ഷെരിഫ് ഇബ്രാഹിം.
<<<കഴിഞ്ഞ ലക്കത്തിൽ നിന്നും തുടര്ച്ച>>>
വീട്ടുകാരുടെ ഇഷ്ടപ്രകാരമല്ലാത്ത വിവാഹമായത് കൊണ്ട് അവർ എന്നെ കയ്യൊഴിഞ്ഞപോലെയായി.
മരണചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഓരോരുത്തരായി യാത്രപറഞ്ഞു. വാടക വീട്ടിൽ ഞാൻ തനിച്ചായി. സ്വന്തം ഉമ്മ പോലും എന്നോട് പോരണോ എന്ന് ചോദിച്ചില്ല. ഒരു സ്ത്രീയായ ഉമ്മ പോലും എന്റെ കാര്യത്തിലെടുത്ത നിലപാടിൽ എനിക്ക് ദേഷ്യം തോന്നി. ഒരു പക്ഷെ ഉപ്പാടെ നിർദേശമാകാം. ഏതൊരു സ്ത്രീക്കും ഭർത്താവ് പറയുന്നത് അനുസരിക്കുകയല്ലേ വഴിയുള്ളൂ.ഞാനിങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പഞ്ചായത്ത് മെമ്പറായ അശ്വതി ടീച്ചർ കടന്നു വന്നു.
‘മോളെ, ഞാൻ വിവരങ്ങളെല്ലാം അറിഞ്ഞു. ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണെന്ന് കരുതുക’ വന്നപാടെ ടീച്ചർ അത് പറഞ്ഞു കൊണ്ട് തുടർന്നു ‘മോൾക്ക് ആരുമില്ലെങ്കിൽ ഞാനുണ്ട്’
എന്റെ കണ്ണിൽ നിന്നും സന്തോഷാശ്രു നിർഗളിച്ചു.
‘ഞാൻ അത്മഹത്യയെ പറ്റി ചിന്തിക്കുക പോലും ഇല്ല. അശരണരുടെ പ്രാർഥനക്ക് ദൈവം ഉത്തരം നൽകുമെന്നതു എത്ര ശെരിയാണ്. അത് പറഞ്ഞു ഞാൻ ടീച്ചറുടെ തോളിലേക്ക് ചാഞ്ഞു. ഒരു അമ്മയെ പോലെ ടീച്ചർ എന്നെ ആശ്വസിപ്പിച്ചു.
‘മോൾ എന്റെ കൂടെ വന്നോളൂ. എന്റെ മരണം വരെ നിന്നെ എന്റെ മകളെ പോലെ നോക്കിക്കോളാം’ ‘അതിനു ഞാൻ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവളും അത് കഴിയുന്നത്ര കൃത്യമായി കൊണ്ട് നടക്കുന്ന ഒരു മുസ്ലിം സ്ത്രീയല്ലെ? നിങ്ങളുടെ കൂടെ വരാൻ ഞാൻ ഹിന്ദുവാകണോ?’ ‘നീ നിന്റെ മതത്തിൽ തന്നെ തുടരുക. മോളെ, എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്. നീ ഇന്ന് തന്നെ എന്റെ കൂടെ പോന്നോളൂ’.
വീടിന്റെ ഉടമസ്ഥനോട് പറഞ്ഞു വീട്ട് സാധനങ്ങൾ ഒരു ടെമ്പോവിലാക്കി അശ്വതി ടീച്ചറുടെ വീട്ടിലേക്ക് പോയി.
അവിടെ വിധവയായ, മക്കളില്ലാത്ത ടീച്ചറും ഒരു വേലക്കാരത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആ വീട്ടിലെ ഒരു മുറി ശെരിയാക്കി തന്നു. നിസ്കരിക്കാനുള്ള എല്ലാ സൌകര്യങ്ങളും ടീച്ചർ ഒരുക്കി തന്നു.
രണ്ടാഴ്ച കഴിഞ്ഞു കാണും. എനിക്ക് കലശലായ വേദന. ടീച്ചർ ഉടനെ ഒരു കാർ വിളിച്ചു ആശുപത്രിയിലേക്ക് എന്നെ കൊണ്ട് പോയി. അവിടെ അഡ്മിറ്റ് ചെയ്തു. മുഴുവൻ സമയവും ടീച്ചർ ആശുപത്രിയിൽ എന്റെ കൂടെയുണ്ടായിരുന്നു.
എന്നെ ലേബർ റൂമിലേക്ക് കൊണ്ട് പോയി. ആവശ്യമില്ലാതെ സിസേറിയൻ നടത്തുന്ന ആശുപത്രിയല്ലായിരുന്നു അത്. വൈകീട്ട് ഞാൻ പ്രസവിച്ചു. ഒരാണ്കുനഞ്ഞ്. സന്തോഷം കൊണ്ട് വീർപ്പുമുട്ടുമ്പോഴും ഉള്ളിൽ വല്ലാത്ത ഒരു തേങ്ങലായിരുന്നു. എന്റെയും ജബ്ബാർക്കാടെയും ആളുകൾ വന്നില്ലല്ലോ എന്നതല്ലായിരുന്നു എന്റെ വേദന. മറിച്ച് ഞങ്ങളുടെ പോന്നുമോനെ കാണാൻ എന്റെ ഇക്കയില്ലല്ലോ എന്നതായിരുന്നു.
എന്റെ പ്രസവത്തിന്നു രക്തത്തിന്റെ ആവശ്യം വന്നെന്നും ഒരു മടിയും കൂടാതെ ടീച്ചറുടെ രക്തമാണ് ഉപയോഗിച്ചതെന്നും പിന്നീട് ഞാനറിഞ്ഞു. രക്തബന്ധങ്ങൾ ഉണ്ടായിട്ടെന്തു കാര്യം? അല്ലെങ്കിൽ തന്നെ രക്തതിന്നും വിശപ്പിന്നും എന്ത് ജാതി? എന്ത് മതം?
