ഷെരീഫ് ഇബ്രാഹിം.
അക്കരയുള്ള കാട്ടൂർ മുനയം സ്കൂളിൽ (ആ സ്കൂൾ ഇപ്പോഴില്ല) ഒന്നാം ക്ലാസ്സിൽ ഞാൻ ചേരുമ്പോൾ എന്റെ ക്ലാസ്മേറ്റ് ആയിരുന്ന ഒരു പെണ്‍കുട്ടിയാണ് കയ്യത്താടെ മകൾ സെക്കീന. കയ്യത്ത എന്ന പേര് തന്നെ കദിജത്ത എന്ന പേര് ലോപിച്ചുണ്ടായതാണെന്ന് പിന്നീട് മനസ്സിലായി. ഞാൻ ആ LP സ്കൂൾ കഴിഞ്ഞ് കാട്ടൂർ പൊമ്പൈ സെന്റ് മേരീസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർന്ന് ജയിച്ച് ജയിച്ച് എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ സക്കീന ഈ ഹൈസ്കൂളിൽ അഞ്ചിൽ ചേർന്നു. അല്ലെങ്കിൽ തന്നെ സക്കീനയെ സ്കൂളിൽ പറഞ്ഞയക്കുന്നതിനോട് ഭൂരിപക്ഷം പേർക്കും എതിർപ്പായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ സ്കൂളിൽ പറഞ്ഞയക്ക്യെ? ഇത് ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ ആദ്യമാണെന്ന് ഓർക്കണം. എങ്കിലും സ്കൂളിൽ നിന്നുള്ള ഉപ്പുമാവ്. അവിടെയാണ് കയ്യത്താടെ ചിന്ത.
വളരെയധികം സാമ്പത്തികപരാധീനതയുള്ള ഒരു വീടാണ് കയ്യത്താടെത്. എന്ന് കരുതി ആരുടേയും മുന്നിൽ കൈനീട്ടാത്ത ഒരു മാന്യസ്ത്രീ. ഈ സക്കീനയും അവളുടെ ഉമ്മ കയ്യത്തയും മാത്രം. കയ്യത്താടെ ഭർത്താവ് മരിച്ചു പോയെന്ന് ചിലർ പറയുന്നു. അതല്ല, അങ്ങേര് വേറെ വിവാഹം കഴിച്ചെന്ന് മറ്റൊരു കൂട്ടർ. ഇതൊന്നുമല്ല, അദ്ദേഹം സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) പോയി അവിടെ കുടുംബമായി താമസിക്കുന്നു എന്ന് ചിലർ. കയ്യത്താട് ചോദിച്ചാൽ ‘നിങ്ങൾക്ക് മറ്റൊന്നും ചോദിക്കാനില്ലേ എന്നാണ് മറുചോദ്യം.
ഞാനന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു. സക്കീന ആറിലും. കുറച്ചു നാൾ സക്കീന ക്ലാസിൽ വന്നില്ല. ഞാനത് കാര്യമാക്കിയില്ല. കയ്യത്താനെ കണ്ടപ്പോൾ ഞാൻ ആ വിവരം പറഞ്ഞു – സക്കീന ഇനി വന്നില്ലെങ്കിൽ സ്കൂളിൽ നിന്നും പേരു വെട്ടുമെന്ന്. പേര് വെട്ടിക്കോട്ടെ എന്ന് നിസ്സാരമട്ടിൽ കയ്യത്ത പറഞ്ഞു. എന്തെ അവളെ ഇനി സ്കൂളിൽ പറഞ്ഞയക്കാത്തത് എന്ന എന്റെ ചോദ്യത്തിന്ന് അത് നീ അറിയേണ്ട എന്ന് ചിരിച്ചു കൊണ്ട് കയ്യത്ത പറഞ്ഞു.
ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ കേട്ടു, സക്കീനയുടെ നിക്കാഹ് കഴിഞ്ഞെന്ന്. ഏതോ നാട്ടിൽ നിന്നും വന്ന് കാട്ടൂർ അങ്ങാടിയിൽ ജോലി ചെയ്തിരുന്ന ഒരാളാണ് സക്കീനയുടെ പുതിയാപ്ല. വയസ്സിന്റെ കാര്യത്തിൽ സക്കീനയുടെ വയസ്സിന്റെ (15) തലതിരിച്ചിട്ടത് (51). മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സക്കീനയുടെ ഉപ്പാടെ പ്രായമുള്ള വ്യക്തി. ഇങ്ങിനെ ഏതോ നാട്ടിൽ നിന്നും ഊരും പേരും അറിയാത്തവർക്ക് പെണ്ണിനെ കെട്ടിച്ചു കൊടുക്കുമോ എന്ന് വായനക്കാർക്ക് സംശയമുണ്ടാവാം. തകഴിയുടെ ചെമ്മീൻ സിനിമയിലെ പളനി എന്ന കഥാപാത്രത്തെ ഓർക്കുക.
