Wednesday, December 11, 2024
HomeLiteratureമുഖലക്ഷണം. (ജീവിതാനുഭവം)

മുഖലക്ഷണം. (ജീവിതാനുഭവം)

ഷെരീഫ് ഇബ്രാഹിം.
ആയിരത്തിതൊള്ളായിരത്തി അറുപത്തേഴിൽ, ഞാനന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു. ഞാനും എന്റെ കൂട്ടുകാരൻ മുഹമ്മദാലിയും കൂടി തൃപ്രയാർ ഏകാദശി കാണാൻ കാട്ടൂർ നിന്ന് കരാഞ്ചിറ, കിഴുപ്പിള്ളിക്കര, നളന്ദ ഹൈസ്കൂൾ, മൂത്തേടത്തറ, പെരിങ്ങോട്ടുകര വഴി തൃപ്രയാറിലേക്ക് നടന്നാണ് രാത്രിയിൽ വന്നത്. രാത്രിയിൽ വീട്ടിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് മാത്രമല്ല, പുറത്തേക്കു നോക്കുന്നത് പോലും എനിക്ക് അന്ന് പേടിയാണ്. പക്ഷെ മുഹമ്മദാലി നേരെ മറിച്ചു നല്ല ധൈര്യവാനാണ്.
ഞങ്ങൾ തൃപ്രയാർ പാലം കടന്നു അമ്പലത്തിന്റെ അടുത്തുകൂടെ പടിഞ്ഞാട്ടു നടക്കും, വീണ്ടും കിഴക്കോട്ടു നടക്കും. കയ്യിൽ അധികം പൈസയില്ല. ഉമ്മ തന്ന ഒരു രൂപയും കുറച്ചു അണകളും മാത്രം.
അങ്ങിനെ നടക്കുമ്പോൾ പോളിടെക്നിക്ക് ജങ്ക്ഷനിൽ കുറച്ചു സ്ത്രീകൾ തത്തയെകൊണ്ട് ചീട്ടു എടുപ്പിച്ചു ലക്ഷണം പറയുന്നത് കണ്ടു. അവരുടെ എല്ലാവരുടെയും മുന്നിൽ ഒരു പാട്ടവിളക്കിന്റെ പ്രകാശമാണ്. എനിക്ക് ആ വർഷം പത്താംക്ലാസ് പാസ്സാവുമൊ എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഒരു അണയാണ് (ഇന്നത്തെ ഏകദേശം അഞ്ചു പൈസ) ചാർജ്. ഞാൻ അവരുടെ മുന്നിൽ ചമ്രംപിടഞ്ഞു ഇരുന്നു.
എന്നോട് ആ മൂക്കുത്തിയിട്ട സ്ത്രീ പേര് ചോദിച്ചു.
ശറഫു എന്ന എന്റെ മറുപടി കേട്ടപ്പോൾ തത്തക്കൂടിന്റെ വാതിൽ തുറന്നു തത്തയോട് ആ സ്ത്രീ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു ‘സറപു സാമിക്ക് നല്ല ഒരു ചീട്ടെട്’
നിരത്തി വെച്ച ചീട്ടുകളിൽ നിന്ന് ആ തത്ത ഓരോന്നും അതിന്റെ ചുണ്ടുകൊണ്ട് എടുക്കുകയും പിന്നെ താഴെ ഇടുകയും ചെയ്തിട്ട് ഒടുവിൽ ഒരു കാർഡ് എടുത്തു ആ സ്ത്രീക്ക് കൊടുത്തു.
ആ കാർഡ് തുറന്നു നോക്കിയിട്ട് ആ സ്ത്രീ പറഞ്ഞു ‘നോക്ക് കടവുൾ നിങ്ങളുടെ എല്ലാം ശേരിയാക്കും’
പിന്നെ എന്തൊക്കെയോ ആ സ്ത്രീ പറഞ്ഞു കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ല ഒടുവിൽ ഞാൻ ചോദിച്ചു ‘ഞാൻ ഇക്കൊല്ലം പാസ്സാവുമോ?’ തീർച്ചയായും പാസ്സാവുമെന്ന് കേട്ടപ്പോൾ എന്റെ നിർബന്ധത്തിന്നു വഴങ്ങി മുഹമ്മദാലിയും ഇതേ പോലെ ചെയ്തു. അവനും പാസ്സാവുമെന്നു ആ സ്ത്രീ പറഞ്ഞു.
