Monday, September 9, 2024
HomeLiteratureപതിനാലുകാരിയുടെ നൊമ്പരം. (കഥ)

പതിനാലുകാരിയുടെ നൊമ്പരം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അതിരാവിലെ മുതൽ പണിയെടുക്കുന്നതാണ്. ഉറക്കക്ഷീണവും ഉണ്ട്. സമയം രാത്രി പത്ത് മണി കഴിഞ്ഞിട്ടുണ്ട്. എനിക്ക് നല്ല വിശപ്പുണ്ട്. നാളെ ഈ വീട്ടിലെ ജബ്ബാർക്ക പേർഷ്യയിൽ നിന്നും വരുന്നത് കൊണ്ട് ഒരു പാട് റൂമുകൾ തുടച്ച് വൃത്തിയാക്കാനുണ്ടായിരുന്നു.
വീട്ടിലെ ഇത്തയും എന്റെ അതേ പ്രായമുള്ള, പതിനാല് വയസ്സുള്ള ജമീലയും പത്ത് വയസ്സുള്ള ജസീനയും കൂടി ടെലിവിഷനിൽ സീരിയൽ കാണുന്നു. ഞാൻ അടുക്കളയിൽ തന്നെ നിൽക്കുകയാണ്. കുറച്ച് പാത്രങ്ങൾ കൂടി കഴുകാനുണ്ട്. നിന്ന് കാൽകഴച്ചതു കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും അടുക്കളയിൽ തന്നെ ഇരുന്നു. അവരെല്ലാം ബന്ധുവീടുകളിൽ പോയി വന്നിരിക്കുകയാണ്. അവർക്ക് ചിലപ്പോൾ വിശപ്പില്ലായിരിക്കാം. ഇനി അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞതിന്നു ശേഷമേ എനിക്ക് ഭക്ഷണം കഴിക്കാൻ പാടുള്ളൂ. അതും അവരെല്ലാം കഴിച്ചതിന്റെ ബാക്കി.
അടുക്കളയിൽ താഴെ ഇരുന്നു ഉറങ്ങി പോയതറിഞ്ഞില്ല. ഇത്താടെ ശബ്ദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ‘ഇതെന്താ സുഖിക്കാനാണോ ഇവിടെ വന്നത്. ചോറ് കൊണ്ട് വെച്ചേ, വിശന്നിട്ടു വയ്യ.’
ഞാൻ പേടിച്ചു. ദു:ഖം ഉള്ളിലടക്കി. അവർക്ക് ഭക്ഷണം കൊണ്ട് വെച്ചു. വീണ്ടും അവർ ഭക്ഷണം കഴിച്ചു കഴിയുന്നത്‌ വരെ അടുക്കളയിൽ നിന്നു.
‘എടീ കൌസൂ, നീ എന്തെടുക്കുകയാ?നാളെ ഇക്ക വരുന്നതല്ലേ, നീ ആ റൂം ഒന്ന് തൊടച്ചേ.’
‘വേണ്ട ഉമ്മ ഈ നേരം വരെ കൌസൂ പണിയെടുത്തില്ലേ. ഇനി ഭക്ഷണം കഴിച്ചു ഉറങ്ങിക്കോട്ടെ’
ജമീല അത് പറഞ്ഞപ്പോൾ ഇത്ത മറ്റൊന്നാണ് പറഞ്ഞത് ‘അല്ലെങ്കിലും ഞാനില്ലാത്തപ്പോൾ അവൾ ആ മുറിയിൽ കയറിയാൽ എന്തെങ്കിലും മോഷ്ടിക്കും’
ഇത്ത പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അടക്കിപ്പിടിച്ച ദു:ഖം അണപൊട്ടിയൊഴുകി. അവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയെല്ലാം ഒരു പാത്രത്തിലാക്കി എനിക്ക് തന്നു. നല്ല വിശപ്പുണ്ട്. പക്ഷെ കഴിക്കാൻ മനസ്സ് വരുന്നില്ല. ബാക്കി വന്ന ഭക്ഷണം ആയത് കൊണ്ടല്ല. എന്നെ കള്ളിയാണെന്ന് പറഞ്ഞത് സഹിക്കാൻ കഴിയുന്നില്ല.
