പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ അരമില്യനിലധികം വരുന്ന ഇന്ത്യന്‍ വംശജരില്‍ ആറില്‍ ഒരാള്‍ വീതം ശരിയായ യാത്ര രേഖകളില്ലാതെ കഴിയുന്നവരാണെന്ന് ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2020 ല്‍ അമേരിക്കയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കുത്തനെ കുറയുവാനുള്ള സാധ്യതകളുണ്ടെന്ന് സിവില്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും സി.ഇ.ഓ.യുമായ വനിതാ ഗുപ്ത ചൂണ്ടികാട്ടി.ഒബാമ ഭരണത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സിവില്‍ റൈറ്റ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ ഗുപ്ത കണക്കുകള്‍ ഉദ്ധരിച്ചാണ് ഇന്ത്യന്‍ വംശജരുടെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ കുടുംബങ്ങളില്‍ ഒരാള്‍ സിറ്റിസണ്‍ ആണെങ്കില്‍ മറ്റുചിലര്‍ അനധികൃതമായി താമസിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങള്‍ ജനസംഖ്യ കണക്കെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നതിനാലാണ് ഇന്ത്യന്‍ വംശജരുടെ എണ്ണം കുറയുമെന്ന് വനിതാ ഗുപ്ത ചൂണ്ടികാണിക്കുന്നത്.ട്രമ്പ് ഭരണകൂടം ഇമ്മിഗ്രന്റ്‌സിനെതിരെ സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകള്‍ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ടെന്നുള്ളതും കാരണമാണ്. ക്രിയാത്മക ജനാധിപത്യത്തിന്റെ ഭാഗമായ ജനസംഖ്യ നിര്‍ണ്ണയം വളരെ പ്രധാനപ്പെട്ടതാണെന്നും, അതില്‍ പങ്കെടുക്കേണ്ടതാണെന്നും വനിതാ ഗുപ്ത അഭിപ്രായപ്പെട്ടു.
2020 ലെ സെന്‍സസിന് ആവശ്യമായ ഫണ്ടിങ്ങിനും 3.8ബില്യണ്‍ ഡോളര്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 933 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്നതിനാല്‍ സെന്‍സസ് യാഥാര്‍ത്ഥ്യമാകുമെന്നും വനിതാ ഗുപ്ത പറഞ്ഞു.