ഒരു വർഷത്തിനു ശേഷം എനിക്കൊരു ജോലി ലഭിച്ചു.
നാലഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ വേറെ ഒരു വിവാഹം കഴിക്കാൻ പലവരും, ടീച്ചറും എന്നോട് പറഞ്ഞു. ‘ടീച്ചർക്ക് എന്നെ കൊണ്ട് അത്ര ഉപദ്രവമായോ’ എന്നാണു ഞാൻ ചോദിച്ചത്.
‘അയ്യോ മോളെ, എനിക്ക് നിന്നെക്കൊണ്ട് ഒരു ഉപദ്രവവുമില്ല. പക്ഷെ എന്റെ കാലം കഴിഞ്ഞാൽ …… അതാലോചിച്ചിട്ടാണ്’
അതിന്നു ശേഷം ടീച്ചർ ആ വിഷയം സംസാരിച്ചില്ല.
നോമ്പ് കാലത്ത് അത്താഴം കഴിക്കാൻ എന്നെ വിളിച്ചുണര്തുന്നതും നോമ്പ് തുറക്കാൻ വേണ്ടത് ചെയ്യുന്നതും ടീച്ചറായിരുന്നു.
കാലചക്രത്തിന്റെ വേഗത ചിലപ്പോൾ ഒച്ച് ഇഴയുന്ന പോലെയാണ്, വളരെ മന്ദഗതിയിൽ. മറ്റു ചിലപ്പോൾ കുതിരയെ പോലെയും, വളരെ വേഗത്തിൽ. ഇന്ന് എന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു.
ഒരു ദിവസം രാത്രിയിൽ ടീച്ചർക്ക് വല്ലാത്ത നെഞ്ഞുവേദന. ഞാൻ ഉടനെ ഒരു വണ്ടി തരപ്പെടുത്തി ടീച്ചറെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ വെച്ച് ടീച്ചർ എന്നോട് പറഞ്ഞു ‘എനിക്ക് മോളുടെ മടിയിൽ കിടക്കണം. കട്ടിലിന്റെ ചുറ്റും ടീച്ചറുടെ ബന്ധക്കാരും മറ്റും ഉണ്ട്. ടീച്ചറുടെ തലയെടുത്ത് എന്റെ മടിയിൽ വെച്ചു. ‘മോളെ, നീ എന്നെ ഉമ്മാ എന്ന് വിളിക്ക്’. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല. ഞാൻ ഉറക്കെ വിളിച്ചു.
‘ഉമ്മാ…….എന്റെ പോന്നുമ്മാ……’
ടീച്ചറുടെ ജ്യെഷ്ടത്തിയുടെ മകൻ ടീച്ചറുടെ വായിൽ ഗംഗാജലം ഒഴിച്ചു കൊടുത്തു. ടീച്ചർ ‘നാരായണാ, നാരായണാ’ എന്ന് ഉരുവിടുന്നുണ്ടായിരുന്നു. പിന്നെ ആ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ ചുണ്ടുകളുടെ ചലനം നിന്നു.
എന്റെ ടീച്ചർ, എന്റെ അമ്മ എന്റെ മടിയിൽ കിടന്ന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു എന്ന സത്യം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞു.
ശവശരീരം വീട്ടിൽ കൊണ്ട് വന്നിട്ടും പറമ്പിൽ അടക്കുന്നതിനെ പറ്റിയോ സ്ഫുടം ചെയ്യുന്നതിനെ പറ്റിയോ ഒന്നും സംസാരിക്കുന്നത് കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് ടീച്ചറുടെ ജ്യെഷ്ടത്തിയുടെ മകൻ എല്ലാവരോടുമായി പറഞ്ഞത് ‘കുഞ്ഞമ്മ ഒരു മരണപത്രം എഴുതി വെച്ചിട്ടുണ്ട്. അതിൽ സംസ്കാരകർമം നിളനദിയുടെ കരയിൽ വേണമെന്നാണ്’.
എന്റെ ടീച്ചറെ കൊണ്ട് പോകുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. വന്നവരിൽ ടീച്ചറുടെയും അവരുടെ ഭർത്താവിന്റെയും ആളുകൾ ഒഴികെ മറ്റെല്ലാവരും പോയി.
എല്ലാവരും പോയികഴിഞ്ഞപ്പോൾ ഞാൻ ടീച്ചറുടെ ജ്യെഷ്ടത്തിയുടെ അടുത്ത് ചെന്ന് പറഞ്ഞു ‘രണ്ടു മൂന്ന് ദിവസത്തിന്നുള്ളിൽ ഞാൻ വീട് മാറിക്കൊള്ളാം’
‘മോളെ, നീ ഒരു സ്ഥലത്തേക്കും മാറേണ്ട. ഈ വീടും സ്ഥലവും നിന്റെയും മകന്റെയും പേരിൽ മരണപത്രം രജിസ്റ്റർ ചെയ്ത് വെച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു.
<<മതത്തിന്റേയും മതഗ്രൂപ്പുകളുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടമാടുന്ന അക്രമങ്ങളും കൊലകളും കാണുമ്പോൾ അവരോട് ഒരു കാര്യം ചോദിക്കാൻ തോന്നുന്നു. ‘നമുക്ക് ആർക്കെങ്കിലും ഒരു ജീവൻ കൊടുക്കാൻ പോയിട്ട് ഒരു ജീവിതം കൊടുക്കാൻ കഴിയുമോ?’ – കഥാകൃത്ത്>>