Wednesday, November 27, 2024
HomeLiteratureമരണത്തിന്നപ്പുറം. (കഥ)

മരണത്തിന്നപ്പുറം. (കഥ)

ഷെരീഫ് ഇബ്രാഹിം.

ആലോചനകൾ കൊണ്ട് തല പുകഞ്ഞിരിക്കുകയാണ് ഞാന്‍. നേരം ഏഴു മണിയായിട്ടും കാർമേഖാവൃതമായ അന്തരീക്ഷമായതു കൊണ്ട് സൂര്യപ്രകാശം കാണുന്നില്ല.

വടക്കേലെ അസീസ്‌ ഓടിവന്നു പറഞ്ഞു:- “അറിഞ്ഞില്ലേ, പൂക്കോലെ ജബ്ബാര്‍ ഹാജി മരിച്ചു”

“ഇന്നാലില്ലാഹി വഇന്നാഇലൈഹി രാജിഊന്‍” ഞാന്‍ അത് ചൊല്ലിയ ശേക്ഷം അസീസിനോട് ചോദിച്ചു: ” എപ്പോഴാണ് സംഭവിച്ചത്?”

“ഒരഞ്ചു മിനിറ്റു മുമ്പ്” അതും പറഞ്ഞു അവന്‍ വേഗത്തില്‍ നടന്നു.

ഞാനും മരണവീട്ടിലേക്ക് ധൃതിയില്‍ നടന്നു. പലസ്ഥലത്ത് നിന്നും സ്ത്രീകളും കുട്ടികളും പുരുഷന്മാരും മരണവീട് ലകഷ്യമാക്കി നടക്കുന്നു. കൂട്ടത്തില്‍ പര്‍ധയിട്ട ചില സ്ത്രീകളെ കണ്ടു. അവരിൽ ചിലരുടെ അനുസരണക്കേട്‌ അറിയാവുന്നത് കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു – അവര്‍ മരിച്ചാല്‍ അവരുടെ പർധ സ്വര്‍ഗത്തില്‍ പോകും.

മയ്യത്തിന്റെ അടുത്ത് ഞാന്‍ ചെന്നു. മുഖം മൂടിയ തുണി മാറ്റി. ഒരു നിമിഷം ഞാന്‍ ആ വ്യക്തിയെ പറ്റി ഓര്‍ത്തു. നല്ലവനുക്ക് നല്ലവന്‍, മോശക്കാരന്ന് മോശക്കാരന്‍ എന്ന് അദ്ദേഹത്തെപറ്റി അദ്ദേഹം തന്നെ പറയാറുള്ളത് ഞാനോര്‍ത്തു. ആരെയും കൂസാത്ത മനുഷ്യന്‍. മരണത്തിന്നു മാത്രം കീഴ്പ്പെട്ടിരിക്കുന്നു.

എല്ലാവരുടെയും അവസാനം ഇത് തന്നെയാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.

പൂർവസ്ഥിതിയിൽ മയ്യത്തിന്റെ മുഖം മൂടി, ഞാൻ പുറത്തു കടന്നു

പെട്ടെന്ന് ജനങ്ങൾ ഭക്ത്യാദരവോടെ എഴുന്നേൽക്കുന്നു. ഒരു കാർ വന്നു നിന്നു. അതിൽ നിന്നും പള്ളി പ്രസിഡണ്ട്‌ മക്കാർ ഹാജി ഇറങ്ങി.

‘ഞാൻ സുബഹി നിസ്കരിച്ചു ദികർ ചൊല്ലികൊണ്ടിരിക്കുമ്പോഴാണ് വിവരം അറിഞ്ഞത്. എപ്പോഴാണ് സംഭവിച്ചത്?’. വന്ന പാടെ മക്കാർ ഹാജിയുടെ ചോദ്യം.

‘ഒരു മാസത്തോളമായി ജബ്ബാർ ഹാജി കടയിൽ പോകാറുണ്ടായിരുന്നില്ല. ഭയങ്കര ക്ഷീണമാണെന്ന് പറഞ്ഞു കിടപ്പായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരിച്ചതു’. ആരോ ഹാജിയാർക്ക് വിശദീകരണം കൊടുത്തു.

