എ.സി. ജോര്‍ജ്ജ്.
ഹ്യൂസ്റ്റനിലെ സാമാന്യം തിരക്കുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ”തുമാര ബസാര്‍” ഇന്ത്യന്‍ ഗ്രോസറി ആന്റ് കാറ്ററിംഗ് കട. അവിടുത്തെ ഒരു ജീവനക്കാരനാണ് അച്ചാര്‍ വര്‍ക്കിച്ചന്‍. അമേരിക്കയില്‍ എത്തിയ ഉടന്‍ ഒരു തൊഴിലും കിട്ടാതിരുന്നപ്പോള്‍ സ്വന്തം അപ്പാര്‍ട്ടുമെന്റില്‍ അച്ചാറുണ്ടാക്കി കൊച്ചു ടിന്നുകളിലാക്കി ഇവിടുത്തെ മലയാളികള്‍ക്ക് വില്‍ക്കുന്ന ഒരു ചെറുകിട സംരംഭം ആരംഭിച്ചതോടെ വര്‍ക്കിച്ചന്‍, അച്ചാര്‍ വര്‍ക്കിച്ചന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അച്ചാര്‍ ചെറുകിട വ്യവസായ വ്യാപാരം ക്ലച്ചു പിടിക്കാതിരുന്നതിനാല്‍ നിറുത്തേണ്ടി വന്നു.
പിന്നീട് പലവിധ പള്ളി, മലയാള സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അച്ചാര്‍ വര്‍ക്കിച്ചന്‍ എടുത്തുചാടി. അവിടുത്തെ കാലുമാറ്റങ്ങളും, കാലുവാരലുകളും, പാരകളും, വര്‍ക്കിച്ചനെ അസ്വസ്ഥനാക്കി. കൂട്ടത്തില്‍ സഹധര്‍മ്മിണി ഗ്രേസിക്കുട്ടിയുടെ നഖശിഖാന്തമുള്ള എതിര്‍പ്പും കൂടിയായപ്പോള്‍, ഒരുചില്ലികാശുപോലും കിട്ടപ്പോരില്ലാത്ത സംഘടനാ പ്രവര്‍ത്തന സേവനങ്ങളില്‍ നിന്നെല്ലാം വിരമിച്ച് മനംമടുത്ത് വര്‍ക്കിച്ചന്‍ വീട്ടില്‍ കുത്തിയിരിപ്പായി.
ഒരു മനോസുഖത്തിനായി ഭാര്യ ഗ്രേസിക്കുട്ടിയുടെ കണ്ണുവെട്ടിച്ച് അല്‍പ്പാല്‍പ്പം മദ്യസേവയും തുടങ്ങി. ഗ്രേസിക്കുട്ടിയുടെ ഭള്ളു പറച്ചിലും, കളിയാക്കലും ശകാരവും അധികമായപ്പോള്‍ ഒരു ജോലി, ഒപ്പിച്ചെടുത്തു. തുമാര ബസാറില്‍ മീന്‍ വെട്ട്, ഓരോ വില്‍പ്പന സാധനത്തേലും പ്രൈസ് ടാഗ് കുത്തല്‍, സ്റ്റോക്കിംഗ്, പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ഷോപ്പിംഗ് കാര്‍ട്ടുന്തല്‍, തൂപ്പ്, കടയുടമ, ഒലക്കപുറത്ത് മത്തായി ഇല്ലാത്തപ്പോള്‍ കാഷ്യര്‍, കൗണ്ടര്‍ ഹെല്‍പ്പ് എല്ലാം വര്‍ക്കിച്ചന്റെ കര്‍ത്തവ്യങ്ങളാണ്.
അന്ന് വര്‍ക്കിച്ചന്‍ കൗണ്ടറില്‍ ക്യാഷറായി സാധനങ്ങള്‍ ക്യാഷ് രജിസ്റ്ററില്‍ കുത്തി കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ട് രാവിലെ 11 മണി സമയം, കടയില്‍ അധികം തിരക്കില്ല. പുതിയതായി വിസാ കിട്ടി നാട്ടില്‍ നിന്നെത്തിയ സുലു എന്നു വിളിക്കുന്ന സുലോചന എന്ന മറ്റൊരു ജീവനക്കാരിയും മാത്രം കടയിലുണ്ടായിരുന്നുള്ളു. സുലു കടയില്‍ വില്‍പ്പനക്കു വച്ചിരുന്ന വരിക്ക ചക്കപ്പഴം നാലായി മുറിച്ച് ഒരു കസ്റ്റമറിനു നല്‍കികൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്നാണതു സംഭവിച്ചത്. രണ്ടു മുഖംമൂടിധാരികള്‍ തോക്കുമായി തുമാര ബസാറിലേക്ക് ഒരു മിന്നല്‍പോലെ ഇരച്ചുകേറി. സുലുവിന്റെ കൈകാല്‍ബന്ധിച്ച് വായില്‍ ശബ്ദിക്കാന്‍ വയ്യാത്തരീതിയില്‍ എന്തോ പ്ലാസ്റ്റര്‍ ഒട്ടിച്ചുനിലത്തിട്ടു. ക്യാഷ് കൗണ്ടര്‍ കൈകാര്യം ചെയ്തിരുന്ന വര്‍ക്കിച്ചനെ വെടിവെച്ച് മലര്‍ത്തി. കടയിലുണ്ടായിരുന്ന രണ്ടു കസ്റ്റമേഴ്‌സും നിലത്ത് കമിഴ്ന്നു കിടന്നതിനാല്‍ അവരെ അക്രമികള്‍ ഉപദ്രവിച്ചില്ല. ക്യാഷ് കൗണ്ടറിലെ ക്യാഷുമായി വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ടാ സിവിക് കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. താമസിയാതെ പോലീസ് വണ്ടികളും ഹോസ്പിറ്റല്‍ എമര്‍ജന്‍സി വാഹനങ്ങളും ചീറിപ്പാഞ്ഞെത്തി.
പോലീസ് തോക്കുകളുമായി ഷോപ്പിംഗ് കോംപ്ലക്‌സില്‍ അങ്ങിങ്ങായി നില ഉറപ്പിച്ചു. തലക്ക് വെടിയേറ്റ് രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടന്ന വര്‍ക്കിച്ചനെ പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഹോസ്പിറ്റല്‍ എമര്‍ജന്‍സി വാഹനത്തില്‍ കയറ്റി മെത്തോഡിക്‌സ് ഹോസ്പിറ്റലിലേക്കു സൈറന്‍മുഴക്കി ചീറിപാഞ്ഞു. പോലീസ് സുലുവില്‍ നിന്നും മറ്റ് കസ്റ്റമേഴ്‌സില്‍ നിന്നും മൊഴി എടുത്തു. അതേ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വിവിധ മുറികളിലും കെട്ടിടങ്ങളിലും മറ്റു വ്യാപാരങ്ങളും ഓഫീസുകളും നടത്തിക്കൊണ്ടിരുന്ന ഇന്ത്യാക്കാരും പ്രത്യേകമായി കേരളക്കാരും തുമാര ബസാറിലേക്ക് ഇരച്ചെത്തി.
എവിടെയാ വെടി കൊണ്ടത്? എത്ര പേര്‍ക്ക് വെടിയേറ്റു? എത്രപേര്‍ മരിച്ചു? അച്ചാറ് വര്‍ക്കിച്ചന്‍ തല്‍ക്ഷണം തന്നെ മരിച്ചോ? ശവമടക്ക് എന്നായിരിക്കും? വര്‍ക്കിച്ചന്‍ ഏതു സഭക്കാരനാ. ഏതു പള്ളിയിലാ പോണെ? അങ്ങനെ ഉദ്യേഗഭരിതമായ അനവധി ചോദ്യങ്ങളും അന്വേഷണങ്ങളും.