നിക്കാഹ് കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ നാട്ടിൽ പോയി വരാമെന്ന് പറഞ്ഞ് സക്കീനയുടെ പുതിയാപ്ല പോയി. പിന്നെ വർഷം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചു വന്നില്ല. അഡ്രസ് ഇല്ലാതെ എവിടെ പോയി അന്വേഷിക്കാനാണ്. ഇതിനിടെ ഒരു പെണ്‍കുട്ടിയെ സക്കീന പ്രസവിച്ചു. കൂനിന്മേൽ കുരു പോലെയായി കയ്യത്താടെ ജീവിതം.
ഒരു ദിവസം ഞാനും ഉപ്പയും കൂടെ റേഷൻകട പൂട്ടി വീട്ടിലേക്ക് വരികയാണ്. അല്ലെങ്കിലും ഉപ്പാടെ വാലാണല്ലോ ഈ ഷെരീഫ് എന്ന ശറഫു ആയ ഞാൻ. ഞങ്ങളുടെ എതിർ ദിശയിൽ നിന്ന് ഒരു മനുഷ്യൻ വന്ന് ഉപ്പാക്ക് സലാം ചൊല്ലി. സലാം മടക്കി കൊടുത്ത് കൊണ്ട് ഉപ്പ ചോദിച്ചു ‘സാഹിബ് എങ്ങോട്ട് പോകുന്നു?’
‘കയ്യത്താടെ വീട്ടിലേക്ക്’ അദ്ദേഹം ഉപ്പാക്ക് മറുപടി കൊടുത്തു.
ഈ മനുഷ്യനെപറ്റി ഉപ്പ എന്നോട് പറഞ്ഞ ഒരു പാട് കാര്യങ്ങൾ ഞാൻ ഓർത്തു. അസുഖത്തിന്നും മറ്റും പിഞ്ഞാണത്തിൽ എന്തൊക്കെയോ എഴുതി കൊടുക്കുക, ഏലസ്സ്, ഉറുക്ക് തുടങ്ങിയവ ഉണ്ടാക്കി കൊടുക്കുക, ജിന്ന്, പ്രേതം, തുടങ്ങിയവക്കുള്ള പരിഹാരമാർഗം ചെയ്യുക, വെള്ളം, നൂല് മന്തിരിച്ചൂതി കൊടുക്കുക, കാണാതെ പോയ വസ്തുക്കളെ, ആളുകളെ എവിടെയാണെന്ന് പറഞ്ഞു കൊടുക്കുക ഇതൊക്കെയാണ് അദ്ധേഹത്തിന്റെ പരിപാടികൾ. അതിന്ന് അദ്ദേഹത്തിനു ആ കഴിവ് അല്ലാഹു കൊടുത്തതാണ്. ഇതൊന്നും ഉപ്പാക്ക് വിശ്വാസമില്ല. എനിക്കും ഉമ്മാക്കും ഇതൊക്കെ വളരെ വിശ്വാസമാണ്. ഞാൻ ഭവ്യതയോടെ മാറി നിന്നു. ഉപ്പാട് തർക്കിക്കാൻ പോയില്ല.
‘സാഹിബ്, തിരിച്ചു പോകുമ്പോൾ ഒന്ന് കാണണം ‘ ഉപ്പാടെ വാക്ക് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഉപ്പാക്കും ഇത്തരം കാര്യങ്ങളൊക്കെ വിശ്വാസമായല്ലൊ?
വീട്ടിൽ ചെന്ന് ഡ്രസ്സ് മാറ്റിയിടാൻ ഉപ്പ അകത്തു പോയി. അപ്പോഴാണ് ഒരാൾ വന്ന് ഉമ്മാട് പറഞ്ഞത് ‘ഇത്താ, ഞാൻ ഇന്ത്യയുടെ വടക്കുള്ള ഒരു പള്ളിയിലേക്ക് പോകുകയാണ്. വല്ല നേർച്ചയും ഉണ്ടെങ്കിൽ തന്നാൽ ഞാൻ കൊണ്ട് പോകാം’.
