സജിവർഗീസ്.
അയാളുടെ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞ് വീടിന്റെ മുൻവശത്തുള്ള മേശമേൽ കിടത്തിയിട്ടുണ്ട്.നിരനിരയായ് ആദരാഞ്ജലി അർപ്പിക്കുവാൻ നിൽക്കുന്ന ആൾക്കൂട്ടം. സ്ത്രീകൾ വിതുമ്പിക്കരയുന്നു. റീത്തുമായ് ചിലർ ഓടിക്കിതച്ചെത്തുന്നു. ആരെയോ ബോധിപ്പിക്കുവാൻ ചിലർ പുറമേ സഹതാപത്തോടെ നിൽക്കുന്നു.
ഞാൻ അയാളുടെ മരവിച്ചു കിടക്കുന്ന മൃതശരീരത്തിലേക്ക് നോക്കി. ശാന്തമായ മുഖം. കർത്തവ്യങ്ങൾ നിറവേറ്റാത്തതിന്റെ പ്രയാസങ്ങൾ ഒന്നും തന്നെയില്ല. ജിനചന്ദ്രന്റെ ആത്മാവുമായി ഒരു മിനിറ്റു സംസാരിച്ചു.
ആത്മാവ് അലഞ്ഞു നടക്കുന്നില്ല.
‘ഞാൻ പോവുകയാണ്.ഇവിടെയുള്ളവർക്ക് ഒരു ശല്യവുമുണ്ടാക്കില്ല’ എന്നോട് മന്ത്രിച്ചു.
ഞാൻ മീനുവിനെക്കാണുവാൻ അകത്തേക്കു കയറി. കട്ടിലിൽ കുഴഞ്ഞു വീണു കിടക്കുന്നു.. ആ മുഖത്തേക്കു നോക്കുവാൻ കഴിഞ്ഞില്ല. പെണ്ണുടലിന്റെ ശ്വാസഗതി എന്നെ അലോസരപ്പെടുത്തി.വേഗം മുറി വിട്ട് പുറത്തേക്കിറങ്ങി.
ആൾക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക്..
ആരായിരുന്നു അവൾ… അവളുടെ കഥകൾക്കോ…. ചരിത്രങ്ങൾക്കോ ഇവിടെ പ്രസക്തിയില്ല.
“നമുക്ക് ആറുകുട്ടികൾ വേണം.. “
“ഈ സതീഷിന്റെ ഒരു കാര്യം.. “.അവൾ എന്റെ കവിളിൽ നുള്ളി.
അവളുടെ ഉടലിന്റെ ശ്വാസം ഉയരുമ്പോൾ മുകളിലെ കശുമാവിൻ ചില്ലയിൽ നിന്നും ഇണപ്രാവുകൾ കുറുകുന്ന ശബ്ദം.
“നിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് നീങ്ങരുത്…. “.
മുഖത്തോട് ചേർത്തു മെല്ലെ വേർപിരിഞ്ഞു.
“പ്രണയം മനസ്സുകൾ തമ്മിലാണെങ്കിലേ പൂർണ്ണതയിലേക്കെത്തുകയുള്ളോ..? മീനു ചോദിച്ചു.
“വല്യ പക്വതക്കാരി വന്നിരിക്കുന്നു”.
ബ്രണ്ണൻ കോളേജിന്റെ കലാലയ വരാന്തയിലെപ്പെഴോ കണ്ണുകൾ തമ്മിൽ കോർത്തിണക്കം തുടങ്ങിയതാണ്.
പ്രണയത്തിന്റെ നൂലിഴകൾ കൊണ്ടരടുപ്പം.. കൂടുതൽ കൂടുതൽ ബന്ധിപ്പിക്കുകയായിരുന്നു.
രസതന്ത്ര ലാബിലെ പരീക്ഷണങ്ങളൊന്നും വിജയച്ചില്ല… ജീവിതത്തിലെ പരീക്ഷണങ്ങളിലും പരാജയപ്പെടുമോയെന്ന തോന്നൽ അന്നേ ഉണ്ടായിരുന്നു.
