ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബി.ജെ.പി റാലിയില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട വീരമൃത്യു വരിച്ച ജവാന്റെ മകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. വിജയ് രൂപാണിയുടെ റാലിയില്‍ നിന്ന് ജവാന്റെ മകളെ വലിച്ചിഴച്ച സംഭവം വിവാദമായതോടെയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി. ഇതിന് പിന്നാലെയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി, നര്‍മ്മദയില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്നുമാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്റെ മകളെ വലിച്ചിഴച്ച് പുറത്താക്കിയത്. രൂപാല്‍ താദ്വി (26) എന്ന യുവതിയെയാണ് പോലീസുകാര്‍ വലിച്ചിഴച്ച് പുറത്താക്കിയത്. തന്റെ കുടുംബത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
മുഖ്യമന്ത്രി വിജയ് രൂപാണി പ്രസംഗിച്ചു കൊണ്ടിരിക്കെ തനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് താദ്വി സ്റ്റേജിന് നേരെ അടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസുകാര്‍ ദയാരഹിതമായി ഇവരെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയത്. പരിപാടി കഴിഞ്ഞ് കാണാമെന്ന് മുഖ്യമന്ത്രി വേദിയില്‍ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞിട്ടും യുവതിയെ കാണാന്‍ തയ്യാറായില്ല.