ദോഹ : എയിഡ്‌സ് മാനവരാശിയെ പിടിച്ചുകുലുക്കുന്ന ഒരു രോഗമാണെന്നും എയിഡ്‌സ് പ്രതിരോധത്തില്‍ ബോധവല്‍ക്കരണം ഏറെ പ്രധാനമാണെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിലെ സീനിയര്‍ മൈക്രോ ബയോളജി ടെക്‌നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി അഭിപ്രായപ്പെട്ടു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
വൈദ്യ ശാസ്ത്രപരമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാര്‍മികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്‌സിനെ പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീതി വിതക്കുന്ന എയിഡ്‌സ് രോഗത്തെക്കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റുകയും എയിഡ്‌സ് ബാധിച്ചവര്‍ക്ക് യാതൊരു വിവേചനവും കൂടാതെ ലഭ്യമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും നല്‍കുകയും വേണം.
എന്നാല്‍ എയിഡ്‌സ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം ജീവിത വിശുദ്ധിയും മൂല്യബോധവുമുള്ള സമൂഹത്തിന്റെ പുനസൃഷ്ടിയാണ്. ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷെല്‍ട്ടര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റെജു മാത്യൂ സക്കരിയ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ബൈജു സംസാരിച്ചു. എയ്ഡ്‌സ് ബോധവല്‍ക്കരണ സംരംഭങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചുവന്ന റിബണുകള്‍ ധരിച്ചാണ് സദസ്സൊന്നടങ്കം തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്.
മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ ഫൈസല്‍ കരീം, സുനീര്‍, ഖാജാ ഹുസൈന്‍, ഹിഷാം, ജസീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സീനിയര്‍ മൈക്രോ ബയോളജി ടെക്‌നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി സംസാരിക്കുന്നു.