ചെടികളോടും ഔഷധസസ്യങ്ങളുടെയും ഇടയിൽ നിരീക്ഷണവുമായ്മീനു. അവളുടെ സസ്യ ശാസ്ത്രത്തിലെ പരീക്ഷണങ്ങൾ എല്ലാം വിജയമായിരുന്നു.പുതിയ പൂമൊട്ടുകൾ വിടർന്നു കൊണ്ടേയിരുന്നു.
“നിന്റെ രസതന്ത്ര പരീക്ഷണം പോലെയല്ല… എന്റേത്, പ്രകൃതിയാണ് കൂട്ടിച്ചേർക്കുന്നത് സതീഷ്….”.
“പ്രകൃതി തീരുമാനിച്ചാൽ തടയുവാൻ കഴിയുകയില്ല….. “.ധർമ്മടംതുരുത്തിലെ തെങ്ങിൻ ക്കൂട്ടത്തിനിടയിൽ നിന്നും എന്റെ മുഖമുയർത്തി കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞപ്പോൾ…തിരമാലകൾ സംഹാര ഭാവത്തോടെ വീശിയടിച്ചു.. അവൾ പേടിയോടെ എന്നെ ഇറുകെപ്പിടിച്ചു.
അർദ്ധരാത്രിയിൽ പ്രകാശം കണ്ണിലേക്കടിച്ചപ്പോൾ ഞെട്ടിയുണർന്നു. തലച്ചോറിൽ ഒരായിരം തരംഗങ്ങൾ രൂപപ്പെട്ടു വരുന്നു… അതിന്റെ ചുഴിയുടെ വലുപ്പം കൂടിക്കൂടി വരുമ്പോൾ അതിന്റെ മദ്ധ്യഭാഗത്തായ് ഞാൻ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നു..
എന്റെ ശ്വാസം നഷ്ടപ്പെടുന്നതായ് തോന്നി.
സുഗന്ധം പൊഴിക്കുന്ന മനോഹരമായ പൂന്തോട്ടത്തിൽ ഞാനെത്തിയിരിക്കുന്നു.
ശുഭ്രവസ്ത്രം ധരിച്ച സുന്ദരികളായ സ്ത്രീകൾ പൂക്കളിറുക്കുന്നു.. പ്രാർത്ഥനാ മന്ത്രങ്ങൾ കേൾക്കുന്നു… സ്ഫടികം പോലെ തിളങ്ങുന്ന ജലം പൂന്തോട്ടത്തിനരികിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. നേർത്ത മഞ്ഞുതുള്ളികൾ ഇറ്റിറ്റു വീണു കൊണ്ടിരിക്കുന്നു….
നെറ്റിയിലെ സിന്ദൂരം മാഞ്ഞു പോയവരാണിവർ….. മുപ്പതുകളുടെ യൗവനത്തിൽ താൻ പാതിയെ നഷ്ടപ്പെട്ടവർ….
“എന്നെയെന്തിനിതു കാണിക്കുന്നു…”.
“മീനുവിനെ നീ സിന്ദൂരമണിയിച്ചാൽ അവൾക്കു ചൂടുപകരുവാൻ നീ പന്ത്രണ്ടു വർഷത്തിലധികം ഉണ്ടാവുകയില്ല”.
“അതു വേണോ…. നിന്റെ പാതിയുടെ വൈധവ്യം നിന്റെ ആത്മാവിനെ പ്രകോപിപ്പിക്കില്ലേ…. മറ്റൊരുവന്റെ വിയർപ്പുതുള്ളികൾ നിന്റെ പെണ്ണുടലിനെ തണുപ്പിക്കുമ്പോൾ നിനക്കു സഹിക്കുമോ…”.
“ഇല്ലാ…. എനിക്കു സഹിക്കില്ല… മീനുവിനെ മറന്നോളൂ…”. ജനാലക്കരികിലെ പ്രകാശ ധാരയിൽ നിന്നുയർന്ന വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി.
‘നീ വഞ്ചകനാണ്…. നാട്ടുകാരെക്കൊണ്ടും വീട്ടുകാരെക്കൊണ്ടുമൊക്കെ പറയിച്ചിട്ട് എന്നെ വേണ്ടായെന്നോ… നിനക്കെങ്ങനെ കഴിയുന്നു…. ഓ… നിന്റെ രസതന്ത്ര ഗവേഷണ ലോകത്തെ സുന്ദരിയെ കിട്ടി ക്കാണുമല്ലേ …”.