ഉമ്മ പണ്ട് ഒരു നേർച്ച നേർന്നത് എനിക്കോർമ വന്നു. എനിക്ക് വണ്ണം വെക്കുകയാണെങ്കിൽ വടക്കേ ഇന്ത്യയിലെ പള്ളിയിലേക്ക് എന്തോ ഉമ്മ നേർന്നിട്ടുണ്ട്. ശെറഫൂനു ഇനി ആനയെ സൂപ്പ് വെച്ച് കൊടുത്താലും വണ്ണം വെക്കൂല എന്നാണ് അന്ന് ഉപ്പ പറഞ്ഞത്. ആ നേർച്ച എടുക്കാൻ ഉമ്മ അകത്തേക്ക് പോയി. അപ്പോഴാണ് ഉപ്പാടെ പുറത്തേക്കുള്ള വരവ്. ഉപ്പ എന്നോട് വിവരം അന്വേഷിച്ചു. വിവരം അറിഞ്ഞപ്പോൾ ഉപ്പ ആ മനുഷ്യനോട് പറഞ്ഞു ‘നിങ്ങൾ വന്നത് എന്തായാലും നന്നായി. ഞങ്ങളിവിടെ വസ്ത്രങ്ങൾ അലക്കുന്ന ഒരു അലക്ക് കല്ല് ഉണ്ട്. കുറച്ചു നാളായി ആ കല്ലിൽ അലക്കിയിട്ടും ഡ്രസ്സ് വെളുക്കുന്നില്ല. അത് നിങ്ങൾ പറഞ്ഞ പള്ളിയിലേക്ക് കൊടുക്കാമെന്ന് നേർച്ച നേർന്നിട്ടുണ്ട്. അതെടുക്കാനാണ് അവർ അകത്തു പോയി ജോലിക്കാരെ നോക്കിയത്’
ഉമ്മ കുറച്ചു കഴിഞ്ഞു നേർച്ച നേർന്ന സ്വർണത്തിന്റെ ചന്ദ്രക്കലയുമായി പുറത്തേക്ക് വന്നു. നേർച്ച ചോദിച്ചു വന്ന ആളെ കാണാഞ്ഞത് കൊണ്ട് ആൾ എവിടെയെന്ന് ഉമ്മ എന്നോട് ചോദിച്ചു. ഉപ്പയാണ് അതിന്ന് മറുപടി കൊടുത്തത്. ‘ആ സ്വർണത്തിന്റെ ചന്ദ്രക്കല ആ കയ്യത്താക്ക് കൊടുത്തോ’ ഇത് ഉപ്പ പറയാൻ കാരണം, ആ നേർച്ച ചോദിച്ചു വന്ന ആൾ വാണം വിട്ട പോലെ പോയത് കൊണ്ടാണ്.
കുറച്ചു കഴിഞ്ഞപ്പോൾ സാഹിബ് വന്നു. ഉപ്പ സ്വീകരിച്ചിരുത്തി. കയ്യത്താടെ മരുമകൻ എവിടെയാണെന്ന് അറിയാനുള്ള കാര്യങ്ങളാണത്രെ അദ്ദേഹം ചെയ്യുന്നത്.
‘എത്ര നാളായി ഇത് തുടങ്ങിയിട്ട്?’ ഉപ്പാടെ ചോദ്യം
‘രണ്ടു മാസമായി മഷിനോട്ടം തുടങ്ങിയിട്ട്’ അദ്ധേഹത്തിന്റെ മറുപടി
‘എന്തെങ്കിലും സൂചന കിട്ടിയോ?’
‘അതിന്ന് ഇബ്രാഹിംകുട്ടിക്ക ഇത് സാധാരണ മഷിനോട്ടം ആണ്. അത് കൊണ്ടാണ് സമയം എടുക്കുന്നത്. അവരോട് സൂപ്പർ മഷിനോട്ടം വേണോന്ന് ചോദിച്ചതാ. പക്ഷെ അതിന്നു ചാർജ് കൂടുന്നത് കൊണ്ട് അത് വേണ്ടെന്ന് പറഞ്ഞു. അതാണ് വൈകുന്നത്’ സാഹിബ് വിശദീകരിച്ചു
‘ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങളുടെ മൂന്നാമത്തെ മകളെ കല്യാണം കഴിച്ച ആൾ പോയിട്ട് ആറ് വർഷം കഴിഞ്ഞില്ലേ? എവിടെയാണെന്ന് വല്ല വിവരവും അറിഞ്ഞോ?’ ഉപ്പാടെ സംശയം ശെരിയാണല്ലോ എന്ന് തോന്നി.
‘ഞങ്ങളെ പോലെയുള്ളവരോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്. നരകശിക്ഷ കിട്ടും’ അദ്ദേഹം ഉപ്പാനെ പേടിപ്പിച്ചു. ഉപ്പാക്കുണ്ടോ പേടി.
‘എന്നാലും എന്റെ ചോദ്യത്തിന്ന് ഉത്തരം പറ സാഹിബേ?’
ആ സാഹിബ് ഒന്നും പറയാതെ പോയി – അടുത്ത ഇര അന്വേഷിച്ച്.
—————————————-
(നബി) പറയുക – ആകാശഭൂമിയിലുള്ള അദൃശ്യ കാര്യങ്ങൾ അല്ലാഹുവിന്നല്ലാതെ മറ്റാർക്കും അറിയുകയില്ല (വിശുദ്ധഖുറാൻ)