മുസ്ലിഹുധീന്‍ പി പി.
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള ജനകീയ ഭീമഹരജിയിൽ ജില്ലയിൽ നിന്ന് അരലക്ഷം ഒപ്പുകൾ സമാഹരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ അറിയിച്ചു. സാമൂഹ്യമായും സാമ്പത്തികമായും കാലങ്ങളായി അടിച്ചമർത്തപ്പെട്ട പട്ടികജാതി-പട്ടികവർഗ ജനസമൂഹങ്ങൾക്കെതിരിലുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും തടയിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 1989 ൽ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം നിലവിൽ വരുന്നത്. സാങ്കേതികമായി ഈ നിയമം നിലവിലുണ്ടെങ്കിലും അധികാരവും സ്വാധീനവും ഉപയോഗപ്പെടുത്തി ഭൂരിഭാഗം കേസുകളും തേച്ചു മായ്ച്ചു കളയുകയാണ്.
എങ്കിലും പട്ടികജാതി പട്ടികവർഗ ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിയമ പരിരക്ഷ രാജ്യത്തെ നിയമസംവിധാനത്തിനകത്ത് അതിക്രമങ്ങൾക്കെതിരിൽ പോരാടുവാനുള്ള ആയുധവും അത്താണിയും ആയിരുന്നു. എന്നാൽ 2018 മാർച്ച് 20 ന് സുപ്രീംകോടതി പ്രസ്തുത നിയമത്തെ ദുർബലപ്പെടുത്തുന്ന ഒരു വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്. രാജ്യത്തെ എസ് സി എസ് ടി സാമൂഹിക ജനവിഭാഗങ്ങൾക്ക് നിയമപരമായ പരിരക്ഷയൊരുക്കിയ ഒരു നിയമത്തെ ദുർബലപ്പെടുത്തുന്ന വിധിപ്രസ്താവം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തെ അതീവ ലാഘവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും അദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രപതിക്ക് ജനകീയ ഭീമഹരജി സമർപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിരിക്കുന്നു. ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അംബേദ്കറിസ്റ്റ് ഫോർ സോഷ്യൽ ആക്ഷൻ സംസ്ഥാന അദ്ധ്യക്ഷൻ രമേഷ് നന്മണ്ട, ബി.എസ്.പി ആക്ടിവിസ്റ്റ് മുഹമ്മദ് അഷ്റഫ് എന്നിവർ ഭീമഹരജിയിൽ ഒപ്പിട്ട് നിർവഹിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി.സി, സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി സെക്രട്ടറിയേറ്റ് അംഗങ്ങളായ സൂര്യപ്രഭ, മുനീബ് എലങ്കമൽ, മുസ് ലിഹ് പെരിങ്ങൊളം, ഗസ്സാലി വെള്ളയിൽ, മുജാഹിദ് പേരാമ്പ്ര, റഈസ് കിണാശ്ശേരി ,ഹാദിയ സി.ടി എന്നിവർ സംസാരിച്ചു