മധു.വി മാടായി.
ശിഥിലചിന്തകളിൽ
പിടയുന്നുണ്ട് ഒരു കടൽ
പതിഞ്ഞ താളമുണർന്ന
ചെണ്ടകളിൽ
കലാശക്കൊട്ടിന്റെ
ദ്രുതതാളം ആർത്തലക്കുന്നു.
അതിർവരമ്പുകൾ കടന്ന്
നിഷേധികൾ കുന്നുകയറുമ്പോൾ
വെടിയൊച്ചകൾക്കൊപ്പം
കുരുന്ന് നിലവിളികൾ !
വെറുപ്പിന്റെ പാഠം
ഉറക്കെ ചൊല്ലുന്നവർക്കിടയിൽ
കത്തികൾ രാകി മിനുക്കുന്ന
ശബ്ദം കടന്നു കയറുന്നു.
തീകായാൻ വിവരദോഷികൾ
കൂട്ടിയിട്ട ചപ്പുചവറുകളിൽ നിന്നും
നാവു നീട്ടുന്നുണ്ട് അഗ്നി
സർവ്വതും തിന്നു മുടിക്കാൻ !