ഷെരീഫ് ഇബ്രാഹിം.
ആരോ ഫോണിലൂടെ ചോദിച്ചു. ‘ഡോക്ടർ ജബ്ബാറല്ലേ?’.
അതെ എന്ന് മറുപടി കൊടുത്തിട്ട് ആരാണ് സംസാരിക്കുന്നതെന്ന് ചോദിച്ച.
അദ്ധേഹത്തിന്റെ പേര് സഞ്ജയൻ എന്നാണെന്നും ബാക്കിയൊക്കെ നേരിട്ട് വന്ന് പറയാമെന്നും പറഞ്ഞു.
കുറച്ചു സമയത്തിന്നു ശേഷം നാല്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും കൂടെ മുപ്പതും നാല്പത്തഞ്ചും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പുരുഷന്മാരും വന്നു.
അവരിൽ മുപ്പത് വയസ്സ് തോന്നിക്കുന്ന ആൾ എന്റെ അടുത്ത് വന്ന് ഒരു രഹസ്യമായ കാര്യം പറയാനുണ്ടെന്ന് പറഞ്ഞതനുസരിച്ച് ഞങ്ങൾ ഒരു മുറിയിലേക്ക് പോയി.
‘ഡോക്ടർ എന്റെ പേര് സഞ്ജയ് എന്നാണ്. സഞ്ജു എന്ന് വിളിക്കും. എന്റെ അയൽവാസികളാണ് പുറത്ത് ഇരിക്കുന്ന ആ ഭാര്യാഭർത്താക്കന്മാരായ വിനോദും ശാലിനിയും…………………
കുറച്ചു കാര്യങ്ങൾ സഞ്ജയ് വിശദീകരിച്ചു പറഞ്ഞു.
‘ശെരി സഞ്ജു, ഇനി ഞാൻ വിനോദുമായി സംസാരിക്കട്ടെ.’
സഞ്ജു പുറത്ത് പോയി വിനോദിനെ പറഞ്ഞയച്ചു. വിനോദ് റൂമിലേക്ക് കടന്ന ഉടനെ പറഞ്ഞു ‘ഡോക്ടർ, ആ സഞ്ജുവിന്ന് ഭ്രാന്താണ്. അവനെ ചികിത്സിക്കാൻ കൊണ്ട് വന്നതാണ് ഞങ്ങൾ.’
‘ശെരി ഞാൻ പരിശോധിക്കാം.’ എന്ന് പറഞ്ഞു കൊണ്ട് വിനോദിന്റെ നെറ്റിയിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു ‘അല്ല, എന്തേ വിനോദിന്റെ നെറ്റി മുറിഞ്ഞിരിക്കുന്നത്?’
‘അതോ, അത് ഡോക്ടറെ, എന്റെ ഭാര്യ പ്രസവിച്ചതിന്റെ പിറ്റേന്ന് ആ കുട്ടി മരിച്ചു. അവൻ രാത്രി വന്ന് എന്റെ നെറ്റിയിൽ ഇടിച്ചതാണ്.’ ഒന്ന് നിറുത്തി കൊണ്ട് വിനോദ് തുടര്‍ന്നു ‘ഒരു ദിവസം പ്രായമായ കുട്ടി ഇടിച്ചാൽ നെറ്റി പൊട്ടുമോ ഡോക്ടർ?’
‘ഉവ്വ്. തീർച്ചയായും അങ്ങിനെ സംഭവിക്കും’ മനശ്ശാസ്ത്ര ഡോക്ടറായ ഞാൻ അങ്ങിനെ പറഞ്ഞു.
‘നിങ്ങളുടെ കുട്ടി എങ്ങിനെയാ മരിച്ചത്?’ ഞാൻ ചോദിച്ചു
‘അവൻ മരിച്ചിട്ടില്ല ഡോക്ടർ, അവൻ ഒരു യാത്ര പോയിരിക്കുകയാണ്.’ അതായിരുന്നു വിനോദിന്റെ മറുപടി.
‘എന്തായാലും നിങ്ങൾ കുറച്ച് നേരം പുറത്തിരിക്കൂ’ വിനോദ് പുറത്തേക്ക് പോയി.
പോകുന്ന സമയത്തും സഞ്ജയിന് ഭ്രാന്താണെന്ന് പറയാൻ മറന്നില്ല.
ഞാൻ ശാലിനിയെ വിളിച്ചു.
‘ശാലിനി, എന്താണ് വിശേഷം?’
‘ഞങ്ങൾ വന്നത് സഞ്ജുവിനെ ഡോക്ടറെ കാണിക്കാനാണ്. അവനു ഭ്രാന്താണ്.’ എന്നിട്ട് ശാലിനി തുടർന്നു
‘ഡോക്ടർ ഞാൻ പ്രസവിച്ചതിന്റെ പിറ്റേന്ന് എന്റെ മകൻ എന്റെ മാറിൽ വളരെ പ്രാവശ്യം ഇടിച്ചിട്ടുണ്ട്. ഡോക്ടര്ക്ക് കാണണോ?’
‘വേണ്ട വിവരം പറഞ്ഞാൽ മതി’. ഞാന്‍ മറുപടി കൊടുത്തു.
‘അവൻ മരിച്ചിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു. ഇപ്പോഴും ദിവസേന ഇടിക്കുന്നുണ്ട്. ആട്ടെ, ഡോക്ടറെ ഞാനൊരു സംശയം ചോദിക്കട്ടെ?’
‘ചോദിച്ചോളൂ’
‘ഒരു ദിവസം പ്രായമായ കുട്ടി നെഞ്ചത്ത് കേറി ഇടിക്കുമോ?’
‘ഉവ്വ്’ എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അവർ പറഞ്ഞത് മറ്റൊന്നാണ്.
‘ഇതൊന്നും നാട്ടുകാർ വിശ്വസിക്കുന്നില്ല’
‘ശെരി നിങ്ങൾ കുറച്ച് നേരം പുറത്തിരിക്കൂ. ഞാൻ സഞ്ജുവിനെ ഒന്ന് ചികിൽസിക്കട്ടെ’
അവർ പുറത്തു പോയി.
ഞാൻ സഞ്ജുവിനെ അകത്തേക്ക് വിളിച്ചു. സഞ്ജു എല്ലാ കാര്യവും വിശദീകരിച്ചു പറഞ്ഞു.
വിനോദും ശാലിനിയും ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് താമസിക്കുന്നവരാണ്. കൂലി തൊഴിലും പെയിന്റ് അടിക്കലുമാണ് അവരുടെ ജീവിതമാർഗം. വീട്ടിലായാലും ജോലി സ്ഥലത്തായാലും ശാലിനി മാക്സി ധരിച്ചാണ് നടക്കാറ്. അങ്ങിനെയിരിക്കെ ഞങ്ങളുടെ നാട്ടിൽ ഒരു സംഘടന നിർധനായവർക്ക് സമൂഹവിവാഹം നടത്തി. ദമ്പതികൾക്ക് ഒരു പവന്റെ താലിയും അയ്യായിരം രൂപയുമായിരുന്നു സൗജന്യമായി കൊടുത്തത്. ഒരു പതിനഞ്ച് വര്ഷം മുമ്പായിരുന്നു സംഭവം. പക്ഷെ, യഥാർത്ഥത്തിൽ ആ സ്ത്രീ പൂർണഗര്ഭിണിയായിരുന്നുവെന്ന് ആർക്കും മനസ്സിലായില്ല. പിറ്റേന്ന് ആ ശാലിനി പ്രസവിച്ചു. ആ കുട്ടിയെ വിനോദ് കഴുത്ത് ഞെരിച്ചു കൊന്നു’
‘നമുക്ക് ഒരു ജീവൻ കൊടുക്കാൻ കഴിയില്ല. എന്തിനേറെ ഒരു ജീവിതം കൊടുക്കാൻ കഴിയുമോ? അപ്പോൾ എത്ര ക്രൂരതയാണ് അവർ ചെയ്തത്?’ ഇടയിൽ കയറി ഞാൻ ചോദിച്ചു
‘ശെരിയാണ് ഡോക്ടർ. അതിന്നു ശേഷം അവർ ജയിൽ ശിക്ഷ കഴിഞ്ഞു ഇറങ്ങി. ഇതിനിടെ മറ്റൊരു ശിക്ഷ അവർക്ക് ദൈവം കൊടുത്തു. അവരുടെ ഗർഭപാത്രത്തിന്നു ദ്വാരം വന്നതിനാൽ അത് മുറിച്ച് മാറ്റേണ്ടി വന്നു.’