‘എപ്പോഴാണ് മയ്യെത്തെടുക്കുക?’.മക്കാർ ഹാജിയുടെ ചോദ്യം വീണ്ടും.

‘അസുഖം കൂടിയപ്പോൾ മകൻ ജബീറും കുടുംബവും മൂത്തമകൾ ജാബിറയും ഒരാഴ്ച മുമ്പ് ഗൾഫീന്ന് വന്നു. രണ്ടു ദിവസം മുമ്പ് മൂത്ത മരുമകൻ ഷെജീലും വന്നു’. ആരോ ഹാജിയാർക്ക് വിശദീകരണം കൊടുത്തു.

‘രണ്ടാമത്തെ മകൾ ജബീനയും ഭർത്താവും ബഹറയിനിലാണല്ലോ. അവർ അസുഖം കൂടിയെന്ന് കേട്ടപ്പോൾ പുറപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നെടുമ്പാശ്ശേരിയിൽ എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിന്നുള്ളിൽ അവളും ഭർത്താവ് ജബീലും എത്തും. എന്നിട്ടാണ് മയ്യത്ത് കുളിപ്പിക്കാനെടുക്കൂ’

ഒരു കാര്‍ മുറ്റത്തു വന്നു നിന്നു. അതില്‍നിന്നും രണ്ടാമത്തെ മകള്‍ ജബീനയും ഭര്‍ത്താവും ഇറങ്ങി. ഉപ്പാക്ക് സുഖമില്ലെന്ന് മാത്രമാണ് അവളെ അറിയീച്ചിരുന്നുള്ളൂ. പുറത്തെ ആള്‍ക്കൂട്ടവും നീലപ്പന്തലും കണ്ടപ്പോള്‍ അവള്‍ക്കു കാര്യം മനസ്സിലായി.

‘ഉപ്പാ ………….എന്റെ പൊന്നുപ്പാ…….’.അവള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. തളര്‍ന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ജബീല്‍ അവളെ താങ്ങിപ്പിടിച്ചു. അവനും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

അവളെ മയ്യത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു.

അവള്‍ കുതറിമാറിക്കൊണ്ട് പറഞ്ഞു. ‘വേണ്ട, എനിക്കെന്റെ ഉപ്പാനെ ഈ രൂപത്തില്‍ കാണേണ്ട’.അത് കഴിഞ്ഞു അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി. ‘ഉപ്പാ. ഉപ്പാടെ പൊന്നുമോള്‍, ഉപ്പാക്ക് ഇഷ്ടപ്പെട്ട പെർഫ്യും കൊണ്ട് വന്നിട്ടുണ്ട്. ഉപ്പാ ഒന്ന് കണ്ണ് തുറന്നെ”

ഞാനവളെ ആശ്വസിപ്പിച്ചു. ‘നിങ്ങള്‍ മക്കളൊക്കെ ഉപ്പാക്കും നിങ്ങള്‍ക്കും പേരുദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലല്ലോ?നിങ്ങളുടെ ഉപ്പ അതെന്നോട് എപ്പോഴും പറയാറുണ്ട്‌”

അവള്‍ യാസീന്‍ ഓതിതുടങ്ങി. ശേഷം മഗ്ഫിറതിന്നുള്ള പ്രാര്‍ഥനയും.

‘ആരും ഇനി കരയരുത്. നമുക്കിനി പ്രാര്‍ഥിക്കാം’. ജബ്ബാർക്കാടെ മകൻ ജബീറാണത് പറഞ്ഞത്.

ജാബിറ കരഞ്ഞു തളര്‍ന്നു വാടിയ ചേമ്പിന്‍തണ്ടു പോലെ കിടക്കുകയായിരുന്നു. അനുജത്തി വന്നപ്പോള്‍ വീണ്ടും അവള്‍ കരയാന്‍ തുടങ്ങി.

