ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കേരളതീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ വീശിയടിക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്:
1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകുന്നേരം ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടോര്‍ ഉപയോഗിച്ച് പമ്ബ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ വ്യാഴാഴ്ച പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്
മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
1. വിനോദസഞ്ചാരികളെ വ്യാഴവും വെള്ളിയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്
2. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക
3. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശം
1. വൈകുന്നേരം ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക
3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക
4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്ത് എത്താനും തിരികെ പോകാനും തിരക്ക് കൂട്ടാതിരിക്കുക
5. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക
6. പുഴയിലും, നീരുറവകളിലും കുളിക്കുന്നത് ഒഴിവാക്കുക. പമ്ബാ സ്നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക.