Wednesday, November 27, 2024
HomeKeralaഓഖിയെ അതിജീവിച്ച 20 പേര്‍ കൂടി ജീവിതത്തിലേക്ക്... 48 പേര്‍ തിരിച്ചെത്തി.

ഓഖിയെ അതിജീവിച്ച 20 പേര്‍ കൂടി ജീവിതത്തിലേക്ക്… 48 പേര്‍ തിരിച്ചെത്തി.

ഓഖിയെ അതിജീവിച്ച 20 പേര്‍ കൂടി ജീവിതത്തിലേക്ക്... 48 പേര്‍ തിരിച്ചെത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം അടങ്ങിയെങ്കിലും തുടര്‍ച്ചയായി അഞ്ചാം ദിനവും കടലില്‍പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴ്ചയും മരണത്തെ മുഖാമുഖം കണ്ട നിരവധി പേരെ രക്ഷപ്പെടുത്തി.
20 പേരെ നാവിക സേന തിങ്കളാഴ്ച രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഇവരെയും കൊണ്ട് നാവികസേനയുടെ കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തുകയും ചെയ്തിട്ടുണ്ട്. രക്ഷിക്കപ്പെട്ട സംഘത്തിലെ 11 പേരും തിരുവനന്തപുരം സ്വദേശികളാണ്. ഐഎന്‍എസ് കല്‍പ്പേനിയെന്ന കപ്പലിലാണ് ഇവരെ കൊച്ചിയിലേക്കു കൊണ്ടുവന്നത്. അതേസമയം, ഓഖി സംസ്ഥാനത്തു ഇതിനകം 29 പേരുടെ ജീവനാണ് കവര്‍ന്നത്.
കൊച്ചിയില്‍ തിരിച്ചെത്തി
ഒരു ഭാഗത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ മറുഭാഗത്ത് മല്‍സ്യതൊഴിലാളികള്‍ തന്നെ ഓഖിയെ തോല്‍പ്പിച്ച് കടലില്‍ നിന്നു തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്.  മല്‍സ്യബന്ധനത്തിനായി കൊച്ചിയില്‍ നിന്നും പോയ 48 മല്‍സ്യ തൊഴിലാളികള്‍ തോപ്പുപടി ഹാര്‍ബറില്‍ തിങ്കളാഴ്ച സുരക്ഷിതരായി തിരിച്ചെത്തി.
തിരുവനന്തപുരം സ്വദേശികളായ മുത്തപ്പന്‍, റൊണാള്‍ഡ്, റോസ് ജാന്റോസ്, ജോണ്‍സണ്‍, വര്‍ഗീസ്, ആന്റണി, ബാബു, ജോസ്, ബൈജു, പോള്‍ എന്നിവരെയാണ് നാവികസേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്.
75 പേര്‍ ഇപ്പോഴും കാണാമറയത്ത്
ഓഖിയുടെ നാശനഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിച്ച തിരുവനന്തപുരം ജില്ലയില്‍ മാത്രം 75 പേര്‍ കൂടി കടലില്‍ നിന്നും ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് സൂചന. നിലവില്‍ നാവിക സേനയുടെ 10 കപ്പലുകളാണ് മല്‍സ്യ തൊഴിലാളികള്‍ക്കായി കടലില്‍ തിരച്ചില്‍ നടത്തുന്നത്.
ഇവയില്‍ അഞ്ചു കപ്പലുകള്‍ കേരളത്തിലും ശേഷിച്ച അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്.
29 പേര്‍ മരിച്ചു
സംസ്ഥാനത്തു ഇതു വരെ ഓഖി ചുഴലിക്കാറ്റ് മൂലം 29 പേര്‍ മരിച്ചുവെന്നാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഞായറാഴ്ച തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒമ്പത് പേരുടെയും കൊല്ലത്തു നിന്നു മൂന്നു പേരുടെയും ലക്ഷദ്വീപില്‍ നിന്നു ഒരു മലയാളിയുടെയും മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.
അതിനിടെ കൊച്ചിയില്‍ നിന്നു പോയ മൂന്നു ബോട്ടുകള്‍ കൂടി തിരിച്ചെത്താനുണ്ടെന്ന് മടങ്ങിയെത്തിയ മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. ഈ മൂന്നു ബോട്ടുകളെക്കുറിച്ചും ഒരു വിവരവുമില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഓഖി മഹാരാഷ്ട്രയിലേക്ക്
ഓഖി ചുഴലിക്കാറ്റ് കേരളവും ലക്ഷദ്വീപും കടന്ന ശേഷം ദുര്‍ബലമായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും കരുത്താര്‍ജിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈ തീരത്തിനു 850 കിലോ മീറ്റര്‍ അകലെയാണ് ഓഖി ശക്തി പ്രാപിച്ചിരിക്കുന്നത്.
എങ്കിലും കേരള തീരത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപ്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. കേരള തീരത്ത് തിങ്കളാഴ്ചയും കടലാക്രമണമുണ്ടാവാനുള്ള സാധ്യത കൂടുതലായതിനാല്‍ മല്‍സ്യ തൊഴിലാളികളോട് കടലില്‍ പോവരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments