ഞിരിക്കുന്നത് നിന്റെ കനവുകളും നിനവുകളും അല്ലേ …..
നീ എനിക്ക് ഒരിക്കലും വേറൊന്നല്ല നീ തന്നെയാണു ഞാൻ ….
എൻ ശിരസ്സ്‌ മുതൽ പാദം വരെ എന്നെ പൊതിഞ്ഞിരിക്കുന്ന എന്റെ സ്നേഹത്തണൽ ….
അതേ അതാണെനിക്കു നീ …..സ്നേഹത്തണൽ ……..
 

Share This:

Comments

comments