‘എന്റെ അനുജന്‍ പോയല്ലോ?’.എന്ന് ഗധ്ഗധകണ്ടനായി പറഞ്ഞുകൊണ്ട് ഉസ്മാന്‍ ഹാജി വന്നു. ആദ്യമായാണ് അദ്ദേഹം കരയുന്നത് ഞാന്‍ കണ്ടത്. ഒരേ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു ജബ്ബാര്‍ ഹാജിയും ഉസ്മാന്‍ ഹാജിയും. രണ്ടു പേരുടെയും വ്യക്തിപരമായ കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും മനസാവാചാകർമണ സഹായിക്കാറുണ്ട്.

‘മയ്യത്തിന്റെ വയർഭാഗത്ത്‌ ഒരു നാണയമോ മറ്റോ വെക്കൂ. അല്ലെങ്കില്‍ വയര്‍ വീര്‍ക്കാനിടയുണ്ട്’. ഞാന്‍ ജബീറിനോട് പറഞ്ഞു. അവനതു ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജബ്ബാര്‍ ഹാജിയുടെ അനുജൻ നസീർ വന്നു. മയ്യത്ത് കണ്ടു തിരിച്ചു വന്നു എല്ലാവരും കേള്‍ക്കെ അദ്ദേഹം പറഞ്ഞു ‘ജബ്ബാര്‍ക്ക എന്റെ ഇക്ക മാത്രമല്ല, കൂട്ടുകാരന്‍ കൂടിയായിരുന്നു. ഒരു പാട് ഉപകാരങ്ങള്‍ ഞാൻ ഇക്കാക്ക് ചെയ്തിട്ടുണ്ട്’.

കേട്ടവരും ഞാനും ഉള്ളാലെ ചിരിച്ചു.

കാരണം ജബ്ബാര്‍ ഹാജിയോടും കുടുംബത്തോടും ഏറ്റവും കൂടുതല്‍ ഉപദ്രവം ചെയ്ത വ്യക്തിയാണയാൾ. മരിച്ചുകിടക്കുന്ന വ്യക്തി ആ സത്യം മാളോരോട് പറയില്ലായെന്ന് അദ്ദേഹത്തിന്നറിയാം.

മയ്യത്ത് എടുത്തുകിട്ടിയാല്‍ മതി തടിതപ്പാം എന്ന ചിന്ത പലർക്കുമുള്ളതായി അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി.

കാർമേഖാവൃതമായ ആകാശം പോലെ എന്റെ മനസ്സും ദു:ഖസാന്ദ്രമായി. പലപലചിന്തകള്‍ എന്റെ മനസ്സില്‍ തത്തിക്കളിച്ചു. മനുഷ്യന്‍ പടവെട്ടിയിട്ടു എന്തു നേടുന്നു? രണ്ടു കയ്യും കാലിയാക്കി ഈ ഭൂമിയില്‍ നിന്നും പോകുന്നു. തത്കാലം എന്റെ ത്വത്തചിന്തകള്‍ക്ക് വിരാമമിട്ടു.

പള്ളി ഖതീബും പരിവാരങ്ങളും എത്തി, ആരും ക്ഷണിക്കാതെ തന്നെ. 200 മീറ്റര്‍ അടുത്തുള്ള വീട്ടില്‍ പോലും നിക്കാഹിന്നു വിളിച്ചാല്‍ കാര്‍ കൊണ്ട് ചെല്ലണമെന്നത് ഈ കാര്യത്തില്‍ മാത്രമില്ല.

ചന്ദനത്തിരിയുടെ മണം പരിസരത്ത് പരന്നിരിക്കുന്നു. ജബ്ബാർ ഹാജിയുടെ മക്കൾ വിവാഹം കഴിച്ചവരുടെ വീട്ടുകാരും ബന്ധക്കാരും വന്നു കൊണ്ടിരുന്നു. ആരൊക്കെയോ റീത്ത് കൊണ്ടുവന്നു. മയ്യത്തിന്റെ ദേഹത്തു തട്ടാതെ ഷെജീൽ മാറ്റി വെച്ചു. പേരക്കുട്ടികള്‍ മയ്യത്തിന്മേല്‍ വന്ന ഈച്ചകളെ ആട്ടിക്കൊണ്ടിരുന്ന. ആലുവയില്‍ നിന്നും ബാവ മുസ്ലിയാര്‍ വന്നു.