സമാധാനമായി. അങ്ങിനെ വീണ്ടും ഞാൻ എഴുനേറ്റപ്പോൾ തൊട്ടടുത്ത്‌ ഇരുന്ന് മുഖലക്ഷണം പറയുന്ന ഒരാൾ ഞങ്ങളോട് മുഖലക്ഷണം പറയട്ടെ എന്ന് ചോദിച്ചു. ഞങ്ങളുടെ കയ്യിൽ ഇനി അധികം പൈസ ഇല്ലാത്തത് കൊണ്ടും ജയിക്കുമെന്ന് അറിഞ്ഞത് കൊണ്ടും ഞാൻ ആ മനുഷ്യനോടു മുഖലക്ഷണം പറയണ്ട എന്ന് പറഞ്ഞു.
‘പൈസ തരേണ്ട, ഞാൻ ഒരു ലക്ഷണം പറയാം. നിങ്ങളുടെ ജീവിതത്തിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് നിങ്ങളുടെ ബന്ധത്തിൽപെട്ട ഒരു സ്ത്രീ ഗൂടോത്രം ചെയ്തത് കൊണ്ടാണ്’
അതാരാണെന്ന് പറയോ എന്ന് ചോദിച്ചു കൊണ്ട് എഴുന്നേറ്റ ഞാൻ വീണ്ടും ഇരുന്നു.
‘അതിന്ന് അമ്പതു കാശ് ദക്ഷിണ വെക്കണം’ എന്ന് അയാളുടെ മറുപടി
കരിമ്പ് വാങ്ങാനും ഊഞ്ഞാൽ ആടാനും വെച്ച പൈസ അയാൾക്ക്‌ കൊടുത്തു.
അയാൾ തമിഴും മലയാളവും ഒക്കെ കൂടി കലർത്തി ഒരുത്തിലും തൊടാതെ എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് ഞങ്ങളോട് മുടിഞാച്ചു എന്നും പറഞ്ഞു.
ഞങ്ങൾ ഒന്നും പറയാതെ ഏകാദശി കാഴ്ചകൾ കണ്ടു വീട്ടിലേക്ക് തിരിച്ചു പോയി.
വീട്ടിൽ ഉമ്മ കാത്തു നിൽക്കുകയാണ്, ഉറങ്ങാതെ. ഭക്ഷണം കഴിക്കുന്നതിന്നിടയിൽ കാക്കാലത്തി പറഞ്ഞതും മുഖലക്ഷണം നോക്കി പറഞ്ഞതും എല്ലാം ഉമ്മാട് വിശദമായി പറഞ്ഞു.
‘അതെന്തായാലും ഉപ്പാടെ അകന്ന ബന്ധത്തിൽ പെട്ട (ആ സ്ത്രീയുടെ പേര് പറഞ്ഞിട്ട്) ആ സ്ത്രീയായിരിക്കും’
ഉമ്മാടെ സംശയം തീർന്നു.
.’ഇതൊക്കെ വിശ്വസിക്കുന്നതെ തെറ്റാ’ ഇതായിരുന്നു ഉപ്പാടെ അഭിപ്രായം
അല്ലെങ്കിലും ഉപ്പ അങ്ങിനെയാ. ഇക്കാര്യത്തിലൊന്നും ഒരു വിശ്വാസവുമില്ല. എനിക്കും ഉമ്മാക്കും ഇതൊക്കെ വലിയ വിശ്വാസമാണ്.
‘എന്റെ മോന് എത്ര സൂപ്പ് കൊടുത്തതാ. എന്നിട്ടും അവൻ വണ്ണം വെക്കാത്തത് ആ സ്ത്രീയുടെ കൈവിഷം കാരണമാണ്.’
‘അതെ ശറഫൂന്ന് ഇനി ആനയെ സൂപ്പ് വെച്ച് കൊടുത്താലും അവൻ വണ്ണം വെക്കൂല’ ഉപ്പാടെ തമാശയിൽ കലർന്ന മറുപടി.
ഇങ്ങനെയൊക്കെയാണെങ്കിലും ഏതെങ്കിലും മുസ്ലിം സിദ്ധന്റെ അടുത്ത് പോയി ഒന്ന് കൂടെ നോക്കിക്കണമെന്നു ഉമ്മാക്ക് നിർബന്ധം. ഞാനും മുഹമ്മദാലിയും ഉമ്മയും കൂടെ പാലപ്പെട്ടിയിലുള്ള ഒരു സിദ്ധന്റെ അടുത്ത് പോയി. ഒരു ഇടവഴിയിലൂടെ കടന്നു, പിന്നെ ചില പറമ്പുകളിലൂടെ നടന്നു സിദ്ധന്റെ വീട്ടിലെത്തി. അവിടെ ഒരു മുറിയിലാണ് സിദ്ധൻ ഇരിക്കുന്നത്. പുറത്തു ഒരു മേശയും കസേരയും. അത് വരുന്ന ആളുകൾക്ക് ടോക്കെൻ കൊടുക്കുന്ന ആളാണ്‌. വരുന്നവർക്ക് ഇരിക്കാൻ രണ്ടു ബെഞ്ചുകൾ. ഞങ്ങൾ ആ ബെഞ്ചുകളിൽ ഒന്നിൽ ഇരുന്നു. ഞങ്ങളുടെ അടുത്തിരുന്ന ഒരു സ്ത്രീ ഉമ്മാട് വന്നതിന്റെ ഉദ്ദേശം ചോദിച്ചു. അവരും സിദ്ധനെ കാണാൻ വന്നതാണത്രേ. ഉമ്മ വിവരം പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുഖം കഴുകട്ടെ എന്ന് പറഞ്ഞു സിദ്ധന്റെ വീട്ടിലേക്ക് പോയി. കുറച്ചു സമയത്തിന്നു ശേഷം മുഖം കഴുകി തിരിച്ചു വന്നു.
