എല്‍സ മാത്യു.
കടങ്കഥ.
***********
പ്രഭാതത്തെ തഴുകി ഒരു
പുഴയൊഴുകുന്നു !
പ്രപഞ്ചമതിനെ പ്രതീക്ഷയോടെ
ഉമ്മവയ്ക്കുന്നു !
ഉമിനീര്‍ വറ്റിയൊരു, തൊണ്ടക്കുഴിയെ പൊള്ളിച്ചുകൊണ്ട്,
ഉരുണ്ടിറങ്ങിയൊരു രാസഗോളം
നെഞ്ചകത്തിരുന്ന് ,
ഒരു ഭൂകമ്പത്തെ ക്ഷണിക്കുന്നു !
നശിച്ച പകലിന്റെ പള്ളയ്ക്കു
തന്നെയാ, നരക യൗവ്വനം
നടവഴി തീര്‍ത്തതാല്‍,
നനച്ചുണക്കുന്ന
നാള്‍വഴികള്‍ താണ്ടുവാന്‍
ദൂരമളന്നു മടുത്തു മയങ്ങുന്ന,
മാറു വറ്റിയ ഭൂമിയ്ക്കു കൂട്ടായി
മൂകസാക്ഷിയായ് കാലം മയങ്ങുന്നു !
വിപ്‌ളവം വാരിച്ചുറ്റി ,
തെരുവിന്റെ മൂലയില്‍, തിളച്ചുമറിയുന്ന ചോരത്തിളപ്പിന്റെ, അരികു,പറ്റി,
മയങ്ങിക്കിടപ്പുണ്ട്,
അടുത്ത മൃഷ്ടാന്നമുണ്ണുവാന്‍
കൊതിയോടെ
തെരുവു പെറ്റിട്ടൊരു,
തെണ്ടിപ്പട്ടി.
പുകമറയ്ക്കുള്ളില്‍ പൂണ്ടു കിടക്കുന്ന, ഉച്ചിവേര്‍ത്തൊരു
ഉടയവനെന്തിനോ ,അലസ്സം
ഉടുതുണി കോട്ടയാക്കിക്കൊണ്ട്,
ഉച്ചമയക്കത്തില്‍, അന്തിമോന്തുന്നുണ്ട് !
കരളുവിങ്ങുന്ന കള്ളി, പെരുങ്കള്ളി
കടലിടുക്കില്‍ ഒളിക്കും
കരിങ്കള്ളി, ഉയിരു മോന്തിക്കുടിക്കുന്ന, വാക്കിന്നെ
ഉളിയെടുത്തു ചെതുക്കി മിനുക്കുന്നു.
ദുരിതപര്‍വ്വങ്ങളേറെ കടന്നു പോയ്, തണലു തേടിത്തളര്‍ന്നു,
മടുത്തുപോയ്,
കനലുകൂട്ടി,
കനവു കരിച്ചെടുത്തൊരു
മഷിക്കൂട്ടുകൊണ്ടവള്‍,
എഴുതി മായ്ക്കുന്നു
കണ്ണില്‍ കടങ്കഥ !!!.