Tuesday, November 26, 2024
HomeLiteratureആത്-മാവ്. (കഥ)

ആത്-മാവ്. (കഥ)

ആത്-മാവ്. (കഥ)

രാമന്‍ നാരായണന്‍.
വീടിനു മുന്നിൽ ത്തന്നെ ഒരു നാട്ടു മാവുണ്ട്. ഇലയുടെ വലിപ്പം കണ്ടും ഒന്നു ഞെരടി മണം നോക്കിയും അമ്മയാണു് അതിനെ നാട്ടു മാവെന്നു് വിളിച്ചത്. അന്നത്തെ കാലത്ത് കൗമാരം വിട്ട് എന്നാൽ യൗവ്വനത്തിലേക്ക് കടക്കാത്ത ഒച്ചയടപ്പിന്റെ പ്രായമുള്ള ആ മാവിൻതൈ ഇളം കാറ്റിലുലയുന്ന ശാഖകളിൽ പട്ടു പോലെ മൃദുലമായ തളിരിലകളുമായി മുറ്റത്തിനു തന്നെ ഒരല ങ്കാരമായിരുന്നു. . കൊടുംവേനലിൽ തുളസി തൈകൾക്കും പനിക്കൂർക്ക ക്കു മൊപ്പം അവൾക്കും അൽപ്പം ദാഹനീര് അമ്മ കരുതി വച്ച് നൽകിയിരുന്നു. മുറ്റത്തൊരു തണലായും ആരവത്തോടെ ഇരമ്പി വരുന്ന മഴക്ക് അവളുടെ കൈകളിൽ വലിച്ചുകെട്ടിയ അയകളിൽ ഉണങ്ങാനിട്ട തുണികളെ പെട്ടെന്നു നനയ്ക്കാൻ കഴിയാത്ത കുടയായും ഉപകാരിയായി ഞങ്ങളോടൊപ്പം അവൾ വളർന്നു. എന്നാൽ കാലമേറെക്കഴിഞ്ഞിട്ടും അവളുടെ വട്ടക്കുടയുടെ വിസ്താരമേറിയതും ആകെയൊന്നു മെഴുത്ത് ഉയരം വച്ചതുതുമല്ലാതെ പെണ്ണാണെന്നു തെളിയിക്കാൻ പോലും അവളൊന്നു പുഷ്പിച്ചില്ല. കാക്കകളും മറ്റു പക്ഷികളും അണ്ണാനുമൊക്കെ വാടക വീടുപോലെ അവളുടെ ശിഖരങ്ങളിൽ ചേക്കേറിയിരുന്നുവെന്നു മാത്രം.
അമ്മയുടെ മരണ ദിവസമാണു് ആദ്യമായി കോടാലികളും മഴുത്തായ കളും അവളെ ഏറു കണ്ണിട്ടു നോക്കിയത്. ബന്ധുക്കളായും സുഹൃത്തുക്കളായും പലരും അവൾക്ക് മരണശിക്ഷ വിധിച്ചപ്പോഴും ഞാൻ അചഞ്ചലനായി അവൾക്കു കാവലാളായി നിന്നു. പുഷ്പിച്ചില്ല കായ്ക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രം മരണശിക്ഷ മനുഷ്യക്കാണെങ്കിൽ നടപ്പാക്കുമോ എന്ന മറുചോദ്യം ചോദിച്ച് ഞാനവരുടെ യുക്തികളുടെ മുനയൊടിച്ചു കളഞ്ഞു. അമ്മ ഏറെ ഓമനിച്ചു വളർത്തിയ അവളെ അമ്മയ്ക്കു വേണ്ടി കുരുതി കൊടുത്താൽ അതമ്മക്ക് സഹിക്കാൻ കഴിയില്ലെന്നു വരെ എന്റെ ന്യായവാദങ്ങൾ നീണ്ടു പോയപ്പോൾ എന്റെ നേരെ നീണ്ടു വന്ന ചില നോട്ടങ്ങളിൽ അമ്പരപ്പും അല്പം ആശങ്കയും കാണാമായിരുന്നു. ചില സായാഹ്നങ്ങളിലും അപൂർവ്വം വൈകിയ രാവുകളിലും അവളുടെ താഴ്ന്ന ശിഖരങ്ങളിൽ അരുമയായി തലോടിയുള്ള എന്റെ സല്ലാപം കാണാറുള്ള എന്റെ വീട്ടുകാർക്ക് പക്ഷെ എന്റെ വൈകാരിക പ്രതികരണം അത്ര അസ്വാഭാവികമായി തോന്നിക്കാണുകയില്ല. “ദാ കണ്ടോ, ഞാൻ വരുന്നതു കണ്ട് അവളിതാ തലയാട്ടുന്നു ” എന്നൊക്കെയുള്ള എന്റെ ചില നേരത്തെ ജൽപ്പനങ്ങൾ നിസ്സംഗതയോടെ കേൾക്കുന്നവരാണല്ലോ അവർ.
