ബീനാ റെയ്‌ച്ചൽ നിജു.
ലജ്ജിക്കുന്നെൻ ഭാരതനാടേ…
ലജ്ജിപ്പൂ നിൻ മകളായതിനാൽ
ലക്ഷണമൊത്തൊരു നാടെന്നുള്ളത്
ലക്ഷണക്കേടിൻ നാടായ് മാറി
മതേതരത്വം വിളങ്ങിയ നാടിതാ
മതഭ്രാന്തന്മാരുടെ ആലയമായി
മനുഷ്യരാൽ നിർമ്മിതമായ മതങ്ങൾ
മാനവജീവൻ കൊയ്‌തു രസിപ്പൂ
എട്ടുംപൊട്ടും തിരിയാ പെൺകൊടി
എട്ടുവയസ്സോ നിൻ ആയുഷ്‌ക്കാലം
എട്ടുദിനങ്ങളിലവൾ അയ്യോ പാവം
എരികനലിൽ പെട്ടുഴറിയതുപോൽ
പൂമ്പാറ്റ കണക്കെ പാറിനടന്നവൾ
പൂർണ്ണിമ പോലെ ശോഭയെഴുന്നവൾ
പരിത്രാണം ചെയ്യേണ്ട കരങ്ങളാൽ
പിഞ്ചുടൽ ചീന്തി രസിപ്പൂ നരാധമന്മാർ
മതാന്ധത മൂടിയൊരാ മിഴികളിൽ
മദമായ് മാറും വർണ്ണവിവേചനം
മലീമസ മാനസ മന്തന്മാരാൽ
മൺമറഞ്ഞെല്ലോ നാടിൻ മഹിമ
ശുനകപ്രാണനു പോലുമിവിടെ
ശിശുവിന്റേതിലും വിലയുണ്ടെല്ലോ
ശപ്പന്മാർക്കു തുണ ചെയ്‌വതിനായ്
ശിക്ഷകനാമവൻ മൗനം വരിപ്പൂ
അജ്ജുണിതൻ ജീവനെടുത്തെന്നാലോ
അകാലമരണം വിധിച്ചൊരാ മന്ത്രിയും
അഗ്രജതൻ ഘാതകന്മാർക്കെതിരെ
അക്ഷോഭ്യയായി മൗനം ഭജിപ്പൂ
ജനാധിപത്യമെന്നതു മാറി
മതാധിപത്യം അധികാരത്തിൽ
മാനവജീവനു വിലിയില്ലെന്നാൽ
ഗോക്കളും ശ്വാനനും സുരക്ഷിതരത്രേ
പീഡകന്മാരെ സംരക്ഷിപ്പതാം
നിയമസംഹിത മാറ്റീല്ലെങ്കിൽ
ഇനിയും പൊഴിയും പൂമൊട്ടുകളനവധി
അതിലോ നമ്മുടെ രക്തവുമുണ്ടാവാം
ഉണരുക ഭാരതജനതതിയേ
ഉറക്കം വെടിഞ്ഞെഴുന്നേൽക്കുക നാം
ഉണ്മ ഭവിക്കണമെൻ നാടതിനായ്
ഉച്ചൈസ്‌തരം പ്രതികരിച്ചീടുക
വർണ്ണവെറിയന്മാർക്കെതിരായ്
വർഗ്ഗീയതയോ തകർക്കുവതിനായ്
വരും തലമുറതൻ ജീവൻ കാക്കാൻ
വങ്കന്മാർതൻ പ്രാണനെടുക്കാം
ഉടച്ചു വാർക്കുക നീതിവ്യവസ്ഥിതി
ഉറച്ചുനില്‌ക്കുക നന്മക്കായി
ഉണരുക സഹജേ ഒരുമനമോടെ
ഉയർത്തീടുക നാം വിപ്ലവ സ്വരമത്….!!!!!!