ഹ്യൂസ്റ്റനിലെ ഹെര്‍മ്മന്‍ ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡ്യൂട്ടിയിലായിരുന്ന ഗ്രേസിക്കുട്ടിയുടെ കാതില്‍ സ്വന്തം ഭര്‍ത്താവ് വര്‍ക്കിച്ചന് വെടിയേറ്റ് മെത്തോഡിക്‌സ് ഹോസ്പിറ്റലിലെ തീവ്രപരിചരണ മുറിയിലാണെന്ന ഹൃദയം പിളരുന്ന അതീവ ദു:ഖവാര്‍ത്ത ഒരശനിപാതം പോലെ വന്നലച്ചു. വിവരമറിഞ്ഞ് ഹൃദയഭാരത്താല്‍ വീഴാന്‍ തുടങ്ങിയ ഗ്രേസിക്കുട്ടിയെ ഹെര്‍മ്മന്‍ ഹോസ്പിറ്റലിലെ നഴ്‌സിംഗ് സ്റ്റേഷനിലുണ്ടായിരുന്ന സഹനഴ്‌സുമാരായ റോസിലി ജോസും, വീണ നായരും, ചിയാങ്ങ് ചുങ്ങും താങ്ങിപ്പിടിച്ചു.
അവിടുത്തെ നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ചിയാങ് ചുങ്ങു തന്നെ ഗ്രേസിക്കുട്ടിയെ സ്വന്തം കാറില്‍ കേറ്റി ഡ്രൈവ് ചെയ്ത് മെത്തോഡിക്‌സ് ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെത്തിച്ചു. തലക്കു വെടിയേറ്റ വര്‍ക്കിച്ചന് എമര്‍ജന്‍സി ശസ്ത്രക്രിയ നടത്തിക്കൊണ്ടിരുന്ന സമയമായതിനാല്‍ ഗ്രേസിക്കുട്ടിക്ക് ഇന്റന്‍സീവ് കെയര്‍ റൂമിലോ, സര്‍ജറി മുറിയിലോ പ്രവേശനം ലഭിച്ചില്ല. അവിടെ തന്നെ അത്യാസന്ന വിഭാഗത്തില്‍ നഴ്‌സിംഗ് ചുമതലയിലായിരുന്ന മലയാളിയായ സൂസന്‍ തോമസും, നിയാ ജോര്‍ജ്ജും, എക്‌സറേ ടെക്‌നീഷ്യനായ രഞ്ജിത് പിള്ളയും ഗ്രേസിക്കുട്ടിയെ ആശ്വസിപ്പിച്ചു.
വെടിയുണ്ട വര്‍ക്കിച്ചന്റെ തലയില്‍ തുളച്ചു കയറിയിരുന്നതിനാല്‍ സര്‍ജറിയിലൂടെ പുറത്തെടുത്തു. ധാരാളം രക്തം ചോര്‍ന്നുപോയതിനാല്‍ ബ്ലഡ് ബാങ്കില്‍ നിന്ന് കുറച്ചു രക്തം കൊടുക്കേണ്ടി വന്നു. ശസ്ത്രക്രിയയുടെ പ്രോസസ് തുടരുകയാണ്. വര്‍ക്കിച്ചന്‍ ജീവിക്കുമോ മരിക്കുമോ ഡോക്ടര്‍മാര്‍ക്കെന്നല്ലാ ആര്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത ഒരവസ്ഥ.
താമസിയാതെ വര്‍ക്കിച്ചന്റേയും ഗ്രേസിക്കുട്ടിയുടേയും രണ്ടാം ക്ലാസിലും നാലാം ക്ലാസ്സിലും പഠിക്കുന്ന ബബിതയും സവിതയും എന്ന രണ്ടു കുഞ്ഞുങ്ങളും അവിടെ ഹോസ്പിറ്റലിലെത്തി. സീയന്നാ പ്ലാന്റേഷനിലെ എലിമെന്ററി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഹോസ്പിറ്റലില്‍ എത്തിച്ചത് അയല്‍ക്കാരായ ടോമിയും മേഴ്‌സിയും ചേര്‍ന്നാണ്.
നമ്മുടെ ഡാഡി…. ഡാഡി… എന്നു പറഞ്ഞ് സ്വന്തം പിഞ്ചോമനകളേയും കെട്ടിപ്പിടിച്ച് ഗ്രേസിക്കുട്ടി നിശബ്ദമായി കരഞ്ഞു.