‘വിനോദിനും ഈ ക്രൂരകൃത്യത്തിൽ പങ്കുണ്ടോ?’ ഞാൻ ചോദിച്ചു
‘ഉവ്വ് ഡോക്ടർ. വിനോദും ജയിലിൽ ആയിരുന്നു’.
‘മിസ്റ്റർ സഞ്ജു, ഞാൻ ആലോചിക്കുകയാണ്. എത്രയോ ആളുകൾ മക്കൾ ഇല്ലാത്തതിന്റെ പേരിൽ അമ്പലങ്ങളിലും മറ്റു ദേവാലയങ്ങളിലും നേർച്ചകൾ കഴിക്കുന്നു ഡോക്ടർമാരെ കണ്ടു ചികിത്സകൾ നടത്തുന്നു. അത് പോലെ ചിലർ കുട്ടികളെ ദത്തെടുക്കുന്നു. പക്ഷെ ഇവിടെ……’
‘അത് മാത്രമല്ല ഡോക്ടർ അവർ ഈ നാട്ടിൽ വന്നിട്ട് ആരുമായും അടുപ്പമില്ല. ആരും അവരുടെ വീട്ടിൽ പൊകാറുമില്ല. ഞാൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു പുണ്യം ചെയ്യുന്നു എന്ന് മാത്രം. കുട്ടി മരിച്ചിട്ട് ഇത്രയധികം വർഷമായിട്ടും അവരെ ആ കുട്ടി ഇടിക്കുന്നു എന്ന് ഞാൻ ആദ്യം കേട്ടപ്പോൾ അവരുടെ സ്വപ്നം ആണെന്നാണ് കരുതിയത്. പക്ഷെ യഥാർത്ഥത്തിൽ അവർക്ക് പരുക്ക് ഉണ്ട്. അതെന്തു കൊണ്ടാണ് ഡോക്ടർ?’ സഞ്ജു എന്നോട് ചോദിച്ചു.
‘അത് അവരുടെ ഒരു ഫീലിയ ആണ്. അവർ ചെയ്ത തെറ്റിന്റെ കുറ്റബോധം ഇപ്പോഴും അവരെ വേട്ടയാടുന്നു. അതിന്റെ ശിക്ഷ കിട്ടിയതിനേക്കാൾ ആ കുട്ടിയുടെ ശിക്ഷ അവർ ആഗ്രഹിക്കുന്നു. അതവരുടെ ഉപബോധമനസ്സിൽ എപ്പോഴും ഉണ്ടാകുന്നു പിന്നെ പ്രവർത്തിക്കുന്നത് മുഴുവൻ അവരുടെ ഉപബോധമനസ്സാണ്. ആ മനസ്സു് പ്രവർത്തിക്കുമ്പോൾ അവർ തന്നെ അവരെ ഇടിക്കുന്നു. പക്ഷെ അവരുടെ ബോധമനസ്സ് ആ കുട്ടിയാണ് ഇടിക്കുന്നത് എന്ന് പറയുന്നു’
ഞാനവരെ രണ്ടു പേരെയും ഒരുമിച്ചു വിളിച്ചു റൂമിലിരുത്തി.