എന്റെ വീട് പാലക്കാട് ജില്ലയിലെ നെന്മാറ എന്ന സ്ഥലത്താണ്. ഉപ്പാക്ക് കോയമ്പത്തൂരിൽ ഒരു ഹോട്ടെലിൽ ആയിരുന്നു ജോലി. എനിക്ക് ഒരു അനുജത്തിയുണ്ട് – റുക്കു. ഉപ്പ കൊയമ്പത്തൂരിൽ വെച്ച് റോഡ്‌ മുറിച്ചു കടക്കുമ്പോൾ ഒരു വാഹനം ഇടിച്ചു മരിച്ചു. അതിന്നു ശേഷം ഉമ്മ അടുത്ത വീടുകളിൽ പണിയെടുത്താണ് ജീവിക്കുന്നത്. ഞാൻ നാലാം ക്ലാസ് വരെ പഠിച്ചു. പിന്നെ എന്നെ ഓരോ സ്ഥലത്തും വീട്ടുപണിക്ക് നിർത്തും. അങ്ങിനെയാണ് ഞാൻ ഇവിടെ എത്തിയത്.
നല്ല ക്ഷീണമുണ്ട്. വിശപ്പും. കുറച്ചു വെള്ളം കുടിച്ചു. അടുക്കളയിലാണ് എന്റെ കിടപ്പ്. പായ നിവർത്തിയിട്ടു കിടന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഉമ്മാടെ അടുത്ത് ഞങ്ങൾ കെട്ടിപ്പിടിച്ച് കിടന്നിരുന്ന രംഗം ഓർമയിൽ വന്നു. ഉമ്മാടെ ഒരു ഭാഗത്ത്‌ ഞാനും മറുഭാഗത്ത്‌ റുക്കുവും കിടക്കും. ഉമ്മാടെ മുഖം എന്റെ ഭാഗത്തേക്ക് ഞാൻ തിരിക്കും. അപ്പോൾ റുക്കു അവളുടെ ഭാഗത്തേക്ക് ഉമ്മാടെ മുഖം തിരിക്കും. അങ്ങിനെ ഞങ്ങൾ മത്സരിച്ചു ഞങ്ങളുടെ കാലുകൾ ഉമ്മാടെ ദേഹത്ത് വെച്ച് ഉമ്മാടെ ചൂട് തട്ടിയുറങ്ങും.
എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. ഇത്താടെ ശബ്ദം കേട്ടാണ് ഉണർന്നത്.
‘എടീ കൌസൂ, നീ വേഗം ചായയുണ്ടാക്ക്. ഞങ്ങൾക്ക് നെടുമ്പാശേരി എയർപോര്ടിലേക്ക് പോണം. ഭക്ഷണമൊക്കെ പുറത്തു നിന്നും കഴിച്ചോളാം, നീ ഞങ്ങൾ വരുന്നത് വരെ അടുത്ത ജലജയുടെ വീട്ടിൽ നിന്നാൽ മതി’
ഞാൻ ജലജേച്ചിയുടെ വീട്ടിലേക്ക് പോയി. അവർ എനിക്ക് ഭക്ഷണം തന്നു. കൂടാതെ ഒരു ആപ്പിളും. ഞാൻ ഭക്ഷണം കഴിച്ചു. ആപ്പിൾ മുറിച്ചു ഒരു കഷണം കടിച്ചപ്പോൾ എന്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ പൊഴിഞ്ഞു. ഹൃദയം തുടിച്ചു. ഈ സ്വാദ് എന്റെ അനുജത്തിക്കും ഉമ്മാക്കും ലഭിച്ചില്ലല്ലോ എന്നാലോചിച്ചപ്പോൾ കഴിക്കാൻ കഴിഞ്ഞില്ല. നബിദിനത്തിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഉമ്മാക്കും അനുജത്തിക്കും ആപ്പിൾ വാങ്ങികൊടുക്കണം. പിന്നെ ഇത്താടെ മക്കൾ വലിച്ചെറിയുന്ന കുറച്ച് മഷിയുള്ള പേനയും പെൻസിലും മറ്റും എടുത്ത് വെച്ചിട്ടുണ്ട്. അത് ഇനി നാട്ടിൽ പോകുമ്പോൾ റുക്കുവിന്നു കൊടുക്കണം.