ഇതിനിടെ അച്ചാറു വര്‍ക്കിച്ചന് വെടിയേറ്റ വിവരം ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളി ഭവനങ്ങളില്‍ കാട്ടു തീ പോലെ പടരാന്‍ തുടങ്ങി. ”തലക്കല്ലെ വെടി…. അഞ്ചാറു വെടിയുണ്ടയല്ലെ നെറ്റിയിലൂടെ തുളച്ചു കേറിയത്…. ഇനി രക്ഷപെടുമെന്നു തോന്നുന്നില്ല. അഥവാ രക്ഷപെട്ടാലും എന്നാ ഫലം ചുമ്മാ ജീവച്ഛവം.. വാഴപ്പിണ്‍ടി പോലെ ജീവിക്കാം…. ചിലര്‍ പറഞ്ഞു ഏതു നിമിഷവും മരണപ്പെടാം… ഇനിയിപ്പോള്‍ ഏതു ഫുണറല്‍ ..ഹോമിലായിരിക്കും ബോഡി വയ്ക്കുക. വെസ്തമിറിലുള്ള ഡിഗ്‌നിറ്റി ഫുണറല്‍.. ഹോമിലാകും…കപ്പകാലായില്‍ തോമസൂട്ടി പറഞ്ഞു…
പള്ളീലഛന്‍ വന്നു അന്ത്യകുദാശ കൊടുത്തൊ ഭക്ത്തയായ മാന്തോപ്പില്‍ മോളികുട്ടിചോദിച്ചു…’ഹോ’ എന്നാലും ഭയങ്കരം”. അല്‍പ്പം പൊട്ടലും ചീറ്റലും ഉണ്ടായിരുന്നെങ്കിലും അച്ചാറ് വര്‍ക്കിച്ചന്‍ നല്ല മനുഷ്യനായിരുന്നു. നല്ല കുടുംബക്കാരായിരുന്നു. ആ പെണ്ണുമ്പിള്ളേടെയും പിള്ളാരുടേയും കഷ്ടകാലം. ഇപ്രകാരം പോയി പലരുടേയും മൊഴികളും സംഭാഷണങ്ങളും. കുട്ടികള്‍ ബബിതയും സവിതയും പേഷ്യന്‍സ് വെയിറ്റിംഗ് റൂമിലെ സോഫയില്‍ ചാരിയിരുന്നുറങ്ങി. ദു:ഖാര്‍ത്ഥയായ ഗ്രേസിക്കുട്ടിയുടെ ചിന്തകള്‍ ആദ്യമായി വര്‍ക്കിച്ചനെ കണ്ടുമുട്ടിയ ഭൂതകാലങ്ങളിലേക്ക് ഊളിയിട്ടിറങ്ങി.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം അവിടെ തന്നെ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കുന്നകാലം. അന്നൊരു ക്രിസ്തുമസ് കാലത്ത് പതിനഞ്ചു ദിവസത്തെ വെക്കേഷനെടുത്ത് നാട്ടിലേക്ക്, ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെടാന്‍ സ്യൂട്ട്‌കേസുമായി ഡല്‍ഹി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു ഗ്രേസിക്കുട്ടി. റിസര്‍വേഷന്‍ കിട്ടാതിരുന്നതിനാല്‍ തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഒരുവിധം ഇടിച്ചു കയറി. സാമാന്യം സുമുഖനും സുന്ദരനുമായ ഒരു മലയാളി യുവാവ് ഗ്രേസിക്കുട്ടിയുടെ ലഗേജ് ഏറ്റുവാങ്ങി അപ്പര്‍ ബര്‍ത്തില്‍ അയാളുടെ സ്യൂട്ട്‌കേസിന്റെ മീതെ വച്ചു. തിരക്കിനിടയില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന ഗ്രേസിക്കുട്ടിക്ക് ആ മലയാളി യുവാവ് തന്റെ സീറ്റ് നല്‍കിയിട്ട് എഴുന്നേറ്റ് മാറി, ട്രെയിനിലെ കമ്പിയില്‍ ചാരിയും തൂങ്ങിയും നിന്നു.
