ജോൺസൺ ചെറിയാൻ.
ചൈനയിലെ ഡാന്‍ഡോംഗിലുള്ള ഡോങ്ഗാങ് ജിന്‍ഹുയി ഫുഡ്സ്റ്റഫ് എന്ന സീഫുഡ് കയറ്റുമതി സ്ഥാപനത്തില്‍ ഒരു ഗംഭീര പാര്‍ട്ടി നടക്കുകയാണ്. മത്സ്യ കയറ്റുമതി ഇരട്ടിയാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആ പാര്‍ട്ടി. പാട്ടും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിച്ച രാത്രി. കമ്പനിനിയിലെ ഒരാള്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നിന്ന് കമ്പനിയുടെ കൊറിയന്‍ ബന്ധം ഏറെക്കുറെ പ്രകടമായിരുന്നു. കൊറിയന്‍ ഭാഷയിലുള്ള ലേബലുകളും ബോര്‍ഡുകളും മാത്രമല്ല, തൊഴിലാളികള്‍ക്ക് കൊറിയന്‍ ഭാഷയില്‍ മത്സ്യം വൃത്തിയാക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കുന്ന പരിശീലനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഈ ചൈനീസ് കമ്പനിയുടെ കൊറിയന്‍ ബന്ധമെന്താണെന്ന് അന്വേഷിച്ചുചെല്ലുന്നവര്‍ക്ക് കമ്പനിയിലെ തൊഴിലാളികളിലേറെയും ഉത്തരകൊറിയയില്‍ നിന്ന് വന്നവരാണെന്ന് മനസിലാക്കാനാകും. ഒന്നുകൂടി ആഴത്തില്‍ അന്വേഷിച്ചാല്‍ അത് ഒരു സീഫുഡ് കമ്പനിയുടെ മാത്രം അവസ്ഥയല്ലെന്ന് മനസിലാക്കും. ചൈനീസ് ഫുഡ് ഫാക്ടറികളിലും മറ്റും, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഉത്തര കൊറിയയില്‍ നിന്ന് നിരവധി തൊഴിലാളികളാണ് പണിക്കെത്തുന്നത്. ഒരു ഈച്ച പോലും അതിര്‍ത്തി വിടാതിരിക്കാന്‍ സദാ കനത്ത കാവലുള്ള കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ നിന്ന് എങ്ങനെയാണ് ഈ ആയിരക്കണക്കിന് മനുഷ്യര്‍ ചൈനയിലെത്തിയത്? ഈ ചോദ്യത്തിന്റെ ഉത്തരം ചൈനയിലെ ഉത്തര കൊറിയയുടെ നിര്‍ബന്ധിത തൊഴില്‍ പദ്ധതിയാണ് വെളിച്ചത്തുകൊണ്ടുവരിക.