ഉച്ചയായപ്പോഴേക്കും ജബ്ബാർക്കയും ഇത്തയൊമൊക്കെ വന്നു. ഞാൻ ഇക്കാനെ കണ്ടപ്പോൾ പേടിച്ചു അടുക്കള വഴി അകത്തേക്ക് ചെന്നു. ഇക്കാടെ കണ്വൊട്ടത്ത് ചെല്ലാതിരിക്കാൻ ശ്രദ്ധിച്ചു. ഇക്കാനെ കാണുമ്പോൾ എനിക്കെന്തോ ഒരു പേടി.
അവർ വാങ്ങി കൊണ്ട വന്ന ഭക്ഷണം കഴിക്കാൻ ഞാൻ പാത്രങ്ങളൊക്കെ കഴുകി വെച്ചു. അവർ ഭക്ഷണം കഴിച്ചു തുടങ്ങി. ഞാൻ അടുക്കളയിൽ തന്നെ നിൽക്കുകയാണ്. അറബി ഭക്ഷണമാണെന്നും അതിന്റെ പേര് ഹുബ്ബ്സ്, ചിക്കൻ കബാബ് എന്നൊക്കെ ഇത്താടെ മക്കൾ പറയുന്നത് കേട്ടു.
‘വാപ്പച്ചി വേഗം വായോ ഞങ്ങൾക്ക് വിശക്കുന്നു’ എന്ന് കുട്ടികൾ പറയുന്നത് കേട്ടു.
ഇക്ക ഭക്ഷണം കഴിക്കാൻ എത്തിയിട്ടില്ലെന്ന് തോന്നുന്നു.
ഇതാണ് വാപ്പച്ചിയുടെ സീറ്റ്‌ എന്ന് ആരോ പറയുന്നത് കേട്ടു.
‘അല്ല റാബിയ, നിന്റെ അസിസ്റ്റന്റ്‌ എവിടെ?’ ഇക്കാടെ ചോദ്യം
‘വേലക്കാരത്തിയുടെ കാര്യമാണോ ഇക്ക ചോദിക്കുന്നത്?’ ഇത്ത മറുചോദ്യമാണ് ചോദിച്ചത്
അതെ എന്ന് ഇക്ക പറഞ്ഞപ്പോൾ ഇത്ത എന്നെ വിളിച്ചു. എനിക്ക് ഭയങ്കര ഭയമായി, ഇക്കാടെ അടുത്തേക്ക്‌ പോകാൻ വലിയ പേടി. പക്ഷെ ഇത്ത വീണ്ടും വിളിച്ചപ്പോൾ ഞാൻ അവിടെ ചെന്നു.
‘എന്താണ് നിന്റെ പേര്?’
പേടിച്ച് വിറച്ചു ആ ചോദ്യത്തിന്നു മറുപടി കൊടുത്തു.
‘കൌസു ഭക്ഷണം കഴിച്ചില്ലേ?ഇക്കാടെ അടുത്ത ചോദ്യം
അതിന്നു ഇത്തയാണ് മറുപടി കൊടുത്തത് ‘ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടേ അവൾ കഴിക്കൂ’
‘നിങ്ങളുടെ ഭക്ഷണം കഴിച്ചു കഴിഞ്ഞേ അവൾ ഭക്ഷണം കഴിക്കാവൂ എന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടാവും. അതല്ലേ ശെരി’ ഇക്കാടെ സംസാരത്തിൽ ദേഷ്യം കണ്ടു.
‘വാപ്പച്ചി, ഈ പ്ലെയ്റ്റിൽ ഇടുന്ന വൈസ്റ്റ്‌ കൌസൂന് കൊടുക്കാനാണ്’ അത് പറഞ്ഞത് ഇത്താടെ മകൾ ആയിരുന്നു
‘റബ്ബേ, ഞാനെന്തൊക്കെയാണീ കേൾക്കുന്നത്?നിങ്ങളൊക്കെ റസൂലിന്റെ ചര്യ നോക്കുന്നവരാണോ’ അത് പറഞ്ഞിട്ട് ഇക്ക എന്നോട് ഒരു പാത്രം കൊണ്ട് വരാൻ പറഞ്ഞു.