ഏതാണ്ട് 6 മണിക്കൂര്‍ യാത്രക്കുശേഷം ഗ്രേസിക്കുട്ടിയുടെ നേരെ എതിര്‍വശത്തു തന്നെ ആ മലയാളി യുവാവിന് കമ്പാര്‍ട്ടുമെന്റില്‍ ഒന്നിരിക്കാന്‍ സ്ഥലം കിട്ടി. അവര്‍ പരസ്പരം പരിചയപ്പെട്ടു. മലയാളി യുവാവിന്റെ പേര് വര്‍ഗീസ്. എല്ലാവരും വര്‍ക്കിച്ചന്‍ എന്നു വിളിക്കുന്നു. ഡല്‍ഹിയില്‍ പട്ടാളത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. നാട്ടില്‍ ക്രിസ്മസ് അവധിക്കു പോകുകയാണ്. എന്തിനേറെ അവിചാരിതമായ ട്രെയിനില്‍ വച്ചുണ്ടായ ഇരുവരുടേയും ആ സംഗമം താമസിയാതെ പ്രേമമായി പ്രണയമായി മൊട്ടിട്ടു. ആ പ്രണയം രണ്ടു വര്‍ഷത്തിനുശേഷം, പൂവായി കായായി വിവാഹത്തിലാണ് കലാശിച്ചത്.
ഗ്രേസിക്കുട്ടി അമേരിക്കയിലേക്ക് നഴ്‌സിംഗ് ജോലിയുമായി ചേക്കേറാനുള്ള വിസക്കു ഫയല്‍ ചെയ്തിരുന്നതും ഇതിനകം അപ്രൂവലായിരുന്നു. മധുവിധു തീരുംമുമ്പേ ഗ്രേസിക്കുട്ടിക്ക് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. അമേരിക്കയിലെ നഴ്‌സിംഗ് ലൈസന്‍സ് പരീക്ഷ എഴുതാനായി ആറുമാസം കാത്തിരിക്കേണ്ടി വന്നതിനാല്‍ ആദ്യപടി ഒരു നഴ്‌സസ് എയിഡായി ഗ്രേസിക്കുട്ടി ജോലിയില്‍ പ്രവേശിച്ചു. ഗ്രേസിക്കുട്ടി സ്പവുസ് ഫാമിലി വിസയില്‍ ഭര്‍ത്താവ് വര്‍ക്കിച്ചനേയും വീണ്ടും ഒരു ആറ് മാസത്തിനുശേഷം അമേരിക്കയില്‍ എത്തിച്ചു. യുവമിഥുനങ്ങളുടെ സന്തോഷകരമായ ചില മാസങ്ങള്‍ കടന്നുപോയി. നഴ്‌സിംഗ് ലൈസന്‍സ് പരീക്ഷ പാസ്സായ ഗ്രേസിക്കുട്ടി ഹ്യൂസ്റ്റനിലെ ഹെര്‍മ്മന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലിയില്‍ കയറി. വര്‍ക്കിച്ചന് ഇംഗ്ലീഷ് ഭാഷ ഒട്ടും തന്നെ വഴങ്ങാതിരുന്നതിനാല്‍ കാര്യമായ ഒരു തൊഴിലും കിട്ടിയില്ല. ആദ്യത്തെ കുഞ്ഞ് സബിതയുടെ പിറവിക്കുശേഷമാണ് വര്‍ക്കിച്ചന്‍ ചെറിയ തോതില്‍ അച്ചാറു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. അതോടെ വര്‍ക്കിച്ചന്റെ പേരിനു മുന്‍പില്‍ അച്ചാറ് എന്ന പേരും തുന്നിച്ചേര്‍ത്ത് അച്ചാറു വര്‍ക്കിച്ചനായി അറിയപ്പെട്ടു.
വര്‍ക്കിച്ചനെപ്പറ്റിയുള്ള ഒരു സത്യം കൂടി ഗ്രേസിക്കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. സെന്റ് ലൂക്ക് ഹോസ്പിറ്റലിലെ എല്‍സമ്മയുടെ ഭര്‍ത്താവ് എക്‌സ് ഇന്ത്യന്‍ മിലിട്ടറിക്കാരന്‍ തോമസ് അലക്‌സാണ് ആ രഹസ്യം പുറത്തുവിട്ടത്. ”വര്‍ക്കിച്ചന്‍ തന്നോടു പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യന്‍ മിലിട്ടറിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നില്ല അവിടത്തെ വെറും ഒരു തൂപ്പുകാരനായിരുന്നത്രെ”. ഇതറിഞ്ഞതോടെ ഗ്രേസിക്കുട്ടി വര്‍ക്കിച്ചനെ പല അവസരത്തിലും വളരെ പുച്ഛമായി ഭല്‍സിച്ചു. ഗ്രേസിക്കുട്ടിയെ സ്വന്തമാക്കാനായി ഒരു ചെറിയ നുണ പറഞ്ഞതിനെ വര്‍ക്കിച്ചന്‍ ന്യായീകരിച്ചു. ”എന്തു തൊഴിലായാലെന്താ എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന” മൗലീക തത്ത്വത്തില്‍ വര്‍ക്കിച്ചന്‍ ഉറച്ചു നിന്നു. യഥാസമയം രണ്ടാമത്തെ സന്താനമായ ബബിതയും പിറന്നിരുന്നു.
