ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ ബി എഫ്) പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെയും മനാട്ടക്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍, കേരളത്തില്‍ നിന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഖത്തറിലെത്തി തങ്ങളുടേതായ വ്യവസായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി, വ്യക്തിമുദ്ര പതിപ്പിച്ച ആറ് വ്യവസായ പ്രമുഖരെ ആദരിച്ചു.
കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ആവിഷ്‌കാരത്തോടെയാണ് സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. ദോഹ എസ്.ഡി സെന്ററിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ദോഹയിലെ പ്രമുഖ വാദ്യമേളക്കാരുടെ ചെണ്ടമേളം സമ്മേളനത്തിന്റെ കേരളത്തനിമക്കു മിഴിവേകി.
കെബിഎഫിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തര്‍ ചേംബറിന്റെ ഡയറക്ടര്‍ (പബ്ലിക് റിലേഷന്‍സ് വിഭാഗം) അഹമ്മദ് അബു നഹിയാ, ആദരിക്കപ്പെട്ട വ്യവസായ ശ്രേഷ്ഠര്‍, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ കെ ബി എഫിന്റെ പ്രസിഡന്റ അബ്ദുല്ല തെരുവത്തു അധ്യക്ഷത വഹിച്ചു. ഖത്തറിലെ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഒരുമയുടെയും പങ്കുവക്കലിന്റെയും അനുഭവം കൂടുതല്‍ വിജയത്തിലേക്ക് അവരെ നയിക്കുമെന്ന തിരിച്ചറിവ് നല്‍കാനും കെ.ബി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിസിനസ് സമൂഹം ഖത്തറിലെ വ്യാവസായിക സമൂഹത്തിനു നല്‍കുന്ന സേവനങ്ങളെ തന്റെ പ്രസംഗത്തില്‍ നഹിയാ ശ്ലാഘിച്ചു. ഖത്തറിന്റെ പുരോഗതിക്കു വലിയ സംഭാവനകള്‍ ചെയ്യുന്ന ഇന്ത്യന്‍ സമൂഹം തങ്ങളുടെ സ്വന്തം സഹോദരരാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹം ഖത്തറിന് ഇപ്പോള്‍ നല്‍കുന്ന പിന്തുണ ഒരിക്കലും മറക്കാനാകുന്നതല്ല എന്നും അദ്ദേഹം അനുസ്മരിച്ചു.
കെ.ബി.എഫ് വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള എളിയ തുടക്കമാണെന്നും കേരളത്തില്‍നിന്നുമുള്ള സംരംഭകര്‍ക്കു ഖത്തറിന്റെ മണ്ണില്‍ വിജയമൊരുക്കുകയെന്നതാണ് ഈ കൂട്ടായ്മയുടെ പ്രാരംഭ ലക്ഷ്യമെന്നും, കെ.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
അഞ്ചു പതിറ്റാണ്ടോളം ഖത്തറിന്റെ മണ്ണില്‍ വിജയം കൊയ്ത എം.പി ഷാഫി (എംപി ട്രേഡേഴ്‌സ്), അബൂബക്കര്‍ (ഏട്രിയം ഡിസൈന്‍), എ.കെ ഉസ്മാന്‍ (അല്‍ മുഫ്ത റെന്റ് എ കാര്‍ ) പി.പി. ഹൈദര്‍ (ഫാമിലി ഫുഡ് സെന്റര്‍), പദ്മ പുരസ്‌കാര ജേതാവ് സി.കെ. മേനോന്‍ (ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), സി വി റപ്പായി (ജംബോ ഇലക്ട്രോണിക്‌സ്) എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. സി.വി റപ്പായി, എം.പി ഷാഫി, എ കെ ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.ബി.എഫ് സ്ഥാപക അംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി ആഹ്മദ് അബു നഹിയായും മനാട്ടഖ് പ്രതിനിധി സമീര്‍ ഷേഖ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. കെ ബി എഫ് വെബ്‌സൈറ്റ്, www.kbfqatar.org ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
ഖത്തര്‍ എന്ന രാജ്യത്തിന്റെ അഖണ്ഡതയും, അഭിമാനവും പരമാധികാരവും തങ്ങള്‍ക്കും ഏറെ വിലപെട്ടതാണെന്നും, രാജ്യത്തോടും അതിന്റെ പ്രിയപ്പെട്ട ഭരണാധികാരിയോടും എന്നും തങ്ങളുടെ സ്‌നേഹവും കൂറും ഉണ്ടാകുമെന്നു പ്രഖ്യാപിച്ചു നടന്ന ഖത്തര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ എ.പി മണികണ്ഠന്‍ ചൊല്ലിക്കൊടുത്തു. സദസ്സ് ഐകകണ്ഡേന നിവര്‍ത്തിപിടിച്ച കൈയുമായി പ്രതിജ്ഞ ഏറ്റുചൊല്ലിയതു പ്രതിബദ്ധതയുടെയും ഒരുമയുടെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും മകുടോദാഹരണമായി മാറി. സമ്മേളനത്തിന് കെ.ബി.എഫ് വൈസ് പ്രസിഡന്റ്, ഇ.പി അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.