ജോണ്‍സണ്‍ ചെറിയാന്‍.
യുഎസിലെ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷെറിനെ പരിശോധിച്ച ഡോക്ടറാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഷെറിന്‍ മാത്യൂസിന്റെത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. സംഭവമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയുകയും ചെയ്തിരുന്നു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
അതിന് ശേഷം ഷെറിന്‍ മാത്യുവിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യൂസിന്റെ ഭാര്യയുമായ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റത്തിനാണ് പൊലീസ് സിനിയെ അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്ന് വെസ്ലി മൊഴി നല്‍കിയിരുന്നു. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്.
പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി പറഞ്ഞിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7 മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് വെസ്ലി.