കാറ്റും കോളും , സംഘട്ടനങ്ങളും ഗ്രേസിക്കുട്ടിയുടെ ശാസനകളും വാക്കുകള്‍കൊണ്ടുള്ള കുത്തിനോവിക്കലുമായി ആ കുടുംബ നൗക മുന്നോട്ട് നീങ്ങുകയായിരുന്നു. എന്തൊക്കെ തിരമാലകള്‍ ആഞ്ഞടിച്ചാലും ആ ഭാര്യാഭര്‍ത്തൃബന്ധം സുദൃഢം തന്നെയായിരുന്നു.
ഡ്യൂട്ടി നഴ്‌സ് വന്ന് തട്ടിവിളിച്ചപ്പോഴാണ് ഗ്രേസിക്കുട്ടി കണ്ണു തുറന്നത്. ഭൂതകാല സ്മരണകളില്‍ നിന്നുണര്‍ന്നത്. ഒരു ചെറുപുഞ്ചടിയോടെ നഴ്‌സ് പറഞ്ഞു ”സര്‍ജറി പ്രൊസീജിയര്‍ സക്‌സസ്. വര്‍ക്കിച്ചന്‍ കണ്ണു തുറന്നു. നിങ്ങളെയെല്ലാം അന്വേഷിക്കുന്നു. കാണാന്‍ ആഗ്രഹിക്കുന്നു.” ഗ്രേസിക്കുട്ടി ബബിതയേയും സവിതയേയും തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു താങ്ക്‌യു… താങ്ക്‌യു… ദൈവത്തിനു നന്ദി. ഹോസ്പിറ്റലിലെ റിക്കവറി റൂമിലെത്തിയ സഹധര്‍മ്മിണി ഗ്രേസിക്കുട്ടി വര്‍ക്കിച്ചന്റെ കാലില്‍ തൊട്ടുവണങ്ങി ചുംബിച്ചു. അരുമ കിടാങ്ങളായ ബബിതയും സവിതയും ഡാഡിയുടെ കാല്‍പ്പാദങ്ങളില്‍ ചുംബിക്കാന്‍ മറന്നില്ല. തലയിലാകമാനം ബാന്‍ഡേജും ഡ്രസിംഗും ഉണ്ടെങ്കിലും ഗ്രേസിക്കുട്ടിയേയും, ബബിതയേയും, സവിതയേയും കണ്ടപ്പോള്‍ വര്‍ക്കിച്ചന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. താമസിയാതെ ഡോക്ടര്‍ എത്തി. ഇനി ഭയപ്പെടാനില്ല. എന്നാല്‍ മാസങ്ങളോളം കുറച്ചു ചികിത്സയും, വിശ്രമവും, മെഡിക്കല്‍ അറ്റന്‍ഷനും വേണം. ദൈവത്തിന് നന്ദി പറയാനായി മെത്തോഡിക്‌സ് ഹോസ്പിറ്റിലിലെ ചാപ്പലിലേക്ക് ആ അമ്മയും കുഞ്ഞുങ്ങളും നടന്നു നീങ്ങി.
യേശുനാഥന്റ പീഡാനൂഭവും ഉയിര്‍പ്പും അനുസ്മരിക്കുന്ന ഈദിവസങ്ങള്‍ ഈ കുടുംബത്തിനു കൈപ്പും മധുരവും നിറഞ്ഞ നിമിഷങ്ങളായിരുന്നു. എല്ലാറ്റിനും അവര്‍ ഈശ്വരനു നന്ദി പറഞ്ഞു.