Sunday, November 24, 2024
HomeAmericaഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 9-ന്.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 9-ന്.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 9-ന്.

ജോയിച്ചന്‍ പുതുക്കുളം.
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ 31-മത് ക്രിസ്മസ് ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ വച്ചു നടത്തപ്പെടുന്നു.
കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, സി.എസ്.ഐ സഭകളുടെ വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നാലായിരത്തില്‍പ്പരം കുടുംബങ്ങളുടെ ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറും.
3 മണിക്ക് ആരംഭിക്കുന്ന ഭക്തിനിര്‍ഭരവും വര്‍ണ്ണാഭവുമായ ഘോഷയാത്രയില്‍ നേറ്റിവിറ്റി ഷോ, സാന്റാക്ലോസ്, ഗായകസംഘങ്ങള്‍, ചെണ്ടമേളം എന്നിവ ചേര്‍ന്ന് മുത്തുക്കുടകളുടെ അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളേയും വൈദീകരേയും വേദിയിലേക്ക് ആനയിക്കും.
തുടര്‍ന്ന് ക്രിസ്മസ് ട്രീ തെളിയിക്കുന്നതും റിലീജിയസ് കോര്‍ഡിനേറ്റര്‍ റവ.ഫാ.എം.കെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ആരാധനയും അതിനുശേഷം ചെയര്‍മാന്‍ റവ.ഫാ. ഡോ. സജി മുക്കൂട്ടിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനവും നടത്തപ്പെടും.
ശാന്തിയുടേയും സമാധാനത്തിന്റേയും ദൂതുമായി ബേത്‌ലേമില്‍ പിറന്ന യേശുവിന്റെ ജനനം ആഘോഷിക്കുന്ന പ്രസ്തുത സുദിനത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വിശിഷ്ടാതിഥിയായി ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന ജീവകാരുണ്യനിധി പോര്‍ട്ടോറിക്കയില്‍ ആഞ്ഞടിച്ച മരിയ കൊടുങ്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമായി നല്‍കും. ഇതോടനുബന്ധിച്ച് നടന്ന റാഫിള്‍ ടിക്കറ്റ് വില്‍പ്പനയില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നിര്‍വഹിക്കുന്നതാണ്. ഈവര്‍ഷം നടത്തപ്പെട്ട എക്യൂമെനിക്കല്‍ ബൈബിള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ കലാകാരനേയും കലാകാരിയേയും (ജൂണിയര്‍/സീനിയര്‍ വിഭാഗങ്ങള്‍) കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കി ആദരിക്കും.
സ്ഥലംമാറിപ്പോകുന്ന റവ. വര്‍ക്കി തോമസിനു ഹൃദ്യമായ യാത്രയയപ്പും നല്‍കും. എക്യൂമെനിക്കല്‍ സുവനീറിന്റെ പ്രകാശന കര്‍മ്മം തദവസരത്തില്‍ നിര്‍വഹിക്കപ്പെടുന്നതാണ്. അതിനുശേഷം നടക്കുന്ന കലാപരിപാടികളില്‍ 22 ദേവാലയങ്ങളുടേയും പ്രത്യേക പരിപാടികളും, എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ കരോള്‍ ഗാനാലാപനവും ഉണ്ടായിരിക്കും.
റവ.ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍), റവ.ഫാ. കെ.കെ. ജോണ്‍ (കോ- ചെയര്‍മാന്‍), റവ ഫാ. എം.കെ. കുര്യാക്കോസ് (റിലീജിയസ്), കോശി വര്‍ഗീസ് (സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ (ജോ. സെക്രട്ടറി), ഡോ. കുര്യന്‍ മത്തായി (ട്രഷറര്‍), സജീവ് ശങ്കരത്തില്‍ (പി.ആര്‍.ഒ), സുമോദ് ജേക്കബ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments