Tuesday, December 10, 2024
HomeAmericaനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും വൃദ്ധയെ രക്ഷിച്ച തോമസിന് അഭിനന്ദനങ്ങളുടെ പ്രവാഹം.

നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും വൃദ്ധയെ രക്ഷിച്ച തോമസിന് അഭിനന്ദനങ്ങളുടെ പ്രവാഹം.

പി.പി.ചെറിയാന്‍.
ഹൂസ്റ്റണ്‍ : നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും വൃദ്ധയെ രക്ഷിച്ച തോമസിന് അഭിനന്ദനങ്ങളുടെ പ്രവാഹം. ഏപ്രില്‍ 6 വെള്ളിയാഴ്ച ആണു സംഭവം. അതിരാവിലെ വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്നു തോമസ്. വാവിട്ടു കരയുന്ന ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണു പുറത്തിറങ്ങിയത്. വീടിനു പുറകില്‍ പ്രത്യേകിച്ചു ഒന്നും കണ്ടെത്താനായില്ല. മുന്‍ വശത്തെ വാതില്‍ തുറന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു.
റോക്ക് വാലര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടു നായ്ക്കള്‍ ചേര്‍ന്ന് 70 വയസ്സോളം പ്രായമുള്ള ഒരു വൃദ്ധയെ തലങ്ങു വിലങ്ങും ആക്രമിക്കുന്നു. ഒരു നിമിഷം പോലും കളയാതെ വീടിനകത്തേക്ക് ഓടിക്കയറി ഒരു കയ്യില്‍ വലിയൊരു കമ്പിപാരയും മറ്റേ കയ്യില്‍ ഫോണുമായി വൃദ്ധയുടെ സമീപത്തെത്തി.
കയ്യിലും തുടയിലും മുഖത്തും ഇതിനകം കടിയേറ്റ വൃദ്ധ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. കമ്പി കൊണ്ടു നായ്ക്കളെ നേരിട്ട തോമസ് 911 വിളിച്ചു പൊലീസിനെ വിവരം അറിയിച്ചു. തോമസിനേയും ആക്രമിക്കാന്‍ നായ്ക്കള്‍ ശ്രമിച്ചുവെങ്കിലും കമ്പിപ്പാര അതിവേഗം വീശിയതിനാല്‍ അക്രമിക്കാനായില്ല. പത്തുമിനിട്ടിനകം പൊലീസ് എത്തി നായ്ക്കളെ പിടികൂടി. ഗുരുതരമായി പരുക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിയര്‍ലാന്റില്‍ താമസിക്കുന്ന മലയാളിയായ തോവേലില്‍ തോമസ് (മാരാമണ്‍) മെട്രോ ബസ്സ് കമ്പനി ജീവനക്കാരനായിരുന്നു. രാവിലെ നടക്കാനിറങ്ങിയ വൃദ്ധക്ക് സംഭവിച്ചതറിഞ്ഞു പല പ്രാദേശിക ടിവി ചാനലുകളും വീട്ടില്‍ എത്തി ഇന്റര്‍വ്യു നടത്തിയതായി തോമസ് പറഞ്ഞു. ടിവിയിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്ത വൈറലായതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. നിരവധി പേരാണ് തോമസിന്റെ സന്ദര്‍ഭോചിത ഇടപെടലിനെ അഭിനന്ദിച്ചു കുറിപ്പുകള്‍ എഴുതിയത്. തക്ക സമയത്ത് ദൈവം എന്നെ അവിടെ എത്തിച്ചില്ലായിരുന്നുവെങ്കില്‍ വൃദ്ധയെ നായ്ക്കള്‍ ഭക്ഷണമാക്കുമായിരുന്നുവെന്നാണ് തോമസ് പറയുന്നത്. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ അംഗം കൂടിയാണ് തോമസ്.
RELATED ARTICLES

Most Popular

Recent Comments