‘എന്തായി ഞങ്ങൾ പറഞ്ഞത് ശെരിയല്ലേ? സഞ്ജുവിന് ഭ്രാന്തല്ലേ?’
റൂമിൽ കടന്ന ഉടനെ വിനോദ് എന്നോട് ചോദിച്ചു
‘അതെ. ഞാനതിനു മരുന്ന് കൊടുത്തിട്ടുണ്ട്.’
ഞാനവരുമായി കുറച്ചു നേരം സംസാരിച്ചു. അവരെ പറഞ്ഞയച്ചു.
എനിക്ക് അവരുടെ വീട് ഒന്ന് സന്ദർശിച്ചാൽ കൊള്ളാമെന്നുണ്ട്. ഞാൻ സഞ്ജുവിനെ വിളിച്ചു വിവരം പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കൂടെ ആ വീട്ടിൽ ചെന്നു.
ഞങ്ങൾ അവിടെ കണ്ട കാഴ്ച വളരെ വിഷമിപ്പിക്കുന്നതായിരുന്നു. ശാലിനി ഒരു കട്ടിലിൽ കിടക്കുന്നു. വിനോദ് ശാലിനിയെ ഒരു കുട്ടിയെ പോലെ കൊഞ്ചിക്കുന്നു. താരാട്ട് പാടുന്നു.
കുറച്ചു ദിവസങ്ങള്ക്ക് ശേഷം സഞ്ജു ലീവ് കഴിഞ്ഞു ഗൾഫിലേക്ക് പോയി. വിവരം എന്നോട് വന്നു പറഞ്ഞു.
കുറെ നാളേക്ക് അവരുടെ കാര്യം ഒന്നും അറിയാറുണ്ടായിരുന്നില്ല.
ഒരു ദിവസം പ്രത്യേക വാർത്ത കേട്ടപ്പോൾ ഞാനവരുടെ വീട്ടിൽ പോയി. ആ സ്ത്രീ മരിച്ചു രണ്ടു ദിവസമായിട്ടും ആരും അറിഞ്ഞില്ല. മണം പുറത്തേക്ക് എത്തിയപ്പോൾ അയൽവാസികൾ ചെന്ന് നോക്കുമ്പോൾ ആ മരിച്ച സ്ത്രീക്ക് മരിച്ചെന്നറിയാതെ വിനോദ് ഭക്ഷണം കൊടുക്കുകയാണ്.
ഒരു പാട് നാളത്തെ ചികിത്സ കൊണ്ട് വിനോദിന്റെ അസുഖം പൂർണമായി മാറി.
ഒരു ദിവസം വിനോദ് എന്റെ അടുത്ത് വന്നു ചോദിച്ചു. ‘ഡോക്ടർ, ശാലിനി മരിച്ചപ്പോൾ ചിതക്ക് തീ കൊളുത്താനും അന്ത്യകർമങ്ങൾ ചെയ്യാനും ഞാനുണ്ടായിരുന്നു. ഇനി ഞാൻ മരിച്ചാൽ എന്റെ ചിതക്ക് തീ കൊളുത്താനും അന്ത്യകർമങ്ങൾ ചെയ്യാനും ആരാണുണ്ടാവുക???????’
——————————
മേമ്പൊടി:
ആൽമവിദ്ധ്യാലയമേ
അവനിയിലാൽമവിദ്ധ്യാലയമേ
അഴിനിലയില്ല ജീവിതമെല്ലാം
ആറടി മണ്ണിൽ നീറിയൊടുങ്ങും
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാൻ ഉഴകിയ നീയോ
വിലപിടിയാത്തൊരു തലയോടായി
ഇല്ലാ ജാതികൾ, ഏകവിചാരം
ഇവിടെ ചുട്ടവർ ഒരു കൈത്താരം
മന്നവനാട്ടേ, യാചകനാട്ടെ
വന്നിടുമോടുവിൽ വഞ്ചിതനടുവിൽ