ജോമോൻ ഒക്കലഹോമ.
ഇന്നലെ പതിവിലും നല്ല തണുപ്പായിരുന്നു, ഞാൻ പതിവില്ലാതെ മൂടിപ്പുതച്ച് കിടക്കുന്നത് കണ്ടിട്ട് എന്റെ ഭാര്യ എന്നെ വിളിച്ചു, ദേ…. നോക്കിക്കേ എഴുനേൽക്കുന്നില്ലേ..? ഇന്ന് ജോലിക്കുപോന്നൊണ്ടോ.? എന്റെ ഭാര്യയുടെ ഇമ്പമുള്ള സ്വരംകേട്ടാണ് ഞാൻ ഉണർന്നത്. ഇവൾക്ക് വേറെ ജോലിയൊന്നുമില്ലേയെന്ന് മനസ്സിൽപറഞ്ഞിട്ട് പതിവുപോലെ പ്രഭാതക്രിത്യങ്ങൾ നിർവഹിച്ചു. പിന്നീട് ഒരുങ്ങി പ്രിയതമയോട് യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ പ്രിയപ്പെട്ടവൾ ഒരു തുണ്ട്കടലാസ് വേഗം കൊണ്ടുത്തന്നു.
ഇതെന്നാടി….. പ്രേമലേഖനം രാവിലെതന്നെ..? എനിക്ക് വായിക്കാൻ സമയമില്ല നീയങ്ങുപറഞ്ഞോ ഇത്രയും നാളായില്ലേ കല്യാണം കഴിഞ്ഞിട്ട് ..? നീ നാണിക്കേണ്ട.. ഞാൻ അൽപ്പം റൊമാന്റിക്കോടെ പറഞ്ഞു. എന്നെക്കാൾ മിടുക്കിയാണ് എന്റെ ഭാര്യ, പുള്ളിക്കാരി വളരെ സ്നേഹത്തോടെ പറഞ്ഞു ഓ…. ഇതച്ചായൻ പോകുംവഴി വായിച്ചാൽ മതി… എന്നാലേ ഒരു ഇതൊള്ളൂ…. എന്നിൽ വളരെ പ്രതീക്ഷഉണർത്തുന്നതും ഊർജ്ജം പകരുന്നതുമായ വാക്കുകളായിരുന്നു ആ ഇത്. ഞാൻ പതിവിലും സന്തോഷത്തോടെ പ്രിയപ്പെട്ടവളോട് യാത്രപറഞ്ഞിട്ട് യാത്രയായി… ജോലിക്ക് പോകുംവഴി പേപ്പറുനോക്കാൻ സമയമില്ലാത്തതിനാൽ ജോലിസ്ഥലത്ത് ചെന്നിട്ട് പേപ്പർ തുറന്നുനോക്കി. ആദ്യത്തേ വരിതന്നെ എന്റെ ചങ്ക് പറിഞ്ഞുപോയി.
വരികൾ ഇങ്ങനെയാണ്, ജോലികഴിഞ്ഞു തിരിച്ചു വരുന്നവഴി വിയറ്റ്നാം കടയിൽകയറി മീൻ മേടിക്കണം, പച്ചക്കറി മേടിച്ചാൽ സാമ്പാർ വെക്കുന്നതായിരിക്കും, പിന്നെ സവോള വാങ്ങാൻ മറക്കരുത്. മറന്നുപോയെന്നുള്ള സ്ഥിരം ഡയലോഗ് പറയാതിരിക്കാൻ ആണ് ഞാൻ എഴുതിത്തന്നത്. അഥവാ മറന്നാൽ നാളെ നമ്മളൊരുമിച്ച് ഉപവാസമിരിക്കാം. ഇനിയും അച്ചായൻ ചിന്തിച്ചോ ഉപവസിക്കണോ അതോ മീൻവറത്തത് കഴിക്കണോ..? സ്നേഹത്തോടെ ഭാര്യ. എനിക്ക് കിട്ടിയ ആദ്യത്തേതും അവസാനത്തേതുമായ പ്രേമലേഖനം വായിച്ച് തലകറങ്ങി ജോലി ചെയ്ത് ഒരുകണക്കിന് വൈകിട്ടാക്കി. വരുന്നവഴി കടയിൽ കയറാൻ തുടങ്ങിയപ്പോൾ അറിയപ്പെടുന്ന പ്രശസ്തനും ദൈവഭക്തനുമായ ഒരു അച്ചായനെ കാണുവാനിടയായി. പ്രത്യേകിച്ച് പണക്കാരോട് എനിക്ക് ഒരു പ്രത്യേകസ്നേഹമുണ്ട്. ഞാൻ വളരെ ഇമ്പത്തോടെ വിളിച്ചു.. അച്ചായോ…… ഇംഗ്ലീഷുകാരുടെ ഇടയിൽ ആരാടാ എന്നെ അച്ചായോന്ന് വിളിക്കുന്നത് എന്നുംപറഞ്ഞു എന്നെ ആ ദൈവഭക്തൻ തിരിഞ്ഞുനോക്കി,എന്നെ കണ്ടതും അല്ലാ ജോമോനേ…. നിന്നെക്കണ്ടിട്ട് കുറേ നാളായെല്ലോടാ മക്കളേ… നിനക്കിപ്പോ ജോലിയൊക്കെ നന്നായിട്ടുണ്ടോ..?