ഞാൻ പാത്രം കൊണ്ട് ചെന്നപ്പോൾ എന്നോട് ഇഷ്ടമുള്ളത് എടുത്തോളാൻ ഇക്ക പറഞ്ഞു.
ഇത്ത ദേഷ്യപെടുമോ എന്ന ഭയം ഉള്ളിൽ വെച്ച് ഞാൻ എന്തൊക്കെയോ പ്ലയ്റ്റിൽ എടുത്തിട്ട് അടുക്കളയിലേക്കു നടന്നു.
എന്നോട് അവിടെ ഇരുന്നു കഴിച്ചോളാൻ ഇക്ക പറഞ്ഞപ്പോൾ അനുസരണക്കേടാവുമോ എന്ന ഭയം ഉള്ളിൽ വെച്ച് ഞാൻ പറഞ്ഞു. ‘വേണ്ട ഞാൻ അടുക്കളയിൽ ഇരുന്നോളാം’
എനിക്കെങ്ങിനെ ഇത് പറയാൻ കഴിഞ്ഞു എന്ന് അൽബുദപ്പെട്ടു.
‘നോക്കൂ, എല്ലാവരോടുമായി പറയുകയാണ്‌. ഇനി മുതൽ നമ്മളൊക്കെ പുറത്തു പോയി വൈകി വന്നാലും കൌസൂന് വിശക്കുമ്പോൾ ഭക്ഷണം എടുത്തു കഴിക്കാം. അതും നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ. നമ്മളൊന്ന് മനസ്സിലാക്കണം അവരെയും നമ്മളെയും സൃഷ്ടിച്ചത് ഒരേ അല്ലാഹു തന്നെ. നമുക്ക് കുറച്ചു പണമുണ്ടായി. അവർ പാവപ്പെട്ടവരായി. അത് അവരുടെ കുറ്റമല്ല. അത് പോലെ എല്ലാ പണികളും അവളെകൊണ്ട് മാത്രം ചെയ്യിക്കരുതു. നമ്മളും ചെയ്യണം’.
‘വാപ്പച്ചി അവൾ അടുക്കളയിലാണ് കിടക്കുന്നത്’ ഇത്താടെ ഇളയ മകൾ പറഞ്ഞു.
‘ഇന്ന് മുതൽ എന്നും ഞാൻ പോയാലും അവൾ നമ്മുടെ കുട്ടികളുടെ കൂടെ കിടക്കണം’
‘വാപ്പച്ചി ഞങ്ങൾ കൌസൂന് പുസ്തകങ്ങൾ വാങ്ങി പഠിപ്പിച്ചോട്ടെ’
‘തീർച്ചയായും. അതൊക്കെ നല്ല കാര്യമാണ്’.
‘വാപ്പച്ചി ഉമ്മച്ചി കരയുന്നു’.ജമീലയാണ് അത് പറഞ്ഞത്.
‘എന്ത് പറ്റി റാബിയ?’ ഇക്ക അന്വേഷിച്ചു.
‘എനിക്ക് തെറ്റ് പറ്റി ഇക്ക. ഇക്ക മാപ്പ് തരണം’
‘മാപ്പ് ചോദിക്കേണ്ടത്‌ എന്നോടല്ല, ആ കുട്ടിയോടും അല്ലാഹുവിനോടുമാണ്’
ഇത്ത എന്റെ അടുത്ത് വന്നു. ‘മോളെ, കൌസൂ, നീ എനിക്ക് മാപ്പ് തരണം’
ഞങ്ങൾ രണ്ടു പേരും കുറെ നേരം കരഞ്ഞു.
പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്‌ ഇക്ക എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇക്കാടെ മനസ്സിൽ ഇത്തരത്തിലുള്ള കാര്യങ്ങളുള്ളതു കൊണ്ടാവാം ഇക്ക ഇത്രയും വലിയ നിലയിൽ എത്തിയത്.
അന്ന് മുതൽ ഇക്ക പറഞ്ഞതു പോലെ കാര്യങ്ങൾ നടപ്പായി.
——————————————————
മേമ്പൊടി:
അനാഥകുട്ടികളുടെ മുന്നിൽ വെച്ച് നമ്മുടെ കുട്ടികളേ നാം ലാളിക്കരുത് (മുഹമ്മദ്‌ നബി)
RELATED ARTICLES

Most Popular

Recent Comments