അവർ ഉമ്മയുമായി ഒരു പാട് കാര്യങ്ങൾ സംസാരിച്ചു.അവർക്ക് വലിയ ഒരു അസുഖം വന്നു പല ഡോക്ടർമാരേയും കാണിച്ചിട്ടും മാറാതെ ഈ സിദ്ധനാണ് അസുഖം മാറ്റിയതു. സിദ്ധൻ മന്തിരിച്ചൂതിയിട്ടു മഷിനോട്ടം നടത്തിയിട്ടാണ് കാര്യങ്ങൾ പ്രവചിക്കുക. എന്നിട്ട് ഒരു പിങ്ക് കടലാസ്സിൽ മരുന്ന് എഴുതിത്തരും. പതിനൊന്നു കരിവേപ്പില, പതിനൊന്നു കുരുമുളക്, പിന്നെ പതിനൊന്നു (ആ പേര് ഇപ്പോൾ ഓർമയില്ല), ഇത് വെള്ളത്തിലിട്ടു പതിനൊന്നു ദിവസം കഴിക്കണം. ഈ കടലാസ് ഒരു കാര്യവുമില്ലെന്നു ഇരിഞ്ഞാലക്കുടയിലെ ഒരു രോഗി പറഞ്ഞപ്പോൾ ഉടനെ ആ എഴുത്തെല്ലാം മാഞ്ഞു പോയി. അത് പോലെ ഇത് നല്ല കാര്യമാണെന്ന് പറഞ്ഞ ചിറക്കലെ ഒരു പെണ്ണിന് ലോട്ടെറിയിൽ ഒന്നാം സമ്മാനം കിട്ടി. എന്ന് തുടങ്ങി ഒരു പാട് കാര്യങ്ങൾ ആ സ്ത്രീ ഉമ്മയോട് പറഞ്ഞു. ഞാനും മുഹമ്മദാലിയും സിദ്ധന്റെ റൂമിന്റെ അടുത്ത് ചെന്നു. ഒരു പതിനാറു, പതിനെട്ടു വയസ്സായ ഒരു പെണ്‍കുട്ടിയെ മുന്നിലിരുത്തി സിദ്ധൻ വടിയെടുത്ത് അടിച്ചിട്ട് ചോദിക്കുകയാണ് ‘നീ പോകുമോ’ എന്ന്. കുറെ അടികിട്ടിയപ്പോൾ ആ പെണ്‍കുട്ടി പോകാം എന്ന് പറഞ്ഞു. എനിക്ക് പേടിയായി. എന്നെയും ഇത് പോലെ അടിക്കുമോ. ഇത് ഭ്രാന്ത് മാറാൻ വേണ്ടി അടിക്കുകയാണെന്നും ശരീരത്തിൽ കയറിയ ബാധ ഒഴിപ്പിക്കുകയാണ്. നമ്മളെ അടിക്കുകയൊന്നുമില്ലെന്നും മുഹമ്മദാലി പറഞ്ഞു.
ഞങ്ങളെ അകത്തേക്ക് വിളിച്ചു. സിദ്ധൻ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. താഴെ വിരിച്ച പായയിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു. പ്രകാശം കുറഞ്ഞ ഒരു വിളക്ക്, കുന്തിരിക്കത്തിന്റെ മണവും പുകയും. ഷർട്ടിന്റെ മുകളിലൂടെ ഒരു പച്ച പുതപ്പാണ് സിദ്ധന്റെ വേഷം.
‘നിങ്ങൾ പരീക്ഷ പാസ്സാവുമൊ എന്നറിയാനാണ് വന്നത് അല്ലെ?’
സിദ്ധന്റെ ചോദ്യം കേട്ടപ്പോൾ ഉമ്മ എന്നെ ഞോണ്ടി. ‘നമ്മൾ വന്ന വിവരം അദ്ധെഹതിന്നു അല്ലാഹു അറിയീച്ചു കൊടുത്തത് കണ്ടോ’ എന്നാണു ആ ഞോണ്ടലിന്റെ അർത്ഥം.
അദ്ദേഹം എന്റെ മുഖത്ത് നോക്കി എന്തോ ചൊല്ലിക്കൊണ്ടു പറഞ്ഞു ‘പരീക്ഷ പാസ്സാവും. പക്ഷെ മാർക്ക് കുറച്ചു കുറവായിരിക്കും’
ഓ. സന്തോഷമായി. മാർക്ക് കുറഞ്ഞാലും പാസ്സാവുമല്ലോ. അടുത്തതായി മുഹമ്മദാലിയുടെ മുഖത്ത് നോക്കിയിട്ട് സിദ്ധൻ പറഞ്ഞു ‘നിങ്ങൾ പാസ്സാവും എന്ന് മാത്രമല്ല, ഫസ്റ്റ് ക്ലാസ്സ്‌ കിട്ടുകയും ചെയ്യും. എനിക്ക് ഫസ്റ്റ് ക്ലാസ് കിട്ടിയില്ലെങ്കിലും മുഹമ്മദാലിക്കു കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ഞാൻ ഇരിക്കുമ്പോൾ ഉമ്മ സിദ്ധാനോട് ചോദിച്ചു ‘ഞങ്ങൾക്ക് ബീവിയെ അയച്ചത് ഒരു സ്ത്രീയാണെന്ന് അറിഞ്ഞു. അതിനെ പറ്റി ഒന്ന് അറിയണമെന്നുണ്ട്’
അത് ചെയ്തത് നിങ്ങളുടെ ഭർത്താവിന്റെ ബന്ധക്കാരിയല്ല, മറിച്ച് നിങ്ങളുടെ ബന്ധക്കാരാണ് എന്നു സിദ്ധൻ പറഞ്ഞു.
ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി.
പരീക്ഷയുടെ റിസൾട്ട്‌ നാളെ വരും. രാത്രിയിൽ ഒരു പോള കണ്ണടച്ചില്ല. അന്നൊക്കെ പത്രം വരുന്ന സ്ഥലങ്ങൾ കുറവായിരുന്നു. പത്രക്കെട്ട് വരുന്ന കാട്ടൂർ അങ്ങാടിയിലേക്ക് സുബഹി നിസ്കരിച്ചു പുറപ്പെട്ടു. അതിന്ന് മുമ്പ് ജീവിതത്തിൽ സുബഹി ശെരിയായ സമയത്ത് നിസ്കരിച്ചിട്ടില്ല. രാത്രിയായിട്ടും റിസൾട്ട്‌ അറിയാനുള്ള ചിന്തയിൽ മറ്റൊരു പേടിയും തോന്നിയില്ല.
പത്രം എടുത്തു. കയ്യിലുള്ള ടോർച്ചെടുത്ത്‌ നമ്പർ നോക്കി. എന്റെ നമ്പർ 10364 ആണ്. മുഹമ്മദാലിയുടെ നമ്പർ അവൻ എനിക്കും മറ്റാർക്കും പറഞ്ഞു തന്നിട്ടില്ല. പേപ്പറിലൂടെ കണ്ണോടിച്ചു . 10360 1 2 3 4. അള്ളാഹുവേ ഞാൻ പാസ്സായിരിക്കുന്നു, ഫസ്റ്റ് ക്ലാസ്സും ഉണ്ട്.
വേഗം വീട്ടിലേക്ക് ചെന്നു. ഉമ്മ എന്നെ കാത്തു നിൽക്കുന്നുണ്ട്. ഉപ്പ ചാരുകസേരയിൽ കിടക്കുന്നു. എന്നെ കണ്ട ഉടനെ ഉമ്മ ചോദിച്ചു ‘മോൻ പാസ്സായില്ലേ?’
‘പാസ്സായി എന്ന് മാത്രമല്ല ഫസ്റ്റ് ക്ലാസ്സും ഉണ്ട്’
‘കണ്ടോ ദിവ്യൻ പറഞ്ഞത് ശേരിയായില്ലേ? ഉമ്മാടെ ചോദ്യം ഉപ്പയോടായിരുന്നു
ഉപ്പ മറുപടി ഒന്നും പറഞ്ഞില്ല.
നേരം വെളുത്ത് തുടങ്ങി. അകലെ നിന്ന് മുഹമ്മദാലി വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഉപ്പാനെ കണ്ടപ്പോൾ അവൻ പേടിച്ചു മാറിനിന്നു. അല്ലെങ്കിലും അവന് എന്റെ ഉപ്പാനെ ബഹുമാനവും പേടിയുമാണ്
‘മുഹമ്മദാലി നീ ജയിച്ചോ?’ ഉപ്പാടെ ചോദ്യം
‘ഇല്ല ഞാൻ തോറ്റു’
RELATED ARTICLES

Most Popular

Recent Comments