ഉണ്ടച്ചായാ.. എടാ മക്കളേ ഇത് ഞാൻ പുതിയതായി മേടിച്ച ബെൻസ് S ക്ലാസ്സ് ആണ് ഒന്നേകാൽ ലക്ഷം ഡോളറായെടാ…. എന്ത് പറയാനാ ദൈവം നടത്തുന്നു.. ഞാൻ അന്തംവിട്ട പെരുച്ചാഴിയെപ്പോലെ ബെൻസ് നോക്കിയിട്ട് അദ്ദേഹത്തോട് ചോദിച്ചു അപ്പൊ അച്ചായന്റെ റേൻജ് റോവറോ ( Range Rover sports ).? എടാ പെണ്ണുംപിള്ളക്ക് കാലിന്റെ മുട്ടിന് വേദന.. അതുകൊണ്ട് അവൾക്കത് കൊടുത്തു. അതാകുമ്പോൾ കാല് നന്നായി നിവർത്തി വെക്കാം. ദൈവത്തിന്റെ കൃപ. ഞാൻ പിന്നെയും അന്തം വിട്ട് ആ ആജാനബാഹുവായ മനുഷ്യനെ നോക്കിനിന്നപ്പോൾ ആ ഭക്തൻ പറയുന്നു എടാ മക്കളേ ദൈവത്തിന് വേണ്ടി കഷ്ടതയും നിന്നയും സഹിക്കണം. നിന്നെപ്പോലെയുള്ള സുഖിമാൻമാരോട് ഞാനിതൊക്കെ പറയുമ്പോൾ നിങ്ങൾക്കിഷ്ടപ്പെടില്ല.
ഞാൻ അതൊക്കെ കേട്ടുനിന്നു. എന്നിട്ട് ആ അച്ചായൻ പറഞ്ഞു സമയമില്ല, വീട്ടിൽ ചെന്നിട്ട് കുറച്ച് പാക്കിംഗ് ഉണ്ട് മക്കളേ.. അപ്പൊ അച്ചായൻ എവിടെപ്പോവാ..? ഓ…. ഒന്നും പറയണ്ടടാ മക്കളേ ഞങ്ങൾ ഫാമിലിയായി നാളെ ഒരു ടൂറിന് പോവാ യൂറോപ്പ് മുഴുവനൊന്നുകറങ്ങണം. അദ്ദേഹം അതുംപറഞ്ഞ് സ്ഥലം വിട്ടപ്പോൾ ഈയുള്ളവൻ ആ നിൽക്കുന്നനിൽപ്പിൽ മുകളിലോട്ടുനോക്കി പറഞ്ഞു ” കർത്താവേ……നിനക്കുവേണ്ടി ദാ.. ആപ്പോയ മനുഷ്യൻ അനുഭവിക്കുന്ന കഷ്ടത എനിക്കുകൂടെ ഇത്തിരിതന്നേക്ക് ഒരു S ക്ലാസ് മുതലാളി ആകാനുള്ള കൊതികൊണ്ടു പറേവാ കേട്ടോ.. ( ആ പ്രാർത്ഥന ദൈവം കേട്ടോ ആവോ )