അവൾക്കു നേരെയുള്ള ഭീഷണികൾ വീണ്ടുമുയരാൻ തുടങ്ങിയിരുന്നു. “നിങ്ങൾ കണ്ടോ, മാവിന്റെ വേരിറങ്ങി പുറം മതിലിനു് പൊട്ടു വീണിരിക്കുന്നു” . ഭാര്യയുടെ കണ്ടുപിടുത്തമാണു്.
ഞാനതു കണ്ടതായിരുന്നു. ആരുടേയും ശ്രദ്ധയിൽ പെടാതിരിക്കാൻ ആ പൊട്ടു വീണത് മറയത്തക്ക വിധം ഞാനൊരു ചാക്ക് വിരിച്ചിട്ടിരുന്നത് മാറ്റിയാണവളുടെ പരിദേവനം.
” ദേ കണ്ടോ, പാത്തിയെല്ലാം ഇല വീണടഞ്ഞ് വെള്ളം കെട്ടി ഒഴുകി വീണു് ഭിത്തി യെല്ലാം നാശമായി ” പരാതികൾ ദിവസേന ഏറിവന്നുകൊണ്ടിരുന്നു.
അവളുടെ കൈത്തണ്ടയിൽ പറ്റിപ്പിടിച്ചു കയറിയ ഇത്തിൾക്കണ്ണിയെ വേരോടെ അടർത്തിമാറ്റുന്നതിനിടെ ഞാൻ പറഞ്ഞു. “എന്റെ പ്രതിരോധങ്ങൾ ദുർബ്ബലമാകുകയാണല്ലോ മോളേ ” കാര്യങ്ങൾ എന്റെ കൈവിട്ടു പോകുന്നു. ഒരിയ്ക്കലെങ്കിലും നീയൊന്നു് പുഷ്പ്പിച്ചേ മതിയാവൂ. ഇല്ലെങ്കിൽ….. ശബ്ദമിടറി ബാക്കി എനിക്കു് പൂർത്തീകരിക്കാനായില്ല.
അക്കൊല്ലം അതു സംഭവിച്ചു. ഡിസംബറിന്റെ ഏറെ നീണ്ടു നിന്ന ശൈത്യത്തിനവസാനം അവൾ തുഞ്ചത്തു വരെ ഓരോ കൊമ്പിലും അനേകം പൂങ്കുലകളുമായി എന്നെ നോക്കി ചിരിച്ചു. ഏറെ കാലത്തെ അനപത്യതക്കു ശേഷം ഗർഭിണിയായ വളെ പോലെ നവോഢയായിരുന്നു അവൾ. “മാമ്പൂ കണ്ട് കൊതിക്കണ്ട ” എന്റെ മനസ്സിലിരുന്നാരോ വിലക്കിയതുകൊണ്ട് എന്റെ അത്യാഹ്ളാദത്തിരകളെ ഞാൻ ശാസിച്ചൊതുക്കി. പതിയെ വിരിഞ്ഞ ഉണ്ണി മാങ്ങകളെ ഉരുക്കി വീഴ്ത്തുന്ന കൊടുംവെയിലിനോട് ഞാൻ കേണപേക്ഷിച്ചു. പതിയെ പതിയെ ഒരോ കൊമ്പിലും തൂങ്ങിയാടുന്ന മാങ്കുലകൾ! ഇപ്പോഴെന്തായി? ഞാൻ ആഹ്ളാദവാനായി ജേതാവിനെ പോലെ വെറുതെ ഓരോരുത്തരോടും ചോദിച്ചു കൊണ്ടിരുന്നു. മാങ്ങകൾ മൂത്തപ്പോഴും കയ്യെത്തും ദൂരത്തുള്ള കുറച്ചൊക്കെ മാങ്ങകളല്ലാതെ വലിയ തോതിൽ മാങ്ങ പറിക്കാനൊന്നും എത്ര പ്രലോഭനമുണ്ടായിട്ടും ഞാൻ സമ്മതിച്ചില്ല. ജോലിക്ക് പോലും പോകാതെ ഒരു കസേരയിട്ട് മാവിൻ ചുവട്ടിൽ കാവലിരിക്കുന്ന എന്നെ ചൂണ്ടി ചെറുസംഘങ്ങളായി നിന്നു് അടക്കം പറയുന്ന ബന്ധുക്കളേയും നാട്ടുകാരേയുമൊന്നും ഞാൻ വകവച്ചില്ല. ചിലരാത്രി കളിൽ ഏറെ വൈകും വരെ കൊതുകുകടി വകവയ്ക്കാതെ മാവിൻ തടിയിൽ ചാരിയുള്ള മയക്കം കൂടിയായപ്പോൾ അമ്മയും മക്കളും ഏറെ അമ്പരപ്പോടെ എന്നെ നിരീക്ഷിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. രാവുകളിൽ ഞെട്ടിയുണർന്നു് ജാലക വാതിലുകൾ തുറന്നു് ഞാനവളെ നോക്കി നിൽക്കുന്നത് ആരുമറിഞ്ഞിട്ടുണ്ടാകില്ലന്നു തന്നെ ഞാൻ കരുതി.
