കോറല്‍സ്പ്രിംഗ്: ഫ്‌ളോറിഡയിലെ പ്രശസ്ത ഭക്തിഗാന നിര്‍മ്മാണ കമ്പനിയായ ജോസ് ക്രിയേഷന്റെ ബാനറില്‍ നിര്‍മ്മിച്ച “ജീവതീര്‍ത്ഥം’ എന്ന സംഗീത ആല്‍ബം ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഫൊറോനാ ദേവാലയ വികാരി ഫാ. തോമസ് കടുകപ്പിള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.
ഭക്തിഗാന രംഗത്തെ ദേവഗായകന്‍ കെസ്റ്റര്‍ ആലപിച്ച “കുഞ്ഞുനാളില്‍…’ എന്ന പരിശുദ്ധാത്മാവിന്റെ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ആയിരങ്ങളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ഗാനത്തിനു നവാഗതരായ ജോബി തുണ്ടത്തില്‍ സംഗീത നിര്‍വഹണവും, ജോജോ ഫ്‌ളോറിഡ ഗാനരചനയും നിര്‍വഹിക്കുന്നു.
ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മികച്ച ഗായകരായ വില്‍സണ്‍ പിറവം, സിസിലി, ഗോപന്‍, സുജ എന്നിവര്‍ക്കൊപ്പം ഫ്‌ളോറിഡയില്‍ നിന്നുള്ള ജസ്റ്റിന്‍ തോമസ്, ബിനു ജോസ്, ജോജോ ഫ്‌ളോറിഡ എന്നിവരുമാണ്.
കാതിന് ഇമ്പവും, അതീവ ഭക്തിസാന്ദ്രവുമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ജോബി തുണ്ടത്തിലിനൊപ്പം, സിബി ഇറക്കത്തില്‍, ജെറി അമല്‍ദേവ്, ബേണി ഇഗ്‌നേഷ്യസ്, ജെര്‍സന്‍ ആന്റണി തുടങ്ങിയ പ്രശസ്ത സംഗീത പ്രതിഭകളാണ്.
ഗാനരചന പ്രിമ്യൂസ് പെരിഞ്ചേരി, സിബി ഇറക്കത്തില്‍, ജോജോ ഫ്‌ളോറിഡ, സുജാത ഫ്രാന്‍സീസ്, ബേബി രാജന്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്. ജീവതീര്‍ത്ഥം എന്ന ഈ സംഗീത ആല്‍ബം തങ്ങളുടെ ആദ്യ ആല്‍ബം പോലെതന്നെ ഭക്തിഗാന രംഗത്തെ ഒരു ഹിറ്റ് ആയി മാറുമെന്നു നിര്‍മ്മാതാക്കളായ ബിനു ജോസും, അനു ജോസും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു ജോസ് 954 529 6420.