മുന്‍ പള്ളി സെക്രട്ടറി ഇല്യാസ് വന്നു. ഞാന്‍ അദ്ധേഹത്തെ സ്വീകരിച്ചു. പെരുന്നാള്‍ നിസ്കാരത്തിന്നൊഴികെ ഞാന്‍ തൃപ്രയാര്‍ പള്ളിയിലാണല്ലോ പോകാറ്.

‘എവിടെ വരെയായി പള്ളിപണിയൊക്കെ ?’. എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു.

“ഞങ്ങളുടെ കമ്മറ്റി ഇപ്പോഴില്ലല്ലോ? ഈ കമ്മറ്റി എങ്ങിനെയാ പണി പൂര്‍ത്തിയാക്കുക എന്ന് ഞങ്ങളൊന്നു കാണട്ടെ. എന്റെ മകന്‍ പള്ളിപണിക്കു പൈസ അയക്കാമെന്നു പറഞ്ഞു. തത്കാലം പൈസ അയക്കണ്ടാന്നു ഞാനവനോട് പറഞ്ഞിട്ടുണ്ട്”

മുന്‍ സെക്രെട്ടരിയുടെ മറുപടി കേട്ടപ്പോള്‍ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി.

ജമാഅത്തെ ഇസ്ലാമിയുടെ മക്കായിക്കയും മുജാഹിദ് പള്ളിയിലെ അശറഫ് സുല്ലമിയും വന്നു. വന്നപാടെ അവര്‍ എല്ലാവർക്കും സലാം ചൊല്ലി. ഞങ്ങളുടെ മഹല്ല് ഖത്തീബ് ഒഴികെ മറ്റെല്ലാവരും സലാം മടക്കി.

മയ്യത്ത് കുളിപ്പിക്കാനുള്ള സംവിധാനം ഞാന്‍ ചെന്ന് നോക്കി വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു. ഉസ്മാന്‍ ഹാജി ആരെയൊക്കെയോ വിളിച്ചു ഖബര്‍ വെട്ടാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തു.

“അപ്പോള്‍ ഇനി മയ്യത്ത് കുളിപ്പിക്കാനെടുക്കാം അല്ലെ?” പകുതി നിർദേശമായും പകുതി അനുവാദമായും ജബ്ബാർ ഹാജിയുടെ അനുജൻ റഹീം എല്ലാവരോടുമായി ചോദിച്ചു. അപ്പോളാണ് സമയം അതിക്രമിച്ചല്ലോ എന്നെല്ലാവര്‍ക്കും മനസ്സിലായത്‌. വെള്ളിയാഴ്ച്ചയായത്കൊണ്ട് ജുമുഅക്ക് മുമ്പ് മയ്യത്തെടുക്കാനാണ് അവന്‍ ധൃതി കൂട്ടിയത്.

മയ്യത്ത്‌ കുളിപ്പിക്കാനെടുത്തു. ജബ്ബാർ ഹാജിയുടെ മകനും അനിയൻമാർ രണ്ടു പേരുമാണ് മയ്യത്ത് കുളിപ്പിച്ചത്. കുളിപ്പിക്കാന്‍ മയ്യെത്തെടുത്തപ്പോള്‍ മക്കളുടെയും പേരക്കുട്ടികളുടെയും അനുജന്മാരുടെയും കരച്ചില്‍ കണ്ടപ്പോള്‍ കണ്ടു നിന്നവര്‍ക്കാര്‍ക്കും സഹിക്കുവാന്‍ കഴിഞ്ഞില്ല.

ഉസ്മാന്‍ ഹാജിയും ബാവ മുസലിയാരും കൂടിയാണ് കുളിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.

മയ്യത്ത് കുളിപ്പിച്ച ശേഷം കഫന്‍ ചെയ്യാനായി മുറിയിലേക്ക് കൊണ്ട് വന്നു. മകള്‍ കൊണ്ട് വന്ന തുറക്കാത്ത സ്പ്രേ മയ്യത്തിന്മേല്‍ അടിക്കണമെന്ന ജബ്ബാര്‍ ഹാജിയുടെ ഒസ്യത്ത് ഞാന്‍ ജബ്ബർ ഹാജിയുടെ അനുജൻ താഹയോട്‌ രഹസ്യമായി പറഞ്ഞു. അവന്‍ അപ്രകാരം ചെയ്തു.