മീനുവിന്റെ വാക്കുകൾ കേട്ട് ഒന്നും മിണ്ടിയില്ല… കണ്ണടച്ചു നിൽക്കുകയായിരുന്നു.
‘വിധവയായ നിന്നെ ക്കാണുമ്പോൾ എന്റെ ആത്മാവു തേങ്ങും..’ എന്ന് മനസ്സു മന്ത്രിച്ചു.
രാവിലെ ഭാര്യയാണ് പറഞ്ഞത് .”മീനുവിന്റെ ചന്ദ്രേട്ടൻ ഇന്നുച്ചയ്ക്ക് മരിച്ചു…കരൾ രോഗമായിരുന്നു… “.
ഞാൻ പ്രതിമകണക്കെ ഇരുന്നു.
“അയാളുടെ അസുഖമൊക്കെ മാറിയതല്ലേ… പിന്നെ… ഇത്ര പെട്ടന്ന്.. “.
ഓട്ടോമൊബൈൽ കമ്പനിയിലെ മാനേജരായിരുന്നു ജിനചന്ദ്രൻ.ഓഫീസിൽ കുഴഞ്ഞു വീഴുകയായിരുന്ന ജിനചന്ദ്രനെ സഹപ്രവർത്തകരെല്ലാം കൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രതീക്ഷയോടെ ഐ സി യു വിൽ കാത്തുനിൽക്കുന്ന മീനുവിന്റെ മുഖത്തേക്കു നോക്കുവാൻ കഴിഞ്ഞില്ല. ആരോ അടക്കം പറയുന്നതു കേട്ടതും മീനുവിന്റെ നിലത്തു വീണു കിടന്നുരുണ്ടുള്ള കരച്ചിലും എന്റെ ഹൃദയത്തെ കീറി മുറിച്ചു.
“ജിനചന്ദ്രന്റെ ആത്മാവ് ക്ഷമിക്കും… നിന്റെ ആത്മാവിന് ക്ഷമിക്കുവാൻ കഴിയില്ല…. ഞാൻ നിനക്കു തന്ന മുന്നറിയിപ്പ് അനുസരിച്ചതിനാൽ നീ രക്ഷപ്പെട്ടു.. അല്ലെങ്കിൽ നിന്റെ ആത്മാവിന്റെ വേദനയാൽ നീ അലയുകയില്ലായിരുന്നോ… “.
ഞാൻ ക്ലോക്കിലെ മണിനാദം ശ്രദ്ധിച്ചു. സമയം രാത്രി പന്ത്രണ്ടു മണിയായിരിക്കുന്നു.. ക്ലോക്കിന്റെ മുകളിലെ ഗൗളി ചിലച്ചു. എന്തോ കണ്ടു ഭയപ്പെട്ടതുകൊണ്ടാകാം അതിന്റെ വാൽ മുറിച്ചു താഴേക്കിട്ടു… മുറിയിലെ ജനാലയിൽ നിറഞ്ഞു നിൽക്കുന്ന തീജ്വാല പോലെയുള്ള വെളിച്ചത്തോട് ഞാൻ ചോദിച്ചു.
“എന്റെ മീനു ഇന്ന് വിധവയായിരിക്കുന്നു.. മുപ്പത്തിമൂന്നാം വയസ്സിൽ താൻ പാതിയുടെ സ്പർശനം ഏൽക്കാതെ അർദ്ധരാത്രിയിൽ പെണ്ണുടലിന്റെ സ്പന്ദനം,… തേങ്ങലുകൾ ഞാനറിയുന്നു…
അവളുടെ മനസ്സിന്റെ വേദനകൾ… വിഹ്വലതകൾ എനിക്കെങ്ങനെ കണ്ടു നിൽക്കാനാവും… ” .
“നിന്റെ ആത്മാവ് വേദനനിക്കുന്നതിനേക്കാൾ എത്രയോ കുറവാണത്…. “. മുറിയിൽ മുഴങ്ങിക്കേട്ടു.
