ജയശ്രീ സലിലാൽ.
കുതിച്ചു പായുന്നമനസ്സിലൂടേ
തകർത്തു പെയ്യുന്നു മഴക്കിനാക്കൾ
ഉയർന്നുവാനിൽ ലയസാന്ദ്രഗീതം
നിശീഥിനിയ്‌ക്കും ഹിതമായൊരീണം
വെളുത്തവാവായ് ചിരിതൂകിനിന്നൂ
മനസ്സിനുള്ളിൽ മറയാത്തമോഹം
പടർന്നുചിന്താമണിവർണ്ണമെന്നിൽ
കൊതിച്ചുഞാനും സുഖമാർന്ന ലോകം!
വളർന്നുവന്നൂ ഹൃദയത്തിനുള്ളിൽ
പ്രസിദ്ധമായുള്ള സമത്വതത്ത്വം
തുറന്നലോകത്തെയടുത്തു കാൺകേ
ഉദാത്തനെഞ്ചം വിറയാർന്നുവല്ലോ!
അകത്തളത്തിൽ നിറയുന്നുലാസ്യം
കടിച്ചുകീറുന്നു മനോഹരിയ്ക്കായ്
പണത്തിനെന്തും വിലപേശിവാങ്ങാൻ
ഒരുക്കമോടേ ചിലതല്പരന്മാർ!
കുമിഞ്ഞു കൂടുന്നൊരശുദ്ധഹൃത്താൽ
അഴുക്കുചാലും നിറയുന്നു പാരിൽ
ഒഴുക്കുനീറ്റിൽ വിതറുന്നു മാന്യർ
മഹത്വമില്ലാതെ ചെളിക്കണങ്ങൾ!
വിചാരമില്ലാത്ത വികാരമർത്ത്യർ
വിവേകമില്ലാതെ മദിച്ചിടുമ്പോൾ
വെറുത്തുപോകുന്നു മനുഷ്യജന്മം
പവിത്രരല്ലാത്ത ജനങ്ങളേയും!
പിറന്നമണ്ണിന്റെ വിഷാദമോർക്കേ
അതാര്യമാകുന്നൊരുപാധി തേടാൻ
പകച്ചുനിന്നൂ ദിശതെറ്റി ഞാനും
ഗുരുക്കളെല്ലാം അകലുന്നനേരം!
അടർന്നുപോയെന്റെ കിനാക്കളപ്പോൾ
ഉടഞ്ഞുവീണെന്റെ സമത്വസത്യം
സഹാനുഭാവാ വഴികാട്ടിടേണേ
വരേണ്യമായുള്ള സമൂഹമെത്താൻ!
(വൃത്തം: ഉപേന്ദ്രവജ്ര)