വാഷിങ്ടന്‍ ഡിസി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സ്വകാര്യ അറ്റോര്‍ണി മൈക്കിള്‍ കോനിന്റെ ഓഫിസ് റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്ത എഫ്ബിഐയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഇതു രാജ്യത്തിനു നേരെയുള്ള ആക്രമണത്തിന്റെ ഭാഗമാണെന്നും കോപാകുലനായി ട്രംപ് പ്രതികരിച്ചു. ഏപ്രില്‍ 9 തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്.
അറ്റോര്‍ണിയുടെ റോക്ക് ഫെല്ലര്‍ സെന്റര്‍ ലൊ ഓഫിസും പാക്ക് അവന്യുവിലുള്ള അപ്പാര്‍ട്ട്‌മെന്റും ഒരേ സമയം എഫ്ബിഐ ഏജന്റുമാര്‍ പരിശോധിച്ചു. മന്‍ഹാട്ടന്‍ റീഗന്‍സി ഹോട്ടലില്‍ കോന്‍ താമസിച്ചിരുന്ന മുറിയിലും ഏജന്റുമാര്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ട്രംപുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന മുന്‍ സിനിമാതാരത്തിനു തിരഞ്ഞെടുപ്പിന് മുന്‍പ് 130,000 ഡോളര്‍ നല്‍കിയതും ട്രംപ് ക്യാംപെയിന്‍ റഷ്യയുമായി ബന്ധപ്പെട്ടു കോനിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് റെയ്ഡ് എന്നു പറയപ്പെടുന്നു.
വിവിധ കേസുകളുടെ രഹസ്യ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന അറ്റോര്‍ണിയുടെ ഓഫിസിലേക്കുള്ള നുഴഞ്ഞു കയറ്റം വളരെ അപകടകരമാണെന്നു കോനിന്റെ അറ്റോണി ഓഫീസ് അറിയിച്ചു.