രാത്രിയിൽ എന്റെ പാതിയുടെ ഉടലിനോട് ചേരുമ്പോൾ… ഏകാകിയായ്ക്കിടന്നു കരയുന്ന മീനുവിന്റെ ശ്വാസഗതി എന്റെ കാതുകളെ അലോസരപ്പെടുത്തി.
“നിനക്ക് ഞാൻ ആദ്യമേ ദർശനം തന്നില്ലേ….
നീ മീനുവിനെ ആ പാതയിലേക്ക് നയിക്കൂ…
വിധവയായവൾക്ക് താൻ പാതിയുടെ ആത്മാവുമായ് സന്നിവേശിപ്പിക്കുവാൻ കഴിയണം.. “.
“പിന്നെയെന്തിന് എന്നെ മീനുവിൽ നിന്നകറ്റി.. എന്റെയാത്മാവ് സന്നിവേശിക്കുമായിരുന്നല്ലോ”.ഞാൻ ചോദിച്ചു.
“നീ ഭൂമിയിൽ ഉള്ളതിനാലാണ്… മീനുവിനെ അവളുടെ ഭർത്താവ് ജിനചന്ദ്രന്റെ ആത്മാവുമായി സന്നിവേശിപ്പിക്കുവാൻ കഴിയുന്നത്… ആത്മസംഗമം സാധ്യമാക്കുന്നത്…. “.
“നീ ഭൂമിയിൽ ഇല്ലാതിരുന്നുവെങ്കിൽ നിന്റെ മീനുവിന്റെ ഉടലിന്റെ ഗന്ധം അന്യപുരുഷനറിയുമായിരുന്നു.അതു നിനക്ക് സഹിക്കാൻ കഴിയില്ല സതീഷ് … “.
മുഴങ്ങുന്ന വാക്കുകൾ കേട്ട് ജനാലക്കരികിലെ അഗ്നിനാളത്തെ നോക്കി അമ്പരപ്പോടെയിരുന്നു.
“സതീഷ്… “.മീനു പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖമമർത്തി.
ഞെട്ടലോടെ ഞാൻ അവളെ ഞാൻ പിടിച്ചു മാറ്റി…. പരിത്യജിക്കപ്പെട്ട പെണ്ണിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളറിഞ്ഞു…. ഞാൻ കൂടുതൽ ശക്തിയിൽ അവളെ തള്ളിമാറ്റി.
കുളിച്ച് സിന്ദൂരക്കുറി തൊട്ട് ദൈവങ്ങൾക്കു മുമ്പിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ പ്രിയതമയുടെ മുഖം എനിക്കോർമ്മ വന്നു.
“ശരിയാണ് സതീഷ് നിന്റെ കുടുംബമാണ് വലുത്….” മീനുവിന്റെ വാക്കുകൾ എന്നിൽ പ്രതിധ്വനിച്ചു കൊണ്ടു നിന്നു.
ഞാൻ അവളുടെ മൂർദ്ധാവിൽ കൈവച്ചു.
ജിനചന്ദ്രന്റെ യാത്മാവ് അവളിലേക്ക് പറന്നിറങ്ങി വന്നു.. അതെ… അവൾ താൻ പാതിയുടെ ആത്മാവുമായി സന്നിവേശിക്കപ്പെട്ടു കഴിഞ്ഞു.
അവൾ വിധവയല്ല…. ജിനചന്ദ്രൻ അവളോടൊപ്പമുണ്ട്… ഊണിലും ഉറക്കത്തിലുമെല്ലാം ഒരുമിച്ചു തന്നെയുണ്ട്…. കാവലാളായ്… അതെ അവൾ ആത്മസംഗമത്തിലേർപ്പെട്ടു കഴിഞ്ഞിരിക്കുന്നു.. അതെ… വിധവകൾ കരയരുത്… ആത്മസാമീപ്യം അവർക്കുണ്ട്.
എന്റെ നെഞ്ചിൽ മുഖം പൊത്തിക്കരയുന്ന എന്റെ പാതിയെ ചേർത്തുപിടിച്ചു, മൂർദ്ധാവിൽ ചുംബിച്ചു.