മയ്യത്ത് കഫന്‍ ചെയ്യുന്നു. ദ്വാരങ്ങളിലെല്ലാം പഞ്ഞി വെക്കുന്നു. മക്കളും പേരക്കുട്ടികളും അനുജന്മാരും അവസാനമായി മയ്യത്തിനെ കെട്ടിപിടിച്ചു ചുംബിക്കുന്നു, പൊട്ടിക്കരയുന്നു. മക്കളെ മയ്യത്തിന്മേല്‍ നിന്ന് മാറ്റാന്‍ വളരെ പണിപെട്ടു.

നിസ്കാരത്തിന്നായി മയ്യത്ത് പുറത്തെടുത്തു.

‘സ്ത്രീകള്‍ക്കും നിസ്കരിക്കാം’.താഹയുടെ നിര്‍ദേശം. നിസ്കരിക്കുന്നതിന്നു മുമ്പ് റഹീം എല്ലാവരോടുമായി പറഞ്ഞു. ‘ഞങ്ങളുടെ ഇക്ക വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊറുത്ത് കൊടുക്കണം. അത് പോലെ എന്തെങ്കിലും സാമ്പത്തിക ഇടപാട് ഉണ്ടെങ്കില്‍ ഞങ്ങളോട്‌ പറയണം. ഞങ്ങള്‍ തന്നു കൊള്ളാം’.

മകനാണ് ഇമാമായി മയ്യത്ത് നിസ്കരിച്ചത്. പെണ്‍മക്കളടക്കം എല്ലാവരും നമസ്കരിച്ചു. ബാവ മുസലിയാര്‍ ദുആ ചെയ്തു. പെട്ടെന്നാണ് റഹീമും താഹയും വിങ്ങിപ്പൊട്ടികരയുന്നത് കണ്ടത്. കരയരുതെന്ന് എല്ലാവരോടും ഉപദേശിച്ചയാള്‍ തന്നെ കരയുന്നു. ഞാനവനെ ആശ്വസിപ്പിച്ചു.

‘ജബ്ബാര്‍ ഹാജിയുടെ പ്രശ്നഘട്ടങ്ങളില്ലാം ആത്മാര്‍ഥമായി നീയും താഹയും അദ്ധേഹത്തെ സഹായിച്ചിട്ടുണ്ടല്ലോ.അതദ്ധേഹം പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്. ജബ്ബാര്‍ ഹാജിയുടെ ഗുരുത്വം പൊരുത്വം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും’.

‘അപ്പോള്‍ ഇനി മയ്യത്ത് എടുക്കാമല്ലോ?’.ഞാന്‍ പറഞ്ഞു.

മയ്യത്ത് കട്ടിലിന്റെ കാലുകളില്‍ ജബ്ബാർ ഹാജിയുടെ മകനും മരുമക്കളും അനുജന്മാരും കൈവെച്ച് പൊന്തിച്ചു.

=================================

എനിക്കെന്തോ എന്റെ ദേഹം കുലുങ്ങുന്നത് പോലെ, ആകാശത്തേക്ക് പൊന്തുന്നത്‌ പോലെ തോന്നി.

ആദ്യം എനിക്കൊന്നും മനസ്സിലായില്ല

പിന്നീടാണ് എനിക്കാ സത്യം ഉള്‍കൊള്ളാന്‍ കഴിഞ്ഞത്.

ആ മയ്യത്ത് കട്ടിലില്‍ കിടക്കുന്ന ദേഹം എന്റെതാണ്.

 

മേമ്പൊടി:

മരണദേവനൊരു വരം കൊടുത്താല്‍

മരിച്ചവരൊരു ദിനം തിരിച്ചു വന്നാല്‍

കരഞ്ഞവര്‍ ചിലര്‍ പൊട്ടി ചിരിക്കും,

ചിരിച്ചവരോ, കണ്ണീരു പൊഴിക്കും.

RELATED ARTICLES

Most Popular

Recent Comments