ഒടുവിൽ ആദ്യത്തെ മാമ്പഴം ചെന്നെടുത്ത് മൂക്കിനുള്ളിലേക്ക് വലിച്ചു കയറ്റും വിധം ദീർഘമായി വാസനിച്ചു കൊണ്ട് ഞാൻ ആഹ്ളാദവാനായി വിളിച്ചു പറഞ്ഞു. ” ദാ നമ്മുടെ മാവിന്റെ മാമ്പഴം” വലുപ്പം കുറഞ്ഞ അതി മധുരമുള്ള മാങ്ങയായിരുന്നു അത്. മൂട്ടിൽ ഒരു തൂളയിട്ട് അകത്തെ മധുരക്കുഴമ്പു മുഴുവൻ വലിച്ചു കുടിക്കാവുന്ന തരം. ഞങ്ങളും അയൽക്കാര്യം ബന്ധുക്കളുമൊക്കെ ധാരാളമായി പെറുക്കിയെടുത്തിട്ടും തീരാതെ നിർലോഭം വീഴുന്ന മാങ്കനികൾ. അതിരാവിലെ ടോർച്ചുമായി ഞാൻ മാമ്പഴങ്ങൾ കുട്ടയിൽ പെറുക്കിയെടുത്തു. നിറഞ്ഞ കണ്ണുകളോടെ ഞാനവളെ ചുംബിച്ചു. എത്താവുന്ന ശിഖരങ്ങളിലെ ചെളിയും വെള്ളവുമെല്ലാം തുടച്ചു വൃത്തിയാക്കി. അവൾ ശിഖരങ്ങൾ താഴ്ത്തി എന്നെ പൊതിഞ്ഞു പിടിക്കുന്ന തു ഞാനറിഞ്ഞു. വഴിപോക്ക രായ കണ്ണിൽ കണ്ടവർക്കെല്ലാം മാമ്പഴങ്ങൾ ഞാൻ പൊതിഞ്ഞു കൊടുത്തയച്ചത് നോക്കി നിന്ന അവൾ കൃതകൃത്യയായി എന്നെ നോക്കി തലയാട്ടിക്കൊണ്ടിരുന്നു.
പൈപ്പിടാനായി മുറ്റം കുഴിച്ചുതാത്തിയ പ്ളം ബറുടെ സഹായികളാണത് ആദ്യം കണ്ടത്. വീടിന്റെ തറഭിത്തിക്കടിയിലേക്ക് നൂഴ്ന്നു കയറിയ വളഞ്ഞ് പുളഞ്ഞ് പെരുമ്പാമ്പുകൾ പോലെ തടിച്ച അനേകം വേരുകൾ. മകനും അമ്മയും പണിക്കാരും ചേർന്നു ഉഴുതുമറിച്ചപ്പോൾ മുറ്റമാകെ പടർന്നു് വീടിന്റെ മൂന്നു ഭാഗത്തേക്കും ഇഴത്തെത്തി അടിയിലെ കോൺക്രീറ്റ് പാളികൾ പോലും തുളച്ച് അവയങ്ങനെ വീടിനടിയിലേക്ക് നൂണ്ടിറ ങ്ങുകയാണു്. കുറ്റബോധത്തോടെ ശിരസ്സ് കുനിച്ച് ഹതാശനായി നിൽക്കുന്ന എന്റെ പ്രതിരോധങ്ങളെല്ലാം ദുർബ്ബലമായിക്കൊണ്ടിരുന്നു. അപ്പോഴും അചഞ്ചലയായി നിന്ന അവളുടെ തായ്ത്തടിയാൽ ശിരസ്സിടിച്ചിടിച്ച് ഞാൻ തേങ്ങി. “എന്നാലും എന്റെ മോളേ, നീയെന്നോടിത്…………
…………………………………….
വൃദ്ധന്റ നരച്ച പുരികങ്ങൾക്കു തഴെ തിമിരം മൂത്ത കണ്ണുകൾ നനഞ്ഞിരുന്നു. സാവധാനം അരികിലെത്തി എന്റെ ശിരസ്സ് തന്റെ നെഞ്ചോട് ചേർത്ത് അദ്ദേഹം വിതുമ്പി.
“നെണക്കെന്താ പറ്റ്യേന്റപ്പൂ?
എന്റെ മൂർദ്ധാവിൽ വീഴുന്ന കണ്ണുനീർത്തുള്ളികളുടെ ചൂട് ഞാനറിഞ്ഞു. ആ നെഞ്ചിലെ ഉച്ചത്തിലുള്ള മിടിപ്പുകൾ എന്നിലാഴ്ന്നിറങ്ങി ഗദ്ഗദമായുയർന്നു് തൊണ്ടയിൽ കുരുങ്ങി. പിന്നിൽ ഒഴുകിച്ചാടുന്ന നീർത്തുള്ളികളൊന്നു തുടയ്ക്കുക പോലും ചെയ്യാതെ എന്നെ ഉറ്റുനോക്കുന്ന ഭാര്യയോടുമായി ഞാൻ തേങ്ങി.
“യ്ക്കറിയില്ലാമ്മാമാ, സത്യായിട്ടും യ്ക്കറീല്ല.
…………………………………….
അടച്ചിട്ട മുറിയിലെ പാതി തുറന്ന ജാലകത്തിലൂടെ എത്തി നോക്കിയാലെനിക്കു കാണാം കഷ്ണങ്ങളായി മുറിച്ചിട്ട തടികൾ. പഴുത്തു തുടങ്ങിയ ഇലകളടർന്നു വീണ ശിഖരങ്ങൾ. മുറ്റത്തെ നിരപ്പിൽ നിന്നൽപ്പം പൊങ്ങി നിൽക്കുന്ന കുറ്റിയുടെ നടുവിൽ പൊട്ടു പോലെ ഇപ്പോഴും ചോര കിനിയുന്ന ചുവപ്പ് വട്ടം.
ഏയ്, കൂട്ടുകാരേ, ഒന്നു നിൽക്കൂ. ഒന്നു ചോദിക്കട്ടെ. ഷിമ്മിക്കുടുകളിൽ ഞാൻ തന്ന മാമ്പഴങ്ങളുടെ വിത്തുകൾ നിങ്ങളുടെ പക്കലുണ്ടോ? നിങ്ങളുടെ മക്കൾ ഈമ്പിക്കുടിച്ച് അലക്ഷ്യമായി പിന്നാമ്പുറത്തേക്കെറിഞ്ഞ മാങ്ങാണ്ടികൾ ഏതെങ്കിലും കിളിർത്തിട്ടുണ്ടോ? ഒരെണ്ണമെങ്കിലും നിങ്ങൾ പാകി മുളപ്പിച്ചിട്ടുണ്ടോ? ഒരേയൊരെണ്ണം?
ഉണ്ടെങ്കിൽ പറയൂ. നിറകണ്ണുകളുമായി എന്റെ ഭാര്യ വാതിൽ തുറന്നു് ചോറു മായി വരാറായി. ഈ കാലിലെ കെട്ടുകളൊന്നഴിക്കാൻ ഞാനവളോട് പറയാം. പണ്ട് ഓടി നടക്കാറായ കുട്ടിയായിരുന്ന മോന്റെ കാലിൽ ഇതുപോലെ തുണികൊണ്ട് കെട്ടി ജനൽക്കമ്പിയിൽ മറ്റേയറ്റം കെട്ടിയിട്ടാണു് അവൾ കുളിക്കാറുള്ളത് പോലും. ഞാനുമിന്നു് കുഞ്ഞാണത്രെ. കുളി കഴിഞ്ഞ് ഓടി വന്നു് ഒരു തേങ്ങലോടെ അവളീ കെട്ടുകളഴിക്കും. അപ്പോൾ ഞാൻ ഓടിവന്നു് വാങ്ങിക്കോളാം. ഏയ് ഭാസീ, കുഞ്ഞപ്പാ, സജീ ഒന്നു തിരിഞ്ഞു നോക്കടാ………
RELATED ARTICLES

Most Popular

Recent Comments